Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്വാസ തടസ്സവുമായി മംഗലാപുരത്ത് പോയ അബ്ദുൾ റഹ്മാൻ ആദ്യ രക്തസാക്ഷി; പാട്നാ സ്വദേശിക്ക് ആംബുലൻസിൽ പ്രസവിക്കേണ്ടി വന്നതും യദ്യൂരപ്പയുടെ പൊലീസിന്റെ ക്രൂരത; അതിർത്തി കടന്ന് പേരക്കുട്ടിയുടെ വീട്ടിൽ എത്തിയ വൃക്കരോഗിയായ കർണ്ണാടകക്കാരിക്കും വിധിച്ചത് വധശിക്ഷ; 75കാരിയായ പാത്തുമ്മയുടെ ജീവനെടുത്തത് അതിർത്തി അടച്ചുള്ള മണ്ണിടൽ തന്നെ; കൊറോണക്കാലത്ത് മോദി പറഞ്ഞിട്ടും കേൾക്കാതെ കേരളത്തോട് ക്രൂരത തുടർന്ന് കർണ്ണാടക; ചികിത്സ നിഷേധത്തിൽ പ്രതിഷേധവുമായി കാസർകോട്ടുകാരും

ശ്വാസ തടസ്സവുമായി മംഗലാപുരത്ത് പോയ അബ്ദുൾ റഹ്മാൻ ആദ്യ രക്തസാക്ഷി; പാട്നാ സ്വദേശിക്ക് ആംബുലൻസിൽ പ്രസവിക്കേണ്ടി വന്നതും യദ്യൂരപ്പയുടെ പൊലീസിന്റെ ക്രൂരത; അതിർത്തി കടന്ന് പേരക്കുട്ടിയുടെ വീട്ടിൽ എത്തിയ വൃക്കരോഗിയായ കർണ്ണാടകക്കാരിക്കും വിധിച്ചത് വധശിക്ഷ; 75കാരിയായ പാത്തുമ്മയുടെ ജീവനെടുത്തത് അതിർത്തി അടച്ചുള്ള മണ്ണിടൽ തന്നെ; കൊറോണക്കാലത്ത് മോദി പറഞ്ഞിട്ടും കേൾക്കാതെ കേരളത്തോട് ക്രൂരത തുടർന്ന് കർണ്ണാടക; ചികിത്സ നിഷേധത്തിൽ പ്രതിഷേധവുമായി കാസർകോട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അതിർത്തി തുറക്കാൻ വിസമ്മതിച്ചതിനാൽ മംഗലാപുരത്തെ ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നയാൾ മരിച്ചതിനെ തുടർന്ന് കർണ്ണാടക സർക്കാരിനെതിരെ രൂക്ഷ നിലപാടുമായി കാസർകോട്ടും കണ്ണൂരുമുള്ളവർ. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു. അതായത് കർണ്ണാടക സ്വദേശിയാണ് കർണ്ണാടകയുടെ അനാസ്ഥ കാരണം മരിച്ചത്.

ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇദ്ദേഹം. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കർണ്ണാടക പൊലീസ് തലപ്പാടി അതിർത്തി തുറന്നുകൊടുക്കാത്തതുകൊണ്ട് രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. കൊവിഡ് ബാധയെ നേരിടുന്നതിന് സാധ്യമായ എല്ലാ ശ്രമവും കേരളം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിർത്തികൾ അടച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം. രോഗി മരിച്ച ഈ ഘട്ടത്തിലെങ്കിലും കർണാടക സർക്കാർ പുനരാലോചന നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൃക്കരോഗിയായിരുന്നു മരണപ്പെട്ട പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേക്ക് ആംബുലൻസിൽ പോയത്. എന്നാൽ കർണാടക പൊലീസ് ആംബുലൻസ് കടത്തിവിടാൻ തയാറായില്ല. തുടർന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. മംഗലാപുരത്തേക്ക് പോകുന്നതിനുള്ള ഇടവഴികളെല്ലാം കർണാടക മണ്ണിട്ട് അടച്ചിരിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസ് കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കർണാടക പൊലീസ് കടത്തിവിടാൻ തയാറായിരുന്നില്ല. കർണാടക ബിസി റോഡിലുള്ള വീട്ടിൽ നിന്നും രണ്ടാഴ്ച മുമ്പാണ് പാത്തുമ്മ മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിൽ എത്തിയത്.

ദിവസങ്ങൾക്ക് മുൻപ് ശ്വാസതടസത്തെ തുടർന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെ അബ്ദുൽ റഹ്മാൻ എന്ന വ്യക്തിയും സമാനമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കുഞ്ചത്തൂരിൽ താമസിക്കുന്ന ബീഹാർ പാട്ന സ്വദേശി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ആംബുലൻസിൽ പ്രസവിച്ചിരുന്നു. കർണാടക പൊലീസ് തടഞ്ഞതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രസവം.

കേരളസർക്കാരിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ഇക്കാര്യത്തിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമാക്കി മാറ്റാതെ സമവായത്തിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാസർകോടും കണ്ണൂരും ഉള്ളവർ പ്രതിഷേധത്തിലാണ്. മംഗലാപുരത്തെ പ്രധാനമായും ആശ്രയിക്കുന്നത് കാസർകോടുകാരാണ്. ചികിൽസയ്ക്കും മറ്റും അവർ പോകുന്നത് മംഗലാപുരത്താണ്. കുട്ടികളുടെ പഠിത്തവും അവിടെ. അങ്ങനെ മംഗലാപുരത്തെ സ്വന്തം നാടുപോലെ കാണുന്നവരോടാണ് യെദൂരിയപ്പ ചതി കാട്ടുന്നത്.

വിഷയത്തിൽ കേരളം അതിശക്തമായ ഇടപെടൽ നടത്തിയിരുന്നു. അതിർത്തി റോഡുകൾ മണ്ണിട്ട് മൂടി ഗതാഗതം തടസ്സപ്പെടുത്തിയത് പ്രധാനമന്ത്രി മോദിയേയും മുഖ്യമന്ത്രി പിണറായി വിജയൻ അറിച്ചു. അരുതാത്തത് ചെയ്യരുതെന്ന് അറിയിക്കുകയും ചെയ്തു. എന്നിട്ടും ക്രൂരത തുടരുകയാണ്.

അതിർത്തി പ്രദേശമായ പാണത്തൂർ റോഡിൽ കർണാടക മണ്ണിട്ടു ഗതാഗതം തടസ്സപ്പെടുത്തിയതോടെ പനത്തടി പഞ്ചായത്തിലെ തോട്ടം, മഞ്ഞടുക്കം പ്രദേശത്തുള്ളവർ കേരളത്തിലേക്ക് വരാൻ വഴിയില്ലാതെ ഒറ്റപ്പെട്ടു. പനത്തടി പഞ്ചായത്തിലെ ഒരു ഭാഗം കർണാടകയും മറു ഭാഗം കേരളയുമാണ്. നിരവധി കുടുംബങ്ങൾ അതിർത്തിയിൽ താമസിക്കുന്നു. വ്യാപകമായി ഉപയോഗിക്കുന്ന പാണത്തൂർ-- വാഗമണ്ഡല റോഡിൽ പാണത്തൂർ ടൗണിലാണ് മണ്ണിട്ട് അടച്ചിരിക്കുന്നത്. അസുഖം വന്നാൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെങ്കിലും അതുവഴി പോകണം. ഭക്ഷ്യ സാധനങ്ങൾ വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്. കർണാടക സർക്കാറിനോട് പല തവണ ആവശ്യപ്പെട്ടിട്ടും റോഡ് തുറന്ന് കൊടുക്കാൻ തയ്യാറായിട്ടില്ല.

മ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞു. ഇതോടെ കടകളിൽ പല സാധനങ്ങളുടെയും ലഭ്യത കുറഞ്ഞു. തമിഴ്‌നാട്, കർണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പച്ചക്കറിക്കായി കൂടുതലും ആശ്രയിക്കുന്നത്. പച്ചക്കറികളിൽ 80 ശതമാനവും എത്തുന്നത് കർണാടകത്തിൽനിന്നാണ്. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയാണ് മഹാരാഷ്ട്രയിൽനിന്നെത്തുന്നത്. കർണാടകത്തിൽ കേരളത്തിലെ വണ്ടിക്കാരോട് മോശമായി പെരുമാറി തിരിച്ചയക്കുന്നതായി വ്യാപാരികൾ പറഞ്ഞു. പച്ചക്കറി എടുക്കാനും സമ്മതിക്കുന്നില്ല. റോഡുകൾ അടയ്ക്കുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്യുന്നു. പലരും പോകാൻ മടിക്കുകയാണെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.

10-16 ടൺ ശേഷിയുള്ള ലോറികളിൽ കഴിഞ്ഞദിവസം മൂന്നു ടൺ സാധനങ്ങളുമായാണ് മടങ്ങിയത്. ചെറിയ പിക്കപ്പ് വാഹനങ്ങളും മിനിലോറികളുമാണിപ്പോൾ ഉപയോഗിക്കുന്നത്. ഗുണ്ടൽപ്പേട്ടിൽനിന്ന് സാധനങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കച്ചവടക്കാർ. കർണാടകത്തിൽ ലോറിക്കാരെ പോലും സമ്മതിക്കുന്നില്ല. മുളക്, മത്തൻ, വെള്ളരി, ഇഞ്ചി, ബീൻസ് എന്നിവയൊക്കെ കുറച്ചേ കിട്ടുന്നുള്ളൂ. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, പയർ എന്നിവയ്ക്കും മറ്റും ആവശ്യക്കാർ ഏറെയാണ്. ചെറിയതോതിൽ വില കൂടുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP