Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

പ്രിയതമനെ ആതിര അവസാനമായി ഒരുനോക്കു കണ്ടത് വീൽച്ചെയറിലെത്തി; ആംബുലൻസിന്റെ തുറന്ന ഡോറിലൂടെ മൃതദേഹം കണ്ടപ്പോൾ പൊട്ടിക്കരയാൻ പോലുമാവാത്ത മരവിപ്പ്; പ്രസവിച്ച് കിടക്കുന്ന യുവതിയെ ഭർത്താവ് നഷ്ടമായ വിവരം അറിയിച്ചത് അവസാന നിമിഷം; ഒറ്റ നോട്ടമെങ്കിലും തനിക്ക് കാണമെന്ന് പറഞ്ഞതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എത്തിച്ച് ആരോഗ്യപ്രവർത്തകർ; നിതിന് ആതിര വിടചൊല്ലുമ്പോൾ ഹൃദയഭേദകമായ രംഗങ്ങൾ

പ്രിയതമനെ ആതിര അവസാനമായി ഒരുനോക്കു കണ്ടത് വീൽച്ചെയറിലെത്തി; ആംബുലൻസിന്റെ തുറന്ന ഡോറിലൂടെ മൃതദേഹം കണ്ടപ്പോൾ പൊട്ടിക്കരയാൻ പോലുമാവാത്ത മരവിപ്പ്; പ്രസവിച്ച് കിടക്കുന്ന യുവതിയെ ഭർത്താവ് നഷ്ടമായ വിവരം അറിയിച്ചത് അവസാന നിമിഷം; ഒറ്റ നോട്ടമെങ്കിലും തനിക്ക് കാണമെന്ന് പറഞ്ഞതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എത്തിച്ച് ആരോഗ്യപ്രവർത്തകർ; നിതിന് ആതിര വിടചൊല്ലുമ്പോൾ ഹൃദയഭേദകമായ രംഗങ്ങൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഒരു പെൺകുഞ്ഞിന് ജന്മം നൽകി ഒരു ദിവസം കഴിയുമുമ്പ് ഭർത്താവിന്റെ മൃതദേഹം കാണേണ്ടി വരിക. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി നിയമയുദ്ധങ്ങൾ നടത്തിയ ആ സാമൂഹിക പ്രവർത്തകൻ നിതിനെ, പ്രിയതമ ആതിര അവസാനം കണ്ടത് കോഴിക്കോട് മിംസ് ആശുപത്രിയിൽവെച്ച് ആംബുലൻസിൽ കയറിയായിരുന്നു. മരണവിവരം അവസാന നിമിഷമാണ് ബന്ധുക്കളും നാട്ടുകാരും ആതിരയെ അറിയിച്ചത്. നിതിനെ ഒരു നോക്കെങ്കിലും കാണമെന്ന് ആതിര നിർബന്ധം പിടിച്ചതോടെയാണ്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കോഴിക്കോട് പേരാമ്പ്രയിലേക്ക് പോകുന്ന ആംബുലൻസ്, കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്.

രാവിലെ 10.50ഓടെ മൃതദേഹം എത്തിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങളാണ് അരങ്ങേറിയത്. മാതാവിനൊപ്പം താഴെ നിലയിൽ എത്തിയ ആതിര ആംബുലൻസിൽ കയറിയാണ് പ്രിയതമന്റെ മൃതദേഹം കണ്ടത്. കൂടിനിന്ന സകലരുടെയും കണ്ണുകൾ ഈറനണിയിക്കുന്ന കാഴ്ചയായിരുന്നു അത്. കോവിഡ് പ്രോട്ടോക്കോൾ നില നിൽക്കുന്നതിനാൽ അധിക നേരം നിർത്താതെ മൃതദേഹം പേരാമ്പ്ര മൊയിപ്പോത്തെ വീട്ടിലേക്ക കൊണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിൻ മരിച്ചത്. പ്രിയതമന്റെ വേർപാടറിയാതെ ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ നിയമപോരാട്ടം നടത്തിയത് ഗർഭിണിയായ ആതിരയും ഭർത്താവ് നിതിൻ ചന്ദ്രനുമായിരുന്നു. ഇത് ഏറെ ശ്രദ്ധേയമാകുകയും ചെയ്തു. വന്ദേ ഭാരത് മിഷനിൽ വിമാനം എത്തിയപ്പോൾ ആതിര നാട്ടിലെത്തി.

അന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ ഭർത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ നിതിന്റെ നല്ല മനസ് തന്നേക്കാൾ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാൾക്കായി ആ ടിക്കറ്റ് നൽകി. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിൻ ആതിരക്ക് നൽകിയ വാക്ക്. അത് വേദനിക്കുന്ന ഓർമ്മയാണ് ഇന്ന് ആതിരയ്ക്ക്.

ബായിൽ ഐടി എൻജിനീയറായ ആതിര ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ശ്രദ്ധേയയായത്. കഴിഞ്ഞ ദിവസം നിതിന്റെ മരണവാർത്തയറിഞ്ഞ ബന്ധുക്കൾ, പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭർത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുൻപ് പ്രസവശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.40ന് ആതിര പെൺകുഞ്ഞിനു ജന്മം നൽകി. അതിന് ശേഷമാണ് ഭർത്താവിന്റെ വിയോഗം ആതിരയെ അറിയിച്ചത്. ആകെ തളർന്ന ആതിരയ്ക്ക് അടുത്തേക്ക് നിതിന്റെ മൃതദേഹം എത്തുമ്പോൾ എങ്ങനെ ആ കുട്ടിയെ സമാധാനിപ്പിക്കുമെന്ന് ആർക്കും അറിയില്ലെന്നതാണ് വസ്തുത.

.ഭാര്യക്കൊപ്പം നാട്ടിൻ എത്താമായിരുന്നെങ്കിലും ഇൻകാസിന്റെ സജീവ പ്രവർത്തകനായി നിതിൻ അവിടെ തന്നെ നിലകൊള്ളാൻ തീരുമാനിക്കുകയായിരുന്നു. ഇൻകാസ് യൂത്ത് വിങിനു വേണ്ടി ഷാഫി പറമ്പിൽ എംഎൽഎ യാണ് ആതിരയ്ക്ക് ടിക്കറ്റ് നൽകിയത്. ഇതിനു പകരമായി ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടിയ രണ്ടു പ്രവാസികളെ ആതിരയും നിതിനും കൂടി ടിക്കറ്റിന്റെ പണം നൽകി സഹായിച്ചിരുന്നു.. ആതിരയുടെ പ്രസവത്തോട് അടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിലായിരുന്നു നിതിൻ. 2017 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. യുഎഇയിൽ സാമൂഹികസേവന രംഗത്തു സജീവമായിരുന്ന നിതിൻ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സജീവപ്രവർത്തകനായിരുന്നു.

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ രക്തക്ഷാമം പരിഹരിക്കാനുള്ള പേരാമ്പ്രയിലെ രക്തദായിനി പദ്ധതിയിലേക്കു കുവൈത്തിൽ നിന്നു പണം അയച്ച രണ്ടു കുട്ടികളെക്കുറിച്ചായിരുന്നു നിതിന്റെ ഒടുവിലത്തെ ഫേസ്‌ബുക് പോസ്റ്റ്, മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ്. ജൂൺ രണ്ടിനായിരുന്നു നിതിന്റെ ജന്മദിനം. ഒരുവർഷംമുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സതേടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

തനിക്കു മാത്രമല്ല, എല്ലാ ഗർഭിണികൾക്കുംവേണ്ടി നിയമപോരാട്ടവുമായി പോയ ആതിരയുടെകൂടെ താങ്ങായിനിന്നത് നിതിനായിരുന്നു. ഭാര്യയ്ക്കൊപ്പം കോഴിക്കോട്ടേക്കുപോകാൻ നിതിനും ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും അത് മറ്റൊരു അത്യാവശ്യക്കാരന് വിട്ടുകൊടുക്കുകയായിരുന്നു. ആതിരയ്ക്കുലഭിച്ച വിമാനടിക്കറ്റിന്റെ പേരിൽ നിതിൻ മറ്റു രണ്ടുപേരുടെ യാത്രച്ചെലവും വഹിച്ചു.

ആതിരയും നിതിനും ദുബായിൽ എൻജിനിയർമാരാണ്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. എട്ടുമാസംമുമ്പാണ് നാട്ടിൽനിന്നു പോയത്. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിൻ. ആരതി ഏകസഹോദരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP