Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

അമ്മയുടെ ചികിൽസയ്ക്കിടെ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ ആദ്യമായി കണ്ടു; വില്ലനായെത്തിയത് താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കാനാവാത്ത അച്ഛന്റെ ദുരഭിമാനം; ആശുപത്രിക്കിടക്കയിൽ താലികെട്ടാൻ എത്തിയ ബ്രിജേഷ് കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരവും; 'കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..' താലികെട്ടി സ്വന്തമാക്കാൻ കൊതിച്ച ആതിരയുടെ ഒന്നാം ചരമവാർഷികത്തിലും പ്രണയത്തെ നെഞ്ചോട് ചേർത്ത് ബ്രിജേഷ്

അമ്മയുടെ ചികിൽസയ്ക്കിടെ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ ആദ്യമായി കണ്ടു; വില്ലനായെത്തിയത് താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കാനാവാത്ത അച്ഛന്റെ ദുരഭിമാനം; ആശുപത്രിക്കിടക്കയിൽ താലികെട്ടാൻ എത്തിയ ബ്രിജേഷ് കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരവും; 'കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..' താലികെട്ടി സ്വന്തമാക്കാൻ കൊതിച്ച ആതിരയുടെ ഒന്നാം ചരമവാർഷികത്തിലും പ്രണയത്തെ നെഞ്ചോട് ചേർത്ത് ബ്രിജേഷ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കേരളത്തെ നടുക്കിയ ദുരഭിമാന കൊലയായിരുന്നു ആതിരയുടേത്. കൊലക്ക് ശേഷം ഒരു വർഷം പിന്നിടുമ്പോൾ പ്രണയത്തെ ചേർത്ത് പിടിക്കുകയാണ് ബ്രിജേഷ്. 'കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..' എന്നാണ് ആതിരയുടെ ഒന്നാം ചരമവാർഷികത്തിൽ ബ്രിജേഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. വിവാഹ ദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് ആതിര മരിക്കുമ്പോൾ പൊട്ടിക്കരഞ്ഞ ബ്രിജേഷ് വീണ്ടും മലയാളിയുടെ നൊമ്പരമാകുകയാണ്.

Stories you may Like

വിവാഹത്തിന്റെ തലേന്നാതായിരുന്നു ആതിരയെ അച്ഛൻ കുത്തികൊലപ്പെടുത്തിയത്. പ്രിയതമയ്ക്ക് പരിക്ക് മാത്രമേ ഏറ്റിട്ടുള്ളൂവെന്നാണ് ബ്രിജേഷ് കരുതിയത്. ആശുപത്രിക്കിടക്കയിൽ താലികെട്ടാനായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയത് താലിമാലയും സാരിയുമെടുത്ത്. പക്ഷേ അവിടെ എത്തിയപ്പോൾ അറിഞ്ഞത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു. മോർച്ചറിക്ക് മുമ്പിൽ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയിൽ പാലത്തിങ്ങൽ ആതിരയുടെ മരണം ബ്രിജേഷിന് താങ്ങാനാവാത്ത ദുരന്തമായി മാറി. ഈ കരച്ചിൽ മലയാളിയും ഏറ്റെടുത്തു.

ആതിര ആശുപത്രിയിൽ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് കല്യാണ ദിവസം രാവിലെയും കരുതിയത്. ആരും ഒന്നും ബ്രിജേഷിനോട് പറഞ്ഞത്. പത്രവാർത്തകളിലൂടെയാണ് സത്യം തിരിച്ചറിഞ്ഞത്. ഇത് ഉൾക്കൊള്ളാൻ ഈ യുവാവിന് കഴിഞ്ഞില്ല. ദുരഭിമാനക്കൊല തന്റെ പ്രിയതമയുടെ ജീവനെടുത്തത് ബ്രിജേഷ് ഒടുവിൽ ഉൾക്കൊണ്ടു. ''ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവൾ വിളിച്ചത്. നമ്മെ ജീവിക്കാൻ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല''-ബ്രിജേഷിന്റെ വാക്കുകൾ മുറിഞ്ഞു. ഇത് മലയാളികളുടെ മനസ്സിൽ നൊമ്പരപ്പെടുത്തുന്ന വേദനയുമായി.

സ്വന്തം ജാതിയിൽ നിന്നല്ലാത്തെ ഒരാളെ മകൾ പ്രണയിച്ച് വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജൻ മലപ്പുറം ഡിവൈഎസ്‌പിക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയുംതുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു രാജൻ കുത്തുകയായിരുന്നു.

ഉത്തർപ്രദേശിൽ ഇന്ത്യൻ ആർമിയിൽ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ (എം.ഇ.ജി.) ജോലി ചെയ്യുകയായിരുന്നു ബ്രീജേഷ്. നാല് വർഷം മുമ്പ് അമ്മ വല്ലിയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര. പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറി. വിവാഹിതരാകാനും അവർ തീരുമാനിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട ബ്രിജേഷുമായുള്ള സ്നേഹബന്ധം ആതിരയുടെ പിതാവ് രാജന് ഇഷ്ടമായിരുന്നില്ല. തർക്കം രൂക്ഷമായപ്പോൾ വിഷയം അരീക്കോട് പൊലീസ് സ്റ്റേഷനിലും എത്തി. സ്റ്റേഷനിൽ നടത്തിയ മധ്യസ്ഥ ചർച്ചയിൽ കല്യാണം കഴിച്ചുകൊടുക്കാൻ താൻ തയ്യാറാണെന്ന് രാജൻ ഉറപ്പ് നൽകി. തുടർന്ന് ആതിര ബന്ധുക്കളോടൊപ്പം പോയി.

കൊയിലാണ്ടി കോതമംഗലത്തെ ക്ഷേത്രത്തിൽ ഇവർ തമ്മിലുള്ള വിവാഹത്തിന് ഒരുക്കം നടത്തി. ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പിൽ അത് മാറ്റി. വിവാഹം നടത്താനായി രാജന്റെ വീട്ടിൽ പന്തലിട്ട് സദ്യയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം നടത്തി. ഇതിനിടെയാണ് കല്യാണ തലേന്ന് വൈകീട്ട് ആതിരയ്ക്ക് കുത്തേറ്റ വാർത്ത അറിഞ്ഞത്. ആ സമയത്ത് ബ്രിജേഷും മറ്റ് ബന്ധുക്കളും വിവാഹത്തിനുള്ള താലി വാങ്ങാൻ പോയതായിരുന്നു. രാത്രി ടി.വിയിൽ ആതിര കുത്തേറ്റ് മരിച്ച വാർത്ത വന്നത് ബന്ധുക്കൾ ശ്രദ്ധിച്ചെങ്കിലും ബ്രിജേഷിനെ അറിയിച്ചില്ല. എന്നാൽ ബ്രിജേഷിന്റെ വീട്ടിലെ ഒരുക്കമൊന്നും വ്യാഴാഴ്ച ആതിരയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. കല്യാണനാളിൽ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങൾ രാജൻ കൂട്ടിയിട്ട് തീയിട്ടു.

അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച് തൊട്ടടുത്ത വീട്ടിലേക്കോടി മുറിയിൽ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി രാജൻ നെഞ്ചിൽ കത്തിയിറക്കി. 19-ാം വയസ്സിൽ പ്രേമിച്ച് വിവാഹം ചെയ്ത രാജന് പ്രേമവിവാഹത്തോടായിരുന്നില്ല എതിർപ്പ്. താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടതായിരുന്നു പ്രശ്നം. ഇത് ദുരഭിമാനമായപ്പോൾ സ്വന്തം മകളെ കുത്തിവീഴ്‌ത്തി അച്ഛൻ സ്വന്തം വീട്ടിലേക്ക് ദുരന്തമെത്തിച്ചു. ഇത് തളർത്തിയത് പ്രണയത്തിന് വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായ ബ്രിജേഷിനേയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP