Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് മാസങ്ങൾക്ക് മുമ്പ് ദളിതനെ പ്രണയിച്ചതിന് അച്ഛന്റെ കൈകളാൽ കൊല്ലപ്പെട്ടത് അരീക്കോട്ടെ ആതിര; ഇന്ന് ഭാര്യ വീട്ടുകാരുടെ ദുരഭിമാനത്തിന്റെ രക്തസാക്ഷിയായത് കോട്ടയത്തെ കെവിൻ: കേരളം ഉത്തരേന്ത്യയായി മാറുമ്പോൾ രണ്ട് മാസത്തിനിടെ നടന്നത് രണ്ട് ദുരഭിമാന കൊലപാതകങ്ങൾ

രണ്ട് മാസങ്ങൾക്ക് മുമ്പ് ദളിതനെ പ്രണയിച്ചതിന് അച്ഛന്റെ കൈകളാൽ കൊല്ലപ്പെട്ടത് അരീക്കോട്ടെ ആതിര; ഇന്ന് ഭാര്യ വീട്ടുകാരുടെ ദുരഭിമാനത്തിന്റെ രക്തസാക്ഷിയായത് കോട്ടയത്തെ കെവിൻ: കേരളം ഉത്തരേന്ത്യയായി മാറുമ്പോൾ രണ്ട് മാസത്തിനിടെ നടന്നത് രണ്ട് ദുരഭിമാന കൊലപാതകങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നിന്ന് മാത്രമാണ് നേരത്തെ ദുരഭിമാന കൊലപാതകത്തിന്റെ വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ അത് ഇന്ന് കേരളീയ സമൂഹത്തിലും വേരുറപ്പിക്കുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് കോട്ടയത്തെ കെവിന്റെ കൊലപാതകവും അരീക്കോട്ടെ ആതിരയുടെ കൊലപാതകവും എല്ലാം. ദളിത് ക്രൈസ്തവനായ കെവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ഭാര്യ വീട്ടുകാർ വിവാഹത്തിന്റെ പിറ്റേ ദിവസം തന്നെ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

ഇത് രണ്ട് മാസത്തിനിടെ കേരളത്തിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാന കൊലപാതകമാണ്. കാമുകിയെ ഇറക്കി കൊണ്ടു പോയി വിവാഹം രജിസ്റ്റർ ചെയ്തതിനാണ് കെവിനെ വധുവിന്റെ വീട്ടുകാർ തല്ലിക്കൊന്നതെങ്കിൽ ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അരീക്കോട്ടെ പൂവത്തിക്കണ്ടിയിൽ പാലത്തിങ്കൽ വീട്ടിൽ ആതിരയെ കുത്തിക്കൊന്നത് സ്വന്തം അച്ഛനാണ്. ആതിരയുടെ കൊലപാതകത്തിൽ കലാശിച്ചതും ഒരിക്കലും പ്രണയമായിരുന്നില്ല മറിച്ച് മകൾ ദളിത് യുവാവിനെ വിവാഹത്തിനായി തിരഞ്ഞെടുത്തു എന്നതാണ്. മാർച്ച് 23ന് ആതിര കൊല്ലപ്പെട്ടു, രണ്ടു മാസത്തിനുശേഷം മെയ് 27ന് കെവിനും.

കെവിന്റ മരണം ആതിരയുടെ ഓർമ്മകൾ മായും മുമ്പേ
ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന ബ്രിജേഷ് എന്ന ചെറുപ്പക്കാരനെയാണ് ആതിര എന്ന പെൺകുട്ടി സ്‌നേഹിച്ചതും വിവാഹ്തതിനായി തിരഞ്ഞെടുത്തതും. നല്ല ജോലിയും സ്വഭാവവും ഉള്ള ചെറുപ്പക്കാരൻ. എന്നിട്ടും അച്ഛൻ കല്ല്യാണത്തിന് തടസ്സമായി കണ്ടത് ബ്രിജേഷിന്റെ ജാതിയായിരുന്നു.

അമ്മ വല്ലിയുടെ ചികിൽസയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയപ്പോഴാണ് ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന ബ്രിജേഷ് സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്ന ആതിരയെ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്ക് വളർന്നു. ദളിത് വിഭാഗത്തിൽപ്പെട്ട ബ്രിജേഷുമായുള്ള പ്രണയം ആതിരയുടെ അച്ഛൻ രാജൻ എതിർത്തു. തർക്കം രൂക്ഷമായപ്പോൾ പൊലീസ് സ്റ്റേഷൻ വരെ എത്തി കാര്യങ്ങൾ.

ആരീക്കോട് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ കല്യാണത്തിനു സമ്മതമാണെന്ന് അച്ഛൻ രാജൻ അറിയിച്ചു. ആതിരയുടെ വീട്ടിനടുത്തുള്ള ക്ഷേത്രത്തിൽ വിവാഹം നടത്താനും തീരുമാനിച്ചു. സദ്യയ്ക്കുള്ള ഒരുക്കങ്ങളും നടത്തി. എന്നാൽ പൊലീസ് സ്റ്റേഷനിൽനിന്നും വീട്ടിലെത്തിയതോടെ രാജന്റെ മനസ് മാറി. ജാതി എന്ന വില്ലൻ അയാളുടെ മനസ്സിൽ ഉരുണ്ട് കൂടി. വീട്ടിൽ അയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നമ്മളെ ജീവിക്കാൻ അനുവദിക്കില്ല എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്തണം ' ആതിര ബ്രിജേഷിനെ ഫോണിൽ വിളിച്ചു. എന്നാൽ പിറ്റേന്ന് കല്ല്യാണമല്ലേ നീ സമാധാനിക്ക് എന്ന് പറഞ്ഞ ബ്രിജേഷ് ഒരിക്കലും ഇത്രയും വലിയ ദുരന്തമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.

പ്രണയമല്ല വില്ലനായത് ബ്രജീഷിന്റെ ജാതി
ആതിരയുടേതിനേക്കാളും നല്ല കുടുംബമായിരുന്നു ബ്രജീഷിന്റേത്. എന്നിട്ടും പിതാവിന് വിവാഹത്തോട് താൽപര്യമില്ലായിരുന്നു. എന്നാൽ പിതാവ് രാജനാകട്ടെ തന്റെ 19-ാം വയസിൽ പ്രേമിച്ചാണ് ആതിരയുടെ അമ്മയെ സ്വന്തമാക്കിയതം. രാജന് പ്രണയ വിവാഹത്തോടായിരുന്നില്ല എതിർപ്പ്. ബ്രിജേഷിന്റെ ജാതിയായിരുന്നു തടസം. താഴ്ന്ന ജാതിക്കാരന് മകളെ കൊടുക്കില്ലെന്നു രാജൻ പലതവണ ആവർത്തിച്ചു. കല്യാണത്തിന്റെ തലേദിവസം ആതിരയുടെ വിവാഹ വസ്ത്രങ്ങൾ രാജൻ കൂട്ടിയിട്ട് കത്തിച്ചു. കത്തിയുമായി ആതിരയെ തേടിയതോടെ അയൽ വീട്ടിൽ അഭയം തേടി. എന്നാൽ അവിടെ നിന്നും പിടിച്ചിറക്കി സ്വന്തം മകളെ കുത്തി കൊല്ലുകയാണ് രാജൻ ചെയ്തത്.

ആതിര മരിച്ചതറിയാതെ താലിമാലയുമായി ബ്രജീഷ്
ആതിര മരിച്ചതറിയാതെ താലിയും സാരിയുമായി വിവാഹത്തിന് പുറപ്പെട്ടു കഴിഞ്ഞാണ് ബ്രിജേഷ് തന്റെ പ്രിയപ്പെട്ടവളുടെ മരണ വാർത്ത അറിയുന്നത്. വിവരമറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയപ്പോൾ കണ്ടത് വെള്ള തുണിയിൽ പൊതിഞ്ഞ ആതിരയുടെ മൃതദേഹമാണ്. രാജനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. മകളെ കൊല്ലാനുപയോഗിച്ച കത്തിയും കുത്തിയ സ്ഥലവുമെല്ലാം രാജൻ കാട്ടികൊടുത്തു.

കെവിന്റെ ജീവനെടുത്തത് മൂന്ന് വർഷത്തെ പ്രണയം
ഒരുമിച്ച് പടിച്ച കെവിനും നീനുവും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കെവിനേക്കാളും സാമ്പത്തികമായും ജാതീയമായും ഉയർന്ന കുടുംബമായിരുന്നു നീനുവിന്റേത്. മകളെ കെട്ടുന്നവൻ പാവപ്പെട്ടവനായാലും അവൻ ഒരു ദളിത് ക്രിസ്ത്യാനിയാണ് എന്നതാണ് ആ കുടുംബത്തെ ചൊടിപ്പിച്ചത്.

പ്രണയം വീട്ടിൽ പിടിച്ചതോടെ മറ്റൊരാളുമായി വിവാഹം നടത്താൻ തീരുമാനിച്ചു. ഇതോടെ നീനു കെവിനൊപ്പം ഇറങ്ങിപോന്നു. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കെവിനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്നു നീനു പറഞ്ഞു. ഇതിനെത്തുടർന്നു നീനുവിന്റെ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. നാട്ടുകാർ സംഘടിച്ചതോടെ ബന്ധുക്കൾ മടങ്ങിപോയി. ശനിയാഴ്ച രാവിലെയും ബന്ധുക്കളെത്തി കെവിനെ ഭീഷണിപ്പെടുത്തി. അതോടെ നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് കെവിൻ മാറ്റി.

തട്ടിക്കൊണ്ടു പോയത് വിവാഹത്തിന്റെ പിറ്റേദിവസം
വിവാഹം കഴിഞ്ഞ് പിറ്റേ ദിവസമാണ് കെവിനെ തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും. അമ്മാവന്റെ മകനോടൊപ്പം മാന്നാനത്തുള്ള വീട്ടിലാണ് കെവിൻ കഴിഞ്ഞിരുന്നത്. ഞായറാഴ്ച പുലർച്ചേ മൂന്നു കാറുകളിലായി എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറിലും മർദനം തുടർന്നു. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി പറയാൻ ഗാന്ധി നഗർ സ്റ്റേഷനിലെത്തിയ നീനുവിനോട് ' ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്നും അതുകഴിഞ്ഞു നോക്കാമെന്നുമായിരുന്നു ' പൊലീസിന്റെ മറുപടി.

കെവിന്റെ പിതാവ് ജോസഫ് ജേക്കബ് പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും സ്വീകരിച്ചില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വൈകിട്ടാണ് കേസെടുത്തത്. തട്ടിക്കൊണ്ടുപോയവരെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അനീഷിനെ പത്തനാപുരത്തുനിന്ന് തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേർ പൊലീസ് കസ്റ്റഡിയിലായി.

അതേസമയം പെറ്റു വളർത്തിയ മകനെ നിഷ്ഠൂരം കൊന്നു കളഞ്ഞതിന്റെ വേദനയിൽ അലറി കരയുകയാണ് ഒരു അച്ഛനും അമ്മയും. വിവാഹത്തിന്റേ പിറ്റേ ദിവസം തന്നെ വിധവയാകേണ്ടി വന്നതിന്റെ കണ്ണീരിലാണ് നീനു എന്ന 23കാരി യുവതി. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങി വന്ന നീനുവിന് ഭർത്താവും നഷ്ടമായതോടെ ഈ ലോകത്ത് തന്നെ ഒറ്റയ്ക്കായി. ഒരു നിമിഷത്തേക്ക് ആ വീട്ടുകാർ സ്വന്തം മകളുടെ സന്തോഷത്തെ കുറിച്ച് ഓർത്തിരുന്നെങ്കിൽ അവൾ സുമംഗലിയായി ഇന്ന് സഖമായി ജീവിച്ചേനെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP