Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അശ്വതി അച്ചുവിന്റെ തേൻകെണി കുരുക്കായത് കാക്കനാട്ടെ സഹോദരിമാർക്ക്; പരാതി എങ്ങും എത്താതെ വന്നതോടെ ചടുലമായി കരുക്കൾ നീക്കിയത് ശൂരനാട് എസ്‌ഐ മഞ്ചു വി നായർ; അശ്വതിയുടെ കള്ളപ്രൊഫൈലുകൾ കുടുക്കി; മഞ്ചുവിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹം

അശ്വതി അച്ചുവിന്റെ തേൻകെണി കുരുക്കായത് കാക്കനാട്ടെ സഹോദരിമാർക്ക്; പരാതി എങ്ങും എത്താതെ വന്നതോടെ ചടുലമായി കരുക്കൾ നീക്കിയത് ശൂരനാട് എസ്‌ഐ മഞ്ചു വി നായർ; അശ്വതിയുടെ കള്ളപ്രൊഫൈലുകൾ കുടുക്കി; മഞ്ചുവിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹം

ആർ പീയൂഷ്

കൊല്ലം: സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണംതട്ടിച്ച ശൂരനാട് പതാരം സ്വദേശിനി അശ്വതി(34)യെ പിടിയിലാവാൻ കാരണം ശൂരനാട് എസ്‌ഐ മഞ്ചു വി നായരുടെ ധീരമായ നിലപാട്. ഒരു മാസത്തിലധികമായി തന്റെ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി തട്ടിപ്പു നടത്തുന്നു എന്ന് കാട്ടി കൊച്ചി കാക്കനാട് സ്വദേശിനികളായ യുവതികൾ കൊച്ചി സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമായില്ല എന്നറിഞ്ഞതോടെ മുതിർന്ന പൊലീസുദ്യോഗസ്ഥരോട് നിയമോപദേശം തേടിയാണ് മഞ്ചു വി നായർ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. സാധാരണക്കാരായ രണ്ട് യുവതികൾക്ക് നീതി ലഭ്യമാകുന്നില്ല എന്ന് മനസ്സിലായതോടെ അവർ വേണ്ട നടപടികൾ സ്വീകരിച്ച് നീതി നേടികൊടുക്കുകയായിരുന്നു.

കാക്കനാട് സ്വദേശിനികളായ പ്രഭ സുകുമാരന്റെയും രമ്യാ ഷിജിത്തിന്റെയും ചിത്രങ്ങളാണ് പതാരം സ്വദേശിനിയായ അശ്വതി എന്ന യുവതി അശ്വതി അച്ചു, അനുശ്രീ, അനു അപ്പു എന്നീ വ്യാജ അക്കൗണ്ടുകളിൽ തട്ടിപ്പിനായി ഉപയോഗിച്ചത്. സ്വന്തം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ തൃക്കാക്കര പൊലീസിലും സൈബർ ക്രൈം പൊലീസിലും പരാതി നൽകിയിട്ടും നടപടി ആകാതിരുന്നതോടെ ശൂരനാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ ഉടൻ തന്നെ എസ്‌ഐ മഞ്ചു വി നായർ പ്രാഥമിക അന്വേഷണം നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്വതി വ്യാജ പ്രൊഫൈൽ നിർമ്മിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് നിരവധിപേരുമായി സന്ദേശം അയച്ചു ബന്ധങ്ങൾ തുടങ്ങിയതും കണ്ടെത്തി. പിന്നീട് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും പണമിടപാടുകൾ നടത്തിയതിനും തെളിവുകൾ കണ്ടെത്തി. പഴുതടച്ചുള്ള അന്വേഷണത്തിൽ അശ്വതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെൺകുട്ടികളുടെ പരാതിയിൽ വളരെ വേഗം നടപടി എടുത്ത വനിതാ പ്രിൻസിപ്പൽ എസ്‌ഐയ്ക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്. വളരെ ഗുരുതരമായ കുറ്റകൃത്യം കൊച്ചി സിറ്റി പൊലീസ് വളരെ ലാഘവത്തോടെ കണ്ടപ്പോൾ മഞ്ചു ഏറെ ഗൗരവത്തോടെ എടുത്തതാണ് പ്രതിയെ പെട്ടെന്ന് പിടികൂടാൻ കാരണമായത്.

പന്തളം പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യം പ്രിൻസിപ്പൽ എസ്‌ഐ ആയി മഞ്ചു പ്രവേശിച്ചത്. 2018 ബാച്ചിൽ എസ്‌ഐ. ആയി പുറത്തിറങ്ങി കോഴിക്കോട് വളയം സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് മാവേലിക്കരയിൽ പ്രബേഷൻ എസ്ഐയായി ചുമതല ലഭിച്ചു. പിന്നീട് ചെങ്ങന്നൂരിൽ ജൂനിയർ എസ്‌ഐ. ആയി. കൊച്ചി സിറ്റിയിലും തിരുവല്ലയിലും സേവനം അനുഷ്ഠിച്ചെങ്കിലും പന്തളത്തെത്തിയാണ് പ്രിൻസിപ്പൽ എസ്‌ഐ. ആയത്.

പന്തളം എൻ.എസ്.എസ്. കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദവും ചെങ്ങന്നൂർ എസ്.എൻ.കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മാവേലിക്കരയിൽ ബി.എഡും കഴിഞ്ഞ ശേഷം ആദ്യം റെയിൽവേയിലാണ് പ്രവേശിച്ചത്. തുടർന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ചെങ്ങന്നൂർ നഗരസഭയിലും ജോലിനോക്കി.

പി.എസ്.സി. ലിസ്റ്റിലുണ്ടായിരുന്ന എസ്‌ഐ. ജോലി ലഭിച്ചപ്പോൾ ഇതിലേക്ക് മാറി. ചാരുംമൂട് വേടരപ്ലാവ് കൊട്ടാരത്തിൽ വാസുദേവൻ നായരുടെയും ഇന്ദിരയുടെയും മകളാണ് മഞ്ജു. ശബരിമലയിൽ കരാറുകാരനായ നൂറനാട് പണയിൽ ശ്രീശൈലത്തിൽ ജെ.ജയകുമാർ ഉണ്ണിത്താന്റെ ഭാര്യയാണ്. മക്കൾ: കല്യാണി, ലക്ഷ്മി. ശൂരനാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥകൂടിയാണ് മഞ്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP