Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണങ്കര തോട് കയ്യേറിയില്ലെന്നു അസറ്റ് ഹോംസ്; തോടിനു അരികിലെ കൽക്കെട്ടു പുതുക്കി അതിനു മുകളിൽ മതിൽ പണിയാനാണ് ശ്രമിച്ചത്; പത്തനംതിട്ട നഗരസഭ സ്റ്റോപ്പ് മെമോ നൽകിയത് കൽക്കെട്ടു പ്രശ്‌നത്തിൽ മാത്രം; കയ്യേറ്റം നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തി മാത്രമേ ജോലികൾ ആരംഭിക്കൂവെന്നും വിശദീകരണത്തിൽ അസറ്റ് ഹോംസ്

കണ്ണങ്കര തോട് കയ്യേറിയില്ലെന്നു അസറ്റ് ഹോംസ്; തോടിനു അരികിലെ കൽക്കെട്ടു പുതുക്കി അതിനു മുകളിൽ മതിൽ പണിയാനാണ് ശ്രമിച്ചത്; പത്തനംതിട്ട നഗരസഭ സ്റ്റോപ്പ് മെമോ നൽകിയത് കൽക്കെട്ടു പ്രശ്‌നത്തിൽ മാത്രം; കയ്യേറ്റം നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തി മാത്രമേ ജോലികൾ ആരംഭിക്കൂവെന്നും വിശദീകരണത്തിൽ അസറ്റ് ഹോംസ്

എം മനോജ് കുമാർ

പത്തനംതിട്ട : പത്തനംതിട്ടയിൽ ഹൃദയഭാഗത്ത് പണിയുന്ന അസറ്റ് ഹോംസിന്റെ ഫ്‌ളാറ്റ് നിർമ്മാണത്തിനു സ്റ്റോപ്പ് മെമോ നൽകിയിട്ടില്ലെന്ന് അസറ്റ് ഹോംസ്. ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ച പത്തനംതിട്ടയിലെ പ്രധാന ജലശ്രോതസായ കണ്ണങ്കര തോട് കയ്യേറി അസറ്റ് ഹോംസിന്റെ ഫ്‌ളാറ്റ് നിർമ്മാണം എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അസറ്റ് ഹോംസ്. എല്ലാ വിധ അനുമതിയും എടുത്തിട്ടാണ് അസറ്റ് ഹോംസ് ജോലികൾ പത്തനംതിട്ടയിൽ തുടങ്ങിയത്. ചീഫ് ടെക്‌നിക്കൽ ഓഫീസർ മഹേഷ് മറുനാടനോട് പറഞ്ഞു.

പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും നഗരസഭയുടെയും അഗ്‌നി ശമന വിഭാഗത്തിന്റെയും അനുമതി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത് വർഷം മുൻപ് കെട്ടിയ ഒരു കൽക്കെട്ട് കണ്ണങ്കര തോടിനു സമീപമുണ്ട്. ഇറിഗേഷൻ വകുപ്പ് കെട്ടിയ കൽക്കെട്ട് ആണിത്. ഞങ്ങൾക്ക് സ്ഥലമുടമ കൈമാറിയത് ഈ കൽക്കെട്ടു അടക്കമുള്ള സ്ഥലമാണ്. ജോലി തുടങ്ങിയ സമയത്ത് വന്ന പ്രളയകാലത്ത് കൽക്കെട്ടു ഇടിഞ്ഞു വീണിരുന്നു. അത് തിരിച്ചറിയാനും സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഇതൊരു തോട് കയ്യേറ്റമല്ല. ഇറിഗേഷൻ വകുപ്പിന്റെ കൽക്കെട്ടിന്റെ മുകളിൽ പണിയുന്ന കോമ്പൗണ്ട് വാളിന്റെ പണി നിർത്തണം എന്നാവശ്യപ്പെട്ടാണ് പത്തനംതിട്ട മുനിസിപ്പാലിറ്റി ഞങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയത്. ഫ്‌ളാറ്റ് പണി നിർത്തണം എന്നാവശ്യപ്പെട്ടിട്ടില്ല. പക്ഷെ കൽക്കെട്ടിനു മുകളിൽ പണിയുന്ന മതിലിന്റെ നിർമ്മാണമാണ് പ്രശ്‌ന കാരണം. അതാണ് നഗരസഭ പരിശോധിക്കുന്നത്. ഇറിഗേഷൻ വകുപ്പ് ഞങ്ങളോട് അപേക്ഷ നൽകാൻ പറഞ്ഞിട്ടുണ്ട്. കൽക്കെട്ടിനു മുകളിൽ മതിൽ പണിയാൻ അനുവദിക്കാം എന്നാണ് പറഞ്ഞത്. നഗരസഭയും ഇതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ ശനിയാഴ്ച ചിലയാളുകൾ വന്നു പണി തടസ്സപ്പെടുത്തിയിട്ടുണ്ട്. തോട് കയ്യേറ്റത്തിന്റെ കാരണം പറഞ്ഞാണ് ജോലികൾ തടസ്സപ്പെടുത്തിയത്.
ഞങ്ങൾ കയ്യേറ്റം നടത്തുന്നില്ല. കയ്യേറ്റം നടത്തുന്നില്ല എന്ന് ബോധ്യപ്പെടുത്തിയ ശേഷമേ ജോലികൾ ഞങ്ങൾ തുടരുന്നുള്ളൂ-മഹേഷ് പറയുന്നു.

ഇന്നലെയാണ് അസറ്റ് ഹോംസിന്റെ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടു വിശദമായ വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്. പത്തനംതിട്ട ഹൃദയഭാഗത്ത് റിങ് റോഡിൽ ഒരേക്കർ സ്ഥലത്ത് 16 നിലയിലാണ് അസറ്റ് ഹോംസിന്റെ പടുകൂറ്റൻ ഫ്ളാറ്റ് സമുച്ചയം വരുന്നത്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് തൊട്ടു പിറകെയുള്ള കണ്ണങ്കര തോട് കയ്യേറിയാണ് അസറ്റ് ഹോംസ് ഫ്‌ളാറ്റ് സമുച്ചയം കെട്ടിപ്പടുക്കുന്നത് എന്നാണ് വാർത്തയിൽ പറഞ്ഞത്. ഇതിനുള്ള വിശദീകരണമാണ് അസറ്റ് നൽകിയത്. തോട് കയ്യേറി ഫ്‌ളാറ്റ് നിർമ്മാണം നടത്തുന്നു എന്ന് ബോധ്യപ്പെട്ടപ്പോൾ നഗരസഭ അസറ്റിനു സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്. പക്ഷെ ഈ സ്റ്റോപ്പ് മെമോ അവഗണിച്ച് ഫ്‌ളാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. നിയമങ്ങൾ ലംഘിച്ചുള്ള ഫ്‌ളാറ്റ് കയ്യേറ്റം കണ്ടിട്ടും പത്തനംതിട്ട നഗരസഭ കണ്ടില്ലെന്നു നടിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. വാർത്തയിൽ ഞങ്ങൾ വിശദമാക്കിയിരുന്നു. സ്റ്റോപ്പ് മെമോ നൽകിയെങ്കിലും ഫലപ്രദമായി ഇടപെടുന്നതിൽ നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ട്. അസറ്റിനെ പോലുള്ള വൻകിട ബിൽഡറെ തൊടാനുള്ള മടികാരണമാണ് നഗരസഭ പിന്നോട്ടടിക്കുന്നത് എന്നാണ് സൂചനകൾ.

പത്തനംതിട്ട നഗരത്തിലെ പ്രധാന ജലശ്രോതസ്സാണ് ഇപ്പോൾ അസറ്റ് കയ്യേറിയിരിക്കുന്ന കണ്ണങ്കര തോട്. ഈ തോട് പലരും കയ്യേറുന്നതായി ആക്ഷേപം ഉയരുമ്പോൾ തന്നെയാണ് അസറ്റ് ഗ്രൂപ്പും തോട് കയ്യേറി ഫ്‌ളാറ്റ് നിർമ്മാണം നടത്തുന്നത്. മാലിന്യം തള്ളലും വശങ്ങൾ ഇടിച്ച് കയ്യേറുന്നതും കാരണം കണ്ണങ്കര ഇപ്പോൾ തന്നെ നാശോന്മുഖമാണ്. മാലിന്യം തള്ളൽ കാരണം തോട് ഇപ്പോൾ വികൃതമായ അവസ്ഥയിലാണ്. നഗരത്തിനകത്തും പുറത്തും നിന്നുള്ള വ്യാപാര കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യമാണ് തോട്ടിലേക്ക് വലിച്ചെറിയുന്നത്. മാലിന്യം തള്ളുന്നവരെ പിടികൂടാനും നടപടിയില്ല. ഇതൊക്കെ കാരണം തോട് നശിക്കുന്ന അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് വീണ്ടുമൊരു കയ്യേറ്റം കണ്ണങ്കര തോട് നേരിടുന്നത്. തോടിനു സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ കയ്യേറ്റങ്ങൾ ഇപ്പോൾ വർദ്ധിച്ചു വരുന്നുമുണ്ട്.

നഗരസഭയുടെ അനുമതിയോടെ ഫ്‌ളാറ്റ് ഉയരുമ്പോൾ തന്നെയാണ് ഒപ്പം തോടുകൂടി കയ്യേറി നിർമ്മാണം പുരോഗമിക്കുന്നത്. ഉയർന്നുകൊണ്ടിരിക്കുന്നത്. ഫ്ളാറ്റിന് നിലവിൽ നഗരസഭ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ എട്ടു നിലയിൽ കൂടുതലുള്ള നിർമ്മിതിക്ക് പത്തനംതിട്ട നഗരഭാഗത്ത് അനുമതി നൽകരുത് എന്ന് നഗരസഭയുടെ തന്നെ മുൻ തീരുമാനമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഹെലികോപ്റ്റർ അടക്കമുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങുവാൻ സൗകര്യമൊരുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള തീരുമാനം നഗരസഭ മുൻപ് കൈക്കൊണ്ടത്. പക്ഷെ അസറ്റിനു വേണ്ടി ഈ തീരുമാനം നഗരസഭ തന്നെ ലംഘിക്കുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.

പക്ഷെ അസറ്റ് ഹോംസിന്റെ ഫ്ളാറ്റിന് നഗരസഭ അനുമതി നൽകിയിട്ടുണ്ട് എന്ന് നഗരസഭ ചെയർപേഴ്സൺ ഗീത സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ഫ്‌ളാറ്റിനു അനുമതി നല്കിയിട്ടുണ്ടെങ്കിലും തോട് കയ്യേറ്റം നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ അസറ്റിനു സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്. വരുന്ന നഗരസഭാ യോഗം അസറ്റിന്റെ തോട് കയ്യേറ്റം ചർച്ച ചെയ്യും- ഗീത സുരേഷ് പ്രതികരിച്ചിരുന്നു. അസറ്റിന്റെ കണ്ണങ്കര തോട് കയ്യേറ്റത്തിൽ പ്രതിഷേധവുമായി ദേശീയ ജനജാഗ്രതാ പരിഷത്തും രംഗത്തുണ്ട്. പരിസ്ഥിതി ചട്ടങ്ങൾ കാറ്റിൽപ്പറത്തിയുള്ള നിർമ്മാണങ്ങൾക്കെതിരെ സിനിമാ താരങ്ങളും യുവതലമുറയും ഇപ്പോൾ സജീവമായി രംഗത്തുണ്ട്. അസറ്റിന്റെ ബ്രാൻഡ് അംബാസർ നടൻ പൃഥ്വിരാജാണ്. അദ്ദേഹം അസറ്റിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനം ഒഴിയാൻ തയ്യറാകണം- ജനജാഗ്രതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അജി.ബി.റാന്നി മറുനാടൻ മലയാളിയോട് പറഞ്ഞു. നിർമ്മാണം പുരോഗമിക്കുകയാണെങ്കിൽ കടുത്ത പ്രതിഷേധവുമായി പരിഷത്ത് രംഗത്തുണ്ടാവുമെന്നും അജി.ബി.റാം പ്രതികരിച്ചിരുന്നു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും സരിതയ്ക്കും എതിരെ ശക്തമായ ആരോപണവും നിയമനടപടികളുമായി രംഗത്ത് വന്ന മല്ലേലിൽ ശ്രീധരൻ നായരും അസറ്റ് ഹോംസും കൂടിയുള്ള ജോയിന്റ് വെൻച്വർ സംരംഭമാണ് പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് ഉയരുന്നത്. അസറ്റിന്റെ ഫ്ളാറ്റ് ഉയരുന്നത് മല്ലേലിൽ ശ്രീധരൻ നായരുടെ സ്ഥലത്താണ്. അതുകൊണ്ട് തന്നെ സോളാർ കേസിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച മല്ലേലിൽ ശ്രീധരൻ നായരും കണ്ണങ്കര തോട് കയ്യേറ്റത്തിൽ പ്രതിസ്ഥാനത്ത് വരുകയാണ്. സോളാർ കേസിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ അന്വേഷണസംഘം തെളിവുകൾ മുടിവച്ചെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയ നൽകിയ വ്യക്തിയാണ് വ്യവസായി മല്ലേലിൽ ശ്രീധരൻ. കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്കുകൂടി പുറത്തുവരുന്നതിന് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ശ്രീധരൻ നായർ പരാതി നൽകിയിരുന്നു. ഇതേ ശ്രീധരൻ നായർ കൂടിയാണ് കണ്ണഞ്ചേരി തോട് കയ്യേറ്റത്തിൽ അസറ്റ് ഗ്രൂപ്പിനൊപ്പം പ്രതിസ്ഥാനത്ത് വരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മറുനാടൻ ഇന്നലെ വാർത്ത നൽകിയത്. ഈ വാർത്തയോടാണ് അസറ്റ് ഗ്രൂപ്പിന്റെ പ്രതികരണം വന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP