Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അസം - മിസോറം അതിർത്തി തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കം; ഇരു സംസ്ഥാനങ്ങളും ആരോപിക്കുന്നത് വനം കയ്യേറ്റം; അതിർത്തിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള അസമിന്റെ ശ്രമങ്ങൾ പ്രശ്‌നം വഷളാക്കി; കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ച് സ്ഥിതിഗതികൾ വഷളാകാതെ നോക്കാൻ കേന്ദ്രം

അസം - മിസോറം അതിർത്തി തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കം; ഇരു സംസ്ഥാനങ്ങളും ആരോപിക്കുന്നത് വനം കയ്യേറ്റം; അതിർത്തിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള അസമിന്റെ ശ്രമങ്ങൾ പ്രശ്‌നം വഷളാക്കി; കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ച് സ്ഥിതിഗതികൾ വഷളാകാതെ നോക്കാൻ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

ഗുവഹത്തി: രണ്ട് സംസ്ഥാനങ്ങളിലെ പൊലീസുകാർ തമ്മിൽ വെടിവെക്കുന്ന സംഭവം അധികം കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. ഇന്ത്യയിൽ നിന്നും അത്തരമൊരു വാർത്ത പുറത്തുവരുമ്പോൾ ഞെട്ടലാണ് ലോകമെങ്ങും. അസമും മിസോറാമും തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. 5 അസം പൊലീസുകാരും ഒരു പ്രദേശവാസിയുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതോടെ ഇവിടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കയാണ്.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് കാലങ്ങളോളം പഴക്കമുണ്ട്. മുൻപു അസമിലെ കച്ചർ, ഹയ്ലാകന്ദി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ ഐസോൾ, കൊലസിബ്, മമിത് ജില്ലകളും തമ്മിലുള്ള 164.4 കിലോമീറ്റർ അതിർത്തിയിലാണു തർക്കം നിലനിൽക്കുന്നത്. വനംഭൂമിയുടെ കാര്യത്തിൽ അടക്കമാണ് തർക്കം നിലനിൽക്കുന്നത്.

1994 മുതൽ കേന്ദ്രം തർക്കപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ജനവാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും 509 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രകൃതിദത്ത വനാതിർത്തിയാണ് അസം-മിസോറാം അതിർത്തിത്തർക്കത്തിന്റെ ആണിക്കല്ല്. ഇരു സംസ്ഥാനങ്ങളും വനം കയ്യേറിയിട്ടുണ്ടെന്നാണ് പരസ്പരം ആരോപിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കാൽനൂറ്റാണ്ട് അസമിന്റെ ഭാഗമായിരുന്ന മിസോറം കേന്ദ്രഭരണപ്രദേശമാകുന്നത് 1972 ൽ ആണ്. 1987 ൽ ആണ് മിസോറമിന് സംസ്ഥാന പദവി ലഭിക്കുന്നത്. കഴിഞ്ഞ വർഷം അതിർത്തികളിലെ ജനങ്ങൾ തമ്മിൽ പരസ്പരം ആക്രമണം അഴിച്ചുവിട്ടിരുന്നു.

അതിർത്തിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള അസം സർക്കാരിന്റെ ശ്രമങ്ങളാണ് ഇപ്പോൾ പ്രശ്‌നം വഷളാക്കിയത്. അസം പൊലീസ് ഫാം ഹൗസ് കത്തിക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് നേരത്തേ മിസോറം ആരോപിച്ചിരുന്നു. സംഘർഷത്തെത്തുടർന്ന് മിസോറമിന്റെ ജീവനാഡിയായ ദേശീയ പാത 306 ലെ ഗതാഗതം രണ്ടാഴ്ചയോളം തടഞ്ഞു. കേന്ദ്ര സർക്കാർ ഇടപെട്ടാണ് റോഡ് തുറന്നുകൊടുത്തത്.

1963 ൽ നിശ്ചയിച്ച അതിർത്തി തർക്കത്തിൽ അസമിലെ ഗോലഘാട്ട്, നാഗാലാൻഡിലെ വോഖ എന്നീ പ്രദേശങ്ങൾക്കിടയിലാണു തർക്ക മേഖല. 1985 ജൂണിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 അസം പൊലീസുകാർ ഉൾപ്പെടെ നാൽപതോളം പേർ കൊല്ലപ്പെട്ടു സംഭവവും ഇവിടെയുണ്ട്.

അസമിലെ കാംരുപ് ജില്ല, മേഘാലയയിലെ വെസ്റ്റ് ഗാരോ കുന്നുകൾ എന്നിവയുൾപ്പെടുന്ന മേഖലയിലാണ് മറ്റ് അതർത്തി തർക്കം നിലനിൽക്കുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ ഇരു സംസ്ഥാനങ്ങളിലെയും പ്രദേശവാസികൾ തമ്മിൽ 3 തവണ ഏറ്റുമുട്ടലുണ്ടായി. അസമും അരുണാചൽ പ്രദേശമുയാും തർക്കം നിലനിൽക്കുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കം മുതൽ അതിർത്തിത്തർക്കം രൂക്ഷം. ഇരു സംസ്ഥാനവും പരസ്പരം കടന്നുകയറ്റം ആരോപിക്കുന്നു. തർക്കമുള്ള അതിർത്തി മേഖലകളിൽ അവകാശവാദമുന്നയിച്ച് അസം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തീർപ്പു കൽപിച്ചിട്ടില്ല.

അതിനിടെ ഇപ്പോഴത്തെ വെടിവെപ്പ് പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷ ഒരുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. മേഖലയിൽ യുദ്ധസമാന സാഹചര്യം നേരിടാൻ പ്രദേശത്തു കൂടുതൽ സിആർപിഎഫ് ഭടന്മാരെ കേന്ദ്ര സർക്കാർ വിന്യസിച്ചു. സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ സിആർപിഎഫ് സേനാ പോസ്റ്റുകൾ സ്ഥാപിച്ചു. സംഘർഷ മേഖലകളിൽനിന്നു പിന്നോട്ടു നീങ്ങാൻ ഇരു സംസ്ഥാനങ്ങളിലെ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാർ തമ്മിലുണ്ടായ വെടിവയ്പിൽ 5 അസം പൊലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. എസ്‌പി ഉൾപ്പെടെ എൺപതോളം പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. മരണവും കൂടുതൽ നാശനഷ്ടവും ഉണ്ടായത് അസം പൊലീസിനാണ്. മിസോറം പൊലീസ് കുന്നിന്റെ മുകളിൽനിന്നാണു വെടിവച്ചതെന്നും അസം പൊലീസ് താഴെയായിരുന്നുവെന്നും സിആർപിഎഫ് അഡീഷനൽ ഡയറക്ടർ ജനറൽ എസ്.ആർ. ഓജ പറഞ്ഞു. കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം ഇരു പൊലീസ് സേനയും യന്ത്രത്തോക്കുകൾ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അസമിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ ബഹളം വച്ചു. അന്തർ സംസ്ഥാന പ്രശ്‌നങ്ങളുടെ പരിഹാരത്തിനു സംസ്ഥാന സർക്കാരുകളുടെ പിന്തുണ അനിവാര്യമാണെന്നും മധ്യസ്ഥന്റെ സ്ഥാനമാണു കേന്ദ്രത്തിനുള്ളതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തെ വീണ്ടും കൈവിട്ടതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇതിനിടെ, സംഘർഷം നേരിടാൻ അതിർത്തി മേഖലകളിൽ 3000 കമാൻഡോകളെ വിന്യസിക്കാനും അതിർത്തിത്തർക്കത്തിനു പരിഹാരം തേടി സുപ്രീം കോടതിയെ സമീപിക്കാനും അസം സർക്കാർ തീരുമാനിച്ചു. അതിർത്തി ജില്ലകളായ കരിംഗഞ്ച്, കച്ചർ, ഹെയ്ലാകന്ദി എന്നിവിടങ്ങളിൽ 1000 കമാൻഡോകൾ വീതമുള്ള 3 ബറ്റാലിയനുകൾ സജ്ജമാക്കുമെന്നും അസമിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബത്തിൽ ഒരാൾക്കു ജോലി നൽകും. പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നൽകും. അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് ഒരു മാസത്തെ അധിക ശമ്പളം അനുവദിച്ചിട്ടുണ്ട്. അതിനിടെ മിസോറം അതിർത്തി സംഘർഷത്തിൽ നിഷ്പക്ഷ സേനയായ സിആർപിഎഫ് പക്ഷം പിടിച്ചുവെന്ന ആരോപണവുമായി മിസോറം. തർക്ക കാരണമായ അതിർത്തി മേഖലയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള കേന്ദ്ര സേനാംഗങ്ങൾ അസം പൊലീസിനെ മിസോറം അതിർത്തിയിൽ പ്രവേശിക്കാൻ അനുവദിച്ചുവെന്നും പൊലീസ് പോസ്റ്റ് പിടിച്ചടക്കുന്നതു നോക്കിനിന്നെന്നും മിസോറം ആഭ്യന്തരമന്ത്രി ലാൽചംലിയാന ആരോപിച്ചു. തർക്കവും സംഘർഷവും നിയന്ത്രിക്കാനാണ് കഴിഞ്ഞ ഓഗസ്റ്റു മുതൽ മിസോറമിൽ സിആർപിഎഫിനെയും അസമിൽ സശസ്ത്ര സീമാ ബലിനെയും (എസ്എസ്ബി) നിയോഗിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP