Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

മലബാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു ലീഗ് പ്രവർത്തകർ ഒഴുകിയെത്തി; ഏകാശ്രയമായ മകന്റെ ദാരുണ മരണത്തിൽ തകർന്നു നിലവിളിക്കുന്ന ഉമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ; അസ്ലമിന്റെ ശരീരത്തിൽ 70 മുറിവുകൾ; സംഘർഷം ഒഴിവാക്കാൻ വിലാപയാത്ര വേണ്ടെന്നു വച്ചിട്ടും പിരിഞ്ഞുപോകാതെ ജനക്കൂട്ടം

മലബാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു ലീഗ് പ്രവർത്തകർ ഒഴുകിയെത്തി; ഏകാശ്രയമായ മകന്റെ ദാരുണ മരണത്തിൽ തകർന്നു നിലവിളിക്കുന്ന ഉമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ; അസ്ലമിന്റെ ശരീരത്തിൽ 70 മുറിവുകൾ; സംഘർഷം ഒഴിവാക്കാൻ വിലാപയാത്ര വേണ്ടെന്നു വച്ചിട്ടും പിരിഞ്ഞുപോകാതെ ജനക്കൂട്ടം

എം പി റാഫി

നാദാപുരം: കണ്ണുനീരിന്റെയും വിലാപത്തിന്റെയും ഇടറിയ ശബ്ദങ്ങൾ അല്ലാതെ ബാക്കിയൊന്നും തൂണേരിയിൽ ഇന്ന് അവശേഷിക്കുന്നില്ല. രാഷ്ട്രീയ സാമുദായിക ബന്ധങ്ങൾക്കപ്പുറം എല്ലാവർക്കും പരിചിതനായിരുന്ന അസ്ലം എന്ന 22കാരനു വിട പറയാൻ നാദാപുരത്തിനു പുറത്തുനിന്നു പോലും ജനപ്രവാഹമായിരുന്നു. വിലാപയാത്ര ഒഴിവാക്കണമെന്നും അണികൾ സംയമനം പാലിക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ നിർദ്ദേശിച്ചതുകൊണ്ട് ഹർത്താൽ ദിനമായിരുന്നിട്ടു കൂടി സംഘർഷാവസ്ഥയിലേക്ക് പ്രദേശം കടന്നില്ല.

വികാരഭരിതരായി തടിച്ചുകൂടിയ ലീഗ് പ്രവർത്തകർക്കോ ബന്ധുക്കൾക്കോ ആശ്വസിപ്പിക്കാൻ കഴിയുന്നവിധം ആയിരുന്നില്ല അനാഥയായി തീർന്ന അസ്ലമിന്റെ ഉമ്മയുടെ നിലവിളി. മുമ്പേ ഭർത്താവു മരിച്ച കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവും അസ്ലം മാത്രമായിരുന്നു. ഷിബിൻ വധക്കേസിൽ ഒരു ബന്ധവും എന്റെ മോനില്ല എന്ന് ഈ ഉമ്മ പണ്ടേ നിലവിളിച്ചു പറയുമായിരുന്നു. എന്നിട്ടും കണ്ടു കൊതിതീരുംമുമ്പ് അവന്റെ ജീവൻ ചിലർ ചേർന്നു വെട്ടിമുറിച്ചു കൊണ്ടുപോയി. തന്റെ മകൻ കൊല്ലപ്പെട്ടെന്ന വിവരം മാതാവ് സുബൈദക്കും സഹോദരിമാർക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. അസ്ലമിന്റെ ദാരുണ അന്ത്യം കുടുംബത്തിനേറ്റ വിടവ് നികത്താൻ ആശ്വാസ വാക്കുകൾക്കൊന്നും കഴിഞ്ഞുമില്ല.

Stories you may Like

ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് തൂണേരിയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കണ്ണങ്കൈ സ്വദേശി കാളിയപറമ്പത്ത് അസ്‌ലമിന്റെ മൃതദേഹം ഇന്നു ഖബറടക്കിയത്. അസ്ലമിന് അന്ത്യോപചാരമർപ്പിക്കാനായി ആയിരങ്ങൾ ആശുപത്രിയിലും നാട്ടിലും എത്തിയിരുന്നു. യൂത്ത് ലീഗ് പ്രവർത്തകനെന്നതിലുപരി നാട്ടിൽ എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്ന അസ്ലമിന്റെ വേർപാട് കൂട്ടുകാർക്കും നാട്ടുകാർക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു. ഷിബിൻ വധക്കേസിൽ കുറ്റം ആരോപിക്കപ്പെട്ടു എന്നല്ലാതെ ആ സംഭവത്തിൽ അസ്ലമിന് യാതൊരു പങ്കുമില്ലെന്നാണ് അടുപ്പക്കാരും നാട്ടുകാരും പറയുന്നത്.

നാടിന്റെ വിവിധ ദിക്കുകളിൽ നിന്നായി ആയിരക്കണക്കിനു ലീഗ് പ്രവർത്തകരാണ് അന്ത്യോപചാരം അർപ്പിക്കാനായി എത്തിച്ചേർന്നത്. ഇന്നു രാവിലെ ആരംഭേലിച്ച ഇൻക്വസ്റ്റ് ഉച്ചയോടെ പൂർത്തിയായി. അസ്ലമിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 70 മുറിവുകളുണ്ടെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും തലയിലുമായി മാത്രം 17 മുറിവുകളുണ്ട്.

കൈപ്പത്തി അറ്റ നിലയിലാണുള്ളത്. ഇരുകൈക്കും തലയ്ക്കുമാണു കൂടുതൽ പരിക്കേറ്റത്. പോസ്റ്റുമോർട്ടത്തിനുശേഷം മൂന്നു മണിയോടെയാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടു വന്നത്. മയ്യത്തു നമസ്‌കാരത്തിനുശേഷമാണ് നാട്ടിലേക്കു കൊണ്ടുവന്നത്.

ഹൈദരലി തങ്ങളുടെ നിർദ്ദേശപ്രകാരം വിപുലമായ വിലാപയാത്ര ഒഴിവാക്കിയിരുന്നു. എങ്കിലും നാദാപുരം മുദാക്കര ജുമാ മസ്ജിദിലേക്കു പൊതു ദർശനത്തിനു കൊണ്ടുവന്നതു വൻ ജനാവലിയുടെ അകമ്പടിയോടെയായിരുന്നു. പൊതുദർശനത്തിനു വച്ചശേഷം വൈകിട്ട് അഞ്ചോടെ കോടഞ്ചേരി വെള്ളൂർ നിറഞ്ഞിപ്പള്ളി കബർസ്ഥാനിൽ കബറടക്കി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു പ്രദേശം.

കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വടകര താലൂക്കിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. ആറുപേരാണ് കൊലയാളികളുടെ സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ അഞ്ചുപേരെക്കുറിച്ചു വിവരം ലഭിച്ചു. അഞ്ചുപേർ കൃത്യത്തിൽ പങ്കെടുത്തിരുന്നുവെന്നും ഒരാൾ ഡ്രൈവർ ആയിരുന്നുവെന്നുമാണു വിവരം. ഇവർ കണ്ണൂർ ഭാഗത്തുള്ളവരാണെന്നാണു പ്രാഥമിക വിവരം.

വണ്ടിയിൽ നിന്നു വീണുവെന്നു കരുതുന്ന ടൊയോട്ട സ്റ്റിക്കർ പൊലീസിനു കിട്ടി. വാൻ കിട്ടിയാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. കൊലയാളികൾ സഞ്ചരിച്ച വാഹനം ആദ്യം കണ്ണൂർ ഭാഗത്തേക്കു പോയി എന്നും തുടർന്നു മറ്റൊരു ഭാഗത്തേക്കു തിരിച്ചുവിടുകയായിരുന്നുവെന്നുമാണു പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ട് 5.10ഓടെയായിരുന്നു അസ്‌ലം വെട്ടേറ്റു മരിച്ചത്. സുഹൃത്തായ പുളിയാവ് സ്വദേശി ഷാഫിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഇന്നോവയിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അസ്‌ലം വധക്കേസിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ അറിയിച്ചിരുന്നു. നാദാപുരം എഎസ്‌പി കറുപ്പസ്വാമിയുടെ നേതൃത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP