Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതുപോലുള്ള ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാർട്ടികൾ ഇത്തരം ചർച്ചകളിലേക്ക് പറഞ്ഞുവിടരുത്; വീണ്ടും വിനു വി ജോൺ; സിപിഎമ്മിനെ ബോധപൂർവ്വം അപമാനിച്ചെന്ന് സൈബർ സഖാക്കൾ; ഏഷ്യാനെറ്റ് ന്യൂസിനെ ഇനിയും സിപിഎം ബഹിഷ്‌കരിക്കുമോ?

ഇതുപോലുള്ള ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാർട്ടികൾ ഇത്തരം ചർച്ചകളിലേക്ക് പറഞ്ഞുവിടരുത്; വീണ്ടും വിനു വി ജോൺ; സിപിഎമ്മിനെ ബോധപൂർവ്വം അപമാനിച്ചെന്ന് സൈബർ സഖാക്കൾ; ഏഷ്യാനെറ്റ് ന്യൂസിനെ ഇനിയും സിപിഎം ബഹിഷ്‌കരിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും സിപിഎമ്മും ഏഷ്യാനെറ്റ് ന്യൂസും തമ്മിൽ നിസഹകരണ തർക്കമുണ്ടാകുമോ എന്ന സംശയവുമായി സോഷ്യൽ മീഡിയയിൽ ചർച്ച. ചർച്ചയ്ക്കിടെ സിപിഎം പ്രതിനിധി മോശം പദപ്രയോഗം നടത്തിയതിൽ പ്രേക്ഷകരോട് ക്ഷമാപണവുമായി ഏഷ്യാനെറ്റ് ന്യൂസ് എത്തിയിരുന്നു. ബുധനാഴ്ചയിലെ ന്യൂസ്അവർ ചർച്ചയ്ക്കിടെയായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന സിപിഎം പ്രതിനിധി മോശം പദപ്രയോഗം നടത്തിയതെന്നും, രണ്ടാമത്തെ പദം വായിക്കാൻ ഒരുങ്ങിയപ്പോൾ ഇടപെടുകയും പ്രക്ഷകരോട് മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ വിനു വി. ജോൺ പറഞ്ഞു. എന്നാൽ ഈ വിഷയത്തിന്റെ പേരിൽ ചാനലിനെ സിപിഎം ബഹിഷ്‌കരിക്കില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചനകൾ.

ന്യൂസ് അവറിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു, അതിന് പ്രേക്ഷകരോട് അപ്പോൾ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം ഒരുപാട് ആളുകൾ വിളിച്ചും, നേരിട്ട് ഓഫീസിലെത്തിയും സിപിഎം പ്രതിനിധി ചർച്ചയിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന ഉപയോഗിച്ച അശ്ലീല പദങ്ങളെ കുറിച്ച് പരാതി പറഞ്ഞുവെന്നും വിശദീകരണത്തിൽ പറയുന്നു. ഈ മാപ്പു പറച്ചിലാണ് പുതിയ ചർച്ചകളിലേക്ക് എത്തിക്കുന്നത്. ഇതുപോലുള്ള ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാർട്ടികൾ ഇത്തരം ചർച്ചകളിലേക്ക് പറഞ്ഞുവിടരുത്', വിനു വി ജോൺ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് സിപിഎമ്മിന് കൊള്ളുന്നത്. ഇത് സിപിഎമ്മിനെ കളിയാക്കാൻ വേണ്ടി മാത്രമാണെന്ന അഭിപ്രായമാണ് സൈബർ സഖാക്കളും മറ്റും ഉയർത്തുന്നത്.

'ഒരിക്കലും ഒരു സ്ഥാപനത്തിലും ഒരു വാർത്താ മാധ്യമത്തിലും ഉണ്ടായിക്കൂടാത്തതാണ് ഇത്. പക്ഷെ ഞങ്ങളുടെ നിയന്ത്രണങ്ങൾക്കപ്പുറത്തായിരുന്നു അത്. ഒരു രാഷ്ട്രീയപാർട്ടി അവരുടെ ഭാഗം പറയാൻ പാർട്ടി സെന്ററിൽ നിന്ന് നിയോഗിക്കുന്ന ഒരാൾ , ഇങ്ങനെ അവിവേകത്തോടെ സംസ്‌കാരശൂന്യമായി ഇടപെടുമെന്നോ പെരുമാറുമെന്നോ നമുക്ക് ഊഹിക്കാനാകില്ലല്ലോ, അങ്ങനെയുള്ള അശ്ലീലപദം ഉപയോഗിച്ചു, രണ്ടാമത്തെ പദം വായിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ ഇടപെട്ടു, ആവർത്തിക്കരുതെന്ന് പറഞ്ഞു. പിന്നീട് പലതവണ അതേകുറിച്ച് ആ ചർച്ചയിൽ സൂചിപ്പിച്ചു. ഏറ്റവും ഒടുവിൽ പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. ഇത് ആളുകളെ ബാധിച്ചു, അമ്പരപ്പിച്ചു എന്നത് അത്യന്തം ദുഃഖകരമായ കാര്യമാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതുപോലുള്ള ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാർട്ടികൾ ഇത്തരം ചർച്ചകളിലേക്ക് പറഞ്ഞുവിടരുത്'-ഇതായിരുന്നു വിവാദത്തിൽ വിനു വി ജോണിന്റെ പ്രതികരണം.

ഈ അഭിപ്രായം പങ്കുവച്ചപ്പോൾ തന്നെ ഏഷ്യാനെറ്റ് ന്യൂസിന് മറുപടിയുമായി ചർച്ചയിൽ പങ്കെടുത്ത സിപിഎം പ്രതിനിധി ഡോ.വി.പി.പി.മുസ്തഫ രംഗത്തെത്തി. മന്ത്രി കെ.ടി.ജലീലിനെതിരായ തികച്ചും അടിസ്ഥാന രഹിതമായ ചർച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയിരുന്നതെന്നും, അങ്ങനെ ഒരു വിഷയം ചർച്ചയ്ക്ക് എടുക്കുന്നതിന്, ഏഷ്യാനെറ്റിനെ അതിന് പ്രേരിപ്പിച്ചതിന്റെ രാഷ്ട്രീയം വിശദീകരിക്കാനാണ് താൻ ശ്രമിച്ചതെന്നും വി.പി.പി.മുസ്തഫ പറഞ്ഞു. 'മാന്യനായ ഒരു പ്രവാസിയെ കെ.ടി.ജലീൽ അന്യായമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ, സ്വാഭാവികമായും അവർ മാന്യനായ പ്രവാസിയായി അവതരിപ്പിക്കുന്നയാൾ അത്തരത്തിൽ ഒരു മാന്യനല്ലെന്നും ഒരു പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ പോലും പറ്റിയ ആളല്ലെന്നും വിശദീകരിക്കേണ്ടത് സിപിഐ.എമ്മിനെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയിൽ എന്റെ ചുമതലയായിരുന്നു. അയാൾ എത്രമാത്രം സ്ത്രീവിരുദ്ധനാണ്, സാമൂഹ്യവിരുദ്ധനാണ് എന്നത് സ്ഥാപിച്ചിട്ടല്ലാതെ ഈ ചർച്ച തുടരാനാകുമോ?-ഇതായിരുന്നു മുസ്തഫയുടെ ചോദ്യം.

എന്നാൽ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകുമ്പോൾ ആരേയും പിണക്കേണ്ടെന്നതാണ് സിപിഎമ്മിന്റെ പൊതു തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ സിപിഎം നേതാക്കളില്ലാത്തത് ചർച്ചകളെ ഏകപക്ഷീയമാക്കും. അതുകൊണ്ട് തന്നെ ബഹിഷ്‌കരണത്തെ മുതിർന്ന നേതാക്കൾ അനുകൂലിക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിൽ സിപിഎമ്മിനെ ബോധപൂർവ്വം അപമാനിക്കാൻ ശ്രമിച്ചത് ശരിയാണെന്ന വിലയിരുത്തൽ ഉണ്ടെങ്കിലും കരുതലോടെ മാത്രമേ സിപിഎം തീരുമാനം എടുക്കൂ.

യാസിർ എടപ്പാളിന്റെ ശരിയായ മുഖം പ്രേക്ഷകർക്ക് മനസിലാകാൻ അയാളുടെ പോസ്റ്റുകളിൽ ഒരെണ്ണം, അതും പൂർണമായല്ല ആദ്യത്തെ മൂന്നോ നാലോ വരികളെ ഞാൻ വായിച്ചിട്ടുള്ളൂ, ഇതാണ് ഉണ്ടായത്. ഏഷ്യാനെറ്റും വിനു വി ജോണും അവകാശപ്പെടുന്നത് അവർ നിക്ഷ്പക്ഷ മാധ്യമമാണെന്നാണ്. പക്ഷെ അങ്ങനെ ഒരു ചർച്ചയാണോ നടത്തിയതെന്നും വി.പി.പി.മുസ്തഫ ചോദിക്കുന്നു. ഇതേ വികാരമാണ് സൈബർ സഖാക്കളും ഉയർത്തുന്നത്. സിപിഎമ്മിനെ കരിവാരി തേയ്ക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ അവർ ഉയർത്തുന്ന വികാരം. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചർച്ചയിൽ സിപിഎം പ്രതിനിധികൾക്ക് അവസരം നൽകുന്നില്ലെന്ന ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചർച്ച സിപിഎം ബഹിഷ്‌കരിച്ചിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണൻ എകെജി സെന്ററിൽ എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി. ഇതിന് ശേഷമാണ് പ്രതിനിധികളെ ചർച്ചയ്ക്ക വിട്ടു കൊടുത്തത്. അത് ഇങ്ങനേയും ആയി. ജലീലിന്റെ നയതന്ത്ര ഇടപെടലുമായി ബന്ധപ്പെട്ട ചർച്ചയാണ് വിവാദങ്ങൾക്ക് കാരണം. കൊണ്ടോട്ടി അബു എന്ന മുസ്ലിം ലീഗ് സൈബർ പോരാളിയെ സ്വപ്‌നാ സുരേഷിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കാൻ ജലീൽ നീക്കം നടത്തിയതാണ് വിവാദത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP