Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംപ്രേഷണ വിലക്ക് നീക്കാൻ ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞിട്ടില്ല; ചാനൽ ബ്ലാക്ക് ഔട്ട് ആയ ഉടൻ തന്നെ രാത്രിയിൽ ഐ ആൻഡ് ബി മന്ത്രാലയവുമായി മാനേജ്‌മെന്റ് ബന്ധപ്പെട്ടു; കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചുവെന്നാണ് കരുതുന്നത്; ഡൽഹി കലാപവാർത്തകളുടെ റിപ്പോർട്ടിങ് വസ്തുതാപരമായിരുന്നു താനും; മാപ്പുപറഞ്ഞിട്ടാണ് വിലക്ക് പിൻവലിച്ചതെന്ന വി.മുരളീധരന്റെ വാദം തള്ളി എം.ജി.രാധാകൃഷ്ണൻ; വിലക്കിൽ അന്വേഷണം വേണമെന്ന് നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ

സംപ്രേഷണ വിലക്ക് നീക്കാൻ ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞിട്ടില്ല; ചാനൽ ബ്ലാക്ക് ഔട്ട് ആയ ഉടൻ തന്നെ രാത്രിയിൽ ഐ ആൻഡ് ബി മന്ത്രാലയവുമായി മാനേജ്‌മെന്റ് ബന്ധപ്പെട്ടു; കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചുവെന്നാണ് കരുതുന്നത്; ഡൽഹി കലാപവാർത്തകളുടെ റിപ്പോർട്ടിങ് വസ്തുതാപരമായിരുന്നു താനും; മാപ്പുപറഞ്ഞിട്ടാണ് വിലക്ക് പിൻവലിച്ചതെന്ന വി.മുരളീധരന്റെ വാദം തള്ളി എം.ജി.രാധാകൃഷ്ണൻ; വിലക്കിൽ അന്വേഷണം വേണമെന്ന് നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് മാറ്റിയത് ചാനൽ അധികൃതർ മാപ്പ് പറഞ്ഞതുകൊണ്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരിക്കെ അങ്ങനെയല്ല കാര്യങ്ങളെന്ന് വിവരിച്ച് ഏഷ്യാനെറ്റ് ചീഫ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ. 'മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവരാണ് ഭാരതീയ ജനതാ പാർട്ടി. നിയമങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ക്ഷമ ചോദിച്ചതിനാൽ സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞിരുന്നു.

അതേസമയം, ഐ ആൻഡി മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് വിലക്കു പിൻവലിച്ചതെന്ന് എംജി രാധാകൃഷ്ണൻ വ്യക്തമാക്കി. വിലക്കു നീക്കാൻ ചാനൽ മാപ്പു പറഞ്ഞിട്ടില്ല. ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്താൻ ഏഷ്യാനെറ്റ് മാനേജ്മെന്റ് രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടെന്ന് രാധാകൃഷ്ണൻ വാർത്താ ഏജൻസിയോടു പറഞ്ഞു. അവർ അതിൽ വിജയിച്ചെന്നാണ് കരുതുന്നത്. രാത്രിയായതിൽ രേഖാമൂലം അപേക്ഷ നൽകാൻ കഴിയുമായിരുന്നില്ല. ബന്ധപ്പെട്ട ആളുകളോട് സംസാരിക്കുകയായിരുന്നു. ചാനൽ ഇക്കാര്യത്തിൽ മാപ്പു പറഞ്ഞിട്ടില്ല. കലാപ വാർത്തകളുടെ റിപ്പോർട്ടിങ് വസ്തുതാപരമായിരുന്നെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

വിലക്കു നീക്കാൻ കേന്ദ്ര സർക്കാരിനെ ആരുമായും ബന്ധപ്പെട്ടില്ലെന്ന് സിഎൽ തോമസ് പറഞ്ഞു. കേന്ദ്രം സ്വമേധയാ ആണ് വിലക്കു നീക്കിയത്. നിയമ നടപടിക്ക് നീക്കം നടത്തുന്നതിനിടെയാണ് വിലക്കു നീക്കിക്കൊണ്ടുള്ള അറിയിപ്പു ലഭിച്ചത്. അതുകൊണ്ട് നടപടികൾ വേണ്ടെന്നുവച്ചു. വിലക്കു സ്വമേധയാ നീക്കിയതിൽ സന്തോഷമുണ്ടെന്ന് തോമസ് പറഞ്ഞു.

ഡൽഹി കലാപ വാർത്തകളുടെ റിപ്പോർട്ടിങ്ങിന്റെ പേരിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് രണ്ടു ചാനലുകൾക്കും ഐ ആൻഡ്ബി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. നാൽപ്പത്തിയെട്ടു മണിക്കൂറാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റിന്റെ വിലക്ക് പുലർച്ചെ ഒന്നരയ്ക്കും മീഡിയാ വണിന്റേത് രാവിലെ ഒൻപതരയ്ക്കും നീക്കി.

അതേസമയം, ചാനലുകളെ വിലക്കിയതായി അറഞ്ഞയുടൻ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പൂണെയിൽ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കിൽ നടപടിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ ഉത്കണ്ഠ അറിയിച്ചതായി ജാവ്‌ദേക്കർ പറഞ്ഞു. മലയാളം ചാനലുകളുടെ സംപ്രേഷണം വിലക്കിയ നടപടിയിൽ നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ അന്വേഷണം ആവശ്യപ്പെട്ടു. വകുപ്പുമന്ത്രിയുടെ പോലും അറിവോടെയല്ല വിലക്കെന്നത് ഗൗരവമായ കാര്യമാണ്. മന്ത്രിതന്നെ അന്വേഷണം നടത്തണമെന്നും നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രജത് ശർമ ആവശ്യപ്പെട്ടു.

ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. പിന്നീട് സർക്കാർ വിലക്ക് മാറ്റുകയും ചെയ്തു.

അതേസമയം വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കേരള പത്രപ്രവർത്തക യൂണിയനും വിവിധ രാഷ്ട്രീയ നേതാക്കളും കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സർക്കാർ നടപടിയെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സിഎൽ തോമസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് അറിയിച്ചിരുന്നു.

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മോശമായതിനു കണ്ണാടി തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചന ഉൾക്കൊള്ളുന്ന നടപടിയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നു. സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനെതിരായ പരിധി ലംഘിച്ചുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ആർഎസ്എസിനെ വിമർശിച്ചാൽ, സംഘപരിവാറിനെ വിമർശിച്ചാൽ പാഠം പഠിപ്പിക്കും എന്ന ഭീഷണിയാണ് ഉണ്ടായിട്ടുള്ളത്. ഇത് നാളെ സകല ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളെയും ഗ്രസിക്കുന്ന വിധത്തിൽ പടരും എന്നതു തിരിച്ചറിയണം. ജനാധിപത്യപരമായ ജാഗ്രത പാലിക്കുകയും വേണം. ഭയപ്പെടുത്തി ചൊൽപ്പടിക്കു നിർത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നിൽ. അത്തരം സമീപനം തുടർച്ചയായി പാർലമെന്റിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും പ്രയോഗിക്കുന്നത് സമീപ നാളുകളിൽ കണ്ടു. മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു.

ചാനൽ നിരോധനത്തെ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദീകരണം

കഴിഞ്ഞ 25 വർഷക്കാലമായി മാധ്യമപ്രവർത്തനത്തിലും വാർത്താപ്രക്ഷേപണത്തിലും ഉന്നതമായ നിലവാരം പുലർത്തിവരുന്ന ഒരു സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്.

ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നുണ്ടായ ദൗർഭാഗ്യകരമായ നടപടി ഞങ്ങളുടെ 25 വർഷത്തെ സേവനകാലത്തിനിടയിൽ ഇതാദ്യമായിട്ടാണ്.

ഈ രാജ്യത്തെ ഏതൊരു പൗരന്മാരെയും, സ്ഥാപനങ്ങളെയും പോലെ നിയമങ്ങൾക്ക് അനുസൃതമായി മാത്രം പ്രവർത്തിച്ചു പോരുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. ബോധപൂർവം, ഒരിക്കൽ പോലും നിയമവിരുദ്ധമായി യാതൊന്നും തന്നെ ഞങ്ങൾ ഇന്നോളം ചെയ്തിട്ടില്ല. ഇനി അഥവാ എന്നെങ്കിലും എന്തെങ്കിലുമൊരു കൃത്യവിലോപം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സാഹചര്യമുണ്ടായാൽ തന്നെ, ജനാധിപത്യത്തിന്റെ ഉത്തരവാദിത്തബോധമുള്ള നാലാം നെടുംതൂൺ എന്ന നിലയ്ക്ക്, അത് തുറന്നു സമ്മതിക്കാനും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനുമുള്ള ആർജ്ജവവും ഞങ്ങൾക്കുണ്ട്. തികഞ്ഞബോധ്യത്തോടെ തന്നെ സ്വധർമ്മം അനുഷ്ഠിക്കുന്നവരാണ് ഞങ്ങൾ.

ഇന്ത്യയിൽ ആരെയും കുറ്റവാളിയെന്നോ നിരപരാധിയെന്നോ പ്രഖ്യാപിക്കുന്നതിന് മുമ്പ്, നിയമം അനുശാസിക്കുന്ന ഒരു പ്രക്രിയയിലൂടെ കടന്നു പോകാനുള്ള അവകാശം, അവർക്ക് നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ ഉണ്ട്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഞങ്ങളുടെ ചാനലിനുമേൽ 48 മണിക്കൂർ നേരത്തെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടി സ്വീകരിക്കും മുമ്പ് അങ്ങനെയൊരു പ്രക്രിയക്കുള്ള അവകാശം ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടു എന്നത് തികച്ചും നിർഭാഗ്യകരമാണ്. ആ പ്രക്രിയ കൂടാതെ അടിച്ചേൽപ്പിക്കുന്ന ഏതൊരു നിരോധനവും സ്വാഭാവിക നീതിയുടെ ഉല്ലംഘനമാണ്. അത് സമ്മർദ്ദതന്ത്രങ്ങളുടെയും പക്ഷപാതിത്വപരമായ സമീപനത്തിന്റെയും മുഖമുദ്രയാണ്.

മാധ്യമപ്രവർത്തനത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെയും, ഏഷ്യാനെറ്റ് ന്യൂസ്.കോമിന്റെയും ഏഷ്യാനെറ്റ് സുവർണ ന്യൂസിന്റെയും ഒക്കെ ശക്തിയെന്നത് പ്രേക്ഷകർ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ്. 'നേരോടെ, നിർഭയം, നിരന്തരം' എന്നത് ഞങ്ങളുടെ ആദർശസൂക്തം മാത്രമല്ല, ഞങ്ങളുടെ പ്രൊഫഷണൽ എത്തിക്‌സിന്റെയും, നിത്യം പരിപാലിച്ചുപോരുന്ന മാധ്യമധർമ്മത്തിന്റെയുമൊക്കെ അടിസ്ഥാനതത്വം കൂടിയാണ്. ഇനിയങ്ങോട്ടും അത് ഒരു വിട്ടുവീഴ്ചയും കൂടാതെ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്ന് ഞങ്ങൾ പ്രേക്ഷകർക്ക് ഒരിക്കൽ കൂടി വാക്കുതരുന്നു.

നമ്മുടെ ഭരണഘടനയുടെ 'ആർട്ടിക്കിൾ 19' നമുക്കെല്ലാവർക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുതരുന്നുണ്ട്. സ്വതന്ത്രവും, സ്വച്ഛന്ദവുമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ അസ്തിവാരമുറപ്പിക്കുന്നത്. ഈ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള അന്യായമായ ഏതൊരു നീക്കവും നമ്മുടെ ജനാധിപത്യവും ഭരണഘടനയും വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെയും അടിസ്ഥാനമൂല്യങ്ങളുടെയും അടിത്തറ ഇളക്കുന്നതാകും.

ഈ നടപടി ഒരു തെറ്റിദ്ധാരണാപ്പുറത്തുണ്ടായതാണെന്നും, ഇത് സംബന്ധിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് വന്നിരിക്കാൻ സാധ്യതയുള്ള ഏതൊരു പിഴവും പരിഹരിക്കാൻ വേണ്ടത് ഉടനടി ചെയ്യും എന്നുമുള്ള മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ആശാവഹമാണ്. കേന്ദ്ര സർക്കാർ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നാണ് എന്നുറപ്പിച്ചുപറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ തന്റെ ആശങ്കകൾ പങ്കുവെച്ചിരുന്നു എന്നറിയിക്കയുണ്ടായി.

ഞങ്ങൾ ഈ പ്രതിസന്ധിയെ അതിജീവിക്കുന്ന ഈ ക്ലേശകരമായ അവസ്ഥയിലും ഞങ്ങളോടൊപ്പം അടിയുറച്ച വിശ്വാസത്തോടെ തുടരുന്ന ഞങ്ങളുടെ പ്രേക്ഷരുടെ പിന്തുണയ്ക്ക് ഈ അവസരത്തിൽ ഞങ്ങൾ അകൈതവമായ നന്ദി അറിയിച്ചു കൊള്ളുന്നു.

ഭാവിയിലും ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റവും നീതിയുക്തമായി, കൃത്യമായി, സത്യസന്ധമായി, ഇന്നാട്ടിലെ നിയമങ്ങൾക്ക് അനുസൃതമായിത്തന്നെ നിറവേറ്റുമെന്ന വാഗ്ദാനം ഇത്തരുണത്തിൽ പ്രേക്ഷകരോടും, ഗവണ്മെന്റിനോടും ഒരിക്കൽ കൂടി അടിവരയിട്ടുറപ്പിച്ചുകൊണ്ട്,

എംജി രാധാകൃഷ്ണൻ,
എഡിറ്റർ,
ഏഷ്യാനെറ്റ് ന്യൂസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP