Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേന്ദ്ര സർക്കാർ വീണ്ടും വാളോങ്ങുമോ? പ്രവാസികളെ നാട്ടിൽ എത്തിക്കില്ലെന്ന് താൻ പറഞ്ഞതായി ചാനൽ ബ്രേക്കിങ് ന്യൂസ് നൽകിയെന്ന് വി.മുരളീധരൻ; താൻ എഴുതാത്ത കാര്യം ബ്രേക്കിങ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ മാധ്യമ ധർമ്മമെന്നും വിദേശകാര്യസഹ മന്ത്രിയുടെ ട്വീറ്റ്; വ്യാജവാർത്ത നൽകി തെറ്റിദ്ധരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഐ&ബി ആഭ്യന്തര മന്ത്രാലയങ്ങൾക്ക് കേരള പീപ്പിൾസ് ഫ്രണ്ടിന്റെ പരാതി

ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേന്ദ്ര സർക്കാർ വീണ്ടും വാളോങ്ങുമോ? പ്രവാസികളെ നാട്ടിൽ എത്തിക്കില്ലെന്ന് താൻ പറഞ്ഞതായി ചാനൽ ബ്രേക്കിങ് ന്യൂസ് നൽകിയെന്ന് വി.മുരളീധരൻ; താൻ എഴുതാത്ത കാര്യം ബ്രേക്കിങ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ മാധ്യമ ധർമ്മമെന്നും വിദേശകാര്യസഹ മന്ത്രിയുടെ ട്വീറ്റ്; വ്യാജവാർത്ത നൽകി തെറ്റിദ്ധരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഐ&ബി ആഭ്യന്തര മന്ത്രാലയങ്ങൾക്ക് കേരള പീപ്പിൾസ് ഫ്രണ്ടിന്റെ പരാതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പ്രസ്താവിച്ചതായി വ്യാജവാർത്ത കൊടുത്തുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരാതി. കോവിഡ് പ്രതിസന്ധി കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാർത്ത കൊടുത്തുവെന്നാണ് ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നൽകിയ പരാതിയിൽ പറയുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും താൻ ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിൽ എത്തിക്കാൻ ആവില്ലെന്നാണ് പറഞ്ഞതെന്നും വി.മുരളീധരൻ വ്യക്തമാക്കിയിരുന്നു. 'ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ടെത്തൽ പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് ഞാൻ പറഞ്ഞെന്നാണ്. ഞാൻ എഴുതാത്ത കാര്യം ബ്രേക്കിങ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം?- മുരളീധരൻ ട്വീറ്റ് ചെയ്തു.

ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കാനാകില്ലെന്നതിന് @asianetnewstvയുടെ കണ്ടെത്തൽ പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് ഞാൻ പറഞ്ഞെന്നാണ്. ഞാൻ എഴുതാത്ത കാര്യം ബ്രേക്കിങ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം?

ഇതോടെ കേരള പീപ്പിൾസ് ഫ്രണ്ട് പരാതി നൽകി. ഇത്തവണ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ നടപടി എടുക്കുന്നതിന് ആരും തടസ്സം നിൽക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പീപ്പിൾസ് ഫ്രണ്ട് ട്വീറ്റ് ചെയ്തു. പരാതിയിൽ പറയുന്നത് ഇങ്ങനെ: 'കോവിഡ് പ്രതിസന്ധിയുടെ കാലത്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് സുപ്രീം കോടതി ഗൗരവമായെടുത്തിരുന്നു. ഇതനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിൽ രണ്ടിന് ജനങ്ങളിൽ ഭീതി പരത്തുന്ന വിധത്തിലുള്ള വ്യാജ വാർത്തകൾ നൽകുന്നതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സർക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏപ്രിൽ 17 ന് ഏഷ്യാനെറ്റ് വി.മുരളീധരന്റെ പ്രസ്താവന തെറ്റായി ഉദ്ധരിച്ച് വ്യാജവാർത്ത നൽകിയിരിക്കുകയാണ്.

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വലിയൊരു വിഭാഗം മലയാളി പ്രവാസി സമൂഹം ഉള്ളതുകൊണ്ട് തന്നെ അവരുടെ മടങ്ങി വരവ് കേരളത്തിൽ വൈകാരിക പ്രശ്‌നമാണ്. കേരള ഹൈക്കോടതിയും അവരെ മടക്കി കൊണ്ടുവരുന്ന കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രിയുടെ തക്കസമയത്തുള്ള ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഏഷ്യാനറ്റിന്റെ വ്യാജവാർത്ത പരിഭ്രാന്തി സൃഷ്ടിക്കുമായിരുന്നു. കേന്ദ്ര സർക്കാരിനതിരെ തുടർച്ചയായി വ്യാജവാർത്തകളും പക്ഷപാതപരമായ അഭിപ്രായങ്ങളും സംപ്രേഷണം ചെയ്യുന്ന ചാനലാണ് ഏഷ്യാനെറ്റ്. കഴിഞ്ഞമാസം ഡൽഹി കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെയുള്ള ഏകപക്ഷീയ വാർത്തകളുടെ പേരിൽ ഏഷ്യാനെറ്റിനെ 48 മണിക്കൂർ വിലക്കിയിരുന്നു. മേലിൽ വാർത്തകൾ സത്യസന്ധമായും കൃത്യമായും നൽകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 48 മണിക്കൂർ തികയും മുമ്പേ തന്നെ ചാനലിന്റെ വിലക്ക് പിൻവലിച്ചത്.

ഈ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉടനടി ശക്തമായ നടപടി സ്വീകരിക്കമമെന്നും പരാതിയിൽ പറയുന്നു. സർക്കാർ മുഴുവൻ കോവിഡിനെതിരെ പൊരുതുന്ന സമയത്ത് ഭീതി പരത്തുന്ന വ്യാജ വാർത്ത നൽകിയത് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. വി.മുരളീധരന്റെ ട്വീറ്റിന് താഴെയും ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റുകൾ നിറയുന്നുണ്ട്.

നേരത്തെ ഡൽഹി കലാപം റിപ്പോർട്ടുകളുടെ പേരിൽ വിലക്ക് വന്നപ്പോൽ പിഴയടച്ചും മാപ്പു പറഞ്ഞുമാണ് ഏഷ്യാനെറ്റ് ന്യൂസ് വിലക്ക് പിൻവലിച്ചതെന്ന് സോഷ്യൽ മീഡിയ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി എംപി കൂടിയായ ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും വാദമെത്തി. ഇതിന് പിന്നാലെ മീഡിയാ വണ്ണിന്റെ വിലക്ക് സ്വമേധയാ കേന്ദ്ര സർക്കാർ മാറ്റുകയുംചെയ്തിരുന്നു.

കേബിൾടിവി മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടത്. ആരാധനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മാർച്ച് ആറിന് രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുള്ളിൽ ഏഷ്യാനെറ്റിന്റെ വിലക്ക് നീങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്. ഇതിന് പിന്നാലെയാണ് മീഡിയ വണിന്റെയും വിലക്ക് നീങ്ങിയത്.
മാർച്ച് ആറിന് രാത്രി 7.30 മുതലാണ് ഇരുചാനലുകൾക്കും 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയത്. ഡൽഹി കലാപം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിൽ രണ്ട് ചാനൽ അധികൃതരോടും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിലെ വിശദീകരണം തള്ളിക്കളഞ്ഞിട്ടാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്. വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കേരള പത്രപ്രവർത്തക യൂണിയനും വിവിധ രാഷ്ട്രീയ നേതാക്കളും കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP