Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുർബാന അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഒളിവിലാണെന്ന് സ്‌ക്രോളിങ്; തീവ്രമായ ശത്രുതയോടെ മാതൃഭൂമിയും ഏഷ്യാനെറ്റും എന്നെ ആക്രമിച്ചു; സഭയെ അവഹേളിച്ചപ്പോൾ അവരെ എതിർത്തതിനാണ് എനിക്കെതിരെ മാധ്യമവിചാരണ നടന്നത്: സഭാ വിശ്വാസികൾ സത്യം മനസ്സിലാക്കണമെന്ന് പറഞ്ഞ് കൊട്ടിയൂർ കേസിൽ പ്രതിയായ ഫാദർ തേരകത്തിന്റെ വാട്‌സാപ്പ് സന്ദേശം

കുർബാന അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഒളിവിലാണെന്ന് സ്‌ക്രോളിങ്; തീവ്രമായ ശത്രുതയോടെ മാതൃഭൂമിയും ഏഷ്യാനെറ്റും എന്നെ ആക്രമിച്ചു; സഭയെ അവഹേളിച്ചപ്പോൾ അവരെ എതിർത്തതിനാണ് എനിക്കെതിരെ മാധ്യമവിചാരണ നടന്നത്: സഭാ വിശ്വാസികൾ സത്യം മനസ്സിലാക്കണമെന്ന് പറഞ്ഞ് കൊട്ടിയൂർ കേസിൽ പ്രതിയായ ഫാദർ തേരകത്തിന്റെ വാട്‌സാപ്പ് സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ: കൊട്ടിയൂർ പീഡനത്തിൽ മുഖംനഷ്ടപ്പെട്ട കത്തോലിക്ക സഭ വിശ്വാസികളെ കയ്യിലെടുക്കാൻ ഇപ്പോൾ പ്രചരിക്കുന്നത് പലതും തെറ്റായ കാര്യങ്ങളാണെന്ന വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ നിശബ്ദ പ്രചരണം തുടങ്ങി. സഭയ്‌ക്കെതിരെ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണ് മാധ്യമങ്ങളെന്നും വിശ്വാസികൾ ഇതിലൊന്നും വീഴരുതെന്നുമുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. കൊട്ടിയൂർ കേസിൽ പ്രതിയായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായിരുന്ന ഫാദർ തേരകത്തിന്റെ പേരിലുള്ള കത്തും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രചരണം.

കൊട്ടിയൂർ പീഡനത്തിൽ ഫാദർ റോബിനിൽ മാത്രം ഒതുക്കിനിർത്താൻ ശ്രമിച്ചെങ്കിലും മാധ്യമങ്ങളുടെ സജീവ ഇടപെടലാണ് സംഭവത്തിന് കൂട്ടുനിന്ന പ്രതികളെയുൾപ്പെടെ സമൂഹമധ്യത്തിൽ തുറന്നുകാട്ടാനും കുറ്റം ഒളിപ്പിക്കാൻ ശ്രമിച്ചവരെല്ലാം കുടുങ്ങാൻ കാരണമായതും. ഇതോടെ അഭയ സംഭവത്തിന് ശേഷം കേരളത്തിൽ കത്തോലിക്ക സഭ ഏറ്റവുമധികം നാണംകെട്ട സംഭവമായി കൊട്ടിയൂരിലെ പീഡനം. കൊട്ടിയൂർ പീഡനം മാത്രമല്ല, മുൻകാലങ്ങളിലുണ്ടായ നിരവധി സംഭവങ്ങളിൽ കുറ്റകൃത്യങ്ങൾ മൂടിവയ്ക്കാൻ ശ്രമിച്ച മാനന്തവാടി രൂപതാ ബിഷപ്പ് ജോസ് പൊരുന്നേടത്തിന് എതിരെവരെ ആരോപണങ്ങളുടെ മുൾമുന നീണ്ടു.

ഇതോടെ ബിഷപ്പ് സ്വയം സ്ഥാനമൊഴിയണമെന്നും അല്ലെങ്കിൽ സീറോ മലബാർ സഭയുടെ മേലധികാരി കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെത്രാനെ മാറ്റണമെന്നും ഉള്ള ആവശ്യം വിശ്വാസി സമൂഹം തന്നെ ശക്തമായി ഉയർത്തിത്തുടങ്ങി. ഫാ. ഫ്രാൻസിസ് ഞരളംപുഴയുടെ അകാലമരണത്തിലെ ദുരൂഹതയുൾപ്പെടെ മുൻകാലങ്ങളിൽ ഉണ്ടായ നിരവധി സംഭവങ്ങൾ വിശ്വാസികൾ തന്നെ സജീവ ചർച്ചയാക്കി ഉയർത്തിക്കൊണ്ടുവന്നു. ഇത്തരം എല്ലാ സംഭവങ്ങളിലും അന്വേഷണം വേണമെന്ന ആവശ്യവും
ശക്തമായി ഉയർത്തുന്നുണ്ട് ഒരു കൂട്ടം വിശ്വാസികൾ.

ഇതോടെയാണ് സഭയ്‌ക്കെതിരെ വിശ്വാസികൾ കൂട്ടത്തോടെ തിരിയുന്ന സാഹചര്യം ഒഴിവാക്കാൻ ഇപ്പോൾ സോഷ്യൽ മീഡിയയെ കൂട്ടുപിടിച്ച് പ്രചരണം തുടങ്ങിയിട്ടുള്ളത്. മാതൃഭൂമി പത്രത്തേയും ചാനലിനേയും ഏഷ്യാനെറ്റിനേയും പേരെടുത്തുപറഞ്ഞ് വിമർശിച്ചാണ് തേരകത്തിന്റെ പേരിലുള്ള കത്ത് സന്ദേശങ്ങളായി എത്തുന്നത്. കൊട്ടിയൂർ പീഡനത്തിന് വർഗീയമായ നിറം കൊടുത്തു എന്നും, കൂടുതൽ വൈദികരേയും കന്യാസ്ത്രീകളേയും കേസിൽ കുടുക്കിയത് ഈ മാധ്യമങ്ങളുടെ ശത്രുതാപരമായ ഇടപെടൽ മൂലമാണെന്നും ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളിൽ പറയുന്നു.

വൈദികരുടേയും, സഭാ നേതാക്കളുടേയും വാട്‌സ് അപ്പ് നമ്പറുകളിലൂടെയാണ് സന്ദേശങ്ങൾ എത്തുന്നത്. ഗ്രൂപ്പുകൾക്ക് ഇത് പരമാവധി വിശ്വാസികൾക്കിടയിൽ ഷെയർ ചെയ്യാനും നിർദ്ദേശമുണ്ട്. എല്ലാ വിശ്വാസികളും സന്ദേശങ്ങൾ ഷെയർ ചെയ്യണമെന്നും കൊട്ടിയൂർ കേസിൽ സഭയേയും വൈദീകരേയും സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും നൂറുകണക്കിന് സനേശങ്ങളാണ് വരുന്നത്. പള്ളികളുടെ ഗ്രൂപ്പുകൾ, പ്രാർത്ഥനാ ഗ്രൂപ്പുകൾ, ഇടവക ഗ്രൂപ്പുകൾ തുടങ്ങിയവരുടെ വാട്‌സാപ്പ് ശൃംഖലയിൽ എല്ലാം സന്ദേശങ്ങൾ സജീവമാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാനന്തവാടി രൂപതാ വക്താവും വയനാട് സി.ഡബ്ല്യൂ.സി ചെയർമാനുമായിരുന്ന ഫാ. തേരകത്തിന്റെ കത്താണ് ഇക്കൂട്ടത്തിൽ കൂടുതൽ പ്രചരിക്കുന്നത്.

തേരകത്തിനെതിരേ പോക്‌സോ പ്രകാരം കേസെടുത്തപ്പോൾ മുതൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയിരുന്നു. ഒടുവിൽ ഹൈക്കോടതി കീഴടങ്ങാൽ പറഞ്ഞപ്പോഴാണ് ഇദ്ദേഹം പുറത്തുവരുന്നത്. എന്നാൽ താൻ ഒളിവിലൊന്നും പോയില്ലെന്നും തെറ്റൊന്നും ചെയ്തില്ലെന്നും ഇപ്പോൾ ഇറക്കിയ കത്തിൽ പറയുന്നു. എല്ലാം മാതൃഭൂമിയും ഏഷ്യാനെറ്റും ശത്രുതാ മനോഭാവത്തോടെയും വൈരാഗ്യത്തോടേയും നടത്തിയ പരാമർശങ്ങളാണ് ഈ കേസിനും വിചാരണക്കും പിന്നിലെന്ന് ഫാ തേരകം വിശ്വാസികൾക്കുള്ള കത്തിൽ പറയുന്നു.

മാത്രമല്ല ഈ വിഷയത്തിൽ അദ്ദേഹം കുടുങ്ങിയതിന് വർഗീയമായ അർഥം നല്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന നീക്കം കത്തിൽ ഉണ്ട്. രൂപതാ പി.ആർ.ഒ. ആയിരുന്ന കാലത്ത് ക്രൈസ്തവസഭയ്‌ക്കെതിരെ ഉയർന്ന അവഹേളനങ്ങൾക്കെതിരെ ഞാൻ എടുത്ത ചില നിലപാടുകളുടെയും നിയമനടപടികളുടെയും പേരിലാണ് ഇപ്പോൾ ബലിയാടാകുന്നതെന്ന മുതലക്കണ്ണീരും ഒഴുക്കുന്നു. ക്രൈസ്തവസഭയ്‌ക്കെതിരെ ഉയർന്ന അവഹേളനങ്ങൾക്കെതിരെ ഞാൻ എടുത്ത ചില നിലപാടുകൾ മാതൃഭൂമി പത്രത്തിന് എന്നോട് കടുത്ത ശത്രുത ഉണ്ടാക്കി. കൊട്ടിയൂർ പീഡന വിഷയത്തിൽ എന്റെ കരങ്ങൾ ശുദ്ധവും മനസാക്ഷി നിർമ്മലവും ആണെന്നും ഫാ. തേരകം പറയുന്നു.

അതേസമയം, സഭയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഒളിപ്പിക്കുന്നതിനെതിരെ വിശ്വാസികളുടെ സംഘം തന്നെ നിരവധി തവണ ഊമക്കത്തുകളും മറ്റുമായി പരാതികൾ എത്തിച്ചിരുന്നു. എന്നാൽ ഇതിലൊന്നും നടപടിയെടുക്കാതെ എല്ലാത്തിലും പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കുന്ന നടപടികളാണ് ബിഷപ്പിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെ ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. കൊട്ടിയൂർ പീഡനത്തിൽ കുടുങ്ങിയ വർഗീയമായി ചിത്രീകരിക്കുന്ന ഫാ. തേരകം എന്തിനാണ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഹൈക്കോടതിയിൽ ലക്ഷങ്ങൾ ചെലവിട്ട് പൊലീസ് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കി കിട്ടിയപ്പോൾ മാത്രമാണ് തേരകം പരസ്യ പ്രതികരണത്തിന് പുറത്തിറങ്ങിയത്.

അതിന് മുമ്പ് അറസ്റ്റ് ഭയന്ന് അജ്ഞാത കേന്ദ്രത്തിലായിരുന്നു. ഇപ്പോൾ ജയിലിലുള്ള ഫാ റോബിനുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് തേരകമെന്ന് വിശ്വാസികൾക്കും നന്നായി അറിയാം. അതിനാൽ ഇപ്പോഴത്തെ പ്രചരണം കൊണ്ടൊന്നും ഉണ്ടായ മാനക്കേട് മാറില്ലെന്നും സഭതന്നെ ഇവർക്കെതിരെ നടപടികളെടുക്കുകയും ബിഷപ്പിനെ മാറ്റുകയും ചെയ്യണമെന്ന ആവശ്യമാണ് വലിയൊരു വിഭാഗം വിശ്വാസികളും ഉയർത്തുന്നത്.

റോബിൽ മാനന്തവാടി രൂപതക്കായി നടത്തിയ നേഴ്‌സിങ്ങ് കോളേജിലേക്കുള്ള പെൺകുട്ടികളുടെ അഡ്‌മിഷൻ സമയത്തും ലൈംഗിക അപവാദം ഉയർന്ന സമയത്തും രൂപതയുടെ വക്താവ് ചുമതലയിൽ തേരകം ആയിരുന്നു. ജാമ്യത്തിലിറങ്ങിയ വൈദീകനും കന്യാസ്ത്രീകളും കേസിൽ അന്തിമ വിധി വന്ന് വെറുതേ വിട്ടതുപോലെയാണിപ്പോൾ നടത്തുന്ന പ്രതികരണമെന്നും വിശ്വാസികൾ തന്നെ പറയുന്നു. വൈദികൻ മുഖ്യപ്രതിയായ പീഡനക്കേസിൽ കുറ്റം മറച്ചുവെക്കാൻ കൂട്ടുനിന്നതിന് ഫാ തോമസ് തേരകത്തിനെതിരേ പൊലീസിന്റെ മുന്നിലുള്ള തെളിവുകൾ പ്രബലമാണ്. കണ്ണൂർ ശിശുക്ഷേമ സമിതി തന്നെയാണ് പരാതി നൽകിയതെന്നതും ശ്രദ്ധേയം. അങ്ങനെയിരിക്കെ താൻ നിരപരാധിയാണെന്ന മട്ടിൽ തേരകം നടത്തുന്ന പ്രചരണങ്ങൾ വിശ്വാസികൾ മുഖവിലയ്‌ക്കെടുക്കുന്നുമില്ല.

സഭയിലെ പ്രബലർ ഉൾപ്പെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ പിരിച്ചുവിടാനും ഉത്തരവാദികൾ പ്രതികളാകാനും ഇടയായ അപൂർവ സംഭവമാണ് കൊട്ടിയൂർ കേസ്. രണ്ടു കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള മൂന്നു ബാലനീതി നിയമ പരിപാലന സാരഥികൾ കൊട്ടിയൂർ പീഡനക്കേസിൽ ജാമ്യം നേടിയതോടെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സുരക്ഷിത സംവിധാനങ്ങളുടെ ചരിത്രത്തിലെ അപൂർവ കേസായി മാറി. ആരോപണത്തെ തുടർന്ന് പിരിച്ചുവിട്ട വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം, അംഗമായ ഡോ. സിസ്റ്റർ ബെറ്റി ജോസഫ്, വൈത്തിരി അനാഥാലയം മേധാവി സിസ്റ്റർ ഒഫീലിയ എന്നിവരാണ് ജുവനൈൽ ആക്ട് അനുസരിച്ച് നിലവിൽവന്ന സംവിധാനങ്ങളുടെ ചരിത്രത്തിലെ അപൂർവ കേസിലെ കഥാപാത്രങ്ങളാകുന്നത്.

ബാലനീതി നിയമപ്രകാരം കേന്ദ്രസർക്കാറിന് കീഴിലുള്ള സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റിയുടെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിന്റെ മേധാവിയാണ് സിസ്റ്റർ ഒഫീലിയ. മറ്റ് രണ്ടുപേർ ജുഡീഷ്യൽ ഘടനയിലുൾപ്പെടുന്ന കുട്ടികളുടെ ക്ഷേമസമിതിയിലെ 'ന്യായാധിപ' പദവിയോളം ഉയർന്നുനിൽക്കുന്നവരുമാണ്. ഇത്തരത്തിൽ അതീവ ഗൗരവമുള്ള കേസായി മാറിയ കൊട്ടിയൂർ കേസിലാണ് ഇപ്പോൾ നിരപരാധികളാണെന്ന മട്ടിൽ പ്രചരണം നടത്തുന്നത്.

വാട്‌സപ്പിൽ പ്രചരിക്കുന്ന തേരകത്തിന്റെ കത്ത്:

കൊട്ടിയൂർ സംഭവുമായി ബന്ധപ്പെട്ട് എനിക്കെതിരെ മാധ്യമങ്ങൾ ഉയർത്തിയ ആരോപണങ്ങളിൽ വേദനിക്കുന്നവരും എനിക്ക് വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നവരുമായ ബന്ധുക്കൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇടവകാംഗങ്ങൾ എന്നിവർ അറിയാൻ.....

1. സി.ഡബ്ല്യൂ.സി അംഗമായിരുന്ന ഡോ. ബെറ്റി ജോസിന്റെ മുമ്പാകെ 2017 ഫെബ്രുവരി 20 ന് നിയമാനുസൃതം ഒരു ആൺകുഞ്ഞിനെ സറണ്ടർ ചെയ്തിരുന്ന വിവരം അവർ കമ്മിറ്റിയെ അറിയിക്കുകയും, നിയതമായ നടപടിക്രമങ്ങൾക്ക് ശേഷം വൈത്തിരിയിലുള്ള ഫോണ്ട്‌ലിങ് ഹോമിൽ താൽക്കാലിക സംരക്ഷണത്തിനായി കുട്ടിയെ ഞാൻ ഏൽപ്പിക്കുകയും ചെയ്തു. മുദ്ര പേപ്പറിൽ തയ്യാറാക്കിയ രേഖയിൽ കുഞ്ഞിനെ പ്രസവിച്ച ആൾ ഡോ. ബെറ്റി ജോസിന്റെ മുമ്പിൽ സാക്ഷികൾ മുമ്പാകെ ഒപ്പിട്ട സറണ്ടർ രേഖയിൽ അമ്മയുടെ പ്രായം 18 വയസ് എന്ന് വെളിപ്പെടുത്തിയിരുന്നു.

2. ഫെബ്രുവരി 26 ന് ഞായറാഴ്ച രാത്രി 9.15 മണിക്ക് പേരാവൂർ സബ് ഇൻസ്‌പെക്ടർ എന്നെ ഫോണിൽ വിളിച്ച് വയനാട് സി.ഡബ്ല്യൂ.സി മുമ്പാകെ സറണ്ടർ ചെയ്ത മേൽ പരാമർശിച്ച കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയും ഈ കേസിലെ അന്വേഷണ ഉദ്യേഗസ്ഥന് കുഞ്ഞിന്റെ സുരക്ഷിത സംരക്ഷണം ഉടൻ വിട്ടു നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിശദാംശങ്ങൾ ഞാൻ ആരാഞ്ഞപ്പോൾ ഇത് ബാലപീഡനവുമായി ബന്ധപ്പെട്ട സംഭവമാണെന്നും കുറ്റാരോപിതൻ സ്വാധീനമുള്ള വ്യക്തിയാണെന്നും അയാൾ ഒളിവിലാണെന്നും എന്നെ അറിയിച്ചു. ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാൻ ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് അന്ന് രാത്രി 1.15 മണിക്ക് പേരാവൂർ സബ് ഇൻസ്‌പെക്ടറുടെ നേത്യത്വത്തിൽ കേസിനിരയായ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ള സംഘം എന്റെ വസതിയിൽ എത്തുകയും സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിച്ചശേഷം കുഞ്ഞിനെ വിട്ടു കൊടുത്തു കൊണ്ടുള്ള ഉത്തരവ് ഞാൻ നല്കുകയും ചെയ്തു. പൊലീസ് സംഘം പോകാൻ തുടങ്ങുമ്പോൾ കേസിലെ കുറ്റാരോപിതൻ ആരാണെന്ന് സൗഹൃദ ഭാവത്തിൽ ഞാൻ ആരാഞ്ഞു. അപ്പോഴാണ് കേസിലെ ഒന്നാം പ്രതിയെ കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്. ഫെബ്രുവരി 27 ന് നടന്ന സി.ഡബ്ല്യൂ.സി സിറ്റിങ്ങിൽ അംഗങ്ങളെ ഇക്കാര്യങ്ങൾ ഞാൻ വിശദമായി അറിയിച്ചു.

3. മാർച്ച് 2 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്റെ മൊഴി രേഖപ്പെടുത്താനായി സി.ഡബ്ല്യൂ.സി ഓഫീസിൽ വന്നപ്പോൾ ഇക്കാര്യങ്ങൾ ഞാൻ വ്യക്തമാക്കിയത് അദ്ദേഹം രേഖപ്പെടുത്തുക ഉണ്ടായി.

4.മാർച്ച് 1 മുതൽ മീഡിയ, വിശേഷിച്ച് ഏഷ്യാനെറ്റ്, മാതൃഭൂമി ചാനലുകളും, മാതൃഭൂമി ദിനപത്രവും തീവ്രമായ ശത്രുതാഭാവത്തോടെ വ്യക്തിപരമായി എന്നെ ആക്രമിക്കുന്ന തലത്തിലുള്ള വാർത്താവതരണവും, ചാനൽ വിചാരണകളും ചർച്ചകളും ആരംഭിക്കുകയും അത് തുടരുകയും ചെയ്തു.

5. മാർച്ച് 4 ന് ശനിയാഴ്ച വൈകുന്നേരം സി.ഡബ്ല്യൂ.സി ചെയർമാനെ പുറത്താക്കുമെന്ന് ബന്ധപ്പെട്ട മന്ത്രി ടിവി ചാനലുകൾക്ക് വാക്കു നൽകുകയും 6 ന് തിങ്കളാഴ്ച വൈകുന്നേരം പുറത്താക്കിയതായും കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചതായും മാധ്യമങ്ങളിലൂടെ അറിഞ്ഞു.

6.മാർച്ച് 5 ന് ഞായറാഴ്ച എന്റെ ഇടവകദേവാലയത്തിൽ വി. കുർബാന അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഒളിവിലാണെന്നുള്ള കുറിപ്പുകൾ സ്‌ക്രോളിംഗായി വ്യത്യസ്ത ചാനലുകളിൽ വന്നുകൊണ്ടിരുന്നതായി ദേവാലയത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ ഞാൻ അറിഞ്ഞു.

7. ഈ കേസിലെ പ്രതിപ്പട്ടികയിൽ എന്നെ ചേർത്തതായ വിവരം അറിഞ്ഞയുടൻ നിയമവിദഗ്ധരുമായി ആലോചിച്ച് ഞാൻ നിയമനടപടികൾ ആരംഭിച്ചു. തുടർന്നുണ്ടായ ബഹു. ഹൈക്കോടതിയുടെ ഉത്തരവിൽ സി.ഡബ്ല്യൂ.സി ചെയർമാൻ എന്ന നിലയിൽ ഞാൻ സ്വീകരിച്ച നടപടികൾ നിയമാനുസൃതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

8. രൂപതാ പി.ആർ.ഒ. ആയിരുന്ന കാലത്ത് ക്രൈസ്തവസഭയ്‌ക്കെതിരെ ഉയർന്ന അവഹേളനങ്ങൾക്കെതിരെ ഞാൻ എടുത്ത ചില നിലപാടുകളുടെയും നിയമനടപടികളുടെയും പേരിൽ മേൽപരാമർശിക്കപ്പെട്ട ചാനലുകളും മാതൃഭൂമി ദിനപ്പത്രവും എന്നോട് പുലർത്തിയിരുന്ന കടുത്ത വൈരാഗ്യം മാത്രമാണ് അവർ എനിക്കെതിരെ നടത്തിയ വിചാരണകളുടെ പിന്നാമ്പുറത്തുള്ളത് എന്ന് ഞാൻ മനസ്സിലാക്കുന്നു.

9. ഈ വിഷയത്തിൽ എന്റെ കരങ്ങൾ ശുദ്ധവും മനസാക്ഷി നിർമ്മലവും നടപടികൾ സുതാര്യവുമായതിനാൽ തന്നെ ഇക്കാര്യങ്ങളൊന്നും എന്നെ അസ്വസ്ഥനാക്കുന്നില്ല. എന്നാൽ എന്നെ വേദനിപ്പിക്കുന്നത് തിരുസഭയ്ക്കും സഭാധികാരികൾക്കും വിശ്വാസ സമൂഹത്തിനും എന്റെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, സഹപ്രവർത്തകർക്കും ഉണ്ടായ മാനസിക ആഘാതവും തീവ്രമായ വേദനയുമാണ്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല; അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു. സഭയുടെ വിശുദ്ധീകരണത്തിനും നമ്മുടെയെല്ലാം ആത്മീയ വളർച്ചയ്ക്കും ദൈവം നൽകിയ കൃപയുടെ നിമിഷമായി ഇത് മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP