Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

റിപ്പോർട്ടറിനേയും ക്യാമറമാനേയും കസ്റ്റഡിയിൽ എടുത്തതിന് ഏഷ്യാനെറ്റിൽ നിറയുന്നത് പ്രതിഷേധം; ക്രമസമാധാനം തകരാതെ നോക്കുന്നതിന് കമ്മീഷണറെ അഭിനന്ദിക്കുന്ന ചാനൽ ഉടമ; വ്യാജ മാധ്യമ പ്രവർത്തകരാണ് കുടുങ്ങിയതെന്ന് വാർത്ത നൽകുന്ന ലോഗോയിൽ ചെറിയ മാറ്റം മാത്രമുള്ള കന്നഡ ചാനൽ സുവർണ്ണ; പൗരത്വ ഭേദഗതി ബില്ലിൽ കുഴപ്പം കാണാത്ത മുതലാളിയും വ്യാജ വാർത്ത നൽകുന്ന ചാനലും! ഏഷ്യാനെറ്റിനെ പരിഹസിച്ച് ജന്മഭൂമി പത്രം: ജനം ടിവിയെ കുറ്റപ്പെടുത്തിയവരെ തിരിച്ചാക്രമിച്ച് പരിവാർ മാധ്യമങ്ങൾ

റിപ്പോർട്ടറിനേയും ക്യാമറമാനേയും കസ്റ്റഡിയിൽ എടുത്തതിന് ഏഷ്യാനെറ്റിൽ നിറയുന്നത് പ്രതിഷേധം; ക്രമസമാധാനം തകരാതെ നോക്കുന്നതിന് കമ്മീഷണറെ അഭിനന്ദിക്കുന്ന ചാനൽ ഉടമ; വ്യാജ മാധ്യമ പ്രവർത്തകരാണ് കുടുങ്ങിയതെന്ന് വാർത്ത നൽകുന്ന ലോഗോയിൽ ചെറിയ മാറ്റം മാത്രമുള്ള കന്നഡ ചാനൽ സുവർണ്ണ; പൗരത്വ ഭേദഗതി ബില്ലിൽ കുഴപ്പം കാണാത്ത മുതലാളിയും വ്യാജ വാർത്ത നൽകുന്ന ചാനലും! ഏഷ്യാനെറ്റിനെ പരിഹസിച്ച് ജന്മഭൂമി പത്രം: ജനം ടിവിയെ കുറ്റപ്പെടുത്തിയവരെ തിരിച്ചാക്രമിച്ച് പരിവാർ മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട എല്ലാ വാർത്തകളെയും തള്ളി ചാനൽ ഉടമ രാജീവ് ചന്ദ്രശേഖർ എംപി. ചാനൽ ഇതുവരെ പുറത്തുവിട്ട വാർത്തളെല്ലാം തെറ്റായ പ്രചാരണമാണെന്ന വിധത്തിലാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. പൗരത്വ ഭേദഗതി നിയമം ആരുടേയും അവകാശങ്ങൾ അപഹരിക്കുന്നില്ലെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഏഷ്യാനെറ്റിന്റെ മുൻ ചെയർമാനാണ് രാജീവ്. ബിജെപിയുടെ രാജ്യസഭാ അംഗം ആയതോടെ ചെയർമാൻ സ്ഥാനം രാജിവച്ചു. എങ്കിലും സ്ഥാപനത്തിലെ കൂടുതൽ ഓഹരികൾ രാജീവിന്റെ പേരിലാണ്.

ജനങ്ങളുടെ എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടിയുമായി രാജീവ് ചന്ദ്രശേഖർ എംപി പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിൽ ഒരു തരത്തിലും ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ല. മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങളെ സഹായിക്കാൻ ഒരു ശ്രമം മാത്രമാണ് ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ന്യൂനപക്ഷ സമുദായമായതിനാൽ സ്വന്തം രാജ്യത്ത് വർഷങ്ങളോളം വേട്ടയാടപെട്ട് വന്നവരാണ് ഇവർ. മതത്തിന്റെ പേരിൽ കൊന്നൊടുക്കപ്പെടുന്നവരാണ്. നരകജീവിതം നയിച്ചിരുന്നവരാണ്. ഇത് അസഹ്യമായതോടെയാണ് അവരിൽ പലരും നാടുവിട്ടോടി വന്ന് നമ്മുടെ നാട്ടിൽ അഭയാർഥികളായി കഴിയുന്നത്.

കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഈ നിയമം അവർക്ക് ഒരു ഭാവി വാഗ്ദാനം ചെയ്യുക മാത്രമാണുള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നുണ്ട്. ഈ ബിൽ മേൽപ്പറഞ്ഞ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. അതും, മതത്തിന്റെ പേരിലുള്ള വേട്ടയാടൽ കാരണം പലായനം ചെയ്തുവന്നവരെ. മുസ്ലിങ്ങൾ എങ്ങനെയാണ് ഒരു ഇസ്ലാമിക രാജ്യത്ത് മത ന്യൂനപക്ഷമാകുക. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ നേരിടുക. അവർക്ക് മറ്റുതരത്തിലുള്ള വേട്ടയാടലുകൾ നേരിടേണ്ടി വരുന്നുണ്ടാകാം. അത് വേറെ കാര്യം. പക്ഷേ, ഈ ബിൽ മതപരമായ വേട്ടയാടലിൽ നിന്നുള്ള സംരക്ഷണം ഉദ്ദേശിച്ചു മാത്രം ഉള്ളതാണെന്നുമ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാടുകൾ തള്ളി ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവർണ ന്യൂസ് രംഗത്തു വന്നതായി ആർഎസ്എസ് പത്രമായ ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. മംഗളൂരുവിൽ വ്യാജമാധ്യമ പ്രവർത്തകരെ പൊലീസ് പിടികൂടിയെന്ന വാർത്ത ആദ്യം കൊടുത്തത് സുവർണ ന്യൂസായിരുന്നു. ഇവർ കേരളത്തിൽ നിന്ന് എത്തിയവരാണെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. ഒരേ മീഡിയാ ഹൗസിൽ നിന്നുള്ള ചാനലുകൾ രണ്ടു നിലപാടുകളാണ് സ്വീകരിച്ചത്. അൻപത് വ്യാജമാധ്യമ പ്രവർത്തകരെ പിടികൂടിയെന്ന വാർത്ത ബ്രേക്കിങ് ന്യൂസായാണ് ഏഷ്യാനെറ്റിന്റെ കന്നഡ ചാനൽ നൽകിയത്. എന്നാൽ, അത് തങ്ങളാണെന്നുള്ള ഭീതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ നൽകിയത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ തമ്മിൽ തല്ലിക്കാനുള്ള ശ്രമങ്ങാണ് ഏഷ്യാനെറ്റ് മീഡിയാ ഹൗസിലെ മാധ്യമപ്രവർത്തകർ ചെയ്യുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും ഇന്നത്തെ ജന്മഭൂമി വാർത്ത പറയുന്നു.

വ്യാജ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ അഭിനന്ദിച്ച് ഏഷ്യാനെറ്റ് മുതലാളി രംഗത്തെത്തിയിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത സിറ്റി പൊലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷനെ അഭിനന്ദിച്ചാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഹരിയിൽ പ്രധാന പങ്കുള്ള ജൂപ്പിറ്റർ എന്റർടെയിന്മെന്റ് വെൻച്വേർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് രാജീവ് ചന്ദ്രശേഖർ എംപി. കർണാടക പൊലീസ് അതിന്റെ ജോലി ഭംഗിയായി നിർവഹിച്ചതായി അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖർ മംഗളൂരു കമ്മീഷണറെട്വിറ്ററിലൂടെ അഭിനന്ദിച്ചു. വളരെയധികം പ്രകോപനമുണ്ടായിട്ടും പൊലീസ് കൃത്യമായി പ്രവർത്തിച്ചു എന്നാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.

മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പലരും വ്യാജ മാധ്യമപ്രവർത്തകരാണെന്ന് കർണാടക പൊലീസ് വ്യക്തമാക്കിയിരുന്നു. മലയാള മാധ്യമങ്ങൾ അക്രമത്തിൽ കൊല്ലപ്പെട്ട കലാപകാരികളുടെ മതം പറഞ്ഞ് മോർച്ചറിയുടെ മുന്നിൽനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് കർണാടക പൊലീസ് ഇവരോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് മീഡിയാ വൺ, 24, ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതെന്നും ജന്മഭൂമി പറയുന്നു. ഈ വാർത്ത മലയാള മാധ്യമങ്ങളിൽ കൊടുത്തത് ജനം ടിവിയായിരുന്നു. ജനം ടിവി തെറ്റായ വാർത്ത കൊടുത്തുവെന്ന് ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകർ പോലും ആരോപിച്ചിരുന്നു. ഇതിന മറുപടിയായാണ് ഏഷ്യാനെറ്റിന്റെ പേരിലുള്ള സുവർണ്ണയിലും ഇത് വന്നുവെന്ന് ജന്മഭൂമി പത്രം പറയുന്നത്.

മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പലരും വ്യാജ മാധ്യമപ്രവർത്തകരാണെന്ന് കർണാടക പൊലീസ് വ്യക്തമാക്കിയെന്നും ജന്മഭൂമി പറയുന്നു. മലയാളികളായ പലർക്കും വ്യക്തമായ ഐഡിക്കാർഡുകൾ ഇല്ലന്നും പൊലീസ് വ്യക്തമാക്കി. നാൽപതിൽ അധികം വ്യാജമാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തെന്നും കർണാടക പൊലീസ് വ്യക്തമാക്കി. കേരളത്തിൽ നിന്ന് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയവരിൽ പലരും വ്യാജ മാധ്യമപ്രവർത്തകരാണ്. ഇവരിൽ പലർക്കും തിരിച്ചറിയൽ കാർഡില്ലെന്നും ഔദ്യോഗിക രേഖകൾ ഹാജരാക്കുകയണെങ്കിൽ പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി.

ആയുധങ്ങളുമായി അമ്പതോളം പേർ കേരളത്തിൽനിന്നെത്തിയാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാധ്യമപ്രവർത്തനത്തിന്റെ മറവിൽ കലാപം അഴച്ചുവിടാൻ സമ്മതിക്കില്ലെന്ന് കർണാടക സിറ്റി പൊലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷ വ്യക്തമാക്കിയെന്നും ജന്മഭൂമി വാർത്തയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP