Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻലാൽ കാരണം മോൻ നഷ്ടപ്പെട്ടു... ഇപ്പൊ ഭർത്താവിനേയും കാണാൻ ഇല്ല... ഇനി ഭർത്താവും ഏതേലും പൊലീസ് സ്റ്റേഷന്റെ അടിയിൽ പോസ്റ്റർ ആയോ..! ഇതാണോ പ്രൊമോഷൻ... യൂട്യൂബിൽ തൂവാനത്തുമ്പികൾ തലക്കെട്ട് കൊടുത്ത് കിന്നാരത്തുമ്പികൾ പടം ഇടുന്ന പരിപാടി; സിനിമാ പ്രെമോഷനായി 45 ദിവസമായി ഭർത്താവിനെ കാണാൻ ഇല്ലെന്ന ലൈവ് വീഡിയോയിൽ ആശാ ശരത്തിനെതിരെ ഉയരുന്നത് നിശിത വിമർശനം; പൊലീസിന് പരാതി നൽകി ശ്രീജിത്ത് പെരുമന; 'എവിടെ' ചർച്ചയാകുന്നത് ഇങ്ങനെ

മോഹൻലാൽ കാരണം മോൻ നഷ്ടപ്പെട്ടു... ഇപ്പൊ ഭർത്താവിനേയും കാണാൻ ഇല്ല... ഇനി ഭർത്താവും ഏതേലും പൊലീസ് സ്റ്റേഷന്റെ അടിയിൽ പോസ്റ്റർ ആയോ..! ഇതാണോ പ്രൊമോഷൻ... യൂട്യൂബിൽ തൂവാനത്തുമ്പികൾ തലക്കെട്ട് കൊടുത്ത് കിന്നാരത്തുമ്പികൾ പടം ഇടുന്ന പരിപാടി; സിനിമാ പ്രെമോഷനായി 45 ദിവസമായി ഭർത്താവിനെ കാണാൻ ഇല്ലെന്ന ലൈവ് വീഡിയോയിൽ ആശാ ശരത്തിനെതിരെ ഉയരുന്നത് നിശിത വിമർശനം; പൊലീസിന് പരാതി നൽകി ശ്രീജിത്ത് പെരുമന; 'എവിടെ' ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എവിടെ എന്ന സിനിമയ്ക്കായി നടി ഫെയ്‌സ് ബുക്കിൽ ഇട്ട ലൈവിൽ ചർച്ചകൾ തുടരുന്നു. അതി നാടകീയമായി കരഞ്ഞ മുഖവുമായി തന്റെ ഭർത്താവിനെ കാണാനില്ലെന്നായിരുന്നു ലൈവ്. കണ്ട പലരും ഇത് അതേ പടി വിശ്വസിച്ചു. ആശാ ശരത്തിന്റെ ഭർത്താവിന്റെ പേര് ശരത് എന്നാണെന്ന് പോലും ഓർക്കാതെ സക്കറിയയ്ക്ക് വേണ്ടി അന്വേഷണത്തിന് ഇറങ്ങി. പിന്നീടാണ് ഇതൊരു സിനിമാ പ്രെമോഷനാണെന്ന് മനസ്സിലായത്. തുടക്കത്തിൽ സിനിമാ പ്രമോഷൻ എന്ന് വീഡിയോയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. ആയിരത്തിൽ അധികം പേർ കണ്ട ശേഷമാണ് ഇതിന് അത്തരമൊരു ക്യാപ്ഷൻ എത്തിയത്. അപ്പോഴേക്കും നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. ആശാ ശരത്തിന്റെ കുടുംബ പ്രശ്‌നമാണ് ലൈവിലുള്ളതെന്ന് വിശ്വസിക്കുകയും ചെയ്തു. ഇതിനെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

അതിനിടെ സിനിമ പ്രൊമോഷൻ എന്നപേരിൽ സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ ആശ ശരത്തിനെതിരെ പരാതിയും പൊലീസിന് കിട്ടി കഴിഞ്ഞു. ശ്രീജിത് പെരുമനയാണ് പരാതിക്കാരൻ. സാമൂഹിക മധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ വിവിധ ഹൈക്കോടതികൾ നിലപാടുകൾ എടുത്തിട്ടുള്ള ഘട്ടത്തിലും, സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാറ്റിങ് മന്ത്രി ലോക്‌സഭയിൽ പ്രസ്താവിച്ച അതേ ദിവസം തന്നെ പരസ്യത്തിനായി പൊലീസ് വകുപ്പിനെ ഉൾപ്പെടെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെന്നും പരാതിയിൽ പറയുന്നു. നിസാരമെന്ന് തോന്നിക്കുമെങ്കിലും വിഷയത്തിന്റെ ഗൗരവം ഇടുക്കി അഡീഷണൽ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ഐപി എസിനെ നേരിട്ട് വിളിച്ച് അറിയിച്ചുവെന്ന് ശ്രീജിത്ത് പറയുന്നു കട്ടപ്പന പൊലീസിനെ ഉൾപ്പെടെ അറിയിച്ച് ആവശ്യ നടപടിയുണ്ടാകും എന്നദ്ദേഹം അറിയിച്ചതായും പറയുന്നു.

ഈ കേസിനൊപ്പമാണ് സോഷ്യൽ മീഡിയയിലെ കളിയാക്കലും ആക്രമണവും ആശാ ശരത്തിന് തലവേദനയാകുന്നത്. ലൈവിന് താഴെയുള്ള കമന്റുകളിൽ അധികവും ആശാ ശരത്തിന് എതിരാണെന്നുള്ളതാണ് വസ്തുത. ചർച്ചകളിൽ ഭൂരിഭാഗം പേരും ഇത്തരമൊരു പ്രെമോഷനെ എതിർക്കുന്നു. വളരെ വിഷമത്തോടെയാണ് ഈ വീഡിയോ കണ്ടു തീർത്തത്. ആടിനെ പട്ടിയാക്കുന്ന ഈ വീഡിയോ നിങ്ങളുടെ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് മനസ്സിലായപ്പോൾ വല്ലാത്ത വെറുപ്പും അവജ്ഞയുമാണ് നിങ്ങളോട് തോന്നിയത് .. സിനിമയുടെ പ്രമോഷന് വേണ്ടി നാട്ടുകാരെ വിഡ്ഢികളാക്കാൻ നാണമില്ലേ നിങ്ങൾക്ക്... ആശ ശരത് എന്ന ഐക്കൺ ഇവിടെ പരാജയപ്പെട്ടു...ദയനീയമായി...-ഇതാണ് പോസ്റ്റിന് താഴെയള്ള കമന്റുകളിൽ ഒന്ന്. നിങ്ങളിലെ കലാകാരിയോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു.. പക്ഷെ ഇത് പോലെ ജനങ്ങളെ മണ്ടന്മാർ ആക്കുന്ന പ്രമോഷൻ വീഡിയോ ആയി ഇങ്ങനെ വന്നത് മോശം ആയിപ്പോയി-ഇത് മറ്റൊരു കമന്റ്. ഇങ്ങനെ ബഹുഭൂരിഭാഗവും നെഗറ്റീവ് പ്രതികരണങ്ങൾ. ഇതിനോടൊന്നും ആശാ ശരത് പ്രതികരിച്ചിട്ടുമില്ല.

കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. 'എവിടെ' എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.'-ഈ വാക്കുകളാണ് ഫെയ്സ് ബുക്ക് വീഡിയോയിലൂടെ ആശാ ശരത് പങ്കുവച്ചത്. ഇതോെട പ്രേക്ഷകരും പരിഭ്രാന്തരായി. എന്നാൽ വിഡിയോ മുഴുവൻ കണ്ടതോടെ പരിഭ്രാന്തി ആകാംക്ഷയായി.

പിന്നീടാണ് സത്യം അറിഞ്ഞത്. പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ഫേസ്‌ബുക്ക് ലൈവ്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയത്. പലരും വിചാരിച്ചത് നടിയുടെ യഥാർഥ ഭർത്താവിനെ കാണാതെപോയെന്നു തന്നെയാണ്. 'എവിടെ പ്രമോഷൻ വിഡിയോ' എന്ന തലക്കെട്ട് നൽകിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും കൂടുതൽ ആളുകവും അതുപിന്നീടാണ് ശ്രദ്ധിച്ചതെന്നു മാത്രം. കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എവിടെ'. ആശ ശരത്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥ സഞ്ജയ് ബോബിയുടേതാണ്. ഇത് മനസ്സിലാക്കിയതോടെയാണ് പ്രതിഷേധവുമായി സോഷ്യൽ മീഡിയ രംഗത്ത് എത്തിയത്. പ്രെമോഷൻ വീഡിയോ എന്നത് പിന്നീട് കൂട്ടിച്ചേർത്തതാണെന്നും മനസ്സിലായി. ആദ്യം വീഡിയോ കണ്ടവർക്ക് ഇത് ശരിക്കും യഥാർത്ഥ സംഭവമാണെന്ന് മാത്രമേ തോന്നുകയുള്ളൂ. ഇതാണ് വിവാദത്തിന് ഇടനൽകുന്നത്.

എവിടെ എന്ന ചിത്രത്തിൽ ആശയുടെ ഭർത്താവിന്റെ വേഷത്തിൽ മനോജ് കെ. ജയൻ അഭിനയിക്കുന്നു. മനോജ് അവതരിപ്പിക്കുന്ന സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മിനിസ്‌ക്രീനിൽ ഏറെ ജനപ്രിയമായ ഒരുപിടി സീരിയലുകൾ ഒരുക്കിയ സംവിധായകനാണ് രാജീവ്. അവിചാരിതം, ഓർമ്മ, സ്വപ്നം, ആഗ്നേയം, ഈശ്വരൻ സാക്ഷിയായി, പോക്കുവെയിൽ തുടങ്ങി നിരവധി സീരിയലുകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി ഒരുക്കുന്ന സിനിമയാണ് എവിടെ.

സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച് വരുന്ന കമന്റുകൾ ചുവടെ

  • ഈ പെണ്ണുമ്പിള്ളേടെ മോനെ അല്ലേ കയ്യിലിരിപ്പ് കൊണ്ട് തല്ലിക്കൊന്ന് ജോർജ്കുട്ടി കുഴിച്ചിട്ടത്?? ഇപ്പൊ ദേ ഭർത്താവും.... വൈകാതെ ചാച്ചിയെ കാണാതെ പോകുമ്പോൾ വീട്ടിലെ പട്ടി വരുമോ ലൈവിൽ.??
  • മോഹൻലാൽ കാരണം മോൻ നഷ്ടപ്പെട്ടു... ഇപ്പൊ ഭർത്താവിനേം കാണാൻ ഇല്ല... ഇനി ഭർത്താവും ഏതേലും പൊലീസ് സ്റ്റേഷന്റെ അടിയിൽ പോസ്റ്റർ ആയോ.. :o :o എന്തൊരു ദുരന്ത ജീവിതം.. ????????
  • ചേച്ചീ... സങ്കടപ്പെടരുത് സക്കറിയേട്ടൻ വേഗം തിരിച്ച് വരുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ചേച്ചിക്ക് ഈ ഗതികേട് വന്നല്ലൊ, ചേച്ചീടെ സങ്കടം കണ്ട് കണ്ണ് നിറഞ്ഞു. വീഡിയൊ അവസാനം വരെ കാണാൻ കഴിഞ്ഞില്ല. ചേച്ചീടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. തളരരുത് ചേച്ചീ. ഞങ്ങളൊക്കെ കൂടെയുണ്ട്.
  • ആ ജോർജൂട്ടിയെ വിളിച്ച് ഒന്ന് പേടിപ്പിച്ച് നോക്ക് ചിലപ്പോ സത്യം പറയും അവൻ പാറേപള്ളിയിൽ ദ്യാനം കൂടാൻ പോയെന്ന് പറയും കാര്യമാക്കേണ്ട അല്ലെങ്കിൽ പാറമടയിൽ നോക്ക് വല്ല തുമ്പും കിട്ടും??????
  • ടിപ്പോയി ശരിക്കും നിങ്ങളുടെ മുഖഭാവവും കണ്ടപ്പോൾ നിങ്ങളുടെ റിയൽ ലൈഫ് ആണെന്ന് വിചാരിച്ചു പോയി പടം മാർക്കറ്റ് ചെയ്യണം പക്ഷേ അതിര് കടക്കരുത്
  • ആശ...ചേച്ചി...ഭർത്താവ് കല്ലട ബസ്സിൽ ബംഗ്‌ളൂർ പോയതായിരിക്കും....വഴിയിൽ എവിടെങ്കിലും അനേഷിച്ച മതി... ബസ് ജീവനക്കാര് . ...തള്ളിയിട്ടിട്ടുണ്ടാവും....പിന്നൊരു കാര്യം.. ബോഡിയെ കിട്ടതുള്ളൂ...... അപ്പൊ നല്ലോണം കരഞ്ഞഭിനയിക്കണം കേട്ടല്ലോ
  • ഇതാണോ പ്രൊമോഷൻ. പ്രൊമോ ആണേൽ അതാണെന്ന് പറഞ്ഞു ചെയ്യണം താല്പര്യം ഉള്ളവർ കണ്ടോളും അല്ലാണ്ട് എല്ലാരേം ഇങ്ങ്‌നെ പൊട്ടനാക്കരുത് യൂട്യൂബിൽ തൂവാനത്തുമ്പികൾ തലക്കെട്ട് കൊടുത്ത് കിന്നാരത്തുമ്പികൾ പടം ഇടുന്ന പരിപാടി
  • ഒരുമാതിരി പരസ്യമായിപ്പോയി ..... നിങ്ങൾ ഇട്ട ഈ വീഡിയോ കണ്ടിട്ടു ഒരാളുടെയെങ്കിലും ഉളിൽ അല്പം വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ അഭിനയ-നൃത്തപാടവത്തെ ആരാധിക്കുന്ന , നിങ്ങൾ എന്ന വ്യക്തിത്വത്തെ ബഹുമാനിക്കുന്നവർ ആയതുകൊണ്ടാണ് . ആ ജനത്തെ കുറച്ചുനേരമെങ്കിലും പൊട്ടന്മാരാക്കിയെങ്കിൽ അത് നിങ്ങളുടെ കഴിവുകേടായെ അംഗീകരിക്കാൻ കഴിയൂ. ജനങ്ങൾ തരുന്നതാണ് താരപരിവേഷവും കലാപരിവേഷവും ..... നാളെ അവർ വിചാരിച്ചാൽ അത് ഇല്ലാതാക്കാനും കഴിയും . എന്തായാലും മോശമായിപ്പോയി എന്നെ പറയാനുള്ളു . ഇത് ഒരു സാധാരണക്കാരന്റെ അഭിപ്രയം മാത്രം ....
  • ഹായ് നമസ്‌കാരം, ആശാശരത് ശരിക്കും വളരെ മോശം ആണ് ഇത്തരം പരസ്യങ്ങൾ. സാധാരണ ജനങ്ങൾ ഈ ഒരു പരസ്യം ആണെന്ന് തിരിച്ചറിയാതെ അവർ നിങ്ങളുടെ ഭർത്താവിന് വേണ്ടി പരക്കംപാച്ചിൽ നടത്തുക അല്ലെങ്കിൽ ഷെയർ ചെയ്യപ്പെടുന്നത് ഇത്തരം പരസ്യങ്ങൾ നമ്മൾ സിനിമയുടെ വിജയത്തിനു വേണ്ടി ആണെങ്കിൽ അത് സിനിമയാണെന്ന് മനസ്സിലാകുന്ന രീതിയിൽ ഒരു പരസ്യം ആകാമായിരുന്നില്ലേ. സിനിമ വിജയിപ്പിക്കേണ്ടത് സിനിമയിൽ ഉള്ള ഓരോ കലാകാരന്മാരുടെയും കർത്തവ്യമാണ് അത് കണ്ടു വിജയിപ്പിക്കേണ്ട ഓരോ പ്രേക്ഷകനെയും കടമയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് പക്ഷേ ഇത്തരം പരസ്യങ്ങൾ ആ സിനിമയെ നെഗറ്റീവ് ആയി മാത്രമേ കാണാൻ സാധിക്കൂ എന്നാണ് എന്റെ വിശ്വാസം ഏതായാലും *'എവിടെ ?'* എന്ന സിനിമയ്ക്ക് എല്ലാവിധ ആശംസകളും

ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ പൂർണ്ണരൂപം

ബഹു. ഇടുക്കി ജില്ല പൊലീസ് മേധാവി മുൻപാകെ സമപർപ്പിക്കുന്ന പരാതി

വിഷയം : പൊലീസിന്റെ ഔദ്യോദിക കൃത്യ നിർവഹണത്തെ വഴിതെറ്റിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത് സംബന്ധിച്ചത്

സർ,

ആശ ശരത്ത് എന്ന് പേരായ അഭിനേത്രി ഒരു സ്ത്രീ ഇന്നലെ 03-07-2019 നു അവരുടെ വേരിഫൈഡ് ഫെയിസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. തലക്കെട്ടുകളോ, മറ്റ് വിവരങ്ങളോ ഇല്ലാതെ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ ഭർത്താവിനെ കാണാനില്ലെന്നും, തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് കണ്ടെത്താൻ ജനങ്ങൾ സഹായിക്കണമെന്നും, ഭർത്താവിനെ കണ്ടുകിട്ടുന്നവർ 'കട്ടപ്പന' (ഇടുക്കി) പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നുമായിരുന്നു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്.

തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ പ്രസ്തുത വാർത്തയും വീഡിയോയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലും പ്രചരിക്കുകയുണ്ടായി. പ്രസ്തുത വീഡിയോക്ക് കീഴിൽ നിരവധിയായ കമന്റുകളും പിന്തുണയും ലഭിച്ചു. എന്നാൽ അൽപ സമയത്തിന് ശേഷം വീഡിയോ ഒരു പരസ്യമാണെന്നും, അവർ അഭിനയിച്ച സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിർമ്മിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്യുകയായിരുന്നു.

എന്നാൽ പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകൾ കഴിഞ്ഞിട്ടും ഈ വ്യാജ വാർത്ത മെസേജിങ് ആപ്പിക്കേഷനുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പരസ്യമായി രംഗത്ത് വരികയും സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷന്റെ പേര് എടുത്ത് പറഞ്ഞ ശേഷം പ്രസ്തുത പൊലീസ് സസ്റ്റേഷനിലേക്ക് വിവരങ്ങൾ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണ്. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പറും, സ്ത്രീയുടെ ഭർത്താവിന്റെ ചിത്രവും വെച്ചുകൊണ്ട് നിരവധി അഭ്യർത്ഥനകൾ ലുക്ക് ഔട്ട് നോട്ടീസ് എന്നതുപോലെ പ്രചരിക്കുന്നുണ്ട്.

സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പൊലീസ് വകുപ്പ് പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഏറ്റവും സെൻസിറ്റീവായ വകുപ്പിനെയും, അതിന്റെ പേരും ഔദ്യോദിക വിവരങ്ങളും മുൻകൂർ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും, പൊലീസിനെ misguide ചെയ്യുന്ന രീതിയിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യൻ പീനൽകോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനൽ പ്രൊസീജ്യർ കോഡിലെ വകുപ്പുകളും, കേരള പൊലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ്.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ന്യായമായ നിയന്ത്രങ്ങൾക്ക് വിധേയമാണെന്നും, സ്റ്റേറ്റിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പബ്ലിക്ക് ഓർഡറിനും എതിരാകുന്ന പക്ഷം അത്തരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിതവും, കുറ്റകരവുമാകുമെന്നും ബഹു സുപ്രീംകോടതി വിവിധ കേസുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

സമൂഹത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ ആശ ശരത്ത് എന്ന സ്ത്രീ സിനിമയുടെ പരസ്യത്തിനായി അനുമതിയില്ലാതെ നടത്തിയ വ്യാജ പ്രചാരണവും, പൊലീസിന്റെ കൃത്യ നിർവഹണത്തെ വഴിതെറ്റിച്ചതും അങ്ങേയറ്റം സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നതിനാലും, സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും, പൊലീസിലുള്ള ഉത്തമ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും, കുറ്റകൃത്യങ്ങൾക്ക് പ്രചോദനമാകും എന്നതിനാലും പൊതുതാത്പര്യം മുൻനിർത്തിയാണ് ഈ പരാതി നൽകുന്നത്. ആയതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും, കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കണം എന്ന വ്യാജ പ്രചാരണമുള്ള വീഡിയോ ആശ ശരത്തിന്റ ഫെയിസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ
അഡ്വ ശ്രീജിത്ത് പെരുമന

Enclosures :-

1. പരാതിക്ക് കാരണമായ വീഡിയോയുടെ പകർപ്പ്

2. എതിർകക്ഷിയുടെ ഫെയിസ്ബുക്ക് പേജിന്റെ ലിങ്ക്

3. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ പോസ്റ്ററുകൾ.

വാൽ: ഈ വിഡിയോ ആദ്യം കണ്ടപ്പോൾ ഞാനും തെദ്ധരിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP