Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹലോ കട്ടപ്പന എസ് ഐ ആണോ? ആശാ ശരത്തിന്റെ ഭർത്താവിനെ കിട്ടിയോ? ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തത് എസ് ഐ സതീഷ് സജീവൻ; സിനിമാക്കാരുടെ പ്രെമോഷൻ അതിബുദ്ധിയിൽ നിലയ്ക്കാതെ റിങ് ചെയ്ത് സ്‌റ്റേഷനിലെ ലാൻഡ് ഫോണും; പറ്റിക്കൽ വീഡിയോയെ കുറിച്ച് വിശദീകരിച്ച് മടുത്ത് പൊലീസുകാരും; അതൊരു റിക്കോർഡ് വീഡിയോ എന്ന് വിശദീകരിച്ച് ആശാ ശരത്തും; സക്കറിയയെ കാണാതായ പ്രചരണത്തിൽ നടിക്കെതിരെ കേസ് എടുത്തേക്കും

ഹലോ കട്ടപ്പന എസ് ഐ ആണോ? ആശാ ശരത്തിന്റെ ഭർത്താവിനെ കിട്ടിയോ? ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തത് എസ് ഐ സതീഷ് സജീവൻ; സിനിമാക്കാരുടെ പ്രെമോഷൻ അതിബുദ്ധിയിൽ നിലയ്ക്കാതെ റിങ് ചെയ്ത് സ്‌റ്റേഷനിലെ ലാൻഡ് ഫോണും; പറ്റിക്കൽ വീഡിയോയെ കുറിച്ച് വിശദീകരിച്ച് മടുത്ത് പൊലീസുകാരും; അതൊരു റിക്കോർഡ് വീഡിയോ എന്ന് വിശദീകരിച്ച് ആശാ ശരത്തും; സക്കറിയയെ കാണാതായ പ്രചരണത്തിൽ നടിക്കെതിരെ കേസ് എടുത്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഭർത്താവിനെ കാണാനില്ലെന്ന നടി ആശാ ശരത്തിന്റെ സിനിമാ പ്രെമോഷൻ പോസ്റ്റിൽ പെട്ടത് കട്ടപ്പന എസ് ഐ. വീഡിയോ കണ്ട ചിലർ കാര്യമറിയാനായി കട്ടപ്പന സ്റ്റേഷനിലേക്കും വിളിച്ചു. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോൺ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്‌ഐ. സന്തോഷ് സജീവൻ പറഞ്ഞു. വിഷയത്തിൽ ഇടുക്കി പൊലീസിന് പരാതിയും കിട്ടിയിട്ടുണ്ട്. എവിടെ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് 'ഭർത്താവിനെ' കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും പറഞ്ഞുള്ള വീഡിയോ ആശാ ശരത് ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്തത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇതാണ് എസ് ഐയെ വെട്ടിലാക്കിയത്.

മേക്കപ്പില്ലാതെ 'ദുഃഖിത'യായാണ് ആശ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സംഗതി പറ്റിക്കലാണെന്നറിയാതെ ആയിരക്കണക്കിനുപേർ വീഡിയോ ഷെയർ ചെയ്തു. കളിപ്പിക്കലാണെന്ന വാർത്ത പുറത്തുവന്നതോടെ ആശയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു. പൊലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുൻകൂർ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശാ ശരത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഐ.പി.സി. 107, 117, 182 വകുപ്പുകൾ, ഐ.ടി. ആക്ട്- സി.ആർ.പി.സി. വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി ലോക്സഭയിൽ പ്രസ്താവിച്ച അതേ ദിവസമാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ആശാ ശരത്തിനെതിരെ കേസെടുക്കണമോ എന്ന ചോദ്യം പൊലീസിന് മുന്നിലുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക.

കെ.കെ രാജീവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷന്റെ ഭാഗമായിരുന്നു ആ വീഡിയോ. ചിത്രത്തിൽ ആശ അവതരിപ്പിക്കുന്ന കഥാപാത്രമായ ജെസ്സിയുടെ ഭർത്താവ് സക്കറിയയെ കാണാതെ പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വീഡിയോയിൽ കട്ടപ്പന സ്റ്റേഷനെ കുറിച്ച് പറഞ്ഞതോടെ നിലയ്ക്കാത്ത ഫോൺ കോളുകളാണ് എത്തിയത്. ആശാ ശരത്തിന്റെ ഫോൺ നമ്പർ അറിയാത്തവരാണ് ഇങ്ങോട്ട് വിളിച്ചത്. ചിലർ എസ് ഐയുടെ ഔദ്യോഗിക ഫോണിലേക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും പെട്ടു പോയത് കട്ടപ്പനയിലെ പൊലീസ് സ്‌റ്റേഷനായിരുന്നു.

അത് ലൈവ് ആയിരുന്നില്ലെന്ന് ആശാ ശരത്

അത് റെക്കോഡ് ചെയ്ത വീഡിയോ ആയിരുന്നു. തീർത്തും പ്രൊമോഷന്റെ ഭാഗമായി ചെയ്ത ഒരു വീഡിയോ. അതിന് 'എവിടെ' പ്രൊമോഷണൽ വീഡിയോ എന്ന് നമ്മൾ ഹെഡിങ്ങും കൊടുത്തിരുന്നു. അത് മാത്രമല്ല വീഡിയോയുടെ അവസാനം 'എവിടെ' എന്ന് എഴുതിക്കാണിക്കുന്നുമുണ്ട്. പിന്നെ അതിൽ ഞാൻ പറഞ്ഞതൊന്നും എന്റെ കാര്യങ്ങൾ അല്ലല്ലോ. എന്റെ ഭർത്താവിന്റെ ശരത് എന്നാണെന്നും വർഷങ്ങളായി ദുബായിൽ ജീവിക്കുന്നവർ ആണെന്നും എന്റെ പേജിൽ ഉള്ളവർക്കൊക്കെ അറിയാവുന്നതാണ്. പടത്തിന്റെ പ്രൊമോഷൻ മാത്രം ലക്ഷ്യം വച്ച് കൊണ്ടുള്ള വീഡിയോ ആണ്. അതിലെ എന്റെ കഥാപാത്രം ജെസി വന്നു സംസാരിക്കുന്ന പോലെയാണ് ഞാൻ ആ വീഡിയോ ചെയ്തിട്ടുള്ളത്. അല്ലാതെ ആശാ ശരത് സംസാരിക്കുന്നത് പോലെ അല്ല. അതുകൊണ്ടാണല്ലോ അതിന്റെ അവസാനം 'എവിടെ' എന്ന് എഴുതിക്കാണിക്കുന്നത്.-ഇതാണ് വിവാദത്തോട് നടിയുടെ പ്രതികരണം.

ഞാൻ പറയുന്ന കാര്യമാണെങ്കിൽ അങ്ങനെ എഴുതിക്കാണിക്കേണ്ട കാര്യമില്ലല്ലോ, ഞാൻ പറയുന്ന കാര്യമാണെങ്കിൽ സക്കറിയയെ കുറിച്ചല്ലല്ലോ ശരത്തിനെ കുറിച്ചല്ലേ പറയേണ്ടത്. ഈ സിനിമ കാണുമ്പോൾ അറിയാം എന്തായിരുന്നു അങ്ങനെ ഒരു വീഡിയോയുടെ പശ്ചാത്തലം എന്ന്. ഇടുക്കിയിൽ നടക്കുന്ന ഒരു കഥയാണ്. പക്കാ നാട്ടിൻപുറത്തുകാരിയാണ് അതിലെ ജെസി. ആ വീഡിയോയിൽ ഉള്ള ലുക്ക് പോലും ജെസിയുടേതാണ്. ഭയങ്കര ഡൾ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ആ വീഡിയോ പൂർണമായും കണ്ടവർക്കൊക്കെ മനസ്സിലായിട്ടുണ്ടാകും അതൊരു പ്രൊമോഷണൽ വീഡിയോ മാത്രമാണെന്ന്. പക്ഷേ പെട്ടെന്ന് ഇങ്ങനൊരു വീഡിയോ കണ്ടപ്പോൾ എന്നെ സ്നേഹിക്കുന്ന ചിലരെങ്കിലും തെറ്റിദ്ധരിച്ചു എന്നറിഞ്ഞതിൽ സങ്കടമുണ്ട്.

ശരത്തിന്റെ ഫോട്ടോ ഒക്കെ വച്ച് കാണാതായി എന്നുള്ള തരത്തിലും പല കള്ളപ്രചാരണങ്ങളും നടക്കുന്നുണ്ട്. അങ്ങനെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നതിനെ കുറിച്ചൊന്നും നമ്മൾ ആകുലപ്പെട്ടിട്ട് കാര്യമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. അവരുടെ കയ്യിൽ ഫോൺ ഇരിക്കുന്നു. അവർ എന്തും ചെയ്യുന്നു. അതൊന്നും നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. ഞാൻ അതൊന്നും ശ്രദ്ധിക്കാറേയില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ഭയങ്കര ആക്റ്റീവ് ആയിട്ടുള്ള ആളല്ല.. എന്റെ പടത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അങ്ങനെ ഒരു വിഡിയോ ചെയ്തത് തന്നെ. ആ പടം എന്ന് പറയുന്നത് അതാണ്. ജെസി എന്ന കഥാപാത്രം അവരുടെ കാണാതെ പോയ ഭർത്താവിനെ കുറിച്ച് നടത്തുന്ന അന്വേഷണങ്ങളാണ്.

എനിക്കൊരു പ്രശ്നം ഉണ്ടെങ്കിൽ ഞാനിങ്ങനെ വീഡിയോ ആയി വരേണ്ട ആവശ്യമുണ്ടോ?. ഫേസ്‌ബുക്കിലൂടെ അല്ലലോ ആദ്യം പൊലീസിലല്ലേ ഞാൻ അറിയിക്കേണ്ടത്. ഞാൻ കട്ടപ്പനക്കാരി അല്ല എന്റെ ഭർത്താവിന്റെ പേര് സക്കറിയ എന്നല്ല, എന്റെ ഭർത്താവ് ഇൻസ്ട്രുമെന്റസ് വായിക്കുന്ന ആളല്ല. ഇതെല്ലം എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.. ഞാൻ ആരെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലല്ലോ. വീഡിയോ തുടങ്ങുന്നത് തന്നെ എവിടെ എന്ന ഹെഡിങ് ഇട്ടിട്ടാണ്. വീഡിയോ അവസാനിക്കുന്നതും എവിടെയുടെ ടൈറ്റിൽ എഴുതിയക്കാണിച്ചിട്ടാണ്.

പക്ഷേ ആ വീഡിയോ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാനായിട്ട് എഡിറ്റ് ചെയ്തു പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്നും നമുക്ക് ഒന്നും ചെയ്യാനാവില്ല.. അത് ഞങ്ങളുടെ എവിടെ ടീം ഒരുമിച്ച് തീരുമാനിച്ച് ചെയ്ത ഒരു വീഡിയോ ആയിരുന്നു. മാർക്കറ്റിങ് എന്ന രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. അതിൽ തെറ്റിദ്ധാരണ പരത്തുന്ന എന്തെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും ആശാ ശരത്  പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP