Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ അമ്മ മുസ്ലീമാണ്, അച്ഛൻ ഹിന്ദുവും; വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ഉൾപ്പെടുന്ന എന്നതിൽ അഭിമാനമുണ്ട്; 2016ൽ വിവാഹമോചനം നേടി; 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു; നവാബ് മാലിക്കിന് മറുപടിയുമായി സമീർ വാംഖഡെ

എന്റെ അമ്മ മുസ്ലീമാണ്, അച്ഛൻ ഹിന്ദുവും; വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ഉൾപ്പെടുന്ന എന്നതിൽ അഭിമാനമുണ്ട്; 2016ൽ വിവാഹമോചനം നേടി; 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു; നവാബ് മാലിക്കിന് മറുപടിയുമായി സമീർ വാംഖഡെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തനിക്കെതിര ആരോപണം ഉന്നയിച്ച എൻസിപി നേതാവ് നവാബ് മാലിക്കിന് മറുപടിയുമായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെ. ചിലർ തന്നെ ലക്ഷ്യമിടുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് സമീർ തന്റെ ഭാഗം വിശദീകരിച്ചു രംഗത്തുവന്നത്. മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ആരോപണം ഉന്നയിക്കുന്നു എന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

സമീർ വാംഖഡെ മുസ്‌ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയിൽ സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമായിരുന്നു എൻസിപി നേതാവ നവാബ് മാലിക്കിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ടതെന്ന് അകാശപ്പെട്ട് രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. സമീർ ദാവൂദ് വാംഖഡെ എന്നാണ് യഥാർഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു.

ഇതിന് മറുപടിയായാണ് സമീർ പ്രസ്താവനയുമായി രംഗത്തുവന്നത്. തന്റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്നെയും കുടുംബത്തെയും പിതാവിനെയും മരിച്ചുപോയ മാതാവിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദത്തിലാക്കിയിരിക്കുകയാണെന്നും സമീർ വ്യക്തമാക്കി.

തന്റെ പിതാവ് ധന്യദേവ് കച്‌റൂജി വാംഖഡെ ഹിന്ദുവാണ്. എക്‌സൈസ് വകുപ്പിൽ നിന്ന് സീനിയർ ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്‌ലിമാണ്. അവർ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ഉൾപ്പെടുന്നത്. അതിൽ അഭിമാനമുണ്ടെന്നും സമീർ പ്രസ്താവനയിൽ വ്യക്തമാക്കി. 2006ൽ ഡോ. ശബ്‌ന ഖുറേഷിയെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. 2016ൽ ഞങ്ങൾ നിയമപരമായി വിവാഹമോചനം നേടി. 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തുവെന്നും സമീർ വ്യക്തമാക്കി.

പട്ടികജാതി സംവരണത്തിൽ ജോലി കിട്ടാനായാണ് സമീർ വാംഖഡെ തന്റെ മതം തിരുത്തിയതെന്നാണ് നവാബ് മാലിക് ആരോപിച്ചിരുന്നത്. വാംഖഡെയുടെ ജനനസർട്ടിഫിക്കറ്റാണെന്ന പേരിലാണ് മാലിക് സർട്ടിഫിക്കറ്റ് ട്വീറ്റ് ചെയ്തത്. ഷബ്‌ന ഖുറേഷിയുമായുള്ള സമീർ വാംഖഡെയുടെയും നിക്കാഹിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തിപ്പെടുത്തലുകളും ഏറെ വേദനിപ്പിക്കുന്നതായി സമീർ പറഞ്ഞു.

ആഡംബരക്കപ്പൽ ലഹരിക്കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത് മുതൽ സമീർ വാങ്കഡെക്കെതിരെയും എൻ.സി.ബിക്കെതിരെയും ആരോപണവുമായി മന്ത്രി നവാബ് മാലിക് രംഗത്തുണ്ടായിരുന്നു. ബിജെപിയുടെ പാവയാണ് സമീർ വാങ്കഡെയെന്നും ആര്യൻ ഖാനെ കേസിൽ കുടുക്കുകയാണെന്നുമാണ് മാലിക് ആരോപിച്ചത്.

അതിനിടെ, ലഹരിപാർട്ടി കേസ് ഒതുക്കാൻ 25 കോടിയുടെ ഇടപാട് നടക്കുന്നുവെന്ന ആരോപണം കേസിലെ സാക്ഷി ഉയർത്തിയതിന് പിന്നാലെ സമീർ വാംഖഡെക്കെതിരെ വിജിലൻസ് അന്വേഷണത്തിന് എൻ.സി.ബി ഉത്തരവിട്ടിരിക്കുകയാണ്. കോടികളുടെ ഇടപാടാണ് ലഹരികേസിന്റെ മറവിൽ നടക്കുന്നതെന്ന് കാട്ടിയാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഉൾപ്പെടെയുള്ളവർ ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു ഇയാളുടെ ആരോപണം. എന്നാൽ, സമീർ വാംഖഡെ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.

എൻ.സി.ബി. എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ്ങിന്റെ മേൽനോട്ടത്തിലാണ് സമീറിനെതിരായ അന്വേഷണം. അന്വേഷണത്തിന് തുടക്കമിട്ടിട്ടേയുള്ളൂവെന്നും സമീർ വാങ്കഡെ സ്ഥാനത്ത് തുടരുമോയെന്ന കാര്യം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും ഗ്യാനേശ്വർ വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഗ്യാനേഷർ സിങ് എൻ.സി.ബിയുടെ ചീഫ് വിജിലൻസ് ഓഫിസർ കൂടിയാണ്.


എൻ.സി.ബിക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ ഡയറക്ടർ ജനറലിന് മുംബൈ എൻ.സി.ബി അധികൃതർ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എൻ.സി.ബിക്കെതിരെ ഗുരുതര ആരോപണം ഉയർത്തി സത്യവാങ്മൂലം നൽകിയ മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകർ സെയിൽ തിങ്കളാഴ്ച മുംബൈ പൊലീസ് കമീഷണറുടെ ഓഫിസിലെത്തി. സുരക്ഷ സംബന്ധിച്ച ആശങ്കയറിയിക്കാനായാണ് ഇദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടത്. താൻ കൊല്ലപ്പെടാൻ വരെ സാധ്യതയുണ്ടെന്ന് പ്രഭാകർ സെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP