Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയിൽ നിന്നും മുട്ട ഇറക്കുമതി ചെയ്യാനാവില്ല; ഇപ്പോൾ ലഭിക്കുന്നതിൽ കുറഞ്ഞ വിലയ്ക്ക് ഒരു ഫാക്ടറിയിലും ഉൽപ്പാദിപ്പിക്കാനും സാധിക്കില്ല; ലാബിലെ പരിശോധനകളിൽ എല്ലാവാദവും പൊളിഞ്ഞു; കൃത്രിമ മുട്ട വാർത്തയില്ലാതെ വലഞ്ഞ ചാനലുകളുടെ സൃഷ്ടിയെന്ന് സ്ഥിരീകരണം

ചൈനയിൽ നിന്നും മുട്ട ഇറക്കുമതി ചെയ്യാനാവില്ല; ഇപ്പോൾ ലഭിക്കുന്നതിൽ കുറഞ്ഞ വിലയ്ക്ക് ഒരു ഫാക്ടറിയിലും ഉൽപ്പാദിപ്പിക്കാനും സാധിക്കില്ല; ലാബിലെ പരിശോധനകളിൽ എല്ലാവാദവും പൊളിഞ്ഞു; കൃത്രിമ മുട്ട വാർത്തയില്ലാതെ വലഞ്ഞ ചാനലുകളുടെ സൃഷ്ടിയെന്ന് സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി മലയാളം ചാനലുകളിൽ ആ 'ഞെട്ടിക്കുന്ന' വാർത്ത ആവേശപൂർവ്വം മാദ്ധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൃത്രിമ മുട്ട കേരളത്തിലെ വിപണിയിൽ പിടിമുറുക്കുന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നു വാർത്തകൾ. ഈ വാർത്തയെ വിശ്വസിപ്പിക്കാൻ മുട്ടത്തോടെ പ്ലാസ്റ്റിക്കാമെന്ന് പോലും വരുത്തി ക്യാമറയ്ക്ക് മുന്നിൽ കത്തിച്ചു കാണിച്ചു ചില മാദ്ധ്യമപ്രവർത്തകർ. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ഈ കോഴിമുട്ടകളെന്നും ഇത് ആളെ കൊല്ലുമെന്നുമായി പ്രചരണം. എന്തായാലും ഉത്തരവാദിത്തമുള്ള ചില മുത്തശ്ശി പത്രങ്ങൾ പോലും ഈ ചൈനീസ് മുട്ടക്കഥ ഏറ്റുപിടിച്ചിരുന്നു. എന്തായാലും തിരുവായ്ക്ക് എതിർവായില്ലെന്ന കാലം സോഷ്യൽ മീഡിയ വന്നതോടെ പൊളിഞ്ഞിരുന്നു. ഇതോടെ വാർത്തയില്ലാതെ കഷ്ടപ്പെട്ടിരുന്ന ചാനലുകാർ ഉണ്ടാക്കിയ മുട്ടക്കഥയും പൊളിഞ്ഞു വീണു.

ചൈനീസ് മുട്ടയെന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതംമാണെന്ന് ശാസ്ത്രീയമായ പരിശോധനയിൽ തന്നെ വ്യക്തമായി. മുട്ടകൾ കൃത്രിമല്ലെന്നു തൃശൂർ വെറ്ററിനറി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഇൻ പൗൾട്രി സയൻസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ചൈനയിൽനിന്നും കൃത്രിമ മുട്ടകൾ എത്തുന്നതായി പരാതികൾ ലഭിച്ചതിനെത്തുടർന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിലും സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഇൻ പൗൾട്രി സയൻസ് പരാതിക്കാരിൽനിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. 12 സാമ്പിളുകൾ പരിശോധിച്ചതിൽ ഒരു മുട്ടപോലും കത്രിമമല്ലെന്നും, യഥാർഥ മുട്ടയാണെന്നും കണ്ടെത്തിയിരുന്നു. ഇപ്പോൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നും ലഭിച്ച സാമ്പിളുകൾ പരിശോധിച്ചതിലും മുട്ടകൾ കൃത്രിമമല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. എങ്കിലും, ജനങ്ങളുടെ ആശങ്കപരിഹരിക്കാൻ കൂടുതൽ പരിശോധന നടത്തും.

മുട്ടകൾ ഒറിജിനൽ തന്നെയാണെന്ന് കാണിച്ചുള്ള റിപ്പോർട്ട് ശനിയാഴ്ച ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് കൈമാറും. വിവിധ നഗരങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബിൽ പരിശോധിച്ചത്. കഴിഞ്ഞ മാർച്ചിൽ ഇതേ ആരോപണം ഉയർന്നപ്പോഴും പരിശോധന നടത്തിയിരുന്നു. അന്നും തകരാറൊന്നും കണ്ടെത്തിയിരുന്നില്ല. ചൈനീസ് മുട്ടകൾ ഇറക്കുമതി പോലുമില്ലെന്ന് വ്യക്തമാകുമ്പോഴാണ് മുട്ടക്കഥയ്ക്ക് പിന്നിലെ പൊള്ളത്തരം വ്യക്തമാകുക. ചൈനയിൽ നിന്ന് മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്ന് ചെന്നൈ, കൊച്ചി തുറമുഖങ്ങളിൽ നിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. ചെലവുകുറഞ്ഞ രീതിയിൽ മുട്ട കൃത്രിമമായി ഉണ്ടാക്കാനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

നാമക്കലിൽ 3.50 രൂപയ്ക്കാണ് മുട്ട വിൽക്കുന്നത്. ഈ വിലയ്ക്ക് മുട്ട കൃത്രിമമായി നിർമ്മിച്ചുനൽകാൻ കഴിയില്ല. കൂടുതൽ ദിവസം ഇരിക്കുമ്പോഴും ചൂട് കൂടുമ്പോഴും മുട്ടയുടെ ഉള്ളിലുള്ള ആവരണത്തിന് കട്ടികൂടും. കോഴികളുടെ ഇനം, പ്രായം, നൽകുന്ന ഭക്ഷണം തുടങ്ങിയവയനുസരിച്ച് മുട്ടയിൽ ചെറിയ മാറ്റങ്ങൾ സ്വാഭാവികമാണ്. ദീർഘദൂരം വാഹനത്തിൽ കൊണ്ടുവരുന്‌പോഴും ചെറിയ മാറ്റങ്ങൾ സംഭവിക്കാം. മുട്ടയുടെ തോട് പ്രത്യേകഗന്ധത്തിൽ കത്തുന്നത് സ്വാഭാവികമാണെന്നും ഭക്ഷ്യസുരക്ഷാവകുപ്പുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചൈനീസ് മുട്ടകളെക്കുറിച്ചുള്ള പ്രചാരണം മുട്ടവിപണിയെ ബാധിച്ചതായി വ്യാപാരികൾ പറഞ്ഞു. ആളുകൾ സംശയത്തോടെയാണ് മുട്ട വാങ്ങുന്നത്. പലരും കുലുക്കിനോക്കിയശേഷം മുട്ട വാങ്ങാതെ പോകുന്നതായും എറണാകുളം കലൂരിലെ സൂപ്പർമാർക്കറ്റ് മാനേജർ പറഞ്ഞു. ആരോപണങ്ങൾ മുട്ടക്കച്ചവടത്തിന് തിരിച്ചടിയായതായി ഫ്രാംഫ്രഷ് ഉടമ കെ.പി. ഫ്രാൻസിസ് പറഞ്ഞു. 25 വർഷമായി മുട്ടക്കച്ചവടം നടത്തുന്നു. 12 വർഷമായി ഫാം ഫ്രഷ് ബ്രാൻഡിൽ മുട്ട വിൽക്കുന്നു. ആഴ്ചയിൽ മൂന്ന് ലക്ഷത്തിലധികം മുട്ടകൈകാര്യം ചെയ്യുന്നുണ്ട്. ഓരോമുട്ടയും യന്ത്രസംവിധാനത്തിൽ പരിശോധിച്ചാണ് പായ്ക്ക് ചെയ്യുന്നത്.

ആരോപണമുയർന്നപ്പോൾത്തന്നെ നാമക്കലിൽ നിന്ന് മുട്ടയെടുക്കുന്ന എ.കെ.ആർ. ഫാമിൽപ്പോയി പരിശോധിച്ചു. അഞ്ചുലക്ഷം മുട്ട പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഈ ഫാമിൽനിന്നാണ് 15 വർഷമായി മുട്ടവാങ്ങുന്നത്. ഇവിടെ കൃത്യമായി മുട്ട ഉത്പാദനം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് സംശയമുള്ള ആർക്കും തന്റെ ഇടപ്പള്ളിയിലെ ഗോഡൗണിൽ വന്ന് പരിശോധിക്കാമെന്നും ഫ്രാൻസിസ് പറഞ്ഞു. കേടായ മുട്ടകളെയാണ് ചൈനീസ് മുട്ടയെന്നപേരിൽ ചിലർ പ്രചരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. കേടാകാതിരിക്കാൻ ദീർഘനാൾ ഫ്രീസറിൽ സൂക്ഷിക്കുകയും പിന്നീടു വിതരണത്തിനായി വാഹനത്തിൽ ദീർഘദൂരം സഞ്ചരിക്കുകയും ചെയ്യുമ്പോൾ മുട്ടയുടെ ഘടനയിൽ മാറ്റം വരാം. ഇത് ഉപയോഗിച്ചുള്ള വ്യാജപ്രചരണമാണഅ ഇതുവരെ നടന്നുവന്നത്.

മുട്ടകൾ ഇറക്കുമതി ചെയ്യുന്നില്ലെന്നും ഇറക്കുമതി ചെയ്യാൻ ഒരു കമ്പനിക്കും അനുവാദം നൽകിയിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ കോഡ് നമ്പർ കൊടുക്കുന്നത് ഇവിടെനിന്നാണ്. പക്ഷേ ഉൽപ്പന്നത്തിന്റെ പേര് കാണിക്കേണ്ടതില്ല. നെഗറ്റീവ് ലിസ്റ്റലുള്ളതാണെങ്കിൽമാത്രം ഇവിടെനിന്ന് അനുവാദം വാങ്ങിയാൽമതി. പക്ഷേ, ഈ ഓഫീസിന്റെ അറിവിൽ മുട്ട ഇറക്കുമതി നടക്കുന്നതായുള്ള വിവരം ലഭിച്ചിട്ടില്ലെന്ന് അസി. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്(കൊച്ചി) ജയ വി. നായർ വ്യക്തമാക്കി. എന്തായാലും ചൈനീസ് മുട്ടയിലെ യഥാർത്ഥ്യം വെളിച്ചത്തായപ്പോഴേക്കും വസ്തുത അറിയാതെ ബ്രേക്കിങ് ന്യൂസ് അടിച്ച ചാനലുകാരാണ് ഇളിഭ്യരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP