Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

370-ാം അനുച്ഛേദം റദ്ദാക്കിയത് അതിർത്തി മാറ്റി വരയ്ക്കാനുള്ള അധികാരം ഭരണഘടനാപരമായി പാർലമെന്റിന് ലഭിക്കാൻ; കേന്ദ്ര ഭരണ പ്രദേശമാക്കിയത് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ; രാഷ്ട്രപതി പ്രയോഗിച്ചത് 370-ാം അനുച്ഛേദം റദ്ദാക്കി എന്നു വിജ്ഞാപനം ചെയ്യാൻ അധികാരം നൽകുന്ന അതിലെ മൂന്നാം ഉപവകുപ്പും; കാശ്മിരീനെ വെട്ടി രണ്ടാക്കുന്നത് ഒരറ്റ ഇന്ത്യയെന്ന ആർഎസ്എസ് ആശയം നടപ്പാക്കാൻ; ഇനി എല്ലാ ഇന്ത്യാക്കാർക്കും 'ഭൂമിയിലെ സ്വർഗ്ഗം' സ്വന്തമാക്കാം

370-ാം അനുച്ഛേദം റദ്ദാക്കിയത് അതിർത്തി മാറ്റി വരയ്ക്കാനുള്ള അധികാരം ഭരണഘടനാപരമായി പാർലമെന്റിന് ലഭിക്കാൻ; കേന്ദ്ര ഭരണ പ്രദേശമാക്കിയത് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ; രാഷ്ട്രപതി പ്രയോഗിച്ചത് 370-ാം അനുച്ഛേദം റദ്ദാക്കി എന്നു വിജ്ഞാപനം ചെയ്യാൻ അധികാരം നൽകുന്ന അതിലെ മൂന്നാം ഉപവകുപ്പും; കാശ്മിരീനെ വെട്ടി രണ്ടാക്കുന്നത് ഒരറ്റ ഇന്ത്യയെന്ന ആർഎസ്എസ് ആശയം നടപ്പാക്കാൻ; ഇനി എല്ലാ ഇന്ത്യാക്കാർക്കും 'ഭൂമിയിലെ സ്വർഗ്ഗം' സ്വന്തമാക്കാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാശ്മീരിൽ കേന്ദ്ര നീങ്ങിയത് ഏറെ കരുതലോടെയാണ്. അമർനാഥ് തീർത്ഥാടനദിനങ്ങൾ വെട്ടിച്ചുരുക്കുകയും വിനോദസഞ്ചാരികളോട് ജമ്മുകശ്മീർ വിടാൻ നിർദ്ദേശിക്കുകയും ചെയ്തതോടെ ഉയർന്ന ആശങ്കകൾക്കാണ് പരിഹാരമാകുന്നത്. മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള പ്രതിപക്ഷത്തെ വീട്ടുതടങ്കലിലാക്കിയത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ചെറു സൂചന പോലും നൽകാതെയാണ്. ഒടുവിൽ തീരുമാനം പാർലമെന്റിൽ അമിത് ഷാ പ്രഖ്യാപിച്ചു. പാക്കിസ്ഥാനെ വെട്ടിലാക്കാൻ കൂടിയാണ് ഈ തീരുമാനം.

370-ാം അനുച്ഛേദം അസാധുവാകുന്നതോടെ, ജമ്മുകശ്മീരിന്റെ അതിർത്തി മാറ്റിവരയ്ക്കാനുള്ള അധികാരം ഭരണഘടനാപരമായി പാർലമെന്റിനു കൈവരും. അങ്ങനെയാണ് രണ്ട് ഭാഗമായി കാശ്മീരിനെ വെട്ടിമുറിക്കുന്നത്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദമാണ് പുതിയ സംസ്ഥാനം ഉണ്ടാക്കാനോ നിലവിലുള്ളതിന്റെ അതിർത്തി പുനർനിശ്ചയിക്കാനോ വഴിയൊരുക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേകപദവിയുള്ളതിനാൽ മൂന്നാം അനുച്ഛേദത്തിന്റെ പ്രയോഗം സാധ്യമല്ല. അതിനാലാണ്, 370-ാം അനുച്ഛേദം റദ്ദാക്കിയത്. '370-ാം അനുച്ഛേദം റദ്ദാക്കി എന്നു വിജ്ഞാപനം ചെയ്യാൻ അതിലെതന്നെ മൂന്നാം ഉപവകുപ്പ് രാഷ്ട്രപതിയെ അനുവദിക്കുന്നുണ്ട്. ഇതുകഴിഞ്ഞാൽ മൂന്നാം അനുച്ഛേദം നടപ്പാക്കാം. നിയമസഭ ഇല്ലാത്ത സാഹചര്യത്തിൽ രാഷ്ട്രപതിക്ക് ഗവർണറുമായി കൂടിയാലോചിച്ചാൽ മതി. ഇതാണ് ചെയ്തതും.

ജമ്മു സംസ്ഥാനം, ലേ-ലഡാക്ക്, കശ്മീർ എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ എന്നിങ്ങനെ സംസ്ഥാനത്തെ മുറിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ സംഭവിച്ചത് രണ്ടായി നെടുകെ പിളർക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ. ജമ്മു കാശ്മീരും ലേ-ലഡാക്കും. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ അതിരുകൾ മാറ്റിവരയ്ക്കാനുള്ള വ്യവസ്ഥകൾ ഭരണഘടനയിലുണ്ട്. ജമ്മുകശ്മീരിനു പ്രത്യേകപദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദത്തിന്റെ സാധുതയെ മറികടക്കാൻ ഈ വ്യവസ്ഥയാണ് മോദി സർക്കാർ പ്രയോഗിച്ചത്. ഭരണഘടനയുടെ 35എ, 370 വകുപ്പുകൾ രണ്ടാം മോദി സർക്കാർ എടുത്തുകളയുമോ എന്ന ചർച്ച രാജ്യമെങ്ങും സജീവമായിരുന്നു ബിജെപിയുടെ പ്രകടന പത്രികയിലുള്ള പ്രഖ്യാപനമാണിത്.

1954 മെയ്‌ 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണ് 35എ വകുപ്പ്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും ഭൂമി, തൊഴിൽ, സ്‌കോളർഷിപ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് വകുപ്പാണിത്. ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. താൽക്കാലിക സ്വഭാവമുള്ളതായ 370ാം വകുപ്പ് അസാധുവാക്കാൻ രാഷ്ട്രപതിക്കു സാധിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് മോദിയും അമിത് ഷായും ചേർന്ന് നടപ്പാക്കുന്നത്.

കശ്മീരിന് പ്രത്യേകാധികരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സർക്കാർ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ ഒപ്പുവച്ചു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കുള്ളിൽ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35A യും ഇല്ലാതാവും. കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന നിയമങ്ങൾ പിൻവലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളിൽ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങൾ കേന്ദ്രം ശക്തമാക്കുകയും കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

സ്‌കൂളുകളും മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശം നൽകി. വിനോദസഞ്ചാരികളോടും അമർനാഥ് യാത്രികരോടും കശ്മീർ വിടാൻ നിർദ്ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോൺ തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.

നടപ്പാക്കിയത് പ്രകടന പത്രികയിലെ വാഗ്ദാനം

കാശ്മിരീനെ വെട്ടി രണ്ടാക്കുന്നത് ഒരറ്റ ഇന്ത്യയെന്ന ആർഎസ്എസ് ആശയം നടപ്പാക്കാനാണ്. ഇതോടെ ഇനി എല്ലാ ഇന്ത്യാക്കാർക്കും 'ഭൂമിയിലെ സ്വർഗ്ഗം' സ്വന്തമാക്കാം. ഇതുവരെ പ്രത്യേക പരിഗണനയുള്ളതു കൊണ്ട് കാശ്മീരികൾക്ക് മാത്രമേ ജമ്മു കാശ്മീരിൽ വസ്തു വകകൾ സ്വന്തമാക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതാണ് ഇല്ലാതാകുന്നത്.

ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാരെ നിർണ്ണയിക്കാനും അവകാശങ്ങളും പദവികളും നിർണ്ണയിക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ അധികാരമാണ് ആർട്ടിക്കിൾ 35 നിർവ്വചിരുന്നത്. 1954 ൽ അന്നത്തെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ജമ്മു കാശ്മീർ സർക്കാരിന്റെ അനുവാദത്തോടെയാണ് ഈ വകുപ്പ് ഭരണഘടനയുടെ ഭാഗമായത്. ജമ്മു കാശ്മീർ നാട്ടുരാജ്യത്തിലെ ദോഗ്ര ഭരണാധികാരിയായ ഹരി സിങ് മഹാരാജാവ് സംസ്ഥാന വിഷയങ്ങളെയും അവയുടെ അവകാശത്തെയും നിർവ്വചിക്കുന്ന ഒരു നിയമം നിർമ്മിച്ചു. ഇതുപ്രകാരം സംസ്ഥാനത്തേക്കുള്ള കുടിയേറ്റത്തെ നിയന്ത്രിച്ചു. 1947 ഒക്ടോബറിൽ ഹരി സിങ് മഹാരാജാവ് സമ്മത പത്രത്തിൽ ഒപ്പിടതോടെ ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായി. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായതിനു ശേഷം 1949ൽ ദോഗ്ര ഭരണാധികാരിയിൽനിന്നും ഷെയ്ഖ് അബ്ദുള്ള ജമ്മു കാശ്മീരിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. ഡൽഹിയുമായുള്ള രാഷ്ട്രീയ ബന്ധം രൂപീകരിക്കുന്നതിന്റെ ഭാഗമായ വിലപേശലിൽനിന്നാണ് ആർട്ടിക്കിൾ 370 ഉണ്ടായത്.

ആർട്ടിക്കിൾ 370 ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്നുണ്ട്. പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം എന്നിവയിൽ കേന്ദ്രസർക്കാരിനായിരിക്കും അധികാരമെന്നും ഇതോടൊപ്പം പറയുന്നുണ്ട്. അബ്ദുള്ളയും നെഹ്റുവും തമ്മിലുള്ള കരാർ പ്രകാരം ജമ്മുകാശ്മീരിന് പിന്നീടും പ്രത്യേ പരിഗണനകൾ നിയമം വഴി ലഭിച്ചുപോന്നു. അങ്ങനെയാണ് 1954ൽ ആർട്ടിക്കിൾ 35എ ഭരണഘടനയുടെ ഭാഗമാകുന്നത്. ജമ്മു കാശ്മീരിനുവേണ്ടി പ്രത്യേക ഭരണഘടന 1956ൽ രൂപീകരിച്ചു. സംസ്ഥാനത്തെ സ്ഥിരവാസികളെ സംബന്ധിച്ചുള്ള നിർവ്വചനം ഇത് സംരക്ഷിച്ചു. 1911ന് മുമ്പ് ജമ്മുകാശ്മീരിൽ ജനിച്ചവരും സ്ഥിര താമസമാക്കിയവരും പത്ത് വർഷ കാലയളവിനുള്ളിൽ സംസ്ഥാനത്ത് സ്ഥാവര ജംഗമ വസ്തുക്കൾ സ്വന്തമാക്കിയവരും ജമ്മുകാശ്മീരിന്റെ ഭാഗമാണെന്ന് കണക്കാക്കി. ജമ്മു കാശ്മീരിൽനിന്നും പാക്കിസ്ഥാനിലേക്ക് കുടിയേറിയവരും ജമ്മു കാശ്മീരിൽനിന്നുള്ള കുടിയേറ്റക്കാരെയും സംസ്ഥാന ആഭ്യന്തര വിഷയമായി നിർണ്ണയിച്ചു.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ജമ്മു കാശ്മീരിൽ സ്ഥിരതാമസമാക്കാനോ ഭൂമിയോ സ്വത്ത് വകകളോ വാങ്ങുന്നതിനോ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനോ സ്‌കോളർഷിപ്പ് നേടുന്നതിനോ നിയമം മൂലമുള്ള വിലക്കുണ്ട്. അതേസമയം ഈ നിയമം ജമ്മു കാശ്മീരിലെ സ്ത്രീകളോട് വിവേചനപരമായിട്ടാണ് പെരുമാറുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളയാളെ വിവാഹം കഴിക്കുന്നതുവഴി ജമ്മു കാശ്മീരിലെ വനിതകൾ സംസ്ഥാനത്തിന്റെ ഭാഗമല്ലാതായി മാറും. എന്നാൽ 2002ലെ ജമ്മു കാശ്മീർ ഹൈക്കോടതി സ്ഥിര താമസക്കാരല്ലാത്തവരുമായി സ്ത്രീകൾ വിവാഹിതരായാൽ അവർക്ക് തങ്ങളുടെ അവകാശം നഷ്ടമാകില്ലെന്ന് വിധിച്ചു. എന്നാൽ അത്തരം സ്ത്രീകളുടെ കുട്ടികൾക്ക് പിന്തുടർച്ചാ അവകാശം ലഭിക്കില്ലെന്നും കോടതി വിലയിരുത്തി.

'വി ദ സിറ്റിസൺ' എന്നു പേരുള്ള എൻജിഒ 2014ൽ ഈ വകുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ആർട്ടിക്കിൾ 368 പ്രകാരം ഭരണഘടനാ ഭേതഗതിയിലൂടെയല്ല ആർട്ടിക്കിൾ 35എ ഭരണഘടനയുടെ ഭാഗമായതെന്ന് വാദിച്ചു. ഈ വിഷയം പാർലമെന്റിന്റെ മുന്നിൽ വന്നിട്ടില്ലെന്നും ഇത് ആലോചനയില്ലാതെ ഉടനടി നടപ്പാക്കുകയായിരുന്നുവെന്നും വാദിച്ചു. ഇതോടെയാണ് ഈ വകുപ്പ് ചർച്ചകളിൽ ഇടം നേടിയത്. തങ്ങളുടെ കുട്ടികളുടെ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടുവെന്ന് വ്യക്തമാക്കിക്കൊണ്ട് രണ്ട് കാശ്മീരി സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതും ആർട്ടിക്കിൾ 35എ ചർച്ചയാകുന്നതിന് വഴിതെളിച്ചു. ഇതെല്ലാമാണ് ബിജെപിയേയും ഈ വ്യവസ്ഥയ്ക്കെതിരെ നീങ്ങാൻ പ്രേരിപ്പിച്ചത്. ബിജെപിയുടെ പ്രകടന പത്രികയിലും ഇതും ഉൾപ്പെടുത്തി. ഇതാണ് നടപ്പാക്കുന്നത്.

നടപ്പാക്കുന്നത് പരിവാർ നയം

കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയതാണ് സംസ്ഥാനത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന നിലപാടാണ് നേരത്തെ ജനസംഘവും ബിജെപിയും സ്വീകരിച്ചിരുന്നത്. ഇന്ത്യാ വിഭജനത്തിന് ശേഷം പാക്കിസ്ഥാൻ നിലവിൽ വന്നതിനുശേഷമുള്ള സംഭവങ്ങളാണ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതെന്ന് കരുതുന്ന ചരിത്രകാരന്മാർ ഏറെയാണ്.

ഇന്ത്യയിലോ പാക്കിസ്ഥാനിലോ, അതോ സ്വതന്ത്രമായി നിലനിൽക്കുകയാണോ കാശ്മീർ ചെയ്യുക എന്ന സംശയം നിലനിന്ന സമയത്താണ് പാക്കിസ്ഥാനിൽനിന്നുള്ള സായുധരായ സംഘം കാശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത്. അന്ന് ഹരി സിംഗായിരുന്നു കാശ്മീർ ഭരിച്ചിരുന്നത്. ഭൂരിപക്ഷവും മുസ്ലീങ്ങളായ ദേശത്തെ ഹിന്ദു ഭരണാധികാരി. അദ്ദേഹത്തിന് നുഴഞ്ഞുകയറ്റക്കാരെ നേരിടാൻ സ്വന്തം നിലയിൽ സാധിക്കുമായിരുന്നില്ല. അങ്ങനെ ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. 1947 ഒക്ടോബർ 24-ന് കാശ്മീർ നുഴഞ്ഞു കയറ്റക്കാരെ നേരിടാൻ കാശ്മീർ ഇന്ത്യയോട് സഹായം തേടി.

സഹായാഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ കമ്മിറ്റി അന്നത്തെ ആഭ്യന്തര സെക്രട്ടറി വി.പി മേനോനോട് ഉടൻ ശ്രീനഗറിലേക്ക് പോകാൻ നിർദ്ദേശം നൽകി. ജമ്മുവിലെത്തിയ വി.പി മേനോൻ രാജാവിനെ കാണുകയും പ്രതിരോധ കമ്മിറ്റിയുടെ തീരുമാനം അറിയിക്കുകയുമായിരുന്നു. കാശ്മീർ ഒരു സ്വതന്ത്ര്യ ദേശമായി തുടരുന്നതിനാൽ ഇന്ത്യയ്ക്ക് സൈന്യത്തെ അയയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന കാര്യമാണ് വി.പി മേനോൻ അറിയിച്ചത്. അന്നത്തെ സാഹചര്യത്തിൽ കാശ്മീർ രാജാവിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലായിരുന്നു. ഇന്ത്യയുടെ തീരുമാനം അറിയിച്ച ഉടൻ ഇന്ത്യയിൽ ചേരാനുള്ള താൽപര്യം ഹരിസിങ് അറിയിക്കുകയായിരുന്നുവെന്ന് വി.പി മേനോൻ പിന്നീട് എഴുതി. ഇന്ത്യയിൽ ചേരാനുള്ള കരാറും ഹരിസിംഗിന്റെ കത്തുമായാണ് വി.പി മേനോൻ ഡൽഹിയിലേക്ക് തിരിച്ചത്.

ക്രമസമാധാന നില ഭദ്രമായതിന് ശേഷം ജനഹിത പരിശോധന നടത്തി മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം എടുക്കേണ്ടതുള്ളൂവെന്ന കാര്യത്തിലും തീരുമാനമായി. എന്നാൽ ജനഹിത പരിശോധന നടന്നില്ല. കാശ്മീരിനുള്ള പ്രത്യേക അധികാരം നിലനിന്നത് അങ്ങനെയാണ്. ഇതാണ് ബിജെപി എടുത്തു മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP