Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി പിന്മാറിയപ്പോൾ ആർപ്പോ ആർത്തവം പരിപാടിയിൽ താരപരിവേഷവുമായി ബിന്ദുവും കനകദുർഗ്ഗയും; മറൈൻ ഡ്രൈവിൽ ഇരുവർക്കും ആർപ്പുവിളികളോടെ ഉജ്ജ്വല സ്വീകരണം; പൊലീസ് സംരക്ഷണമല്ല..പൊതുസമൂഹത്തിന്റെ സംരക്ഷണമാണ് പ്രതീക്ഷിക്കുന്നതെന്ന് ബിന്ദു; ആത്മാഭിമാനമുള്ള സ്ത്രീകൾ തങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കുമെന്ന് കനകദുർഗ്ഗ; സിപിഎം പ്രതിനിധിയായി പരിപാടിയിൽ എം.എം.ലോറൻസും

മുഖ്യമന്ത്രി പിന്മാറിയപ്പോൾ ആർപ്പോ ആർത്തവം പരിപാടിയിൽ താരപരിവേഷവുമായി ബിന്ദുവും കനകദുർഗ്ഗയും; മറൈൻ ഡ്രൈവിൽ ഇരുവർക്കും ആർപ്പുവിളികളോടെ ഉജ്ജ്വല സ്വീകരണം; പൊലീസ് സംരക്ഷണമല്ല..പൊതുസമൂഹത്തിന്റെ സംരക്ഷണമാണ് പ്രതീക്ഷിക്കുന്നതെന്ന് ബിന്ദു; ആത്മാഭിമാനമുള്ള സ്ത്രീകൾ തങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കുമെന്ന് കനകദുർഗ്ഗ; സിപിഎം പ്രതിനിധിയായി പരിപാടിയിൽ എം.എം.ലോറൻസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ ആർപ്പോ ആർത്തവം പരിപാടിയിൽ നിന്നും മുഖ്യമന്ത്രി പിന്മാറിയതിന് പിന്നാലെ ശബരിമല കയറിയ ആദ്യ യുവതികളായ ബിന്ദുവിനും കനകദുർഗ്ഗയ്ക്കും ഉജ്ജ്വല സ്വീകരണം. ആർത്തവം അശുദ്ധമല്ല എന്ന ക്യാമ്പെയിനുമായാണ് സംഘാടകർ പരിപാടി നടത്തിയത്. നാടൻ പാട്ടും മേളവുമായി പുരോഗമിക്കുന്നതിനിടെയാണ് ബിന്ദുവും കനകദുർഗ്ഗയും വേദിയിലെത്തിയത്. ഇരുവർക്കും ആർപ്പ് വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

ഇത് തനിക്ക് വളരെ സന്തോഷമുള്ള മുഹൂർത്തമാണെന്ന് ബിന്ദു പറഞ്ഞു.'ഞാനും കനകദുർഗ്ഗയും ഞങ്ങൾ രണ്ടുപേരും മാത്രമായി എന്തെങ്കിലും ചെയ്തതായി കരുതുന്നില്ല. ഇവിടെ നിൽക്കുന്ന നിങ്ങൾ ഓരോരുത്തരും നൽകുന്ന ധൈര്യമാണ് ഇതിന് പിന്നിലുള്ളത്. ആദ്യഘട്ടം മുതൽ നമ്മൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. പൊതുസമൂഹത്തിന്റെ സംരക്ഷണമാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പുരോഗമന സമൂഹങ്ങളുടെ പിന്തുണയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.. ഏതെങ്കിലും പാർട്ടിയുടെ പ്രസ്ഥാനത്തിന്റെയോ ഭാഗമാകാനില്ല..'ബിന്ദു പറഞ്ഞു.

'ജനാധിപത്യ മൂല്യങ്ങൾ അല്ലെങ്കിൽ നന്മകളെ നെഞ്ചോട് ചേർക്കുന്ന കൂട്ടായ്മകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ആത്മാഭിമാനമുള്ള സ്ത്രീകളും, യുവതികളും ഞങ്ങളുടെ ഉദ്ദേശ്യശുദ്ധിമനസ്സിലാക്കുമെന്നാണ് ശുഭാപ്തി വിശ്വാസം, കനകദുർഗ്ഗ പറഞ്ഞു. സമത്വം, തുല്യനീതി എന്ന ആശയത്തിന് ഇരുവരും ഐക്യദാർഢ്യം അർപ്പിച്ചു. വിവിധ മാധ്യമങ്ങൾ ഇരുവരുടെയും പ്രതികരണം എടുക്കാനും തിരക്കുകൂട്ടുന്നുണ്ടായിരുന്നു. സിപിഎം നേതാവ് എം.എം.ലോറൻസിന്റെ സാന്നിധ്യം ശ്രദ്ധേയമായി. രഹ്ന ഫാത്തിമ, ദിയ സന തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ആർപ്പോ ആർത്തവം എന്ന പരിപാടിയുടെ സംഘാടകർ പഴയ ചുംബന സമരക്കാരും കുറച്ച് സാംസ്‌കാരിക നായകന്മാരുമാണെന്ന് അഡ്വ. ജയശങ്കർ ഉൾപ്പടെയുള്ളവർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഇന്ന് പൊലീസ് റിപ്പോർട്ട് വന്നതോടെയാണ് മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.

ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന പ്രഖ്യാപനവുമായി 'ആർപ്പോ ആർത്തവം' പരിപാടിക്ക് കൊച്ചി മറൈൻഡ്രൈവിലാണ് തുടക്കം കുറിച്ചത്. ശബരിമലയിൽ ദർശനം നടത്തിയ ട്രാൻസ്ജെൻഡറുകളായ രഞ്ജുമോൾ മോഹൻ, അനന്യ അലക്സ്, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചത്. 'ആർത്തവം: വിശ്വാസം-ഭരണഘടന', 'ആർത്തവം: സമൂഹം-അനുഭവം' വിഷയങ്ങളിൽ ഡോ.രേഖ രാജ്, ദയ ഗായത്രി, പി.സി. ഉണ്ണിച്ചെക്കൻ, ധ്യാൻ, ആർ.ബി. ശ്രീകുമാർ, തങ്കമ്മ, മൈത്രേയൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചിരുന്നു.

പരിപാടിയിൽ 12 മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ പരിപാടിയുടെ സംഘാടകർ തീവ്രസ്വഭാവക്കാരാണെന്ന് കൊച്ചി റേഞ്ച് ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തീരുമാനം മാറ്റിയത്. അതേസമയം, ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരടക്കം ആയിരങ്ങൾ ആർത്തവ റാലിയിൽ അണിനിരക്കുമെന്നാണ് സംഘാടകർ അവകാശപ്പെട്ടത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നവംബർ 25ന് ആർപ്പോ ആർത്തവത്തിന്റെ കൊടിയേറ്റം നടന്നിരുന്നു. ഒരു പകൽ നീണ്ട പൊതുപരിപാടിയും റാലിയുമാണ് അന്ന് നടന്നത്.

സവർണ എതിർപ്പിനെ മറികടന്ന് പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് നയിക്കുന്ന മഹാത്മാ അയ്യങ്കാളിയുടെ ചിത്രമാണ് ആർപ്പോ ആർത്തവത്തിന്റെ ലോഗോ.റൈൻഡ്രൈവിലെ ഹെലിപാഡ് മൈതാനത്താണ് ആർപ്പോ ആർത്തവം നടക്കുന്നത്. ആർത്തവ അയിത്തത്തിന് എതിരെ കേരള സംസ്ഥാനം നിയമം പാസാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രചാരണം രാജ്യവ്യാപകമായ ശ്രദ്ധ നേടിയതാണ്.ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് തമിഴ്‌നാട്ടിൽ പ്രചാരണം നടത്തുന്ന ദി കാസ്റ്റ്‌ലസ് കളക്ടീവ്, കോവൻ സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്‌ക്കാരങ്ങളാണ് രണ്ടു ദിവസങ്ങളായി നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP