Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധിക ദൂരം നടക്കാത്തത് ശാരീരിക അവശതകൾ കാരണമെന്ന് വിലയിരുത്തൽ; അടുത്തടുത്തുള്ള രണ്ട് മയക്കു വെടികൾ കൊമ്പനെ ബാധിച്ചു; കോതയ്യാർ ഡാമിന് അടുത്ത് ചുറ്റി തിരിഞ്ഞ് അരിക്കൊമ്പൻ; ആരോഗ്യം വീണ്ടെടുത്ത് നടത്തം തുടങ്ങിയാൽ നെയ്യാറിൽ എത്താൻ സാധ്യതകൾ ഏറെ; അതിരുവിട്ട ഉത്സാഹം കൊമ്പന് വിനയായോ?

അധിക ദൂരം നടക്കാത്തത് ശാരീരിക അവശതകൾ കാരണമെന്ന് വിലയിരുത്തൽ; അടുത്തടുത്തുള്ള രണ്ട് മയക്കു വെടികൾ കൊമ്പനെ ബാധിച്ചു; കോതയ്യാർ ഡാമിന് അടുത്ത് ചുറ്റി തിരിഞ്ഞ് അരിക്കൊമ്പൻ; ആരോഗ്യം വീണ്ടെടുത്ത് നടത്തം തുടങ്ങിയാൽ നെയ്യാറിൽ എത്താൻ സാധ്യതകൾ ഏറെ; അതിരുവിട്ട ഉത്സാഹം കൊമ്പന് വിനയായോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമിഴ്‌നാട്-കേരള അതിർത്തിയോടു ചേർന്നുള്ള കോതയ്യാർ ഡാമിനടുത്തു ചുറ്റിപ്പറ്റി അരിക്കൊമ്പൻ. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചു. ഇടുക്കിയെയും തമിഴ്‌നാടിനെയും വിറപ്പിച്ച അരിക്കൊമ്പനെ തമിഴ്‌നാട് തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ടത് തമിഴ്‌നാട് വനം വകുപ്പാണ്. അരിക്കൊമ്പൻ ഇപ്പോൾ അധികദൂരം സഞ്ചരിക്കാറില്ലെങ്കിലും നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. തുമ്പിക്കൈയിലെ പരിക്ക് ഗുരുതരമാണെന്ന ആശങ്ക സജീവമാണ്.

ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. അപ്പർ കോതയ്യാർ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്. കോതയ്യാർ ഡാമിനു സമീപത്തു നിന്നു നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ അതിവേഗത്തിൽ ദിവസവും മുപ്പതു കിലോമീറ്റർ സഞ്ചരിക്കുന്ന ആനയാണ് അരിക്കൊമ്പൻ. അതുകൊണ്ട് തന്നെ നെയ്യാറിൽ എത്താനുള്ള സാധ്യത ഏറെയാണ്. അതിനിടെ ചുരുക്കം കിലോമീറ്ററിലൂടെ തന്നെ കേരള അതിർത്തിയിൽ കടക്കാൻ ആനയ്ക്ക് കഴിയുമെന്ന വിലയിരുത്തലുമുണ്ട്. തുടർച്ചയായ രണ്ട് മയക്കു വെടികൾ അരിക്കൊമ്പനെ തളത്തിയെന്ന വിലയിരുത്തലുമുണ്ട്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പ്രദേശങ്ങളിൽ വനം വകുപ്പിന്റെ ജാഗ്രതയുണ്ട്. തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയ്യാർ, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും. അപ്പർ കോതയാറും നെയ്യാർ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 15 കിലോമീറ്റർ മാത്രമാണ്. ചെങ്കുത്തായ മലനിരകളും കുത്തിറക്കങ്ങളും ഉള്ള നിബിഡ വനമേഖല ആയ ഈ പ്രദേശത്ത് കൂടെ അരി കൊമ്പന് സഞ്ചരിച്ചാൽ നെയ്യാർ വന്യജീവി സങ്കേതത്തിലാ തൊട്ടടുത്ത അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിലോ എത്താം. ഇതിനുള്ള കരുത്ത് അരിക്കൊമ്പനുണ്ട്. ആരോഗ്യം വീണ്ടെടുത്ത് ഏത് ദിശയിലേക്ക് നടക്കുമെന്നതാണ് നിർണ്ണായകം.

അരിക്കൊമ്പന് ഇപ്പോഴത്തെ ഗതി വന്നതു മൃഗസ്‌നേഹികളുടെയും സംഘടനകളുടെയും അതിരുവിട്ട ഉത്സാഹം മൂലമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. അരിക്കൊമ്പനെ സംരക്ഷിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. അതിനായി ശ്രമിക്കുന്നതിനിടെ മൃഗസ്‌നേഹികൾ കോടതിയെ സമീപിച്ചു. പിന്നാലെ കർഷകരുടെ സംഘടനകളും കോടതിയിലെത്തി. ഇടപെടലുകൾ പരിധിവിട്ടതോടെയാണ് അരിക്കൊമ്പനെ മറ്റൊരു കാട്ടിലേക്കു മാറ്റേണ്ടിവന്നതെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാടിന് തലവേദനയായി ആ തീരുമാനം മാറി. അങ്ങനെ വീണ്ടും മയക്കു വെടി വച്ചു. കുങ്കിയാനയാക്കാൻ തമിഴ്‌നാടും മെനക്കെട്ടില്ല. അവരും അരിക്കൊമ്പനെ കാട്ടിലേക്ക് തന്നെ അയച്ചു.

കലക്കാനം മുണ്ടൻ തുറൈ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലും അരി കൊമ്പന് നിഷ്പ്രയാസം കടക്കാനാകും. തോട്ടം മേഖലയും അതുപോലെ ജനവാസ കേന്ദ്രവും ഇവിടെ കൂടുതലാണ്. അരി കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിക്കുന്ന കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്‌നാട് വനം വകുപ്പുമായും ആശയ വിനിമയം നടത്തുന്നുണ്ട്. മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്ന് കാരയാറും ക്ടാവെട്ടിപ്പാറയും പേയാറും പാണ്ടിപ്പത്തും, കല്ലാർബോണക്കാടും താണ്ടി വിതുരയിലെത്താനും അധിക സമയം വേണ്ടന്നാണ് വനം വകുപ്പ് അനുമാനം..

കേരളതമിഴ്‌നാട് അതിർത്തി പ്രദേശമായ ആനനിരത്തിയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിർത്തികടക്കൽ. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസമേഖലയുമാണ്. നെയ്യാർ വനമേഖലയുടെ ഒരു ഭാഗത്തും ജനവാസമേഖലകൾ കൂടുതലാണ്. ആനനിരത്തിയിലെ റബർ തോട്ടങ്ങൾ വൻതോതിൽ മുറിച്ചതിനാൽ ഇവിടം കാടിനു സമാനമാണ്.

മുണ്ടൻതുറൈ കടുവ സങ്കേതം അഗസ്ത്യമല ബയോളജിക്കൽ റിസർവിന്റെ ഭാഗം കൂടിയാണ്. ഉൾവനത്തിൽ തുറന്നു വിട്ടാലും ജനവാസമേഖലയിലേക്ക് കാട്ടാന വരുമെന്ന് തെളിഞ്ഞതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ തന്നെ സ്ഥിരീകരിക്കുമ്പോൾ അരിക്കൊമ്പൻ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാനുള്ള സാധ്യതകളും കൂടുതലാണ്. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും. ഒരു ദിവസം 40 മുതൽ 100 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകും കാട്ടാനകൾക്ക്. കാട്ടാക്കടയ്ക്കു സമീപം കുറ്റിച്ചൽ പഞ്ചായത്തിൽപ്പെട്ട പരുത്തിപ്പള്ളി റേഞ്ചിൽ അരിക്കൊമ്പൻ എത്താനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നു.

അഗസ്ത്യാർ വനമേഖല ഭാഗത്ത് ചെങ്കുത്തായ പ്രദേശങ്ങളുള്ളതിനാൽ ഇതു വഴി നെയ്യാറിലെത്താൻ അരിക്കൊമ്പന് ബുദ്ധിമുട്ടുകളേറെയായിരിക്കുമെന്നും ചില വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, നാഗർകോവിൽ മേഖലയിലെ മലനിരകൾക്ക് അധികം ഉയരമില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP