Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

കണ്ണൂരിലെ പ്രതിഷേധങ്ങളിൽ ഗവർണർ കട്ടക്കലിപ്പിൽ; സിപിഎം ആസൂത്രണം ചെയ്തു കുടുക്കിയെന്ന് വികാരത്തിൽ ആരിഫ് മുഹമ്മദ് ഖാൻ; കണ്ണൂരിലെ പ്രതിഷേധങ്ങളിലെ അതൃപ്തി അറിയിച്ചത് ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി; തന്നെ അപമാനിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യം; അഞ്ച് പ്രോട്ടോക്കോൾ ലംഘനങ്ങളും ചൂണ്ടിക്കാട്ടി രാജ്ഭവൻ; പതിവു തെറ്റിച്ചു മാധ്യമപ്രവർത്തകരെ രാജ്ഭവനിലേക്ക് ക്ഷണിച്ചു എല്ലാചാനലുകൾക്കും അഭിമുഖം നൽകി ആരിഫ് മുഹമ്മദ് ഖാൻ: കേരളത്തിൽ ഇപ്പോൾ ശരിക്കും ബംഗാൾ മോഡൽ

കണ്ണൂരിലെ പ്രതിഷേധങ്ങളിൽ ഗവർണർ കട്ടക്കലിപ്പിൽ; സിപിഎം ആസൂത്രണം ചെയ്തു കുടുക്കിയെന്ന് വികാരത്തിൽ ആരിഫ് മുഹമ്മദ് ഖാൻ; കണ്ണൂരിലെ പ്രതിഷേധങ്ങളിലെ അതൃപ്തി അറിയിച്ചത് ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി; തന്നെ അപമാനിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യം; അഞ്ച് പ്രോട്ടോക്കോൾ ലംഘനങ്ങളും ചൂണ്ടിക്കാട്ടി രാജ്ഭവൻ; പതിവു തെറ്റിച്ചു മാധ്യമപ്രവർത്തകരെ രാജ്ഭവനിലേക്ക് ക്ഷണിച്ചു എല്ലാചാനലുകൾക്കും അഭിമുഖം നൽകി ആരിഫ് മുഹമ്മദ് ഖാൻ: കേരളത്തിൽ ഇപ്പോൾ ശരിക്കും ബംഗാൾ മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറച്ചു കാലം മുമ്പ് കേരളത്തിലെ സിപിഎമ്മുകാർ ഉദാഹരണമായി ചൂണ്ടുക്കാട്ടാറുണ്ടായിരുന്നത് ബംഗാൾ മോഡലിനെ കുറിച്ചായിരുന്നു. അന്ന് പാർട്ടി ബംഗാളിൽ തുടർച്ചയായി ഭരണം നേടുന്ന സുവർണ കാലമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. മമത ബാനർജിയാണ് ഇന്ന് ബംഗാളിന്റെ എല്ലാം. കേന്ദ്രസർക്കാറിനോടുള്ള എതിർപ്പു കൊണ്ട് ബംഗാൾ ഗവർണറോട് കട്ടക്കലിപ്പിലാണ് മമത ബാനർജി. എന്തായാലും പൗരത്വ ഭേദഗതി നിയമത്തിലെ അഭിപ്രായത്തിന്റെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി തർക്കം ഉടലെടുത്തതോടെ കേരളവും ഏതാണ്ട് ബംഗാൾ മോഡലിലായി. സിപിഎം കോട്ടയായ കണ്ണൂരിൽ വെച്ച് തനിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിൽ കട്ടക്കലിപ്പിലാണ് ആരിഫ് മുഹമ്മദ് ഖാൻ. സിപിഎം അനുഭാവികളായ പ്രതിനിധികളിൽ നിന്നാണ് എതിർപ്പുണ്ടായത് എന്നതിനാൽ സർക്കാറിനെതിരെ ഈ വിഷയത്തിൽ കടുത്ത എതിർപ്പും അദ്ദേഹം രേഖപ്പെടുത്തുന്നു.

കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന കർശന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്റലിജൻസിന്റെയും കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെയും റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗവർണർ എന്ന നിലയിൽ തന്റെ അധികാരം മുഴുവൻ ഉപയോഗിക്കാൻ തന്നെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. അതേസമയം, പദവിയുടെ പരിമിതി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഗവർണർ രാജിവച്ചു പൂർണസമയ രാഷ്ട്രീയപ്രവർത്തനം നടത്തട്ടെയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചതോടെ പ്രശ്‌നം കൂടുതൽ വഷളായി.

കോടിയേരിയുടെ പ്രസ്താവനക്കെതിരെ അതേ നാണയത്തിലാണ് അദ്ദേഹം മറുപടി നൽകയും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാട് മാറ്റിയാൽ പദവിയിൽ തുടരില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പാർലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. കേരള നിയമസഭ പാസാക്കുന്ന നിയമങ്ങളെയും പ്രതിരോധിക്കും.നിയമത്തോട് യോജിപ്പില്ലെങ്കിൽ പദവിയിൽ നിന്ന് രാജി വയ്ക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിരുത്തരവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു

ഇതോടെ, ബംഗാളിലെന്ന പോലെ കേരളത്തിലും ഗവർണറും ഭരണകക്ഷിയും തമ്മിൽ പോരാട്ടമായി. കണ്ണൂരിലെ പ്രതിഷേധങ്ങളിലുള്ള അതൃപ്തി ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി ഗവർണർ അറിയിച്ചു. കർശന നടപടിയും ആവശ്യപ്പെട്ടു. ഡിജിപിയോടും അദ്ദേഹം റിപ്പോർട്ട് തേടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആരുമായി പരസ്യസംവാദത്തിന് തയ്യാറാണെന്ന നിലപാടിലാണ് ഗവർണർ. തുടർച്ചയായി പ്രതിഷേധം പ്രകടിപ്പിച്ചതല്ലാതെ ഇതുവരെ ആരും ചർച്ചയ്ക്ക് വന്നില്ല.വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിന്ന് എല്ലാവരും പിൻവാങ്ങണം. പ്രതിഷേധക്കാർ വ്യവസ്ഥിതിയിലും ഭരണഘടനയിലും വിശ്വസിക്കണമെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

നിയമത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പാർട്ടികളുടെ രാഷ്ട്രീയ അജൻഡയുമായി ഇതിന് ബന്ധമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതിലും മോശം പെരുമാറ്റം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ടെന്നും കണ്ണൂരിലെ പ്രതിഷേധത്തെ സൂചിപ്പിച്ച് ഗവർണർ പറഞ്ഞു. തനിക്ക് ഒപ്പമുള്ളവരെ കയ്യേറ്റം ചെയ്ത് ചരിത്രകാരൻ ഇർഫാൻ ഹബീബ് സംഘർഷമുണ്ടാക്കി. ഗവർണറുടെ എഡിസിയുടെ ബാഡ്ജ് വലിച്ചുതാഴെയിട്ടു.അലിഗഡിൽ പഠിക്കുന്ന കാലം മുതൽ ഇർഫാൻ ഹബീബിന്റെ സ്വഭാവം ഇതാണ്. കണ്ണൂരിൽ ഉണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം വൈസ് ചാൻസലർക്കാണ്. ഇതിന് മുമ്പും മൂന്നു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ല. അഭിപ്രായ വ്യത്യാസം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അതിൽ തനിക്ക് എതിർപ്പില്ലെന്നും ഗവർണർ വ്യക്തമാക്കി.

ഇന്നലെ പതിവിന് വിപരീതമായി എല്ലാ മലയാളം ചാനലുകളെയും വിളിച്ചു വരുത്തി അദ്ദേഹം അഭിമുഖവും നൽകിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്. ഇത് മറ്റ് ഗവർണർമാരുടെ ശൈലിയിൽ നിന്നും വ്യത്യസ്തമാണ് താനും. പ്രസംഗകരുടെ പട്ടികയിൽ പ്രഫ. ഇർഫാൻ ഹബീബിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നു എന്നുമാണ് വൈസ് ചാൻലർ പറയുന്നത്. സ്ഥാനമൊഴിയുന്ന അധ്യക്ഷനിൽനിന്നു പുതിയ അധ്യക്ഷൻ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രോട്ടോക്കോൾ പാലിക്കാതെ രണ്ടു ചരിത്രാധ്യാപകർ വേദിയിലേക്കു കയറി. ഇതു ഗവർണറുടെ ഓഫിസിനെ അറിയിച്ചിരുന്നില്ല. ഗവർണറുടെ ഓഫിസ് വിശദീകരണം ചോദിച്ചിട്ടില്ല, വിഡിയോ ആവശ്യപ്പെടുക മാത്രമാണു ചെയ്തത്.

അതേസമയം മിനിറ്റ് തിരിച്ചുള്ള കാര്യപരിപാടി ഗവർണറുടെ ഓഫിസിനെ അറിയിച്ചു. കെ.സുധാകരൻ എംപിയും മേയർ സുമ ബാലകൃഷ്ണനും പങ്കെടുക്കില്ലെന്ന് അറിയിച്ചപ്പോൾ ഗവർണറുടെ ഓഫിസിന്റെ അനുമതിയോടെയാണ് പ്രോ വൈസ് ചാൻസലർ പ്രഫ. പി.ടി. രവീന്ദ്രനെയും സിൻഡിക്കറ്റ് അംഗം ഡോ. ജോൺ ജോസഫിനെയും വേദിയിലിരുത്തിയത്. ഹിസ്റ്ററി കോൺഗ്രസിന്റെ കീഴ്‌വഴക്ക പ്രകാരമുള്ള വേദി ക്രമീകരണം പോലും ഗവർണറുടെ ഓഫിസിന്റെ നിർദ്ദേശപ്രകാരം മാറ്റിയെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.

അതേസമയം രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നത് അഞ്ച് പ്രോട്ടോക്കോൾ ലംഘനങ്ങളാണ്. ഗവർണറുടെ പരിപാടിക്ക് ഒരു മണിക്കൂറാണ് അനുവദിക്കാറുള്ളത്. സംഘാടകർ അഭ്യർത്ഥിച്ചതിനാൽ ഒന്നേകാൽ മണിക്കൂർ നൽകി. എന്നാൽ, ഗവർണറെ പ്രസംഗിക്കാൻ വിളിച്ചത് ഒന്നര മണിക്കൂറിനു ശേഷമാണ് എന്നതാണ് ഒന്ന്. പ്രോട്ടോക്കോൾ പ്രകാരം ഗവർണറുടെ പ്രസംഗം അവസാനം. ഇവിടെ ആദ്യമേ ക്ഷണിച്ചു. മൈക്കിനടുത്തെത്തിയ അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു എന്നതാണ് രണ്ടാമത്തെ ലംഘനം.

പ്രൊഫ.ഇർഫാൻ ഹബീബ് അനുമതിയില്ലാതെ പ്രസംഗിച്ചു. ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി മഹാലക്ഷ്മി രാമകൃഷ്ണൻ സദസ്സിൽനിന്നു 2 പേരെ വേദിയിലേക്കു വിളിച്ചുവരുത്തി പ്രസംഗിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. ഇർഫാൻ ഹബീബ് ഗവർണറെ തടസ്സപ്പെടുത്താനെത്തിയതു സുരക്ഷാവീഴ്ച. തടഞ്ഞ എഡിസിയെ തള്ളിമാറ്റി. അദ്ദേഹത്തിന്റെ യൂണിഫോമിലെ ഓഗ്ലൈറ്റ് ഊരിവീണു. സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഇർഫാൻ ഹബീബിനെ വേദിയിൽനിന്നു മാറ്റിയില്ല. മഹാലക്ഷ്മിയും ഗവർണർക്കെതിരെ ആക്രോശിച്ചവെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു. സദസ്സിന്റെ മുൻനിരയിലുള്ളവർ വരെ പ്രതിഷേധ പ്ലക്കാർഡ് ഉയർത്തിയത് ഇന്റലിജൻസ് വീഴ്‌ച്ചയായും ആരിഫ് മുഹമ്മദ് ഖാൻപറയുന്നു.

ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരിൽ നടന്ന അഖിലേന്ത്യ ചരിത്ര കോൺഗ്രസ് സമ്മേളന ഉദ്ഘാടനവേദിയിൽ വച്ചായിരുന്നു പ്രതിഷേധം. ഗവർണറും ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും പരസ്പരം പോരടിച്ചത്. ഇതേത്തുടർന്ന് നാടകീയരംഗങ്ങൾ അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക് ഉദ്ഘാടന പ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു. ഗവർണറെ കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ വേദിയിലിരുത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി പ്രതിനിധികൾ എഴുനേൽക്കുകയായിരുന്നു.

സമ്മേളന പ്രതിനിധികളും സദസ്സിൽ പ്രതിഷേധമുയർത്തി. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരനും ചരിത്ര കോൺഗ്രസിന്റെ സ്ഥാനമൊഴിയുന്ന അധ്യക്ഷനുമായ പ്രഫ. ഇർഫാൻ ഹബീബും ഗവർണറും തമ്മിൽ അൽപനേരം വാഗ്വാദവുമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ് നീക്കംചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ സമ്മേളന പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ജനപ്രതിനിധികൾ തടഞ്ഞു.

ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിലൂടെ ആരോപിച്ചു. സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവർണറുടെ ട്വീറ്റ്. ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. 80 ാം സമ്മേളന ഉദ്ഘാടനത്തിൽ പ്രസംഗിക്കുന്നതിനിടെ ഇർഫാൻ ഹബീബ് പൗരത്വഭേദഗതിയെക്കുറിച്ച് ചില കാര്യങ്ങൾ ഉന്നയിച്ചു. എന്നാൽ, ഗവർണർ ഇതിന് മറുപടി പറഞ്ഞപ്പോൾ, ഇർഫാൻ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാൻ ശ്രമിച്ചു. വീഡിയോയിൽ ഇത് വ്യക്തമാണെന്നും ഗവർണറുടെ ട്വീറ്റിൽ പറയുന്നു.

ഗവർണറുടെ പ്രസ്താവനകൾ ചോദ്യം ചെയ്ത് പ്രസംഗം തടസ്സപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുൾ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോൾ ഗോഡ്സയെ കുറിച്ച് പറയണമെന്ന് അദ്ദേഹം ശബ്ദം ഉയർത്തി പറഞ്ഞു. ഗവർണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എഡിഎസിനേയും തള്ളിമാറ്റി. അവർ പിന്നീട് ഇർഫാൻ ഹിബീബിനെ തടഞ്ഞു.ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയിൽ മുൻ പ്രഭാഷകർ ഉന്നയിച്ച കാര്യങ്ങളോട് താൻ പ്രതികരിച്ചുവെന്നും ഗവർണർ പറഞ്ഞു. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്റിറിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP