Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജർമനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കുമോ? പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ നിയമസഭയുടെ നടപടി പൊതുപണം പാഴാക്കൽ; പൗരത്വ നിയമ ഭേദഗതി കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോ? കേരളത്തിന് ഈ നിയമം കൊണ്ട് ഒരു പ്രശ്നവുമില്ല; സർക്കാറിനെ പരിഹസിച്ചു കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; പ്രമേയത്തെ വിമർശിച്ച കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘന നോട്ടീസ്

ജർമനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കുമോ? പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ നിയമസഭയുടെ നടപടി പൊതുപണം പാഴാക്കൽ; പൗരത്വ നിയമ ഭേദഗതി കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോ? കേരളത്തിന് ഈ നിയമം കൊണ്ട് ഒരു പ്രശ്നവുമില്ല; സർക്കാറിനെ പരിഹസിച്ചു കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; പ്രമേയത്തെ വിമർശിച്ച കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘന നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൗരത്വ നിയമഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയതിനെ വീണ്ടും വിമർശിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻവീണ്ടും രംഗത്ത്. ഈ വിഷയത്തിൽ ഗവർണറും സർക്കാരു തമ്മിലുള്ള പോര് തുടരുകയാണ്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ നിയമസഭയുടെ നടപടി പൊതുപണം പാഴാക്കലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. ജർമനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നാവശ്യപ്പെട്ടു കേരള നിയമസഭ പ്രമയേം പാസാക്കുമോയെന്ന് ഗവർണർ പരിഹാസ രൂപേണ ചോദിച്ചു.

പൗരത്വം യൂണിയൻ ലിസ്റ്റിൽ പറയുന്ന കാര്യമാണ്. അതിൽ സംസ്ഥാന സർക്കാരിന് ഒരു കാര്യവുമില്ല. പിന്നെ എന്തിനാണ് അതിനു വേണ്ടി സമയം ചെലവഴിക്കുന്നത്? ഗവർണർ ചോദിച്ചു. ജനങ്ങളുടെ പണം പാഴാക്കലാണ് നിയമസഭയുടെ നടപടി. ജനക്ഷേമത്തിനു വേണ്ടി ചെലവഴിക്കേണ്ട പണമാണിത്. പ്രമേയം ചട്ടത്തിന് അനുസരിച്ചാണെന്ന് നിയമ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, നിയമ വിരുദ്ധം ആണെന്നു താൻ പറയുന്നില്ലെന്ന് ഗവർണർ പ്രതികരിച്ചു. പ്രമേയം പാസാക്കുന്നത് നിയമസഭയുടെ അവകാശം ആയിരിക്കാം. കൈയിലുള്ള വരുന്ന പണം എറിഞ്ഞുകളയുന്നത് ഒരാളുടെ അവകാശമാണ്. അതുകൊണ്ടു വല്ല കാര്യവുമുണ്ടോയെന്ന് ഗവർണർ ചോദിച്ചു.

അമേരിക്ക അഫ്ഗാനിസ്ഥാൻ ആക്രമിക്കണം എന്നു പറഞ്ഞ് നിയമസഭ പ്രമേയം പാസാക്കുമോ? ജർമനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നു പറഞ്ഞു പ്രമേയം പാസാക്കുന്നതു പോലെയാണ് പൗരത്വ നിയമ ഭേദഗതിയിൽ കേരള നിയമസഭയുടെ പ്രമേയമെന്ന് ഗവർണർ പരിഹസിച്ചു. പൗരത്വ നിയമ ഭേദഗതി കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോ? കേരളത്തിന് ഈ നിയമം കൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് ഗവർണർ ആവർത്തിച്ചു. വിവര ശേഖരണത്തിൽ സർക്കാരിനോട് സഹകരിക്കരുതെന്ന് ചരിത്ര കോൺഗ്രസ് സർക്കാരിനോട് ശുപാർശ ചെയ്തു. വിവരങ്ങൾ കൈമാറരുതെന്നു പറഞ്ഞു. ഇത് കുറ്റകൃത്യമാണെന്ന് ഗവർണർ ആരോപിച്ചു.

അതിനിടെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് ഈ വിഷയത്തിൽ നോട്ടീസും നൽകി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ വിമർശിച്ചത് ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് നോട്ടീസ്. കെസി ജോസഫാണ് അവകാശ ലംഘന നോട്ടീസ് സ്പീക്കർക്ക് നൽകിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഈ നീക്കത്തെ വിമർശിച്ച് രവിശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച നിയമോപദേശം തേടുന്നത് നന്നായിരിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഭരണഘടന പ്രകാരം പൗരത്വ നിയമം കേന്ദ്ര പട്ടികയിൽ പെടുന്നതാണ്. അതിൽ സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമില്ല. നിയമസഭയിൽ ബിജെപി എംഎൽഎ സ്വീകരിച്ചത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നിലപാടാണ്. ഒരു സംസ്ഥാനം അംഗീകരിക്കുന്ന നിയമം മറ്റൊരു സംസ്ഥാനം അംഗീകരിക്കില്ലെന്ന് പറഞ്ഞാൽ സ്ഥിതി എന്താകുമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സർക്കാർ പ്രമേയമായിട്ടായിരുന്നു അവതരണം. കോൺഗ്രസ് എംഎൽഎ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതേ വിഷയത്തിൽ സർക്കാർ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാൽ അനുമതി നൽകിയില്ല. ബിജെപി എംഎൽഎ ഒ രാജഗോപാൽ ഒഴികെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.

അതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മും രംഗത്തെത്തി. ഗവർണർ ബിജെപി സംസ്ഥാന അധ്യക്ഷൻ കളിക്കുകയാണ്. സകല പരിധികളും ലംഘിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഗവർണറുടെ രാഷ്ട്രീയക്കളി ഇവിടെ നടക്കില്ലെന്നും സിപിഎം വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗവർണർക്കെതിരെ വിമർശനം രേഖപ്പെടുത്തിയത്. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജൽപ്പന്നങ്ങളാണ് സംസ്ഥാന ഗവർണർ നടത്തുന്നത്. ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ഗവർണർ ചൂണ്ടിക്കാട്ടണം. ഏത് നിയമത്തിന്റെ പിൻബലത്തിലാണ് അദ്ദേഹം നിയമസഭ നടപടിയെ വിമർശിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.

എന്നാൽ തന്നെ വിമർശിക്കുന്നവർ ഭരണഘടന വായിക്കണമെന്ന് ഗവർണർ വ്യക്തമാക്കി. താൻ ചെയ്യുന്നത് ഉത്തരവാദിത്വമാണെന്നും എം ജി സർവകലാശാല സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഗവർണർക്കെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് സിപിഎം വിമർശനം ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന്റെ ഔന്നത്യം മാനിച്ച് കൊണ്ടാകണം ഗവർണർ അഭിപ്രായം പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗവർണർ പദവിക്ക് അതിന്റേതായ ഉയർച്ചയും മാന്യതയുമുണ്ട്. അതൊരു രാഷ്ട്രീയ പദവിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP