Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഉടക്ക് ശക്തമാകുമ്പോഴും തദ്ദേശ വാർഡ് വിഭജനത്തിൽ ഹൈക്കോടതിയിൽ ഗവർണറോട് യോജിച്ച് സർക്കാർ; സെൻസസ് നടക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുകളുടെയും വിഭജനം നടത്താനാവില്ലെന്നു സർക്കാർ കോടതിയെ ബോധിപ്പിച്ചു; ഗവർണറെ തിരിച്ചു വിളിക്കാൻ പ്രമേയം പാസാക്കണം എന്ന ആവശ്യം ചെന്നിത്തലയുടെ ആവശ്യം ഇരുതല മൂർച്ഛയുള്ള വാളെന്ന് മനസ്സിലാക്കി അതിൽ കൊത്താതെ ഭരണപക്ഷം

ഉടക്ക് ശക്തമാകുമ്പോഴും തദ്ദേശ വാർഡ് വിഭജനത്തിൽ ഹൈക്കോടതിയിൽ ഗവർണറോട് യോജിച്ച് സർക്കാർ; സെൻസസ് നടക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുകളുടെയും വിഭജനം നടത്താനാവില്ലെന്നു സർക്കാർ കോടതിയെ ബോധിപ്പിച്ചു; ഗവർണറെ തിരിച്ചു വിളിക്കാൻ പ്രമേയം പാസാക്കണം എന്ന ആവശ്യം ചെന്നിത്തലയുടെ ആവശ്യം ഇരുതല മൂർച്ഛയുള്ള വാളെന്ന് മനസ്സിലാക്കി അതിൽ കൊത്താതെ ഭരണപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്ദ് ഖാനുമായുള്ള തർക്കം മുറുകുമ്പോൾ തന്നെ കോടതിയിൽ അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ച് സംസ്ഥാന സർക്കാർ. വാർഡ് വിഭജനത്തിനു സെൻസസ് തടസ്സമാണെന്നു പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിക്കുന്ന സർക്കാർ തന്നെയാണ് കോടതിയിൽ അദ്ദേഹത്തിന്റെ നിലപാടിനോടു യോജിച്ചു കൊണ്ടു തീരുമാനം അറിയിച്ചത്. സെൻസസ് നടക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുകളുടെയും വിഭജനം നടത്താനാവില്ലെന്നു സർക്കാർ ഏതാനും ദിവസം മുൻപ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്ത് വിഭജിക്കുന്ന കേസിലാണിത്. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച് ജസ്റ്റിസ് അമിത് റാവൽ കേസ് തീർപ്പാക്കുകയും ചെയ്തു.

വാർഡ് വിഭജന ഓർഡിനൻസ് ജനുവരി ഒന്നിനാണ് ഗവർണർക്ക് സർക്കാർ അയച്ചത്. ഓർഡിനൻസിനെ എതിർത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തയച്ചു. 2021ൽ സെൻസസ് നടക്കുന്നതിനാൽ 2019 ഡിസംബർ 31നു ശേഷം പ്രാദേശിക ഘടകങ്ങളുടെ വിഭജനം പാടില്ലെന്ന കേന്ദ്ര നിർദേശമാണു ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. സർക്കാരിനോടു വിശദീകരണം ചോദിച്ച ഗവർണർ, മറുപടിയിൽ തൃപ്തനാകാത്തതിനാൽ ഓർഡിനൻസിൽ ഒപ്പുവച്ചില്ല. നേരിട്ടു കണ്ട മന്ത്രി എ.സി.മൊയ്തീനോടും ഒപ്പുവയ്ക്കാനാവില്ലെന്നു ഗവർണർ വിശദീകരിച്ചു. ഇക്കാര്യത്തിൽ ഗവർണറെ നിശിതമായി വിമർശിച്ച സർക്കാർ, വാർഡ് വിഭജന ബിൽ സഭയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

Stories you may Like

ജനുവരി 7നായിരുന്നു ഹൈക്കോടതിയിലെ കേസ്. ജനസംഖ്യ 45,000 നു മുകളിലുള്ള പഞ്ചായത്തുകളെ വിഭജിക്കണമെന്നാണു നിയമം. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ജനസംഖ്യ 2005ൽ തന്നെ 60000 കടന്നു. പഞ്ചായത്ത് വിഭജനത്തിന് അപ്പോൾ കേസ് ഫയൽ ചെയ്‌തെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതിനാൽ സാധ്യമല്ലെന്നു സർക്കാർ വാദിച്ചു. 2020 ലെ തിരഞ്ഞെടുപ്പിനു മുൻപു വിഭജിക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്. വിധി നടപ്പാക്കാത്തതിനാൽ കേസ് 7നു പരിഗണിച്ചു. ഇതിൽ എന്തു നിലപാടു സ്വീകരിക്കണമെന്നു സർക്കാർ അഭിഭാഷകൻ തദ്ദേശ വകുപ്പിനോട് അഭിപ്രായം തേടി. സെൻസസ് നടക്കുന്നതിനാൽ വിഭജനം സാധ്യമല്ലെന്നാണ് സെക്രട്ടേറിയറ്റിൽ നിന്നു മറുപടി നൽകിയത്.

അതിനിടെ പൗരത്വ വിഷയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരള സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നതയും തർക്കവും രൂക്ഷമാവുന്നതിനിടെ അപ്രതീക്ഷിതമായ നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഗവർണറുടെ നിലപാടുകൾ നിയമസഭയുടെ മഹത്വത്തെത്തെ ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് ഗവർണറെ തിരിച്ച് വിളിക്കണമെന്ന് രാഷ്ട്രപതിയോട് അവശ്യപ്പെടുമെന്ന് വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ സഭ പാസാക്കിയ പ്രമേയത്തെ എതിർത്ത് ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ല. ജനാധിപത്യ സംവിധാനത്തിൽ ഗവർണർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് ശരിയല്ല. ഈ സാഹചര്യത്തിലാണ് പ്രമേയത്തിന് അവതരണാനുമതി തേടി സ്പീക്കർക്ക് നോട്ടീസ് നൽകിയത്. ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കാൻ നിയമ സഭയ്ക്ക് അധികാരമുണ്ട്. 1989 ഫെബ്രുവരി 2 ന് അന്നത്തെ സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണൻ നൽകിയ റൂളിങ്ങിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിക്ക് ഗവർണറെ ഭയമാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം ചെന്നിത്തലയുടെ നീക്കം ഇരുതല മൂർച്ചയുള്ള വാളാണെന്ന് മനസ്സിലാക്കിയ ഭരണപക്ഷ കരുതലോടെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ഗവർണറുമായി അനുരഞ്ജന പാതയിൽ പോകാനാണ് സർക്കാരിന് താൽപ്പര്യം എന്നതിനാൽ അനാവശ്യമായി ഈ വിവാദത്തിന് നിന്നു കൊടുക്കാൻ അദ്ദേഹം തയ്യാറല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ അതൃപ്തനായ ഗവർണർ നേരത്തെ വിശദീകരണം തേടിയിരുന്നു. കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാനത്തിന്റെ തലവനെന്ന നിലയിൽ അനുമതി തേടുകയോ അറിയിക്കുകയോ ചെയ്തില്ലെന്നാണ് ഗവർണറുടെ വാദം. വിശദീകരണം തേടിയ ഗവർണറുടെ നടപടിക്ക് പിന്നാലെ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയിരുന്നെങ്കിലും വിശദീകരണം രേഖാമൂലം നൽകാൻ തയ്യാറായിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP