Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ലഹരി മൂത്ത് ഉടുതുണി പോലുമില്ലാതെ തൊട്ടടുത്ത ഫ്ളാറ്റിൽ താമസിച്ച വീട്ടമ്മയെ കയറിപ്പിടിച്ച തിരക്കഥാകൃത്ത്; പാതിരാവരെ നീളുന്ന ഡിജെ പാർട്ടികളിൽ കഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി സെറ്റിലെത്തുന്ന നടിമാർ; അതിരാവിലെ തന്നെ സംവിധായകനുവേണ്ടി പൊതി തേടി ഇറങ്ങേണ്ടിവരുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ; ലക്ഷങ്ങൾ എണ്ണിവാങ്ങിയിട്ടും 'പ്രകൃതി അനുവദിക്കുന്നില്ലെന്ന് 'പറഞ്ഞ് നിർമ്മാതാവിനെ വട്ടം ചുറ്റിക്കുന്ന നടന്മാർ; ഷെയിൻ നിഗം സംഭവം ഒറ്റപ്പെട്ടതല്ല; ന്യൂജൻ പ്രതിഭകളെ മയക്കുമരുന്ന് വിഴുങ്ങുന്നോ?

ലഹരി മൂത്ത് ഉടുതുണി പോലുമില്ലാതെ തൊട്ടടുത്ത ഫ്ളാറ്റിൽ താമസിച്ച വീട്ടമ്മയെ കയറിപ്പിടിച്ച തിരക്കഥാകൃത്ത്; പാതിരാവരെ നീളുന്ന ഡിജെ പാർട്ടികളിൽ കഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി സെറ്റിലെത്തുന്ന നടിമാർ; അതിരാവിലെ തന്നെ സംവിധായകനുവേണ്ടി പൊതി തേടി ഇറങ്ങേണ്ടിവരുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ; ലക്ഷങ്ങൾ എണ്ണിവാങ്ങിയിട്ടും 'പ്രകൃതി അനുവദിക്കുന്നില്ലെന്ന് 'പറഞ്ഞ് നിർമ്മാതാവിനെ വട്ടം ചുറ്റിക്കുന്ന നടന്മാർ; ഷെയിൻ നിഗം സംഭവം ഒറ്റപ്പെട്ടതല്ല; ന്യൂജൻ പ്രതിഭകളെ  മയക്കുമരുന്ന് വിഴുങ്ങുന്നോ?

എം മാധവദാസ്

കൊച്ചി: ചാലക്കുടിയിൽനിന്ന് കൊച്ചി ലുലുമാളിലേക്ക് ഒരു പറ്റം യുവനടന്മാരോട് കഥ പറയാനായി നടത്തിയ കാർ യാത്ര ഒരിക്കലും മറക്കില്ലെന്നാണ് ആ യുവ സംവിധായകൻ പറയുന്നത്. 'ഓൺ ദ വേ' കഥ പറയാം എന്ന നടന്റെ വാക്ക് വിശ്വസിച്ച് ആഡംബര കാറിൽ കയറിയതാണ് സംവിധായകൻ. യാത്ര തുടങ്ങി അൽപ്പം കഴിഞ്ഞതോടെ വണ്ടി മുഴുവൻ കഞ്ചാവിന്റെ ഗന്ധം. നടനും ശിങ്കിടികളും പറയുന്നതൊക്കെ പരസ്പര ബന്ധമില്ലാതെ. എങ്ങനെയോ കൊച്ചിയിൽ എത്തി എന്നേയുള്ളൂ. കാറിൽനിന്ന് പുറത്തിറങ്ങിയതും സംവിധായകൻ ഛർദിച്ചതും ഒന്നിച്ച്. ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ അനുഭവം ഇങ്ങനെ. മുമ്പൊക്കെ താമസവും ഭക്ഷണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് തങ്ങൾക്ക് പരിഹരിക്കാൻ ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ രാവിലെ പലപ്പോഴും 'നീലച്ചടയൻ' തേടി നടക്കേണ്ട അവസ്ഥയാണ്.

മലയാളത്തിലെ ന്യുജൻ സിനിമാക്കാരിൽ ലഹരി പിടിമുറക്കുകയാണെന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നിർമ്മാതാക്കളുടെ സംഘടന അത് തുറന്നു പറയുന്നത് ഇപ്പോൾ മാത്രമാണ്. യുവ നടന്മാരുടെ അച്ചടക്കരഹിതമായ പ്രവർത്തനം കണ്ട് പൊറുതിമുട്ടിയാണ് തങ്ങൾ ഇത് പരസ്യമായി പറയേണ്ടി വന്നതാണെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. സ്വബോധത്തോടെയാണെന്ന് തോന്നാത്ത രീതിയിലാണ് നടൻ ഷെയിൻ നിഗം പലപ്പോഴും പെരുമാറിയത്. ലക്ഷങ്ങൾ എണ്ണിവാങ്ങിയിട്ട് തനിക്ക് മൂഡില്ലെന്നും മറ്റും പറഞ്ഞുകൊണ്ട് ഷൂട്ടിങ്ങ് വൈകിപ്പിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നത് അവർക്ക് അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ദുരനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് യുവ നടന്മാരുടെ കാരവൻ പരിശോധിക്കണം എന്നും അവർ പറയുന്നത്.

Stories you may Like

കാരവൻ സംസ്‌ക്കാരം വന്നതോടെയാണ് മലയാള സിനിമയിൽ ഈ രീതിയിൽ ലഹരി വ്യാപനം വന്നത് എന്നാണ് പൊതുവെയുള്ള പരാതി. മുമ്പ് എല്ലാവരും ഒന്നിച്ച് താമസിക്കുകയും വിശ്രമവേളകൾ ഒന്നിച്ച് ചെലവിടുകയും ചെയ്യുന്നതുമൂലം ഉത്തരം സാധ്യതകൾ കുറവായിരുന്നു. മാത്രമല്ല തീരെ പ്രാഫഷണൽ കമ്മിറ്റ്മെന്റ് ഇല്ലാത്ത രീതിയിലാണ് പുതുതലമുറ പെരുമാറുന്നത്. സ്വന്തം പിതാവ് ഫോൺ വിളിച്ചാൽ പോലും എടുക്കാത്തവൻ ഈ കൂട്ടത്തിലുണ്ടെന്നാണ് ആരോപണം. പാതിരാവരെ നീളുന്ന ഡിജെ പാർട്ടികൾ കഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി സെറ്റിലെത്തുന്ന നടിമാർ നിരവധിയാണ്. ന്യൂജൻ സംവിധായകരുടെ കാര്യവും പറയാനില്ല. തിരക്കഥാ ഡിസ്‌ക്കഷൻ എന്നു പറഞ്ഞ് നിർമ്മാതാവിന്റെ ചെലവിൽ കൊച്ചിയിലെ ഒരു ഫ്ളാറ്റിൽ കുടിയും വലിയുമായി കഴിഞ്ഞ ഒരു യുവ സംവിധായകനും കൂട്ടരും ഇത് ചോദ്യം ചെയ്ത നിർമ്മാതാവിനോട് പറഞ്ഞത് 'തന്റെ മോന്ത കണ്ടാൽ സിനിമ വരില്ലെന്നാണ്'.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കൊക്കെയ്‌നും ചരസും എൽഎസ്ഡിയും നമ്മുടെ ന്യൂജൻ സിനിമക്കാരുടെ കൂട്ടുകാരായെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. മദ്രാസും തിരുവനന്തപുരവും കോഴിക്കോടും വിട്ട് മലയാള സിനിമ കൊച്ചിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെയാണ് ഈ സംഭവം ഉണ്ടായത്. എന്തും ഏതും ഞൊടിയിടയിൽ കൈവെള്ളയിലെത്തുന്ന മെട്രോ നഗരത്തിൽ ന്യൂജൻ പിള്ളേർ സിനിമയുടെ കാര്യക്കാരായി. കൊച്ചി നഗരത്തിലെ ഫ്ളാറ്റുകൾ മിക്കതും ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ടവരുടെ താവളങ്ങളാണ്. രാവും പകലും ആളുകൾ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമയുടെ തിരക്കഥാകൃത്തിനെ പൊലീസ് പിടിച്ചിട്ട് അധികനാളായില്ല. ലഹരി മൂത്ത് ഉടുതുണി പോലുമില്ലാതെ തൊട്ടടുത്ത ഫ്‌ളാറ്റിൽ താമസിച്ച വീട്ടമ്മയെ കയറിപ്പിടിച്ചതിനായിരുന്നു ഇത്. പ്രശ്‌നം സൃഷ്ടിക്കാൻ തുടങ്ങിയതോടെ പലരും സിനിമക്കാർക്ക് ഫ്്ളാറ്റ് കൊടുക്കാതായി. നടൻ ഷൈൻടോം ചാക്കോ ഒരു കൊക്കെയിൻ പാർട്ടിയിൽ വെച്ച് നാലുവർഷം മുമ്പ് പിടിയിലായത് വൻ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. കോടതി പിന്നീട് ഷൈൻ ടോമിനെ വെറുതെ വിട്ടെങ്കിലും സംഭവത്തിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. ഫോണിൽ ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഷൈനും മോഡലുകളും കുടുങ്ങിയതും.

അടുത്തിടെയാണ് ന്യൂജൻ സിനിമകളിലെ അവിഭാജ്യഘടകമായ ഒരു യുവനടനെ ഇന്റർവ്യൂ ചെയ്യാൻ കൊച്ചിയിലെ ഒരു മാധ്യമപ്രവർത്തകൻ താരത്തിന്റെ ഫ്ളാറ്റിലെത്തിയത. വൃത്തികേടായി കിടക്കുന്ന റൂമിൽ പാതിയടഞ്ഞ കണ്ണുമായി യുവനടൻ ഇരിപ്പുണ്ട്. കലങ്ങിയ കണ്ണുകളിൽനിന്നു ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഇന്റർവ്യു നടക്കില്ലെന്നു കണ്ട് മാധ്യമപ്രവർത്തകൻ തിരിച്ചുപോയി. താരങ്ങൾക്കിടയിലെ ലഹരി ഉപയോഗം അപകടകരമാംവിധം വർധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് താരസംഘടനയായ അമ്മയിലെ ഉന്നതവ്യക്തി പറയുന്നു. താരങ്ങൾക്ക് ബോധവൽക്കരണക്ലാസുകൾ നൽകുന്നതിനുള്ള ആലോചനയുണ്ടെന്നും പറയുന്നു. പക്ഷേ ഇത്രയും വലിയ ഒരു സാമൂഹികവിപത്ത് ആയിട്ടും അമ്മ ഈ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ലോക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന വേണമെന്ന് നിർമ്മാതാക്കൾ

ഇന്ന് ഉച്ചയോടെയാണ് ഷെയിൻ നിഗമിന് വിലക്ക് ഏർപ്പെടുത്തിയതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചത്. 'വെയിൽ' ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നിസ്സഹകരിച്ച ഷെയിം നിഗമിനെ തങ്ങളുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്്സ് അസോസിയേഷന്റെ നിലപാട്. ചിത്രത്തിന്റെ നിർമ്മാണത്തിനിടെയുണ്ടായ നഷ്ടം നികത്താതെ ഷെയിനെ അഭിനയിപ്പിക്കില്ല. വെയിൽ, കുർബാനി ചിത്രങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. രണ്ടു സിനിമകൾക്കുമായി ചെലവായത് ഏഴ് കോടി രൂപ. ഈ തുക ഷെയിൻ നൽകണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. തീരുമാനം അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിച്ചതായും നിർമ്മാതാവ് എം. രഞ്ജിത്ത് പറഞ്ഞു. മലയാള സിനിമയിൽ ഇത് ആദ്യത്തെ അനുഭവമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാണം ഇവിടെ വച്ച് നിർത്തിവെക്കുകയാണെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു. ഇതരഭാഷാ സംഘടനകളെയും ഇക്കാര്യങ്ങൾ അറിയിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. സൂപ്പർ സ്റ്റാറുകളിൽ നിന്നും പോലും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നിരിക്കുന്നത്. ഷെയിനെ കുറിച്ച് പല ലൊക്കേഷനുകളിൽ നിന്നും പരാതിക്കൂമ്പാരമാണെന്നും നിർമ്മാതാക്കൾ ആരോപിക്കുന്നു. ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സിനിമയുമായി സഹകരിക്കുന്ന ഒരു നീക്കവും ഷെയിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അഭിനയിക്കാൻ മൂഡായില്ല, പ്രകൃതി അനുവദിക്കുന്നില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് ലൊക്കേഷനിൽ നിന്നും ബൈക്കും എടുത്ത് പോകുന്ന ഷെയിൻ പിന്നീട് മൊബൈൽ ഫോൺ ഫോൺ പോലും എടുക്കാറില്ലെന്നും നിർമ്മാതാക്കൾ പറയുന്നു. ഇക്കാര്യം ഷെയിന്റെ അമ്മയെ അറിയിക്കുകയും ഒരു ദിവസം അമ്മ കൂടി ലൊക്കേഷനിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് ലൊക്കേഷനിൽ നിന്നും പോയ ഷെയിനുമായി രണ്ടു ദിവസത്തോളം ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും നിർമ്മാതാക്കൾ ആരോപിക്കുന്നു.

സിനിമ ലോക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാൻ തയ്യാറാകുന്നില്ല. കാരവാനുള്ളിൽ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതായും പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ കൂട്ടിച്ചേർത്തു.സിനിമാ സെറ്റുകളിൽ ലഹരിയുടെ ഉപയോഗം കർശനമായി തടയണം. ഇതിനായി കാരവാനുകളിലടക്കം പരിശോധന നടത്തണമെന്നാണ് അഭിപ്രായം. സ്വബോധത്തോടെയാണ് ഷെയിൻ സിനിമാ ഷൂട്ടിംഗിൽ പെരുമാറിയതെന്ന് കരുതുന്നില്ല. സിനിമയിൽ പുതിയ തലമുറയിലെ ചില ചെറുപ്പക്കാർ ന്യൂജെൻ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

'അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല'

അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല എന്ന ഷെയിനിന്റെ പറച്ചിലൊക്കെ ശുദ്ധ ലഹരിപ്പുറത്തല്ലാതെ എന്താണെന്നാണ് നിർമ്മാതാക്കൾ ചോദിക്കുന്നത്. എന്നാൽ ഷെയിനിന്റെ മാതാവ് സുനില അടക്കമുള്ളവർ ഇത് നിഷേധിക്കയാണ്. 'ഷെയിനിനെ കുറ്റം പറയുന്നവർ എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാത്തത്. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാർത്തകളിൽ ഒരിടത്തും വീട്ടുകാർക്ക് എന്താണു പറയാനുള്ളതെന്നു പറഞ്ഞിട്ടുണ്ടോ... ആരും, ഒരു കോണിൽനിന്നും ചോദിച്ചില്ല. വെയിലിന്റെ സംവിധായകൻ ശരത് ഒരു ദിവസം രാവിലെ ഒൻപതിന് എന്നെ വിളിച്ചു പറയുകയാണ് ഷെയിൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാൻ അപ്പോൾ തന്നെ മകനെ വിളിച്ചു. അപ്പോഴാണ് അവൻ പറയുന്നത്, രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു ഇപ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാണ് ഫോൺ എടുത്തതെന്ന്. ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്ന്. ഞാൻ ഇത് ശരത്തിനോടു പറഞ്ഞ് അൽപം വാക്കുതർക്കം ഉണ്ടായി.

ഷെയിൻ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരോട് നിങ്ങൾ ചോദിക്കണം ഇതുപോലെ എന്തെങ്കിലും ഒരു സംഭവം അവന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന്.' - ഷെയിനിന്റെ മാതാവ് പറയുന്നു. 'ചേട്ടൻ പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന്' സംവിധായകൻ ശരത്തിനോട് ഷെയിൻ പറഞ്ഞിരുന്നുവത്രേ. പരസ്പര ബന്ധമില്ലാത്ത വാക്കുകൾ പറഞ്ഞു ഷെയിൻ എന്നൊക്കെയാണ് ആരോപണം. അവൻ 22 വയസ്സ് മാത്രം പ്രായമുള്ള ഒരാളാണ്. നല്ല വിഷമത്തിൽ സംസാരിക്കുമ്പോൾ നമ്മൾ പറയാൻ ഉദ്ദേശിച്ച വാക്കുകൾ ആയിരിക്കില്ല വരിക. അതാണ് ഇവിടെയും സംഭവിച്ചത്. ചേട്ടൻ സത്യത്തെ കണ്ടില്ലെന്നു നടിച്ച് അതിനെ നശിപ്പിക്കുകയാണ് എന്നാണ് അവൻ ഉദ്ദേശിച്ചത്. പ്രകൃതിയാണ് സത്യം എന്നൊക്കെയാണ് മനസ്സിൽ കരുതിയത്. പക്ഷേ പറഞ്ഞു വന്നപ്പോൾ അങ്ങനെയായി. പുതിയ വാർത്ത അവൻ തലമുടി വെട്ടിയത് വെല്ലുവിളിയായിട്ടാണ് എന്നാണ്. അങ്ങനെയൊന്നും മനസിൽ വിചാരിച്ചിട്ടില്ല. എന്തിനാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്ന് എനിക്ക് അറിയില്ല- ഷെയിനിന്റെ ഉമ്മ സുനില പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP