Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്‌സരയ്ക്ക് ഒരു കുട്ടിയുണ്ട്... മകളാണെന്നും ആ മകളെയും കൊണ്ടാണ് അപ്‌സര മണ്ഡപത്തിൽ വന്നതെന്നും വാർത്ത; ആ കുട്ടി ഹൃദയം പൊട്ടി മണ്ഡപത്തിൽ കരഞ്ഞുവെന്നു വരെ ഗോസിപ്പ്; ഞങ്ങൾക്ക് രണ്ട് പേർക്കും നിലവിൽ ഇതുവരെ കുട്ടികളില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് അപ്‌സരയും ആൽബിയും

അപ്‌സരയ്ക്ക് ഒരു കുട്ടിയുണ്ട്... മകളാണെന്നും ആ മകളെയും കൊണ്ടാണ് അപ്‌സര മണ്ഡപത്തിൽ വന്നതെന്നും വാർത്ത; ആ കുട്ടി ഹൃദയം പൊട്ടി മണ്ഡപത്തിൽ കരഞ്ഞുവെന്നു വരെ ഗോസിപ്പ്; ഞങ്ങൾക്ക് രണ്ട് പേർക്കും നിലവിൽ ഇതുവരെ കുട്ടികളില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് അപ്‌സരയും ആൽബിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സീരിയൽ-ടെലിവിഷൻ താരം അപ്‌സരയും ടെലിവിഷൻ ഷോ സംവിധായകനായ ആൽബി ഫ്രാൻസിസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. തൃശൂരിൽ വച്ച് ചടങ്ങും. പിന്നീട് തിരുവനന്തപുരത്ത് വിവാഹ സത്കാരവും നടന്നു. വാർത്തയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിൽ ചില കുപ്രചാരണങ്ങളും ചിലർ അഴിച്ചുവിട്ടു. തങ്ങൾക്ക് ആദ്യ ബന്ധത്തിൽ കുട്ടികളുണ്ടെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് ഇരുവരും വ്യക്തമാക്കി.തിരുവനന്തപുരത്തു സംഘടിപ്പിച്ച വിവാഹ സത്കാരത്തിന് എത്തിയപ്പോഴാണ് ഇവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.

'വിവാഹം കഴിഞ്ഞ പിന്നാലെ ഒരുപാട് ഓൺലൈൻ ചാനലുകൾ പലതരത്തിലുള്ള വാർത്തകൾ നൽകി. വാർത്തകൾ വരുന്നത് സ്വാഭാവികമാണ്. ഞാനും ഇതേപോലെയുള്ള പ്രോഗ്രാമുകൾ ചെയ്തിട്ടുള്ളതാണ്. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് പലരും റിപ്പോർട്ട് ചെയ്ത് കണ്ടത്. ഒന്ന് അപ്‌സരയ്ക്ക് ഒരു കുട്ടിയുണ്ട് എന്നതായിരുന്നു. മകളാണെന്നും ആ മകളേയും കൊണ്ടാണ് അപ്‌സര മണ്ഡപത്തിൽ വന്നതെന്നും ആ കുട്ടി ഹൃദയം പൊട്ടി മണ്ഡപത്തിൽ കരഞ്ഞുവെന്നുമൊക്കെയായിരുന്നു വാർത്തകൾ.

മക്കളെ നോക്കാതെ ഞങ്ങൾ ഭയങ്കര ഹാപ്പിയായി കല്യാണം കഴിച്ചു എന്നൊക്കെ ഹരാസ് ചെയ്തുകൊണ്ടാണ് വാർത്ത നൽകിയത്. ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ടെന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞപ്പോഴാണ് ഞങ്ങൾ കണ്ടത്. ഒന്നാമത്തെ കാര്യം അപ്‌സരക്ക് ഇതുവരെ കുഞ്ഞുങ്ങളില്ല. പിന്നെ ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്റെ ഫോട്ടോകളിൽ വരുന്ന കുട്ടികൾ ചേട്ടന്റെ മക്കളാണ്. ചേട്ടന് രണ്ട് പെൺമക്കളാണ് ഉള്ളത്.

നമ്മുടെ ഒപ്പമുള്ള ആർട്ടിസ്റ്റുകളുടെ മക്കളും ഒക്കെയാണ് അടുത്തുവന്നു നിന്നത്. അത് കണ്ടിട്ട് എല്ലാവരും പറയുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നൊക്കെയാണ്. അത് കണ്ടപ്പോൾ ഞങ്ങൾക്ക് മാനസികമായി ഒരുപാട് വിഷമം തോന്നി. കാരണം ഞങ്ങൾക്ക് രണ്ട് പേർക്കും നിലവിൽ ഇതുവരെ കുട്ടികളില്ല. അങ്ങനെ അപ്‌സരക്ക് അങ്ങനെ ഒരു മോൾ ഉണ്ടെങ്കിൽ അതിനെ കണ്ടുപിടിച്ചുകൊണ്ട് തരൂ' ആൽബിയുടെ വാക്കുകൾ.

'ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാരേജാണ്. ഞങ്ങൾ തമ്മിൽ യാതൊരു കുഴപ്പുവുമില്ല. തൃശ്ശൂരുള്ള ആചാരപ്രകാരം ക്രിസ്ത്യൻ വിവാഹ രീതി അനുസരിച്ച് വീട്ടിൽ വന്ന് കയറുമ്പോൾ ഒരുമാലയും കൊന്തയും ഒക്കെ ഇടും. അതിടാൻ അപ്‌സരക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു.
എന്നാൽ തലയിൽ പൂക്കൾ വെച്ച് മെയ്‌ക്കപ്പൊക്കെ ചെയ്തിരുന്നതിനാൽ മാല തലയിലൂടെ ഇടാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതോടെ അമ്മ പറഞ്ഞു ആ മാല കൈയിൽ പിടിച്ചാൽ മതിയെന്ന്. എന്നാൽ അത് കണ്ടിട്ട് ചിലർ അതിനെ കുറിച്ചും വാർത്തകൾ ഇറക്കി. എന്തൊരു ധിക്കാരിയാണ് അപ്‌സര എന്ന തരത്തിലായിരുന്നു വാർത്തകൾ.

ശരിക്കും കൊന്ത കഴുത്തിലിടാൻ ഉള്ളതായിരുന്നില്ല. കൈയിൽ പിടിക്കാൻ ഉള്ളതായിരുന്നു. പിന്നെ പ്രാർത്ഥനയും വിശ്വാസങ്ങളുമൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളാണ്. അപ്‌സര ഹിന്ദുവാണ്, അവൾ ഹിന്ദുവായി തന്നെ ജീവിക്കും. ഞാൻ ക്രിസ്ത്യാനിയാണ്. ഞാൻ പൊതുവെ മതങ്ങളിലൊന്നും അത്ര വിശ്വസിക്കാത്ത ആളാണ്.

ഒരുപാട് മാധ്യമങ്ങളും നമ്മളെ പിന്തുണച്ചു. പിന്നെ ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ഞങ്ങൾക്ക് ഒരു മകൾ വേണം എന്നാണ്. ഞങ്ങൾ മറ്റുള്ളവരോട് പറയും മുൻപേ തന്നെ അത് പലരും പറഞ്ഞ് ഞങ്ങൾക്ക് വേണ്ടി പ്രയർ ചെയ്യുന്നുണ്ടല്ലോ, അപ്‌സര പറഞ്ഞു. അപ്‌സരയുടെ രണ്ടാം വിവാഹം എന്ന തലത്തിലൊക്കെ ചില മാധ്യമങ്ങൾ വാർത്ത നൽകി കണ്ടു. അതൊക്കെ എന്തിനാണ് എന്ന് മനസിലാകുന്നില്ല.

ഗോസിപ്പുകൾ വിഷമിപ്പിച്ചു

ഒരാൾ ആദ്യമായി വിവാഹം കഴിക്കുന്നതും രണ്ടാമത് വിവാഹം കഴിക്കുന്നതുമെല്ലാം ഒരുപോലെയാണ്. നമ്മൾ ഒരാളെ വിവാഹം കഴിച്ചിട്ട് ആ ബന്ധം നിലനിർത്തികൊണ്ട് പോകാൻ പറ്റാതെ വരുമ്പോൾ അത് വേണ്ടെന്ന് വച്ചിട്ട് മറ്റൊരു വിവാഹം കഴിക്കുന്നത് തെറ്റായ കാര്യമല്ല. യാഥാർത്ഥ്യങ്ങൾ നിങ്ങൾ എത്ര വേണമെങ്കിലും എഴുതിക്കോളു, അതിൽ യാതൊരു വിഷമവും ഇല്ല. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ ഒരിക്കലും എഴുതി വിട്ട് വെറുതേ വേദനിപ്പിക്കരുത്, ആൽബിയും അപ്‌സരയും പറഞ്ഞു.

രണ്ട് പേരും വ്യത്യസ്ത മതങ്ങളിൽ പെട്ടവർ ആയതിനാൽ തുടക്കത്തിൽ വിവാഹത്തിന് വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടതായി ഇരുവരും വ്യക്തമാക്കിയിരുന്നു. ഒടുവിൽ ഒരു വർഷത്തിന് ശേഷമാണ് വീട്ടുകാർ വിവാഹത്തിന് സമ്മതം അറിയിച്ചതെന്നായിരുന്നു ഇരുവരും പറഞ്ഞത്. രണ്ട് പേരുടേയും കുടുംബത്തിൽ മതം മാറി വിവാഹം കഴിച്ചവർ ഇല്ലെന്നതിനാൽ അതിന്റെതായ സംശയങ്ങളും ആകുലതകളുമാണ് ആദ്യം കുടുംബത്തിൽ നിന്നും എതിർപ്പുയരാൻ കാരണമായതെന്നും ഇരുവരും പറഞ്ഞിരുന്നു.

തന്റെ മകളെ ആൽബി മതം മാറ്റുമോയെന്ന ആകുലതയായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത് എന്നായിരുന്നുവെന്ന് അപ്‌സര പറഞ്ഞിരുന്നു. അതേസമയം മറ്റൊരു ചുറ്റുപാടിൽ ജീവിച്ച പെൺകുട്ടി വീട്ടിലേക്ക് വരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമോയെന്നതായിരുന്നു ആൽബിയുടെ വീട്ടിലെ ആശങ്കൾ. എന്നാൽ പിന്നീട് എല്ലാ ആശങ്കകളും എതിർപ്പുകളും മാറി വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും അപ്‌സര വ്യക്തമാക്കിയിരുന്നു.

മൂന്ന് വർഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് അപ്‌സര രത്‌നാകരനും ആൽബിയും തമ്മിൽ വിവാഹിതരായത്. സാന്ത്വനം എന്ന സീരിയലിൽ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അപ്സര അവതരിപ്പിക്കുന്നത്. ആൽബി പത്തു വർഷമായി ടെലിവിഷൻ രംഗത്തുണ്ട്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

കൈരളി ചാനലിലെ 'ഉള്ളത് പറഞ്ഞാൽ' എന്ന സീരിയലിലെ സ്‌നേഹലത എന്ന കഥാപാത്രം അപ്സരയ്ക്ക് നിരവധി പ്രശംസകൾ നേടി കൊടുത്തിരുന്നു.സംസ്ഥാന സർക്കാരിന്റെ സീരിയലിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.ഉള്ളത് പറഞ്ഞാൽ എന്ന സീരിയൽ സംവിധായകൻ ആൽബി ആയിരുന്നു.ഇരുവരും ആദ്യമായി ഒരുമിക്കുന്നത് ഈ സീരിയലിന് വേണ്ടിയാണ്.

കൈരളി ടി വിയുടെ സെലിബ്രിറ്റി കിച്ചൻ മാജിക്ക് എന്ന കുക്കറിഷോയിലെ പ്രേക്ഷകശ്രദ്ധ നേടിയ താരം കൂടിയാണ്. അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വർഷം പൂർത്തിയാക്കിയ അപ്സര ഇതിനകം 22 ഓളം സീരിയലുകളിൽ അഭിനയിച്ച് കഴിഞ്ഞു. ഒപ്പം നിരവധി ടെലിവിഷൻ ഷോ കളും അവതാരകയായിട്ടുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP