Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രിയുടെ രാജിയോടെ അനുപമ ഐഎഎസിന്റെ ധീരതയ്ക്കും സത്യത്തിനും കയ്യടി; തോമസ്ചാണ്ടിയെ കസേരയിൽ നിന്ന് ഇറക്കിവിട്ടത് ആലപ്പുഴ കളക്ടറുടെ തന്റേടമുള്ള റിപ്പോർട്ട്; ഫുഡ് സേഫ്റ്റി കമ്മിഷണർ ആയിരിക്കേ നിറപറയ്ക്ക് എതിരെയും വിഷ പച്ചക്കറികൾക്ക് എതിരെയും ആഞ്ഞടിച്ച യുവ ഐഎഎസുകാരി വീണ്ടും സ്റ്റാറായി; മന്ത്രിയുടെ രാജി ജനാധിപത്യത്തിന്റെ നന്മയ്ക്കായി കാവൽ നിൽക്കുന്ന ബ്യൂറോക്രസിയുടെ പ്രതീകമായ പൊന്നാനിയിലെ പുലിക്കുട്ടിയുടെ കൂടി വിജയം

മന്ത്രിയുടെ രാജിയോടെ അനുപമ ഐഎഎസിന്റെ ധീരതയ്ക്കും സത്യത്തിനും കയ്യടി; തോമസ്ചാണ്ടിയെ കസേരയിൽ നിന്ന് ഇറക്കിവിട്ടത് ആലപ്പുഴ കളക്ടറുടെ തന്റേടമുള്ള റിപ്പോർട്ട്; ഫുഡ് സേഫ്റ്റി കമ്മിഷണർ ആയിരിക്കേ നിറപറയ്ക്ക് എതിരെയും വിഷ പച്ചക്കറികൾക്ക് എതിരെയും ആഞ്ഞടിച്ച യുവ ഐഎഎസുകാരി വീണ്ടും സ്റ്റാറായി; മന്ത്രിയുടെ രാജി ജനാധിപത്യത്തിന്റെ നന്മയ്ക്കായി കാവൽ നിൽക്കുന്ന ബ്യൂറോക്രസിയുടെ പ്രതീകമായ പൊന്നാനിയിലെ പുലിക്കുട്ടിയുടെ കൂടി വിജയം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ തൂണുകളിലൊന്നാണ് ബ്യൂറോക്രസി. എന്നാൽ രാഷ്ട്രീയകക്ഷികൾക്ക് വഴങ്ങി നട്ടെല്ല് വളയ്ക്കാത്ത അപൂർവം ഐഎഎസ് പ്രതിഭകളെയേ കേരളം കണ്ടിട്ടുള്ളൂ. രാഷ്ട്രീയക്കാരുടെ കാശിനും ഭീഷണിക്കും മുന്നിൽ താഴ്ന്നുകൊടുത്ത് രാജ്യത്തെ കുട്ടിച്ചോറാക്കാൻ കൂട്ടുനിൽക്കാത്ത സജീവമായൊരു സിവിൽ സർവീസ് യുവനിര വളർന്നുവരുന്നു എന്നതിന് ഏറ്റവും ശക്തമായ ഉദാഹരണമായി മാറുകയാണ് ആലപ്പുഴ ജില്ലാ കളക്ടർ ആയ ടി വി അനുപമ. തലശ്ശേരി സബ്കളക്ടർ ആയിരിക്കുമ്പോൾ മുതൽ ഇപ്പോൾ ആലപ്പുഴ ജില്ലാ കളക്ടർ ആയതുവരെ സർവീസ് കാലത്ത് നിരവധി തവണ ശക്തമായ നിലപാടുകളിലൂടെ ജനങ്ങളുടെ കയ്യടി നേടിയിട്ടുണ്ട് അനുപമ എന്ന യുവ ഐഎഎസുകാരി.

ശക്തമായ നിലപാടുമായി പിണറായി സർക്കാരിന്റെ നയങ്ങളിൽ തിരുത്തലുകളുമായി നിൽക്കുന്ന മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ മുതൽ താഴേത്തട്ടുവരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ നിരവധി ഉദ്യോഗസ്ഥർ ജനാധിപത്യത്തിന്റെ കാവലാളുകളായി നിലകൊള്ളുന്നു. വിജിലൻസ് കമ്മിഷണറായിരുന്ന ജേക്കബ് തോമസ്, കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത്, കെഎസ്ആർടിസി എംഡിയായിരുന്ന രാജമാണിക്യം, ദേവികുളം സബ്കളക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമൻ, ഇപ്പോൾ ദേവീകുളത്ത് സബ്കളക്ടർ ആയ വി.ആർ പ്രേംകുമാർ തുടങ്ങിയവർ ഇതിന് ഉത്തമ ഉദാഹരണങ്ങൾ. ജനങ്ങൾക്കൊപ്പം നിന്ന് അനീതിക്കെതിരെ ശബ്ദമുയർത്താൻ തുടക്കംമുതലേ നിലകൊണ്ട അനുപമ ഇപ്പോൾ മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ശക്തമായ കണ്ടെത്തലോടെ വീണ്ടും താരമാകുകയാണ്.

പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ഇവർക്ക് മുമ്പിൽ വളയുമെന്നും സ്ഥിരമായി പറഞ്ഞുകേൾക്കാറുണ്ടെങ്കിലും ഇതിന് അപവാദമായി നിൽക്കുന്ന യുവ സിവിൽ സർവീസുകാരിൽ മുൻനിരയിലുണ്ട് അനുപമയെന്ന പൊന്നാനിക്കാരിയായ പുലിക്കുട്ടി. ഇരിക്കുന്ന സ്ഥാനത്തിനോട് നീതിപുലർത്തി കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും മുമ്പും നിരവധി തവണ അനുപമയ്ക്ക് കൈയടി നേടിക്കൊടുത്തിട്ടുമുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കുന്നകാര്യത്തിൽ അനുപമ ശ്രദ്ധേയയായത് കേരളത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഏറ്റവും അപ്രധാനമായ തസ്തികയായ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് ഇരുന്നപ്പോഴാണ്.

പക്ഷേ ഇവിടെ ടിവി അനുപമയെത്തിയപ്പോൾ സർക്കാരുകൾ വെള്ളം കുടിച്ചു. രാഷ്ട്രീയക്കാർക്ക് പണം നൽകിയ മാഫിയയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച ചെയ്യാനും അനുപമ തയ്യാറായിരുന്നില്ല. ജനരോഷം ഭയന്ന അനുപമയെ തൊടാനും സർക്കാരിന് കഴിഞ്ഞില്ലെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തി. ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം ചേർക്കലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ നവമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കയ്യടി വാങ്ങുകയായിരുന്നു അനുപമ.

നിറപറയുൾപ്പെടെ വമ്പൻ കമ്പനികളെല്ലാം ഭക്ഷ്യസുരക്ഷാ കമ്മിഷണർ എന്നാൽ എന്താണെന്ന് ശരിക്കും മനസ്സിലാക്കി. കറി പൗഡറുകളിലെയും പൊടികളിലേയും മായത്തിനെതിരെയും തമിഴ്‌നാട്ടിൽ നിന്ന് കയറ്റിവരുന്ന പച്ചക്കറികളിലെ കീടനാശിനിക്ക് എതിരെയും മത്സ്യങ്ങൾ ചീയാതിരിക്കാൻ അമോണിയ ചേർക്കുന്നതിന് എതിരെയുമെല്ലാം നിയമം അനുശാസിക്കുന്ന നടപടികൾ കൈക്കൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ആഞ്ഞടിച്ചതോടെ ഇക്കാര്യത്തിൽ കേരളം ശരിക്കും ബോധവൽക്കരിക്കപ്പെടുകയും കൂടി ആയിരുന്നു.

ഇതിന് പിന്നാലെ പ്രസവാവധിക്കു പോയ അനുപമ സർവീസിൽ തിരിച്ചെത്തിയെങ്കിലും സർക്കാർ കാര്യമായ പദവിയൊന്നും നൽകിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആലപ്പുഴ ജില്ലാ കളക്ടറായി അനുപമയ്ക്ക് പോസ്റ്റിങ് ലഭിക്കുന്നതും ഇതിനിടെ മന്ത്രിയുടെ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയത്തിൽ ആരോപണങ്ങൾ ഉയരുന്നതും. ഇക്കാര്യം അന്വേഷിക്കേണ്ട ചുമതല സർക്കാർ അനുപമയെ ഏൽപ്പിച്ചപ്പോഴും നാട്ടുകാർ കാത്തിരുന്ന ചോദ്യം മറ്റൊന്നായിരുന്നു.

ചാണ്ടിയുടെ പണത്തിനും സ്വാധീനത്തിനും മുന്നിൽ അനുപമ മുട്ടുമടക്കുമോ എന്ന്. ഒടുവിൽ ചാണ്ടിയുടെ കായൽ കയ്യേറ്റ കാര്യത്തിൽ തെളിവുകൾ സഹിതം ആലപ്പുഴ കളക്ടർ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചപ്പോൾ അത് സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിന്റെ കൂടി വിജയമായി മാറി. സർക്കാരിന്റെ ഭാഗമായ അനുപമ നൽകിയ റിപ്പോർട്ടിന് എതിരെ മന്ത്രിയായ ചാണ്ടിതന്നെ കോടതിയെ സമീപിച്ചതോടെ ഇക്കാര്യത്തിൽ കോടതിയും ഇന്നലെ ശക്തമായി മന്ത്രിയേയും സർക്കാരിനേയും വിമർശിക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. ഇതോടെയാണ് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.

ആലപ്പുഴയിലേക്ക് തന്ത്രപൂർവം അനുപമയെ നിയോഗിച്ച് റവന്യൂ മന്ത്രി

മന്ത്രിക്കെതിരെ കൈയേറ്റ ആരോപണങ്ങൾ സജീവമാകുമ്പോഴാണ് ആലപ്പുഴയിലെ റവന്യൂ വകുപ്പിന്റെ തലപ്പത്ത് അനുപമ എത്തിയത്. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ ജില്ലാ കലക്ടർ ടി.വി. അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തുകയും രേഖകളെല്ലാം പരിശോധിച്ച് പഴുതടച്ച റിപ്പോർട്ട് നൽകുകയുമായിരുന്നു.

ലേക്ക് പാലസ് റിസോർട്ടിനു സമീപത്തെ വിവാദമായ റോഡു നിർമ്മാണം, കായൽ കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയാണു കളക്ടറും സംഘവും പരിശോധിച്ചത്. റിപ്പോർട്ടിൽ ചാണ്ടിയുടെ കയ്യേറ്റം വ്യക്തമായി രേഖപ്പെടുത്തിയതോടെ ഇക്കാര്യത്തിൽ മന്ത്രിയുടെ രാജിയേ വഴിയുള്ളൂ എന്ന് അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായിക്ക് നിയമോപദേശം നൽകുകയും ചെയ്തു.

തന്നെ കുടുക്കാനാണ് സിപിഐ അനുപമയെ തന്നെ ആലപ്പുഴയിൽ എത്തിച്ചതെന്ന ആക്ഷേപം തോമസ് ചാണ്ടി ഉയർത്തിയിരുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള മാർത്താണ്ഡം കായലിലെ നിലം നികത്തൽ, ഹാർബർ എൻജിനീയറിങ് വകുപ്പു ലേക്ക് പാലസ് റിസോർട്ടിനു സഹായകമാകുന്ന തരത്തിൽ റോഡ് നിർമ്മിച്ചത്, ഖനനം ചെയ്ത മണ്ണു പാടശേഖരത്തിൽ നിക്ഷേപിച്ചത് എന്നിവയാണ് വിവാദമായത്.

ഇതു സംബന്ധിച്ചു മുൻ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൈയേറ്റത്തിൽ കർശനക്കാരനാണ് റവന്യൂ മന്ത്രിയും സിപിഐയും എന്നതിന് ഉത്തമ ഉദാഹരണം കൂടിയായി തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടിയുടെ നിലപാട്. അതുകൊണ്ട് തന്നെ അനുപമയ്ക്ക് സത്യസന്ധമായ അന്വേഷണത്തിന് കൃത്യമായ നിർദ്ദേശവും ലഭിച്ചിരുന്നു. വിശദ പരിശോധന പുതിയ ജില്ലാ കലക്ടർ ചുമതല എടുത്ത ശേഷം മതിയെന്നു മന്ത്രി നിർദ്ദേശിച്ചിരുന്നു എന്നതിൽ നിന്നുതന്നെ സിപിഐ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നതിന് തെളിവാകുന്നു. അനുപമയെ ആലപ്പുഴയിലേക്ക് നിയോഗിച്ചത് മന്ത്രി ചന്ദ്രശേഖരന്റെ കൂടി കരുനീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

ഏതായാലും ഇന്നലെ കോടതി തന്നെ മന്ത്രിയോട് പരാതി വല്ലതുമുണ്ടെങ്കിൽ ചെന്ന് കളക്ടറോടു തന്നെ പറയൂ എന്ന് നിർദ്ദേശിച്ചതോടെ അനുപമ തന്നെ വീണ്ടും താരമായി. കോടതിക്കും കളക്ടറുടെ അന്വേഷണവും റിപ്പോർട്ടുമെല്ലാം ശരിക്കും ബോധിച്ചുവെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമായത് സത്യസന്ധതയ്ക്കുള്ള അംഗീകാരവുമായി. ഇതോടെയാണ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്ക് അനുപമയുടെ ശക്തമായ നിലപാടും റിപ്പോർട്ടും വഴിയൊരുക്കുന്നത്.

ഭക്ഷ്യസുരക്ഷയ്ക്ക് വാളെടുത്തതോടെ അടുക്കളയെ രക്ഷിച്ച അനുപമ

ഒരോ പദവിക്കും അതിന്റേതായ ചില ധർമ്മങ്ങളുണ്ട്. അതിന്റെ മർമ്മമറിഞ്ഞ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയമം കർക്കശം ആക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുത്താണ് അനുപമ കൈയടി നേടുന്നത്. ആദ്യം അനുപമ വാർത്തകളിൽ ഇടം നേടുന്നത് തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികൾക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടാണ്. അതിർത്തികളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതോടെ തമിഴ്‌നാട് പച്ചക്കറിലോബിയുടെ നട്ടെല്ലൊടിഞ്ഞു.

കുറച്ചുകാലം ഇത് ചർച്ചാവിഷയമാകുകയും മലയാളികൾ അന്യസംസ്ഥാന പച്ചക്കറി വാങ്ങാൻ മടികാണിക്കുകയും ചെയ്തു. മലയാളികളെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ നിലപാട് ബോധവൽക്കരണമായി മലയാളികൾ കൈക്കൊണ്ടതോടെയായിരുന്നു ഇത്. പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അന്യസംസ്ഥാനത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിക്കൂടെയെന്നു മലയാളി ചിന്തിച്ചു തുടങ്ങിയതും ഇതോടെയാണ്.

ഭക്ഷ്യ സുരക്ഷാ വകുപ്പിലെത്തുന്നതിനു മുൻപ് അനുപമ തലശ്ശേരി സബ് കലക്ടറായിരുന്നു. തലശ്ശേരി സബ് കലക്ടർ സ്ഥാനത്തെത്തിയത് ഒരു സ്ഥലമാറ്റ ഉത്തരവിലൂടെയാണ്. കാഞ്ഞങ്ങാട് സബ്കലക്ടറായിരിക്കെ പുഴയോരം കയ്യേറിയ ഭൂമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിന് തലശ്ശേരിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അന്നുതൊട്ടേ കാർക്കശ്യക്കാരിയെന്ന് രാഷ്ട്രീയവൃത്തങ്ങൾ അനുപമയെ വിലയിരുത്തിക്കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി എത്തുന്നത്.

കറിപൗഡറുകളിലെ മായത്തിനെതിരെ കൈക്കൊണ്ട നിലപാടും ഏറെ ചർച്ചയായി മുൻഗാമികൾ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി തൊടാൻ മടിച്ചിരുന്ന വമ്പന്മാർക്കെതിരെ അനുപമ വാളെടുത്തു. അടുക്കളയെന്നാൽ നിറപറയെന്ന മുദ്രാവാക്യം സജീവമാകുന്ന കാലത്ത് ആ ബ്രാൻഡിന് എതിരെ ശക്തമായി നീങ്ങി അനുപമ. മറ്റു കമ്പനികളും താമസിയാതെ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ശക്തമായ നിലപാടുകൾ ഭയന്ന് സ്റ്റാൻഡേർഡ് കർക്കശമാക്കാൻ നിർബന്ധിതരായി.

നിറപറയെന്ന ഒരു വമ്പൻ ബ്രാന്റിനെ ഭക്ഷ്യ വിപണിയിൽ നിന്നു പിൻവലിപ്പിച്ച് അനുപമ കയ്യടിനേടി. നിറപറയുടെ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സുരക്ഷാ പരിശോധനയിൽ മായം കണ്ടെത്തിയത്. ഉത്പന്നങ്ങളിൽ ഭക്ഷ്യയോഗ്യമല്ലാത്ത, ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയതാണ് നിറപറയ്ക്കെതിരെ നടപടിയെടുക്കാൻ അനുപമയെ പ്രേരിപ്പിച്ചത്. ഇക്കാലത്ത് അനുപമയെ മാറ്റാൻ ശക്തമായ സമ്മർദ്ദം കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ജനങ്ങൾക്കിടയിൽ വീണ നല്ല ഉദ്യോഗസ്ഥയെന്ന പേര് അനുപമയക്ക് രക്ഷയായി.

സിവിൽ സർവീസിൽ നാലാം റാങ്കുകാരിയായ പൊന്നാനിയിലെ പുലിക്കുട്ടി

മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചിൽ ഐഎഎസ് ബാച്ചുകാരി. ഒരു നിയോഗം പോലെയാണ് ഐഎഎസ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. വിജിലൻസിൽ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോൾ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാൻ വലുതായാൽ അച്ഛൻ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നൽകിയില്ല. മകൾ സിവിൽ സർവീസ് നേടുന്നതിനു മുൻപ് അദ്ദേഹം മരിച്ചു. പക്ഷേ, അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. ഇപ്പോൾ ആലപ്പുഴ കളക്ടറോളം. ഒരുമന്ത്രിയുടെ രാജിക്ക് വരെ കാരണമാകുന്ന അന്വേഷണത്തിൽ നിഷ്പക്ഷമായി റിപ്പോർട്ട് നൽകി അനുപമ വീണ്ടും താരമാകുന്നു.

മാറഞ്ചേരി പനമ്പാട് പറയേരിക്കൽ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂർ ദേവസ്വം എൻജിനീയർ രമണിയുടെയും മകൾ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എൽസി പരീക്ഷയിൽ പതിമൂന്നാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് നാലാം റാങ്കും നേടി. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്. പൊന്നാനി വിജയമാതാ സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഗോവ ബിറ്റ്സ് പിലാനി കോളജിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി 2008 ജൂലൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.

തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എഎൽഎസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങളേറെയും. ആ കടമ്പകളെല്ലാം കടന്നാണ് അനുപമ ഇന്നത്തെ നിലയിലെത്തിയത്. ആർക്കും വഴങ്ങാത്ത ഉദ്യോഗസ്ഥ കൈയേറ്റത്തിൽ തോമസ് ചാണ്ടിക്കെതിരെ റിപ്പോർട്ട് നൽകി കായൽ രാജാവിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ് അനുപമ എന്ന പുലിക്കുട്ടി ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP