Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

രണ്ടാഴ്ചയിൽ അധികം ഐസിയുവിന്റെ മുമ്പിൽ പ്രതീക്ഷയോടെ കാത്തു നിന്നത് വെറുതെയായി; ദൈവം ഈ മതാപിതാക്കൾക്ക് ബാക്കി വച്ചത് കണ്ണുനീർ മാത്രം; കരഞ്ഞ് തളർന്ന് ഒരമ്മയും അച്ഛനും; ഫുട്‌ബോളിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട അഭീലിന്റെ ജീവൻ എടുത്തത് ഉത്തരവാദിത്തമില്ലാത്ത കായിക സംഘാടകർ തന്നെ; ഈ അമ്മയുടെ കണ്ണീരിന് ആര് പരിഹാരം കാണും?

രണ്ടാഴ്ചയിൽ അധികം ഐസിയുവിന്റെ മുമ്പിൽ പ്രതീക്ഷയോടെ കാത്തു നിന്നത് വെറുതെയായി; ദൈവം ഈ മതാപിതാക്കൾക്ക് ബാക്കി വച്ചത് കണ്ണുനീർ മാത്രം; കരഞ്ഞ് തളർന്ന് ഒരമ്മയും അച്ഛനും; ഫുട്‌ബോളിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട അഭീലിന്റെ ജീവൻ എടുത്തത് ഉത്തരവാദിത്തമില്ലാത്ത കായിക സംഘാടകർ തന്നെ; ഈ അമ്മയുടെ കണ്ണീരിന് ആര് പരിഹാരം കാണും?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പതിനെട്ടു ദിവസത്തെ പ്രാർത്ഥന വിഫലമാക്കിയാണ് അഭീൽ യാത്രയായത്. ഇനി ഈ അച്ഛനും അമ്മയും തനിച്ചാണ്. ഇവരുടെ കണ്ണീരിന് ആശ്വാസമാകാൻ ആർക്കും അറിയില്ല. പാലായിൽ ഈ മാസം നാലിനു സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച വിദ്യാർത്ഥിയായ അഭീൽ ജോൺസൺ മരണത്തിനു കീഴടങ്ങുമ്പോൾ ഉയരുന്നത് വലിയ കായിക സംഘാടകർക്കെതിരായ വികാരമാണ്. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞാംകുളത്ത് ജോൺസൺ ജോർജിന്റെയും ഡാർളിയുടെയും ഏക മകനാണ്; പാലാ സെന്റ് തോമസ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർത്ഥി. ഈ പതിനാറുകാരന്റെ വേർപാടിൽ അമ്മയ്ക്കും അച്ഛനും ഒപ്പം വിതുമ്പുകയാണ് ഓരോ മലയാളിയും. അശാസ്ത്രീയ കായിക സംഘാടനത്തിന്റെ രക്തസാക്ഷിയാണ് ഈ പതിനാറു വയസ്സുകാരൻ.

സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ വൊളന്റിയറായിരുന്ന അഭീൽ ജാവലിൻ ത്രോ ഫീൽഡിൽ നിൽക്കുന്നതിനിടെ സമീപത്തു നടന്ന ഹാമർ ത്രോ മത്സരത്തിൽ എറിഞ്ഞ ഹാമർ തലയിൽ പതിക്കുകയായിരുന്നു. 3 കിലോഗ്രാം ഭാരമുള്ള ഹാമർ ഉയരത്തിൽനിന്നു പതിച്ചതോടെ തലയോട്ടി പൊട്ടിച്ചിതറി തലച്ചോർ ഉള്ളിലേക്കമർന്നിരുന്നു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. വിവരങ്ങൾ ശേഖരിച്ചശേഷം കൂടുതൽ പേർക്കെതിരെ കേസെടുക്കും. കുറ്റകരമായ അനാസ്ഥയ്ക്കാണു മുൻപു കേസെടുത്തിരുന്നത്. എല്ലാവരും കായിക സംഘാടകരാണ്. ഇവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന. ആശുപത്രിയിൽ മകനെ കൊണ്ടു വന്നത് മുതൽ തന്നെ അച്ഛനും അമ്മയും പ്രാർത്ഥനയുമായി ഐസിയുവിന് മുമ്പിൽ തന്നെ നിലയുറപ്പിച്ചു. ഇവരെ അക്ഷരാർത്ഥത്തിൽ തളർത്തിയാണ് മരണം ആശുപത്രി പ്രഖ്യാപിച്ചത്.

മെഡിക്കൽ കോളജ് ന്യൂറോളജി വിഭാഗം മേധാവി ഡോ.പി.കെ. ബാലകൃഷ്ണൻ ഇന്നലെ രാവിലെ അഭീലിന്റെ മാതാപിതാക്കളായ ജോൺസനേയും ഡാർളിയേയും മുറിയിലേക്കു വിളിച്ചു പറഞ്ഞു.. 'നമുക്ക് സാധ്യമായതെല്ലാം ചെയ്തു. ദൈവം ഒപ്പമില്ലെന്നു തോന്നുന്നു.' കുറെ നേരം അനക്കമറ്റ് നിന്ന മാതാപിതാക്കൾ ഒന്നും പ്രതികരിച്ചില്ല. തകർന്ന മനസ്സോടെ അവർ ഡോക്ടറുടെ മുറി വിട്ടു പുറത്തു പോയി. ഇന്നലെ വൈകിട്ടോടെ അഭിൽ യാത്രയുമായി. അഭീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒക്ടോബർ 4 മുതൽ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു മാതാപിതാക്കൾ. ഏകമകനാണ്. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് അവർ വിശ്വസിച്ചു. സ്വന്തം വിശ്വാസം ഉറപ്പിക്കാനെന്നോണം ആശുപത്രിയിലെത്തുന്ന എല്ലാവരോടും ഇതു തന്നെ പറഞ്ഞു. അഭീലിനെ പരിശോധിക്കുന്ന ഡോക്ടർമാർക്കും ചില വേളകളിൽ മാതാപിതാക്കൾ ആത്മവിശ്വാസം നൽകി. അവർ ഐസിയുവിനു മുന്നിൽതന്നെ കാത്തിരുന്നു. പക്ഷേ എല്ലാം വെറുതയായി.

ഒക്ടോബർ 4 ഉച്ചയ്ക്കു 12:10നാണ് പാലാ നഗരസഭാ സ്റ്റേഡിയത്തിൽ അപകടം ഉണ്ടായത്. സംസ്ഥാന ജൂനിയർ അത്ലറ്റിക്‌സ്. അണ്ടർ 18 വിഭാഗം പെൺകുട്ടികളുടെ ഹാമർത്രോ മത്സരം. 40 അടി ഉയരത്തിൽനിന്നു പറന്നു വന്ന 3 കിലോ ഭാരമുള്ള ലോഹഗോളം അഭീൽ ജോൺസന്റെ നെറ്റിയിൽ വീണു. ഹാമർ ത്രോ മത്സരവേദിക്കു സമീപം നടന്ന ജാവലിൻ ത്രോ മത്സരത്തിൽ സഹായിയായി നിൽക്കുകയായിരുന്ന അഭീൽ. ഹാമർ പറന്നു വരുന്നതു കണ്ട് സമീപത്തു നിന്നവർ അലറി വിളിച്ചപ്പോൾ തല താഴ്‌ത്തി കുനിഞ്ഞിരുന്നെങ്കിലും അഭീലിന്റെ നെറ്റിയുടെ ഇടതുഭാഗം തകർത്ത് ഹാമർ പതിച്ചു. ഒരേ സമയത്ത് അടുത്തടുത്തായി രണ്ടു ത്രോ ഇനങ്ങൾ സംഘടിപ്പിച്ചതായിരുന്നു അപകടകാരണം. ഇത് തീർത്തും അശാസ്ത്രീയമായിരുന്നു.

വനിതാ ഹാമർ ത്രോ ഏരിയയുടെ അടുത്തുതന്നെയായിരുന്നു അണ്ടർ 18 ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരവും നടന്നത്. രണ്ടു ത്രോ ഇനങ്ങളുടെയും ഫീൽഡുകൾ (ഏറ് പതിക്കുന്ന സ്ഥലം) ഒരിടം തന്നെയായിരുന്നു. ഹാമർ ത്രോയിൽ ഒരു ഏറ് കഴിഞ്ഞാൽ ജാവലിൻ ത്രോയിൽ ഒരു ഏറ് എന്ന ക്രമത്തിലായിരുന്നു മത്സരം നടന്നത്. ഹാമറും ജാവലിനും തിരികെ എടുത്തു കൊടുക്കേണ്ട കുട്ടികൾ ഫീൽഡിലുണ്ടായിരുന്നു. അവരിലൊരാളായിരുന്നു അഭീൽ. ഇരുമ്പുകമ്പിയിൽ ഘടിപ്പിച്ച ലോഹഗോളം ചുഴറ്റി എറിയുന്ന കായിക ഇനമാണു ഹാമർത്രോ. ഇരുമ്പുതൂണുകളിൽ ഉറപ്പിച്ച വലയ്ക്കുള്ളിൽനിന്നാണ് ഹാമർ പുറത്തേക്ക് എറിയേണ്ടത്. ഗ്രൗണ്ടിൽ നിശ്ചിത മേഖലയിൽ പതിക്കുന്ന ത്രോയുടെ ദൂരം അളന്നാണു വിജയിയെ നിശ്ചയിക്കുന്നത്. ഏറെ മുൻകരുതലുകൾ വേണ്ട മത്സരം ഒന്നുമില്ലാതെ നടത്തി. ഇതാണ് അഭിലിന്റെ ജീവനെടുത്തത്.

ഫുട്‌ബോൾ കളിക്കാരനാകാനായിരുന്നു അഭീലിന്റെ ആഗ്രഹം. ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്ന സ്‌കോർലൈൻ, കഴിഞ്ഞ ഏപ്രിലിൽ പാലായിൽ നടത്തിയ ക്യാംപിൽ അഭീൽ പങ്കെടുത്തിരുന്നു. മധ്യനിരയിൽ മികച്ച താരമായി പാഞ്ഞുനടന്ന അഭീലിനെ അന്നു ക്യാംപിൽ എത്തിയ പോർച്ചുഗീസ് പരിശീലകൻ ജാവിയർ പെട്രോ പ്രത്യേകം നോട്ടമിട്ടു. ക്യാംപിൽ നിന്നു തിരഞ്ഞെടുത്ത 2 പേരിൽ ഒരാൾ അഭീലായിരുന്നു. മധ്യനിരയിൽ അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കുന്ന ഒരു പ്ലേമേക്കറായി ഉയരാൻ അഭീലിനു കഴിയുമെന്നായിരുന്നു പെട്രോയുടെ കണ്ടെത്തൽ. ഇത്തരത്തിലൊരു പ്രതിഭയാണ് കായിക സംഘാടകരുടെ ഉത്തരവാദിത്തമില്ലാതെ ജീവിതത്തിൽ നിന്ന് മടങ്ങുന്നത്. പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സ്‌കോർലൈൻ നടത്തി വന്ന ക്യാംപിലേക്കും അഭീലിനെ തിരഞ്ഞെടുത്തിരുന്നു. അക്കാദമി ലീഗിനായുള്ള താരമായി സ്‌കോർലൈനുമായി അഭീൽ ആദ്യ കരാറും ഒപ്പുവച്ചു. അഭീൽ ആത്മാർഥതയുള്ള താരമായിരുന്നെന്ന് പരിശീലകൻ പി.സി. സുഭീഷ് കുമാർ പറയുന്നു.

അഭീലിന്റെ വീട് ചൊവ്വൂർ പള്ളിക്കു സമീപമാണ്. അവിടെ നിന്ന് അരക്കിലോ മീറ്റർ അകലെയാണു തറവാട്. എന്തു സമ്മാനം കിട്ടിയാലും ആ വിശേഷം പറയാൻ തറവാട്ടിലേക്ക് ഓടിവരുമായിരുന്നു അഭീൽ എന്നു ജോൺസന്റെ അമ്മ അന്നമ്മ ജോർജും പറയുന്നു. മൂന്നിലവ് പഞ്ചായത്തിലെ മുൻ അംഗമാണ് അന്നമ്മ ജോർജ്. വീട്ടിലെ അലമാര നിറയെ അഭീലിനു കിട്ടിയ മെഡലുകളുണ്ട്. പത്താം ക്ലാസിൽ 89% മാർക്ക് വാങ്ങിയാണ് അഭീൽ ജയിച്ചത്. കർഷകകുടുംബമാണു ജോൺസന്റേത്. ഫുട്‌ബോളിലാണ് അഭീലിനു താൽപര്യം എന്നറിഞ്ഞതോടെ ജോൺസണും ഭാര്യ ഡാർളിയും അതിനു വേണ്ട എല്ലാപിന്തുണയും നൽകി. മൂന്നിലവ് നവജ്യോതി സ്‌കൂളിൽ ആറാം ക്ലാസ് മുതൽ ഫുട്‌ബോൾ കളിച്ചു തുടങ്ങിയതാണ് അഭീൽ.ചൊവ്വൂർ ഗ്രാമവും അഭീലിനു വേണ്ടി പ്രാർത്ഥനയിലായിരുന്നു. സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ ശനിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു. ഞായറാഴ്ചയും എല്ലാ പള്ളികളിലും പ്രത്യേക പ്രാർത്ഥനകളും ആരാധനയും നടത്തി. ഇതെല്ലാം വെറുതെയായി.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ സംഘാടകരുടെ വീഴ്ചയുണ്ടായെന്ന് പാലാ ആർ.ഡി.ഒ.യുടെ റിപ്പോർട്ട് സർക്കാരിന് മുമ്പിലുണ്ട്. സമാന്തരമായി ഹാമർ ത്രോ, ജാവലിൻ മത്സരങ്ങൾ നടത്തിയതാണ് പ്രധാന വീഴ്ച. ഹാമർ, ജാവലിൻ മത്സരങ്ങൾ നിയന്ത്രിക്കാൻ ഗ്രൗണ്ട് റഫറിയെ നിയോഗിച്ചിരുന്നു. റഫറി ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല. ജാവലിൻ, ഹാമർ മത്സരങ്ങൾ സമീപത്തായി നടത്തരുതെന്നാണ് അത്‌ലറ്റിക് നിയമം -പാലാ ആർ.ഡി.ഒ. അനിൽ ഉമ്മൻ കണ്ടെത്തിയിരുന്നു. ഹാമറും ജാവലിനും അടുത്തടുത്തായാണ് വന്നുവീഴുന്നത്. ഇക്കാര്യത്തിൽ ഗ്രൗണ്ട് റഫറി അനാസ്ഥകാട്ടി. പരിക്കേറ്റ വിദ്യാർത്ഥിയെ വൊളന്റിയറായി നിയമിച്ചിരുന്നില്ലന്ന് സംഘാടകർ അറിയിച്ചുവെന്ന് ആർ.ഡി.ഒ. പറഞ്ഞിരുന്നു. അഭീൽ പഠിക്കുന്ന പാലാ സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ അനുമതി തേടിയിട്ടല്ല വൊളന്റിയറായി നിയോഗിച്ചത്. ആരുടെ നിർദ്ദേശപ്രകാരമാണ് വൊളന്റിയറായി എത്തിയതെന്ന് അന്വേഷിക്കണം. മീറ്റിന്റെ ചുമതലയുണ്ടായിരുന്ന കായികാധ്യാപകരിൽനിന്ന് ആർ.ഡി.ഒ. വിവരങ്ങൾ ശേഖരിച്ചു. മേള നടക്കുന്ന വിവരം സംഘാടകർ കളക്ടറെയോ ആർ.ഡി.ഒ.യെയോ അറിയിച്ചിരുന്നില്ല. ഇങ്ങനെ വീഴ്ചകൾ ഏറെയാണ്.

കായികമേളയ്ക്കിടെ പരുക്കേറ്റ അഭീൽ ജോൺസന്റെ മരണം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP