Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുപ്രീംകോടതി ഉത്തരവ് മാതൃത്വം തെളിയിക്കാനുള്ള പോരാട്ടത്തിൽ വിഘാതമായേക്കും; മുംബൈയിൽ കോടതിയിൽ കേസു നടത്തിയാൽ സാമ്പത്തിക ബാധ്യത പ്രശ്‌നമാകുമെന്ന ആശങ്കയിൽ കർമ്മല; അനുരാധ പഡ്വാൾ അമ്മയാണെന്ന് തെളിയിക്കാൻ പരമാവധി ശ്രമമെന്ന് കുടുംബം; വിധിയുടെ പകർപ്പ് ലഭിച്ചശേഷം തുടർ നടപടികളുമായി മുന്നോട്ടെന്ന് കർമ്മലയുടെ അഭിഭാഷകൻ അനിൽ പ്രസാദ്

സുപ്രീംകോടതി ഉത്തരവ് മാതൃത്വം തെളിയിക്കാനുള്ള പോരാട്ടത്തിൽ വിഘാതമായേക്കും; മുംബൈയിൽ കോടതിയിൽ കേസു നടത്തിയാൽ സാമ്പത്തിക ബാധ്യത പ്രശ്‌നമാകുമെന്ന ആശങ്കയിൽ കർമ്മല; അനുരാധ പഡ്വാൾ അമ്മയാണെന്ന് തെളിയിക്കാൻ പരമാവധി ശ്രമമെന്ന് കുടുംബം; വിധിയുടെ പകർപ്പ് ലഭിച്ചശേഷം തുടർ നടപടികളുമായി മുന്നോട്ടെന്ന് കർമ്മലയുടെ അഭിഭാഷകൻ അനിൽ പ്രസാദ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതൃത്വം തെളിയിക്കാനുള്ള പോരാട്ടത്തിൽ വന്നത് താത്കാലിക പ്രതിസന്ധിയെന്ന വിലയിരുത്തലിൽ കർമ്മല മോഡക്‌സും കുടുംബവും. ഏതറ്റം വരെ പോയാലും പ്രശസ്ത ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന് തെളിയിക്കുക തന്നെ ചെയ്യണം എന്ന തീരുമാനത്തിലാണ് കുടുംബം. കാർമല നൽകിയ ഹർജി പ്രകാരം തിരുവനന്തപുരം കോടതിയിൽ നടന്നുവരുന്ന നടപടിക്രമങ്ങൾ താത്ക്കാലത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് മുബൈയിലേക്കു മാറ്റണം എന്നാവശ്യപ്പെട്ട് അനുരാധ പഡ്വാൾ നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി വന്നത്. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ അടുത്ത നടപടികൾ ആലോചിക്കുകയാണ് കുടുംബം. അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്നും അവരുടെ സ്വത്തിൽ അവകാശമുണ്ടെന്നും കാണിച്ച് വർക്കല സ്വദേശി കർമ്മല മോഡക്‌സ് ആണ് തിരുവനന്തപുരം കുടുംബകോടതിയിൽ ഹർജി നൽകിയിരുന്നത്. സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തിൽ അനന്തര നടപടികൾ ആലോചിക്കും. പക്ഷെ വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ല. എന്താണ് വിധിയിൽ പറയുന്നത് എന്ന് നോക്കണം. ഒരു പക്ഷെ മുംബൈ കോടതിയിലേക്ക് കേസ് മാറ്റാൻ സുപ്രീംകോടതി ഒരുങ്ങുകയാവണം-കർമ്മലയുടെ അഭിഭാഷകൻ അനിൽ പ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

സുപ്രീംകോടതിയിൽ വന്ന ഹർജി പ്രകാരം കേസ് എവിടേയ്ക്ക് വേണമെങ്കിലും മാറ്റാൻ സുപ്രീംകോടതിക്ക് കഴിയും. പക്ഷെ കർമ്മലയുടെ സാമ്പത്തിക ശേഷി ആലോചിക്കേണ്ടതുണ്ട്. മുംബെ കോടതിയിലൊക്കെ പോയി കേസ് വാദിക്കണമെങ്കിൽ നല്ല തുക കണ്ടെത്തേണ്ടി വരും. ഇത് ആലോചിക്കേണ്ട കാര്യമാണ്. രണ്ടാമത് സുപ്രീംകോടതിയിൽ തന്നെ അപ്പീലിന് പോവുക. കക്ഷിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി കേസ് തിരുവനന്തപുരം തന്നെ നിലനിർത്താൻ അപേക്ഷ നൽകുക. അതിൽ വരുന്ന കാര്യം കർമ്മലയ്ക്ക് സാമ്പത്തിക ശേഷിയില്ലെങ്കിൽ കേസ് വാദിക്കാൻ സർക്കാർ സഹായം ലഭ്യമാക്കാൻ സുപ്രീംകോടതിക്ക് ഉത്തരവിടാം. അതുപ്രകാരം സർക്കാർ അഭിഭാഷകർ ഈ കേസിൽ വരാനും സാധ്യതയുണ്ട്. പക്ഷെ എന്താണ് വിധിയിലെ വിശദാംശം എന്ന് ആദ്യം അറിയണം. സ്‌ട്രോങ്ങ് വാദങ്ങൾ അപ്പീലിൽ ഞങ്ങൾ ഫയൽ ചെയ്യും. ട്രാൻസ്ഫർ ഓർഡർ സുപ്രീംകോടതി ഇറക്കിയിട്ടില്ലെന്നും സ്റ്റേ മാത്രമാണെന്നുമാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ സ്വാഭാവികമായും സ്റ്റേ നീക്കാൻ അപ്പീൽ ഫയൽ നൽകണം. അതിനു കർമ്മലയുടെ കുടുംബവുമായി ആലോചിക്കേണ്ടതുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും-അനിൽ പ്രസാദ് പറയുന്നു.

ബോളിവുഡിനെ ഇളക്കിമറിക്കുന്ന ഒരു വിവാദത്തിന്മേലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്. പ്രശസ്ത ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് കർമ്മല മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞത്. എന്തുകൊണ്ട് അമ്മ തന്നെ ഉപേക്ഷിച്ചുവെന്നും എത്ര തുക വേണമെങ്കിലും അനുരാധ നൽകാമെന്നും തന്റെ വളർത്തിയ പൊന്നച്ചനോട് അനുരാധ പറഞ്ഞിരുന്നു. മരണവേളയിൽ മാത്രമാണ് താനും ഭാര്യയും കർമ്മലയുടെ യഥാർത്ഥ മാതാപിതാക്കൾ അല്ലാ എന്നുള്ള കാര്യം പൊന്നച്ചൻ വെളിപ്പെടുത്തുന്നത്. പൊന്നച്ചന്റെ മരണശേഷമാണ് തനിക്ക് നഷ്ടമായ അമ്മയെന്ന സൗഭാഗ്യം തേടി കർമ്മല കുടുംബകോടതിയെ സമീപിക്കുന്നത്. കോടതിയിൽ വാദം നടന്നുവരവേയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്.

അനുരാധ പഡ്വാൾ- അരുൺ പഡ്വാൾ ദമ്പതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാനേൽപ്പിക്കുകയായിരുന്നെന്നും പൊന്നച്ചന്റെയും ഭാര്യ ആഗ്‌നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് താൻ വളർന്നതെന്നുമാണ് ഹർജിയിൽ കർമ്മല പറഞ്ഞത്. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അനുരാധയും ഭർത്താവുമെത്തി കർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കർമല അവർക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കർമ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്. പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുൻപാണ് തന്റെ യഥാർത്ഥ അമ്മ അനുരാധയാണെന്ന് കർമ്മലയെ അറിയിക്കുന്നത്.കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടർന്നാണ് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ വഞ്ചിയൂർ കുടുംബകോടതി മുമ്പാകെ ഗായിക ഹാജരാകണമെന്ന് കോടതി ഉത്തവിട്ടിരുന്നു. ഇതിനെ എതിർത്തു കൊണ്ടും മുംബൈയിലേക്ക് കേസ് മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുമാണ് അനുരാധ പഡ്വാൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് തുടർന്നു പോകാൻ ഒരു ഡിഎൻഎ പരിശോധനക്ക് അടക്കം കർമ്മല തയ്യാറായിരുന്നു. ഇതിന്നിടയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്.

കർമല പറഞ്ഞ ജീവിത കഥ ഇങ്ങനെ:

1969-ലാണ് അനുരാധ പട്വാൾ-അരുൺ പട് വാൾ വിവാഹം നടക്കുന്നത്. 1974-ൽ ഇവർ പ്രശസ്തിയുടെ പാരമ്യത്തിൽ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് മൂത്ത മകൾ ആയി കാർമല ജനിക്കുന്നത്. വളരെ ബിസി കരിയർ ആയിരുന്നു അനുരാധയുടേത്. പൊന്നച്ചനും ആഗ്‌നസും അന്ന് മുംബൈയിലാണ്. അനുരാധയുടെ കുടുംബവുമായി വ്യക്തി ബന്ധവും. ഒരു മാസമായ കാർമലയെയാണ് ഇവർ പൊന്നച്ചനെയും ആഗ്‌നസിനെയും ഏൽപ്പിക്കുന്നത്. ഇവർക്ക് മൂന്നു മക്കളാണ്. ഇവരുടെ മകളായാണ് അനുരാധയുടെ മകളെ ഈ കുടുംബം വളർത്തിയത്. കാർമല ഇവിടെ സന്തോഷത്തോടെ വളർന്നു. അഞ്ചു വയസുവരെ ഇവർ നോക്കി വളർത്തി. അനുരാധയും ഭർത്താവും ഇടയ്ക്ക് വരും. അപ്പോൾ അഞ്ചു വയസായി. പൊന്നച്ചനു ട്രാൻസ്ഫർ ആയി. വർക്കലയ്ക്ക്. കുഞ്ഞിനെ തിരിച്ചെടുക്കാൻ അനുരാധ വന്നു. കുഞ്ഞു കരച്ചിലും ബഹളവും. ഇവർക്ക് ആണെങ്കിൽ കാർമലയെ വിട്ടുകൊടുക്കാനും മടി. ഇതോടെയാണ് പരിഹാരമായി ഇവർ കാർമലയെ ഇവരെ തന്നെ ഏൽപ്പിക്കുന്നത്. എല്ലാ സഹായവും ഞങ്ങൾ ചെയ്യാം എന്നാണ് ഇവർ പറഞ്ഞത്. പൊന്നച്ചനും ആഗ്‌ന്‌സും ഈ കാര്യം ഒരിക്കലും കാർമലയോടോ മറ്റു മക്കളോടോ വെളിപ്പെടുത്തിയില്ല. കുട്ടി ഒറ്റപ്പെടും എന്ന കാരണത്താലാണ് ഇവർ ജനനരഹസ്യം വെളിപ്പെടുത്താതിരുന്നത്.

വിവാഹ സമയം ആയപ്പോൾ പൊന്നച്ചൻ അനുരാധയെ കണ്ടു. മകളായി ഇനി ഒരിക്കലും കാർമലയുടെ പേര് പറയാൻ കഴിയില്ല. നിങ്ങൾ ഈ കാര്യം മനസിലാക്കണം. നിങ്ങൾ തന്നെ നോക്കിക്കോളൂ. പക്ഷെ സാമ്പത്തിക സഹായം എത്ര വേണമെങ്കിലും നൽകാം എന്നാണ് അനുരാധ പറഞ്ഞത്. പക്ഷെ സാമ്പത്തിക സഹായം ഒന്നും കൈപ്പറ്റാതെ വിവാഹകാര്യം മാത്രം അറിയിച്ച് പൊന്നച്ചൻ മടങ്ങി. വിവാഹം നടക്കുകയും ചെയ്തു. പക്ഷെ മരണ സമയത്ത് പൊന്നച്ചൻ രഹസ്യം കാർമലയോട് വെളിപ്പെടുത്തി. പൊന്നച്ചൻ പറഞ്ഞ കാര്യം വിശ്വസിക്കാനോ അവിശ്വസിക്കാനോ കാർമലയ്ക്ക് കഴിഞ്ഞില്ല. ഇവർ ഭർത്താവിനോടും മക്കളോടും ഈ കാര്യം വെളിപ്പെടുത്തിയില്ല. കാർമല പക്ഷെ രഹസ്യമായി അനുരാധയുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ മനസിലായപ്പോൾ അനുരാധ കാർമലയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെയാണ് കാർമല ഭർത്താവിനോട് ഈ കാര്യം പറയുന്നത്.

നിയമനടപടിക്കായാണ് ഇവർ അനിൽ പ്രസാദിനെ സമീപിക്കുന്നത്. ഇനി വാദമുഖങ്ങൾ കുടുംബകോടതിക്ക് മുൻപാകെ എന്നാണ് അനിൽ പ്രസാദ് പറയുന്നത്. വളരെ മെല്ലെ വന്ന വാർത്ത ഇപ്പോൾ ദേശീയ മാധ്യമങ്ങളിലേക്ക് തന്നെ വന്നിട്ടുണ്ട്. വരും ദിനങ്ങൾ ചലച്ചിത്ര ലോകം ഏറ്റെടുക്കുക്കയും ചർച്ച ചെയ്യുകയും ചെയ്യുന്ന വാർത്ത കൂടിയാകും ഈ അനുരാധ വാർത്തകൾ. തന്റെ ജീവിതത്തിൽ ഇല്ലാത്ത ഒരു പ്രതിസന്ധി മുന്നിൽ കാണുന്ന അനുരാധ എന്ത് നിലപാട് എടുക്കും എന്നാണ് അറിയാനുള്ളത്. അനുരാധ നേരിട്ട് ഹാജരാകുന്ന ദിവസം ദേശീയ മാധ്യമങ്ങൾ തന്നെ കുടുംബകോടതിക്ക് മുൻപിൽ അണിനിരക്കും. എന്നാൽ ഇതൊന്നും കൂസാതെ അനുരാധ പട്വാൾ തന്റെ അമ്മയാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് കാർമല മോഡക്‌സ്. 1974-ലാണ് അനുരാധ പഡ്വാൾ- അരുൺ പഡ്വാൾ ദമ്പതികളുടെ മകളായി താൻ ജനിച്ചതെന്നാണ് കാർമല തന്റെ അഭിഭാഷകനായ അനിൽപ്രസാദിനെ അറിയിച്ചിരിക്കുന്നത്.

ഡിഎൻഎ പരിശോധനയുടെ ആവശ്യകത പോലും ഈ കാര്യത്തിൽ ഇല്ലെന്നാണ് കാർമല തന്നെ പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും തന്റെ അമ്മയായ അനുരാധയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് അമ്മ അനുരാധ നീങ്ങില്ലെന്നാണ് കാർമല കരുതുന്നത്. അനുരാധയുടെ മൂത്ത മകളാണ് താൻ. മൂത്തമകളെ നിഷേധിച്ചിട്ടു ഒരമ്മയ്ക്കും മുന്നോട്ടു പോകാൻ കഴിയില്ല. തന്റെ രണ്ടു സഹോദരങ്ങൾക്കും ഈ കാര്യം അറിയാം. ഈ കാര്യങ്ങൾ അറിഞ്ഞിട്ടും മൂടിവയ്ക്കാനാണ് അനുരാധയും കുടുംബവും ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP