Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയതോടെ അനുപമയുടെ പരാതിയിൽ ഇടപെട്ട് സർക്കാർ; ദത്ത് നടപടി നിർത്തിവെക്കണം; കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നത് കോടതിയിൽ അറിയിക്കും; വഞ്ചിയൂർ കുടുംബ കോടതിയെ കാര്യങ്ങളറിയിക്കാൻ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി

സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയതോടെ അനുപമയുടെ പരാതിയിൽ ഇടപെട്ട് സർക്കാർ; ദത്ത് നടപടി നിർത്തിവെക്കണം; കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നത് കോടതിയിൽ അറിയിക്കും; വഞ്ചിയൂർ കുടുംബ കോടതിയെ കാര്യങ്ങളറിയിക്കാൻ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടേറിയേറ്റിന് മുന്നിൽ അനുപമ നിരാഹാര സമരം ആരംഭിച്ചതോടെ അതിവേഗം വിഷയത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. കോടതിയിൽ ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ സർക്കാർ ആവശ്യപ്പെടും. സർക്കാർ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടർക്കും നിർദ്ദേശം നൽകി.

തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയെ സർക്കാർ സമീപിക്കും. ദത്തു നൽകിയ കുഞ്ഞിൽ അനുപമ ഉന്നയിക്കുന്ന അവകാശവാദം സർക്കാർ കോടതിയെ അറിയിക്കും. അതേസമയം സെക്രട്ടേറിയേറ്റ് പടിക്കൽ അനുപമും അജിത്തും നടത്തുന്ന നിരാഹാരം തുടരുകയാണ്.

വഞ്ചിയൂർ കുടുംബ കോടതിയിലാണ് ദത്ത് നടപടികളിൽ അന്തിമ വിധി പുറപ്പെടുവിക്കാൻ മാറ്റിവെച്ചിരിക്കുന്നത്. സർക്കാരും ശിശുക്ഷേമ സമിതിയും ഹർജിയിൽ തൽക്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെടും. കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് നിർണായക ഇടപെടൽ നടത്തിയത്.

'കുട്ടിയുടെ ദത്ത് നടപടികൾ നടക്കുന്ന വഞ്ചിയൂർ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഈ കുട്ടിയുടെ ദത്തെടുക്കൽ നടപടി പൂർത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സർക്കാർ നടത്തുന്ന അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പിന് നിർദ്ദേശം നൽകി.' മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

കോടതിയെ സമീപിക്കാനുള്ള നിർദ്ദേശം മന്ത്രി വീണ ജോർജ് വകുപ്പ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗവൺമെന്റ് പ്ലീഡർക്ക് ശനിയാഴ്ച തന്നെ കോടതിയെ ഇത് ബോധ്യപ്പെടുത്താനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ഉടൻ തന്നെ ഗവൺമെന്റ് പ്ലീഡർ ഇക്കാര്യം അറിയിക്കും. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ താൽക്കാലികമായാണ് ദത്ത് നൽകിയിരിക്കുന്നത്. ഇതിന്റെ നടപടികൾ കോടതിയിൽ പൂർത്തിയാവുകയാണ്. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്.

ആന്ധ്രയിൽ ദത്തു നൽകിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയർത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നൽകാനിരിക്കെയാണ് സർക്കാർ ഇടപെടൽ നടത്തിയിരിക്കുന്നത്. ഈ കുഞ്ഞിൽ അനുപമ അവകാശവാദം ഉയർത്തിയ കാര്യമാണ് സർക്കാർ വഞ്ചിയൂർ കുടുംബ കോടതിയെ അറിയിക്കുക.

അതേസമയം, സംഭവത്തിൽ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. പ്രാഥമിക അന്വേഷണത്തിന്റെ ആദ്യഘട്ടം പിന്നിടുന്നു. ശിശു ക്ഷേമ സമിതിക്ക് സംഭവിച്ചതെന്ന് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവൻ ജീവനക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആൺകുഞ്ഞിനെ രജിസ്റ്ററിൽ പെൺകുഞ്ഞാക്കിയതിന് പിന്നിലും ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രിൽ 19 ന് പേരൂർക്കട പൊലീസിൽ ആദ്യ പരാതി നൽകി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫയർ കമ്മിറ്റി, സിപിഎം നേതാക്കൾ തുടങ്ങി എല്ലാവർക്കും പരാതി നൽകി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു.

തുടക്കം മുതൽ ഒളിച്ചുകളിച്ച പൊലീസും ഇപ്പോൾ അന്വേഷണം സജീവമാക്കിയിട്ടുണ്ട്. അഡോപ്ഷൻ ഏജൻസി, അനുപമ പ്രസവിച്ച നെയ്യാർ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്രഅഡോപ്ഷൻ റിസോഴ്‌സ് സമിതിക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ 19 നും 25 നും ഇടയിൽ ലഭിച്ച കുട്ടികളുട വിവരം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

കുട്ടിയുടെ ദത്ത് നടപടി പൂർത്തിയായി എന്നിരിക്കെ ഇനി സർക്കാരും പൊലീസും എടുക്കുന്ന നടപടിയാണ് ഏറെ ശ്രദ്ധേയമാവുക. കുഞ്ഞിനെ കാണാതായ സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ഡിജിപി, സിറ്റി പൊലീസ് കമ്മീഷണർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്‌ളുസി ചെയർപേഴ്‌സണ സുനന്ദ എന്നിവർ ഈ മാസം മുപ്പതിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഇന്നലെ പറഞ്ഞ കാര്യങ്ങൾ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവം കൂടുതൽ സങ്കീർണമാക്കുകയാണ്. ശിശുക്ഷേമസമിതിയുടെ ജനറൽ സെക്രട്ടറിയാണ് ഷിജു ഖാൻ. അദ്ദേഹവുമായി അനുപമയുടെ വിഷയം സംസാരിച്ചിരുന്നുവെന്ന് ആനാവൂർ നാഗപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് അനുപമയുടെ കുഞ്ഞാണെന്ന് അറിഞ്ഞു കൊണ്ട് കുട്ടിയെ ശിശുക്ഷേമസമിതി ദത്തുകൊടുക്കുക എന്തു കൊണ്ട് സത്യമറിഞ്ഞിട്ടും ഷിജുഖാൻ ദത്തുകൊടുക്കാൻ സമ്മതിച്ചെന്ന് വ്യക്തമല്ല. ഏപ്രിൽ 19-ന് പേരൂർക്കട പൊലീസിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും അനുപമയും അജിത്തും പരാതി കൊടുത്തെങ്കിലും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പൊലീസും ദത്തിന് ഒത്താശ ചെയ്തു.

ഏപ്രിൽ 28-ന് ശിശുക്ഷേമസമിതി അധ്യക്ഷ സുനന്ദ അജിതും അനുപമയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. ഒക്ടോബർ 22-ന് ആശുപത്രിയിൽ പോയി തിരികെ വരും വഴി ജഗതിയിൽ വച്ച് കാറിൽ നിന്നും അച്ഛനും അമ്മയും ചേർന്ന് തന്റെ കുഞ്ഞിനെ തട്ടിയെടുത്തുകൊണ്ടു പോയെന്ന് അനുപമ കൂടിക്കാഴ്ചയിൽ സുനന്ദയോട് വ്യക്തമായി പറഞ്ഞിരുന്നു. ആ തീയതിയിൽ തൈക്കാട്ടെ ശിശുക്ഷേമ സമിതിയിൽ ഒരു കുഞ്ഞിനെയാണ് പ്രവേശിപ്പിച്ചതായി രേഖകളിൽ വ്യക്തമാവുന്നത്. ഈ കുട്ടി ആരുടേതാണ് എന്ന് ശിശുക്ഷേമസമിതി അധികൃതർക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടാണ് അതിവേഗം ദത്തുകൊടുക്കൽ നടപടികൾ പൂർത്തീകരിക്കാൻ ഇവർ ശ്രമിച്ചത് എന്നതാണ് ഗുരുതരമായ കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP