Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

എന്റെ പൊന്നു അനിൽ കുമാര നിനക്ക് വൈറൽ ആകണം എങ്കിൽ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളുടെ നെഞ്ചത്തു കേറി ആകരുത്; ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കൾ പറ്റുമെങ്കിൽ അത് വഴി ഒക്കെ പോകുമ്പോൾ ചെറുവക്കൽ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ഉള്ള അനുഗ്രഹ എന്ന് പേരുള്ള ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുക; തീർച്ചയായും ഇഷ്ടപ്പെടും: സജിക്കും ലിസിക്കും സോഷ്യൽ മീഡിയ നൽകിയത് സമാനതകളില്ലാത്ത പിന്തുണ; ഉച്ചഭക്ഷണത്തിന് അമിത വില പ്രചരണം പൊളിയുമ്പോൾ

എന്റെ പൊന്നു അനിൽ കുമാര നിനക്ക് വൈറൽ ആകണം എങ്കിൽ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളുടെ നെഞ്ചത്തു കേറി ആകരുത്; ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കൾ പറ്റുമെങ്കിൽ അത് വഴി ഒക്കെ പോകുമ്പോൾ ചെറുവക്കൽ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ഉള്ള അനുഗ്രഹ എന്ന് പേരുള്ള ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുക; തീർച്ചയായും ഇഷ്ടപ്പെടും: സജിക്കും ലിസിക്കും സോഷ്യൽ മീഡിയ നൽകിയത് സമാനതകളില്ലാത്ത പിന്തുണ; ഉച്ചഭക്ഷണത്തിന് അമിത വില പ്രചരണം പൊളിയുമ്പോൾ

ആർ പീയൂഷ്

കൊല്ലം: തെറ്റൊന്നും ചെയ്യാതിരുന്ന തങ്ങൾ കുറച്ചു മണിക്കൂർ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ പേരിൽ ഏറെ വിഷമിച്ചു. എന്നാൽ അടുത്ത ദിവസം എല്ലാവരും പിൻതുണ അറിയിച്ചെത്തിയപ്പോഴാണ് സമാധാനമായത്. ആയൂർ ചെറുവക്കിലെ അനുഗ്രഹാ ഹോട്ടൽ ഉടമകളായ സജിയുടെയും ലിസിയുടെയും വാക്കുകളാണിത്.

കഴിഞ്ഞ ദിവസം ഇവരുടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരു മനുഷ്യാവകാശ പ്രവർത്തകൻ ഉച്ച ഭക്ഷണത്തിന് അമിത വില ഈടാക്കി എന്നാരോപിച്ച് ഒരു വീഡിയോ ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ചിരുന്നു. ഇത് ഹോട്ടലുടമകളായ ഇവരെ ഏറെ വിഷമിപ്പിച്ചു. എന്നാൽ മനുഷ്യാവകാശപ്രവർത്തകൻ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ രംഗത്തെത്തിയതോടെ നിരവധിപേർ ഇവരെ ആശ്വസിപ്പിക്കുകയും പിൻതുണ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഇവരുടെ മനസ്സിലുണ്ടായിരുന്ന ഭയവും വിഷമവും മാറിയത്.

Stories you may Like

കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് മണിയോടെയാണ് രണ്ടു പേർ ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം ലിസി മാത്രമേ കടയിലുണ്ടായിരുന്നുള്ളൂ. ഊണും മത്തി വറുത്തതും ഇരുവർക്കും നൽകി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് 500 രൂപ നൽകി. ഊണിനും മീൻ വറുത്തതിനും കൂടി 100 രൂപയാണ്. അങ്ങനെ രണ്ടു പേരുടെയും ചേർത്ത് 200 രൂപ എടുത്തിട്ട് ബാക്കി 300 രൂപ തിരികെ നൽകി. അപ്പോഴാണ് വില കൂടുതലാണ് എന്ന് പറഞ്ഞ് തർക്കമുണ്ടായത്. ട്രോളിങ് സമയമായതിനാൽ മീനിന് വിലകൂടുതലായതിനാലാണ് ഇത്രയും രൂപ വാങ്ങിയത് എന്ന് ലിസി ഇയാളോട് പറഞ്ഞു. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇതിനേക്കാളും നല്ല ഹോട്ടലുകളിൽ 60 മുതൽ 80 രൂപ വരയെ വിലയുള്ളൂ എന്നും പരാതി നൽകുമെന്നും പറഞ്ഞു.

തർക്കം മുറുകിയപ്പോൾ ലിസിയുടെ ഭർത്താവ് സജി അവിടേക്ക് എത്തി. അപ്പോഴാണ് ഇയാൾ മനുഷ്യാവകാശ പ്രവർത്തകനാണെന്നും തങ്ങളെ പോലെയുള്ളവരുടെ അടുത്ത് ഇത്തരം കള്ളത്തരങ്ങൾ നടക്കില്ലാ എന്നും പറഞ്ഞത്. ഒരു സ്ഥലത്തും 100 രൂപ വില ഈടാക്കില്ലാ എന്നായിരുന്നു ഇയാളുടെ വാദം. ഊണിന് 100 രൂപയാണെന്ന് ആദ്യമേ പറയണമായിരുന്നു എന്നും ഇയാൾ ലിസിയോട് പറഞ്ഞു. കഴിക്കുന്നതിന് മുൻപ് ചോദിക്കണമായിരുന്നു എന്ന് ലിസി തിരിച്ചു പറഞ്ഞു.

60 രൂപയാണ് മീനില്ലാതെ ഊണിന് വാങ്ങുന്നത്. മീൻ വറുത്തതിന് 40 രൂപയുമാണ്. ഇക്കാര്യം സജി പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ഇയാളുടെ ഒപ്പം വന്നയാളും ഇവരോട് തട്ടിക്കയറുകയായിരുന്നു. തർക്കം മുറുകിയപ്പോൾ ഒടുവിൽ ഭക്ഷണം കഴിക്കുകയായിരുന്ന മറ്റൊരാൾ വിഷയത്തിൽ ഇടപെട്ടു. മീനിന് വിലക്കൂടുതലാണെന്നും 100 രൂപയ്ക്ക് മത്തി വാങ്ങിയപ്പോൾ 10 എണ്ണം മാത്രമേ ലഭിച്ചുള്ളൂ എന്നും പറഞ്ഞു. പിന്നീട് ഇവർ തമ്മിൽ വാദപ്രതിവാദമുണ്ടാകുകയും പിന്നീട് ഇവർ ഇവിടെ നിന്നും പോകുകയുമായിരുന്നു.

ഇവർ വീഡിയോ പകർത്തിയത് സജിയും ലിസിയും അറിഞ്ഞിരുന്നില്ല. സമീപത്തെ ഓട്ടോ റിക്ഷാ ഡ്രൈവർമാരാണ് അടുത്ത കഴിഞ്ഞ ദിവസം ഇത് ഇവരെ കാണിക്കുന്നത്. ഇതോടെ ഇരുവരും മാനസികമായി ഏറെ തളർന്നു പോയി. എന്നാൽ ഓട്ടോ റിക്ഷാ തൊഴിലാളികൾ ഇവരുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പേടിക്കേണ്ടെന്നും ആശ്വസിപ്പിച്ചു. പിന്നീടാണ് ചങ്ങാതിക്കൂട്ടം എന്ന പേജിൽ മനുഷ്യാവകാശ പ്രവർത്തകനെതിരെ ഈ വീഡിയോ പ്രചരിച്ചത്. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റു പിടിച്ചതോടെ എല്ലാവരും ഇവരെ പിൻതുണച്ച് മുന്നിലെത്തി. മനുഷ്യാവകാശപ്രവർത്തകൻ അനിൽകുമാറിന്റെ ഫെയ്സ് ബുക്ക് പേജിൽ പിന്നെ മലയാളികളുടെ പൊങ്കാലയായിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.

ഫെയ്സ് ബുക്ക് വീഡിയോയിൽ ഹോട്ടലിന്റെ ഫോൺ നമ്പർ കൂടിയുണ്ടായിരുന്നതിനാൽ ഇവരെ ഫോണിൽ വിളിച്ച് നിരവധിപേർ പിൻതുണ നൽകി. ഇതിനിടയിൽ കുണ്ടറയിൽ നിന്നും രജീഷ് എന്നയാൾ സുഹൃത്തിനൊപ്പം ഈ ഹോട്ടലിലെത്തി വിവരങ്ങൾ തിരക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. സ്വാദിഷ്ടമായ ഭക്ഷണമാണ് ഇവിടുത്തെതെന്ന് കാട്ടി ഇയാൾ ഫെയ്സ് ബുക്കിൽ പോസ്റ്റുമിട്ടു. പോസ്റ്റ് ഇങ്ങനെ;

'ഇന്നലെ രാത്രിയിൽ ആണ് മനുഷ്യാവകാശ ( മത്തിയാവകാശ പ്രവർത്തകൻ എന്ന് വിളിക്കുന്നതാ ശരി ) പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന ഒരു മര ഊളയുടെ ഒരു വീഡിയോ കാണുന്നത് .( മണിക്കൂറുകൾ നീണ്ടു നിന്ന പൊങ്കാല കാരണം അവൻ ആ വീഡിയോ ഡിലീറ്റ് ചെയ്ത് ഓടി ) കൊല്ലം - ആയൂർ റോഡിലെ ചെറുവക്കൽ ജങ്ഷനിലെ ഒരു ഹോട്ടലിൽ ഭക്ഷണത്തിനു അമിത വില ഈടാക്കുന്നു എന്നായിരുന്നു അവന്റെ ജല്പനം .ഒരു ഊണും രണ്ട് മീൻ വറുത്തതും കഴിച്ചപ്പോൾ 100 രൂപ വാങ്ങി എന്നായിരുന്നു അവന്റെ പരാതി .( ഇപ്പോൾ ലോക്ക്ഡൗൺ കാലത് പല ഹോട്ടലുകളും ഊണിനും മീൻ വറുത്തത്തിനും 120 രൂപ മുതൽ വാങ്ങുന്നുണ്ട് ) ആ സാഹചര്യത്തിൽ അവന്റെ വീഡിയോ കണ്ടപ്പോൾ അതിലെ പൊങ്കാലയിൽ ഞാനും പങ്കാളി ആയി . അവിടെ വന്ന കമന്റുകളിൽ നിന്നും ഒരു കാര്യം മനസിലായി അവിടുത്തേത് നല്ല ഭക്ഷണം ആണെന്ന്. പ്രത്യേകിച്ച് ബീഫ് കറിയും ഫ്രെയ്യും . അതുകൊണ്ട് തന്നെ ആണ് ഇന്ന് തന്നെ അവിടെ പോയി കഴിക്കണം എന്ന് തീരുമാനിച്ചത് .അങ്ങനെ ആണ് ഞാനും ഒരു സുഹൃത്തും കൂടി കുണ്ടറയിൽ നിന്നും 32 കിലോമീറ്റർ വണ്ടി ഓടിച്ചു ചെറുവക്കൽ ജങ്ഷനിൽ ഉള്ള അനുഗ്രഹ എന്ന് പേരുള്ള ആ ചെറിയ ഹോട്ടലിൽ എത്തിയത്.( ഒരു ചെറു കട ഒരേ സമയം 10 പേർക്ക് ഒരുമിച്ചു ഇരുന്നു കഴിക്കാൻ ഉള്ള സൗകര്യമേ അവിടെ ഉള്ളു ) അവിടെ എത്തിയപ്പോൾ കണ്ടത്.

സോഷ്യൽ മീഡിയയിൽ വന്ന അവരുടെ വീഡിയോ കണ്ടു വിഷമിച്ചു ഇരിക്കുന്ന പാവം രണ്ടു മനുഷ്യരെ ആണ് സജി ചേട്ടനും ലിസി ചേച്ചിയും .അവരെ ആശ്വസിപ്പിച്ചു കൊണ്ട് സമീപ വാസികളായ 3 -4 പേരും . അവരോട് അവന്റെ വീഡിയോ കണ്ടതുകൊണ്ട് മാത്രം കുണ്ടറയിൽ നിന്നും ഞങ്ങൾ ഈ ഹോട്ടൽ തേടി എത്തിയതാണെന്നു പറഞ്ഞു . എല്ലാ ദിവസവും 10 കിലോ അരി കൂടുതൽ ഇടാനും ഇനിയും അവന്റെ വീഡിയോ കണ്ട ഒരുപാട് പേര് വരും ദിവസങ്ങളിൽ ഇവിടെ എത്തുമെന്നും പറഞ്ഞു അവരെ ആശ്വസിപ്പിച്ചു . തുടർന്ന് ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്തു . രണ്ടു ഊണ് , ഒരു സെറ്റ് നെത്തോലി വറുത്തത് ,ഒരു ബീഫ് കറി. (വളരെ വൃത്തിയായി വിറക് അടുപ്പിൽ പാചകം ചെയ്ത ഭക്ഷണം ) .ചോർ, അവിയൽ ,തോരൻ, സാലഡ് ,അച്ചാറ് എല്ലാം ആവശ്യം പോലെ വാഴ ഇലയിൽ ( തനി നാടൻ ) ഒഴിക്കാൻ സാമ്പാർ ,മീൻകറി ,പുളിശ്ശേരി .മായം ഇല്ലാത്ത നാടൻ ചേരുവകൾ ചേർന്ന നല്ല ഭക്ഷണം എന്ന് പറയാതെ വയ്യ .ബീഫ് കറി കിടിലം .എല്ലാം വളരെ നന്നായി ഇഷ്ടപ്പെട്ടു . എന്തായാലും ആ പാവം ദമ്പതികളെ ഉപദ്രവിക്കാനായി അവർ അറിയാതെ അവരുടെ വീഡിയോ റെക്കോർഡ് ചെയ്തു പ്രചരിപ്പിച്ച പ്രമുഖ 'മത്തി'യാവകാശ പ്രവർത്തകൻ അനിൽ കുമാരന് നന്ദി .ഇന്ന് ഉച്ചയ്ക്ക് നല്ല ഭക്ഷണം തീരെ കുറഞ്ഞ വിലയിൽ കഴിക്കാൻ കാരണം ആയതിനു . കഴിച്ചു ഇറങ്ങുമ്പോൾ ആണ് അവിടുത്തെ സ്‌പെഷ്യൽ പൊറോട്ടയും ബീഫ് ഫ്രെയ്യും ആണെന്ന് അറിഞ്ഞത്.അങ്ങനെ 4 പൊറോട്ടയും ഒരു ബീഫ് ഫ്രെയ്യും പാർസൽ ആയി വാങ്ങി ( അതിന്റെ അഭിപ്രായം കഴിച്ച ശേഷം ) ആകെ ബില്ല് തുക 328 ... ഊണ് 2 എണ്ണം =120 ,ബീഫ് കറി =70 ,ബീഫ് ഫ്രെയ് = 80 ,നെത്തോലി ഫ്രെയ് = 30 ,4 പൊറോട്ട =28 .വളരെ കുറഞ്ഞ വില അല്ലെ ഇത് ? ഇത്രയും ഭക്ഷണം കൊല്ലം ടൗണിൽ നിന്നോ കുണ്ടറയിൽ നിന്നോ കഴിക്കണം എങ്കിൽ കുറഞ്ഞത് 450 രൂപ എങ്കിലും ആകും , അതും കൃത്രിമ ചേരുവകൾ ചേർത്ത ഭക്ഷണം .

എന്റെ പൊന്നു അനിൽ കുമാര നിനക്ക് വൈറൽ ആകണം എങ്കിൽ ഇത് പോലെ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളുടെ നെഞ്ചത്തു കേറി ആകരുത് .ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കൾ പറ്റുമെങ്കിൽ അത് വഴി ഒക്കെ പോകുമ്പോൾ ചെറുവക്കൽ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ഉള്ള അനുഗ്രഹ എന്ന് പേരുള്ള ഈ ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുക. നിങ്ങൾക്കും തീർച്ചയായും ഇഷ്ടപ്പെടും.'

ഈ പോസ്റ്റ് സമൂഹ മാധ്യമത്തിൽ ഏറെ വൈറലായി. ഇതോടെ ഇവിടേക്ക് ഭക്ഷണം കഴിക്കാൻ ആളുകൾ ദൂരസ്ഥലത്ത് നിന്നുപോലും എത്തി. ഹോട്ടലിനെതിരെ നടത്തിയ പ്രചാരണം ഒടുവിൽ വമ്പൻ പരസ്യമായി മാറി. ഏഴു വർഷമായി സജിയും ലിസിയും ഇവിടെ ഹോട്ടൽ ആരംഭിച്ചിട്ട്. മുൻപ് സജിയുടെ പിതാവ് കുഞ്ഞപ്പി ചായക്കടമാത്രം നടത്തുകയായിരുന്നു. സജി ഏറ്റെടുത്തതിന് ശേഷമാണ് ഉച്ചയൂണ് ആരംഭിക്കുന്നത്. സ്വാദിഷ്ടമായ ഭക്ഷണമാണ് എന്ന് സമീപത്തുള്ളവരൊക്കെ സാക്ഷ്യപെടുത്തുന്നുണ്ട്. മീൻ വറുത്തത് ഉൾപ്പെടെ 100 രൂപ ഈടാക്കി എന്നാരോപിച്ചാണ് ആറ്റിങ്ങൽ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ ഇന്റർ നാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് പ്രതിനിധി കെ.പി അനിൽകുമാർ ഫെയ്സ് ബുക്കിൽ വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ സോഷ്യൽ മീഡിയ ഒന്നാകെ ഇയാൾക്കെതിരെ തിരിഞ്ഞതോടെ വീഡിയോ പിൻവലിച്ച് തടിതപ്പുകയാണുണ്ടായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP