Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാജന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് എഴുതിയ ദേശാഭിമാനി അതിന് കുടപിടിച്ച സിപിഎമ്മുകാരും ക്ഷമ പറയുമോ? പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നമല്ലെന്ന് ജില്ലാ പൊലീസ് മേധാവി; അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സാജനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ നിഗമനത്തിൽ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടില്ല; ദേശാഭിമാനി ചമച്ച വാർത്ത കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലെന്നും എസ് പി

സാജന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് എഴുതിയ ദേശാഭിമാനി അതിന് കുടപിടിച്ച സിപിഎമ്മുകാരും ക്ഷമ പറയുമോ? പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നമല്ലെന്ന് ജില്ലാ പൊലീസ് മേധാവി; അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സാജനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ നിഗമനത്തിൽ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടില്ല; ദേശാഭിമാനി ചമച്ച വാർത്ത കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലെന്നും എസ് പി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നല്ലെന്ന് ജില്ലാ പൊലീസ് മേധാവി. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സാജന്റെ ഭാര്യ ബീനയ്ക്ക് പൊലീസ് മേധാവി കത്ത് നൽകി. അത്തരം പ്രചാരണങ്ങൾ ശരിയല്ലെന്നാണ് എസ്‌പി കത്തിൽ വ്യക്തമാക്കുന്നത്. സാജന്റെ മരണം ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയുടെയും നഗരസഭ അധികൃതരുടെയും മാനസിക പീഡനം മൂലമാണെന്നതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

സിപിഎമ്മിന്റെ പാർട്ടി പത്രമായ ദേശാഭിമാനിയിലും തുടർന്നു സമൂഹമാധ്യമങ്ങളിലും കുടുംബത്തിനെതിരെയുണ്ടായ അപവാദ പ്രചാരണങ്ങൾക്കെതിരെ ബീന മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഇതിനു മറുപടിയായാണു പാർട്ടി പത്രത്തെ തള്ളി ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ മറുപടി നൽകിയിരിക്കുന്നത്.

കത്തിലെ വിശദാംശങ്ങൾ ഇങ്ങനെയാണ്: പാർഥാ കൺവൻഷൻ സെന്ററുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭയിലെ മുഴുവൻ രേഖകളും പിടിച്ചെടുത്തു പരിശോധിച്ചെങ്കിലും ഇതുവരെ ആർക്കെതിരെയും കൂടുതൽ വകുപ്പ് കൂട്ടിച്ചേർത്ത് അന്വേഷണം നടത്തുന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങളോ മറ്റു സാക്ഷികളോ സാജന്റെ മരണം കുടുംബപ്രശ്‌നം മൂലമാണെന്ന് എവിടെയും മൊഴി തന്നിട്ടില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും സാജനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ നിഗമനത്തിൽ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടില്ല.

അത്തരം വാർത്തകൾ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നല്ല മാധ്യമങ്ങൾക്കു ലഭിച്ചത്. ചില മാധ്യമങ്ങൾ അവരുടെ ഭാവനയ്ക്കനുസരിച്ചും ഊഹാപോഹങ്ങളുടെയുടെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിലും വ്യാജവാർത്ത ചമയ്ക്കുകയായിരുന്നു. നീതിപൂർണവും കുറ്റമറ്റതുമായ അന്വേഷണമാണ് ഈ കേസിൽ ഇതുവരെ നടത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ജില്ലാ പൊലീസ് മേധാവി കത്തിൽ പറയുന്നു.

അതേസമയം, സാജന്റെ മരണവുമായി ബന്ധപ്പെട്ടു നാർക്കോട്ടിക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം ഈ ആഴ്ചയോടെ പൂർത്തിയാകും. നിലവിൽ അസ്വാഭാവിക മരണത്തിനാണു വളപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തളിപ്പറമ്പ് ആർഡിഒയ്ക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. മാധ്യമങ്ങൾ ഏറ്റുപാടിയപോലെ കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു എന്നു പറഞ്ഞു കൊണ്ടാണ് ദേശാഭിമാനി പത്രം വാർത്ത നൽകിയത്.

സാജന്റെ പേരിലുള്ള മൂന്ന് സിംകാർഡുകളിൽ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് വന്ന ഫോൺകോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയതെന്ന് പറഞ്ഞാണ് ദേശാഭിമാനി ഇല്ലാക്കഥ മെനഞ്ഞത്. അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മൻസൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. ഫോണും കസ്റ്റഡിയിലെടുത്തു. സാജൻ പാറയിലിന്റെ ഡ്രൈവറായിരുന്നു മൻസൂർ. മൻസൂറിനും സാജന്റെ അടുത്ത ബന്ധുക്കളിൽ ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അതാണ് ആത്മഹത്യാ കാരണമെന്നും വിശദീകരിക്കുകയാണ് ദേശാഭിമാനി. ഇത്തരത്തിലൊരു നിഗമനത്തിലാകും അന്വേഷണ സംഘം എത്തുക. സാജന്റെ ഭാര്യയെ സംശയ നിഴലിൽ നിർത്തും വിധത്തിലായിരുന്നു ദേശാഭിമാനിയുടെ വാർത്ത.

മൻസൂറിന്റെ ഫോൺകോളുകളും അതേതുടർന്നുള്ള പ്രശ്നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസെന്ന് ദേശാഭിമാനി ആരോപിച്ചിരുന്നു. ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ് 2400ൽപരം കോളുകൾ വന്നത്. 25 കോളുകൾ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകൾ നീളുന്നവ. സാജൻ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോൾ വന്നു. ഇതിനുശേഷമാണ് സാജൻ ആത്മഹത്യചെയ്തതെന്ന് ദേശാഭിമാനി പറയുന്നു.

സാജന്റെയും ബന്ധുകളുടെയും ഫോണുകൾ പൊലീസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ആത്മഹത്യയുടെ യഥാർഥ കാരണം കണ്ടെത്തിയതെന്നാണ് ദേശാഭിമാനി വാർത്ത. കൺവൻഷൻ സെന്ററിന്റെ പ്രവർത്തനാനുമതി നീളുന്നതിൽ സാജന് മനോവിഷമമുണ്ടായിരുന്നു. എന്നാൽ ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമായിരുന്നില്ല. കാര്യങ്ങൾ ശരിയായി വരുന്നുണ്ടെന്ന് അദ്ദേഹം പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതെല്ലാം സാധൂകരിക്കുന്ന തെളിവാണ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ചതെന്നാണ് ദേശാഭിമാനി വിശദീകരിക്കുന്നത്.

സാജന്റ് ആത്മഹത്യയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയത് സാജന്റെ ഭാര്യയാണ്. പികെ ശ്യാമളയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും ഉയർത്തി. ഇതിന് പിന്നാലെ സാജന്റെ പ്രശ്നങ്ങൾ പി ജയരാജനും സമ്മതിച്ചു. പാർട്ടി ഗ്രാമമാണ് ആന്തൂർ. ഇവിടെ എല്ലാ നഗരസഭാ കൗൺസിലർമാരും ഇടതുപക്ഷക്കാർ. 11 ഇടത്ത് എതിരില്ലാതെയാണ് ജയിച്ചത്. പാർട്ടി കോട്ടയിൽ പാർട്ടി അനുഭാവിയായ സാജൻ ആത്മഹത്യ ചെയ്തത് പികെ ശ്യാമള കാരണമാണെന്ന ആരോപണം സിപിഎമ്മിന് വെല്ലുവിളിയായിരുന്നു. ഇത് അണികളുടെ പ്രതിഷേധത്തിനും കാരണമായി. സാജന്റെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. വാദിയെ പ്രതിയാക്കാനാണ് ദേശാഭിമാനി ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP