Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം കണ്ടതു പട്ടണപ്രവേശത്തിന്റെ സെറ്റിൽ; മുന്നാംമുറയുടെ ലൊക്കേഷിൽ വച്ച് ഡ്രൈവറായി ഒപ്പം വരട്ടേ എന്ന് ചോദിച്ചപ്പോൾ നോ പറഞ്ഞില്ല; നരസിംഹത്തിന്റെ നിർമ്മാതാവായി തുടക്കം; ലാലേട്ടനേയും ലക്ഷ്മി റായിയേയും ഒരുമിച്ച് എടുത്ത് കാണിച്ച ക്യാമറാമാനോട് തട്ടിക്കയറിയ ആത്മാർത്ഥത; നിരവധി തീയേറ്ററുകളും റിക്കോർഡിങ് സ്റ്റുഡിയോകളുമായി പടർന്ന് പന്തലിച്ച ബിസിനസ് ലോകം; മോഹൻലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ കഥ

ആദ്യം കണ്ടതു പട്ടണപ്രവേശത്തിന്റെ സെറ്റിൽ; മുന്നാംമുറയുടെ ലൊക്കേഷിൽ വച്ച് ഡ്രൈവറായി ഒപ്പം വരട്ടേ എന്ന് ചോദിച്ചപ്പോൾ നോ പറഞ്ഞില്ല; നരസിംഹത്തിന്റെ നിർമ്മാതാവായി തുടക്കം; ലാലേട്ടനേയും ലക്ഷ്മി റായിയേയും ഒരുമിച്ച് എടുത്ത് കാണിച്ച ക്യാമറാമാനോട് തട്ടിക്കയറിയ ആത്മാർത്ഥത; നിരവധി തീയേറ്ററുകളും റിക്കോർഡിങ് സ്റ്റുഡിയോകളുമായി പടർന്ന് പന്തലിച്ച ബിസിനസ് ലോകം; മോഹൻലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ കഥ

അർജുൻ സി വനജ്

കൊച്ചി: ഒരു സാധാരണക്കാരനായ ഡ്രൈവർ എങ്ങനെയാണ് സൂപ്പർ താരം മോഹൻലാലിന്റെ സന്തതസഹചാരി ആയതെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരാധകരുണ്ടാവില്ല. തൊടുപുഴയിൽ ജൂലൈ 14 ആരംഭിച്ച ആശിർവാദ് സിനിപ്ലെക്‌സ് ആണ് മോഹൻലാൽആന്റണി കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഉദാഹരണം. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിപ്ലെക്‌സിന്റെ രണ്ട സ്‌ക്രീനുകൾക്ക് മോഹൻലാലിന്റെ മക്കളുടെ പേരാണ്്. പ്രണവ്, വിസ്മയ. അടുത്ത രണ്ട് സ്‌ക്രീനുകൾക്ക് ആന്റണിയുടെ മക്കളുടെ പേരും അശിഷ്, അനീഷ. മൂന്ന് പതിറ്റാണ്ടിന്റെ ബന്ധമാണ് ലാലും ആന്റണി പെരുമ്പാവൂരും തമ്മിൽ. തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ലാൽ സാർ എന്ന ദൈവമാണെന്ന് പറയാൻ ആന്റണി പെരുമ്പാവൂരിന് ഒരുമടിയും ഇല്ല. മോഹൻ ലാലിനോടുള്ള ഭർത്താവിന്റെ സൗഹർദത്തിന്റ ആഴമറിയുന്ന, ആന്റണിയുടെ ഭാര്യ ശാന്തി ഒരിക്കൽ ഒരുകുഴക്കുന്ന ചോദ്യം ചോദിച്ചു. 'ലാൽ സാറിനൊപ്പം ഞാനും ചേട്ടനും യാത്രചെയ്യുകയാണെന്ന് കരുതുക. ഒരപകടം സംഭവിച്ചു. ലാൽ സാറും ഞാനും വെള്ളത്തിലേക്ക് വീണു. രക്ഷപ്പെട്ടത് ചേട്ടന്മാത്രമാണ്. ഞങ്ങളിലൊരാളെ ചേട്ടന് രക്ഷിക്കാം. അത് ആരെയായിരിക്കും'...? ലാൽ സാറിനെ എന്നതായിരുന്ന ആന്റണിയുടെ ഉത്തരം.

പെരുമ്പാവൂരിലെ ഇരിങ്ങേക്കരയിൽ മലേക്കുടി വീട്ടിൽ എൽ.സി ജോസഫിന്റേയും ഏലമ്മയുടേയും മകനായി 1968 ഒക്ടോബർ 21 നാണ് ആന്റണി ജനിച്ചത്. ഇരിങ്ങേൽ സർക്കാർ യു പി സ്‌കൂൾ, കുറുപ്പെപ്പടി എംജിഎം ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ചെറുപ്പം മുതലേ മോഹൻലാലിന്റ കടുത്ത ആരാധകനായ ആന്റണി, തന്റെ ആരാധനാമൂർത്തിയുടെ ചിത്രങ്ങൾ റിലീസിംഗിന്റെ അന്നുതന്നെ എന്ത് ബുദ്ധിമുട്ടിയും കാണുമായിരുന്നു. അതിലെ ഡയലോഗുകൾ മനപാഠമാക്കി, മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച സന്തോഷം കണ്ടെത്തും. പഠനം കഴിഞ്ഞപ്പോൾ ആന്റണി ഡ്രൈവിങ് പഠിച്ചു. 1988 ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.

അങ്ങനെയിരിക്കെയാണ് 1988 ൽ മോഹൻലാലിന്റെ സിനിമ ചിത്രീകരണം എറണാകുളം ഹിൽ പാലസിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ ലാൽ നായകനായ മൂന്നാം മുറയുടെ സെറ്റിലെത്തി. അവിടെവച്ച് കൂടുതൽ അടുത്ത് പരിചയപ്പെട്ടു. മോഹൻലാലിനോടുള്ള ആരാധനയും കുംടുംബ സാഹചര്യങ്ങളും തുറന്നുപറഞ്ഞു. ആ കൂടിക്കാഴ്ചയിൽ തന്നെ ലാലിന് ആന്റണിയെന്ന ആരാധകനെ ഇഷ്ടമായി. അതേ വർഷം തന്നെ ജോലി തേടി ലാലിന്റെ അടുത്ത് എത്തിയപ്പോൾ, ഡ്രൈവറും സഹായിയുമായി കൂടെ നിർത്തി. പിന്നെ മാനേജർ ഇപ്പോൾ പാർട്ട്‌ണെർ. ആ ആത്മബന്ധം തകർക്കാൻ നിരവധി പേർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണ്.

1999 ൽ നിർമ്മാണം ആരംഭിച്ച നരസിംഹം ആയിരുന്നു ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആശിർവാദ് ഫിലീംസ് ആദ്യമായി നിർമ്മിച്ച ചിത്രം. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഒപ്പം വരെ 23 ചിത്രങ്ങൾ. ആശിർവാദ് ഫിലീംസിന്റ ആരംഭത്തിനായി ആന്റണി അഞ്ചുപൈസപോലും ചെലവാക്കിയിട്ടില്ലെന്നും, ലാലിന്റെ ബിനാമിയാണ് ആന്റണിയെന്നുമാണ് സിനിമ ലോകത്തെ സംസാരങ്ങൾ. ടാക്‌സ് വെട്ടിക്കാൻ ലാൽ ആന്റണിയെന്ന ഡ്രൈവറെ മാനേജരാക്കി ചില സാഹസങ്ങൾ കാട്ടുകയാണെന്ന് മറ്റ് ചിലർ. അതേസമയം ആന്റണി പെരുമ്പാവൂർ ടാക്‌സ് ഇനത്തിൽ മാത്രം ലക്ഷങ്ങൾ അടക്കുന്നുണ്ടെന്ന് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കാത്ത സിനിമ മേഖലയിൽ ഇരുവരും പിരിയുമോയെന്ന ചോദ്യം നേരിട്ട് കേൾക്കേണ്ടിവന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. എന്നാൽ ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നാണ് ആന്റണിയുടെ മറുപടി. ഈ ചോദ്യം തന്നെ അനാവശ്യമാണ്. തങ്ങളുടെ സൗഹൃദാന്തരീക്ഷത്തിൽ ഇത്തരം ഒരു ചോദ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി അഥവ ഉണ്ടായാലും, അത് എന്റെ ഭാഗത്ത് നിന്നായിരിക്കില്ല. ലാൽ സാറിന്റെ ഭാഗത്ത് നിന്ന് ആയാൽ പോലും ഞാൻ അവിടെതന്നെയുണ്ടാകും. അല്ലാതെ ഞാൻ എവിടെപോകാൻ ആന്റണി പെരുമ്പാവൂർ പറഞ്ഞു. താര ക്രിക്കറ്റ് സംപ്രേഷണം നടത്തിയ ടി.വി ചാനലിന്റെ ക്യാമറമാൻ ആന്റണിയുടെ കോപത്തിന്റെ പുതിയ ഇരയായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

സംപ്രേഷണത്തിൽ മോഹൻലാലിനെയും ലക്ഷ്മിറായിയെയും മാറി മാറി എടുത്തു കാട്ടിയതാണ് ആന്റണിയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. തത്സമയ സംപ്രേഷണമായിരുന്നതിനാൽ അവയെല്ലാം എഡിറ്റുചെയ്യാതെ പ്രേക്ഷകരിലെത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ ക്യാമറമാനോട് തട്ടിക്കയറി. ഗ്രൗണ്ടിലിങ്ങി നിൽക്കുന്ന ലാലേട്ടന്റെ ഭാവഭേദങ്ങൾ കാണിക്കുന്നതിനു തൊട്ടു പിന്നാലെ ലക്ഷ്മി റായിയുടെ ഭാവങ്ങൾ കാണിച്ചതാണ് പ്രശ്‌നമായത്. നേരത്തെ, 'പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറി'ന്റെ പേരിൽ ചിത്രത്തിന്റെ നിർമ്മാതാവ് എസ്.കുമാറിനെ ഫോണിൽ വിളിച്ച് ആന്റണി ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ഇക്കാര്യം എസ് കുമാർ തന്നെയാണ് ഒരു ചാനൽ ഷോയിൽ വെളിപ്പെടുത്തിയത്.

ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ മറ്റ് നിർമ്മാതാക്കളിൽ നിന്ന് അകറ്റുന്നുവെന്ന വാർത്തയും ഇതിനിടയിൽ പലപ്പോഴുമുണ്ടായി.ഈ ആരോപണത്തിൽ കഴമ്പില്ല എന്നും ഇത്തരം ആരോപണങ്ങൾ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസുമായി നിർമ്മാണ രംഗത്തെത്തിയ കാലം മുതൽ നിലനിൽക്കുന്നതാണെന്നും ലാൽ മറുപടി നൽകി.മലയാളത്തിലെ നിർമ്മാതാക്കൾക്ക് താൻ അപ്രാപ്യനാണെന്ന റിപ്പോർട്ടുകൾ എങ്ങനെ വന്നെന്നറിയില്ല. താനാർക്കും അപ്രാപ്യനല്ല. തന്നെത്തേടിയെത്തുന്ന എല്ലാ നല്ല പ്രോജക്ടുകളും ചെയ്യാറുണ്ട്.

പിന്നെ, താൻ കൂടി പങ്കാളിയായ ആശിർവാദ് സിനിമാസിന്റെ പ്രോജക്ടുകൾക്ക് പലപ്പോഴും മുൻതൂക്കം കൊടുക്കേണ്ട ബാധ്യത ഒരു നിർമ്മാതാവെന്ന നിലയിൽ തനിക്കുണ്ട്. അങ്ങനെയാവാം ഇത്തരം റിപ്പോർട്ടുകള് പിറവികൊണ്ടത് എന്നും ലാൽ പറഞ്ഞു. ആന്റണി പെരുമ്പാവൂരിനോടല്ലാതെ പലപ്പോഴും മോഹൻലാലിനോട് നേരിട്ട് സംസാരിക്കാൻ തങ്ങൾക്ക് സാധിക്കാറില്ലെന്നും രഞ്ജിത്ത് ഉൾപ്പടെയുള്ള പല പ്രമുഖ സംവിധായകരും അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

സംവിധായകൻ സിബി മലയിലുമായി ആന്റണിയുടെ പേരിൽ മോഹൻലാൽ തെറ്റിയത് 2011 ലായിരുന്നു. സിബിയുടെ അപൂർവരാഗം പുതുമുഖങ്ങളെ ഉൾപ്പെടുത്തി ചെയ്തതിൽ മോഹൻലാൽ അതൃപ്തി പ്രകടിപ്പിച്ചതോടെയായിരുന്നു തുടക്കം. സുരേഷ്‌കുമാറും മറ്റൊരു നിർമ്മാതാവായ വിജയകുമാറും ഇതിൽ സിബിയുടെ പക്ഷം ചേർന്നു. മോഹൻലാൽ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇനി അഭിനയിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നത്രേ നിർമ്മാതാക്കളുടെയും പ്രതികരണം. നേരത്തേതന്നെ നിലനിന്ന അകൽച്ചയുടെ തുടർച്ചയായിരുന്നു പ്രശ്‌നം. മോഹൻലാലിന്റെ ഡേറ്റ് കിട്ടാൻ തിരക്കഥ ആന്റണി പെരുമ്പാവൂർ വായിച്ച് അനുമതി നൽകണമെന്നതാണു സ്ഥിതിയെന്ന് സിബി മലയിൽ പറഞ്ഞു. അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സിബി ചൂണ്ടിക്കാട്ടിയത്രേ.

മോഹൻലാലുമായി വർഷങ്ങളുടെ ബന്ധമുള്ള നിർമ്മാതാക്കളുടെയും സംവിധായകരുടെയും സിനിമകളിൽപോലും ആന്റണി ഇടപെടുന്നുവെന്ന പരാതി സിബിയും സുരേഷ്‌കുമാറും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. അതിനിടെ ബ്ലെസ്സി സംവിധാനം ചെയ്യുന്ന പ്രണയത്തിന്റെ ചിത്രീകരണത്തിനിടെ കാശ്മീരിൽ വച്ച് ആന്റണി പെരുമ്പാവൂർ ഇടപെട്ടത് ബ്ലെസ്സി വിലക്കി. ഇതും സിനിമാരഗത്ത് അതിവേഗം വാർത്തയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP