Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'സത്യത്തിൽ സിൽക്ക് സ്മിതയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി അവരുടെ അമ്മ അല്ലായിരുന്നു;. ഒരു വയസ്സുള്ളപ്പോൾ സ്മിതയെ താൻ വാങ്ങിയതാണെന്നാണ് അന്ന് മറുപടിയായി അവർ പറഞ്ഞത്'; ഇന്ത്യൻ സിനിമയിലെ സെക്സ് ബോംബിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ വൻ വെളിപ്പെടുത്തലുമായി സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ

'സത്യത്തിൽ സിൽക്ക് സ്മിതയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി അവരുടെ അമ്മ അല്ലായിരുന്നു;. ഒരു വയസ്സുള്ളപ്പോൾ സ്മിതയെ താൻ വാങ്ങിയതാണെന്നാണ് അന്ന് മറുപടിയായി അവർ പറഞ്ഞത്'; ഇന്ത്യൻ സിനിമയിലെ സെക്സ് ബോംബിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ വൻ വെളിപ്പെടുത്തലുമായി സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കടിച്ച ആപ്പിൾ കഷ്ണം ലക്ഷങ്ങൾക്ക് ലേലത്തിൽ പോയത്, ഒരു ഐറ്റം ഡാൻസിനായി സൂപ്പർ താരങ്ങൾ കാത്തു നിന്നത്... ആത്മഹത്യചെയ്ത നടി സിൽക്ക് സ്മിതയെക്കുറിച്ച് സത്യവും അതിശയോക്തിയും നിറഞ്ഞ ഒരു പാട് കെട്ടുകഥകൾ പ്രചരിച്ചിട്ടുണ്ട്. ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുമായിരുന്ന സ്മിതയുടെ ജീവതത്തിന്റെ അറിയാത്ത ഒരു ഏട് വെളിപ്പെടുത്തുകയാണ് സംവിധായകനും നിർമ്മാതാവുമായ ആന്റണി ഈസ്്റ്റ്മാൻ. മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത ആന്റണി ഇസ്റ്റ്മാന്റെ അഭിമുഖം നവമാധ്യമങ്ങളിലൂടെ വൈറൽ ആവുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

'അവിചാരിതമായാണ് ഞാൻ സിനിമാനിർമ്മാണ രംഗത്തേയ്ക്കു വരുന്നത്. കാരണം ഞാനൊരു സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്നു. അന്ന് ഞാൻ പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ ആണ് കലൂർ ഡെന്നിസും ജോൺ പോളും. അങ്ങനെ ജോൺ പോളുമായി ആലോചിച്ച കഥയാണ് ഇണയെ തേടി. ശോഭയെ ആയിരുന്നു നായികയായി മനസിൽ കണ്ടത്. പക്ഷേ അതിനിടയിൽ ശോഭ മരിക്കുന്നു. പിന്നീടാണ് പുതിയ നായികയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തീരുമാനിക്കുന്നത്.'ആന്റണി ഈസ്റ്റ്മാൻ പറയുന്നു.
'അക്കാലത്ത് കോടമ്പാക്കത്ത് സിനിമയിൽ അഭിനയിക്കണം എന്ന ലക്ഷ്യത്തോടെ മക്കളെ അവിടെ കൊണ്ടുവന്ന് വീടെടുത്ത് താമസിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അഞ്ചെട്ടുപേരുടെ വീട്ടിൽ പോയി. എന്റെ കയ്യിൽ കാമറയും ഉണ്ട്. മുഖത്ത് മേക്കപ്പ് ഇട്ടു വരരുതെന്ന് പെൺകുട്ടികളോട് നേരത്തെ പറഞ്ഞിരുന്നു.'

'പക്ഷേ എല്ലാവരും മേക്കപ്പ് ഇട്ടാണ് ഫോട്ടോയ്ക്കായി വന്നത്. അങ്ങനെ വിഷമിച്ച് തിരിച്ചുപോകുന്ന വഴിയാണ് ഈ അടുത്തൊരു വീട്ടിൽ കുട്ടിയുണ്ടെന്ന് പറയുന്നത്. വലിയ ഭംഗിയൊന്നും ഇല്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോൾ ഒരു കൊട്ടക്കസേരയിൽ കുട്ടി ഇരിക്കുന്നു. കണ്ടപ്പോൾ തോന്നിയത് അവിടുത്തെ വേലക്കാരിയോ മറ്റോ ആണെന്നാണ്. ഇവിടെ സിനിമയിൽ അഭിയിക്കാൻ താൽപര്യമുള്ള കുട്ടി ഉണ്ടല്ലോ അവർ എവിടെയെന്ന് ചോദിച്ചു. 'അത് നാൻ താൻ, പുടിച്ചിതാ' എന്ന് അവർ തന്നെ തിരിച്ചു ചോദിച്ചു.'

'അത് പിന്നീട് പറയാമെന്നു ഞാൻ പറഞ്ഞു. വേറെ ആരും കൂടെ ഇല്ലേ എന്നു ചോദിച്ചപ്പോൾ , അമ്മ പച്ചക്കറി മേടിക്കാൻ പുറത്തുപോയതാണെന്നും ആ കുട്ടി പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്നു. ഞാൻ കാര്യങ്ങൾ പറഞ്ഞു. മേക്കപ്പ് ഇല്ലാതെ െവറുതെ വെള്ളം കൊണ്ട് മുഖം തുടച്ചാണ് അവരുടെ ഫോട്ടോ എടുത്തത്. ഫോട്ടോ എടുത്തു തിരിച്ചുവന്ന ശേഷം പ്രിന്റ് എടുത്തു കഴിഞ്ഞപ്പോൾ ഈ പെൺകുട്ടിയെ തന്നെ എല്ലാവർക്കും ഇഷ്ടമായി.''പിറ്റേ ദിവസം അവരുടെ വീട്ടിലെത്തി സിനിമയിൽ തിരഞ്ഞെടുത്ത വിവരം അറിയിച്ചു. അമ്മയ്ക്കും മകൾക്കും ഒരുപാട് സന്തോഷമായി. മകളുടെ പേര് ചോദിച്ചപ്പോൾ അമ്മ പറഞ്ഞ പേര് വിജയമാല എന്നാണ്. വിജയമാല എന്ന പേരു വേണ്ട വേറെ പേര് ഞാൻ തന്നെ കണ്ടുപിടിച്ചോളാമെന്ന് പറഞ്ഞു. അന്ന് സ്മിത പാട്ടിൽ തിളങ്ങി അഭിനയിക്കുന്ന കാലമാണ്. ആ പേരിനോടൊരു ആകർഷണം തോന്നി. സ്മിത എന്നു പേരിട്ടു. സിനിമാമാസികകളിലും പുതുമുഖ നടി സ്മിത എന്നാണ് എഴുതിയത്.'

'പടത്തിന്റെ ഷൂട്ട് തുടങ്ങി. നമ്മൾ പറയുന്നതുപോലെ തന്നെ അഭിനയിച്ചു. അതാണ് തുടക്കം. പിന്നീട് വിനു ചക്രവർത്തി ചെയ്ത സിനിമയോടെയാണ് പേരിൽ സിൽക്ക് എന്നു ചേർത്ത് തുടങ്ങിയത്. കമൽഹാസൻ നായകനായി എത്തിയ മൂന്നാം പിറൈ സിൽക്കിന്റെ ജീവിതം മാറ്റിമറിച്ചു.'സ്മിത വലിയ നടിയായ ശേഷം മരണം വരെ എന്നെ മറന്നിട്ടില്ല. പല അഭിമുഖങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കാണുമ്പോഴും വലിയ സ്നേഹമായിരുന്നു.

'അവസാനം അവളെ കാണുന്നത് 1995ൽ മദ്രാസിൽ വച്ചാണ്. അന്ന് ഞാൻ അവളെ കുറേ ഉപദേശിച്ചു. സ്വന്തമായി വീടും ബാങ്ക് ബാലൻസും വേണമെന്നു പറഞ്ഞു. പൈസ മുഴുവൻ ഡോക്ടർ എന്നു പറയുന്ന ഒരാൾ ബിസിനസിൽ ഇറക്കിയിരിക്കുകയാണെന്നു പറഞ്ഞു. അന്ന് അവൾ കുറേ കരഞ്ഞു. അന്നാണ് അവസാനമായി കാണുന്നതും.''സത്യത്തിൽ സ്മിതയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി ഇവരുടെ അമ്മ അല്ലായിരുന്നു. അക്കാര്യം ഞാൻ അവരോട് തന്നെ ചോദിച്ചിട്ടുണ്ട്. ഒരു വയസ്സുള്ളപ്പോൾ സ്മിതയെ താൻ വാങ്ങിയതാണെന്നാണ് അന്ന് മറുപടിയായി അവർ പറഞ്ഞത്. എന്തിനാണ് വാങ്ങിയതെന്നും ഞാൻ ചോദിച്ചിട്ടില്ല.'ആന്റണി ഈസ്റ്റ്മാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP