Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

വേണു ബാലകൃഷ്ണന്റെ ജയിൽ ഭീതി ഒഴിവായി; വാർത്ത അവതരിപ്പിച്ചപ്പോൾ നടത്തിയ പരാമർശം മതസ്പർദ്ധ ഉണ്ടാക്കാൻ വേണ്ടി നടത്തിയതാണെന്നാരോപിച്ച് പൊലീസ് എടുത്ത ജാമ്യം ഇല്ലാ കേസിൽ മാതൃഭൂമി അവതാരകന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി; കേസ് റദ്ദ് ചെയ്യാനായി വേണു ഇനി ഹൈക്കോടതിയിലേക്ക്

വേണു ബാലകൃഷ്ണന്റെ ജയിൽ ഭീതി ഒഴിവായി; വാർത്ത അവതരിപ്പിച്ചപ്പോൾ നടത്തിയ പരാമർശം മതസ്പർദ്ധ ഉണ്ടാക്കാൻ വേണ്ടി നടത്തിയതാണെന്നാരോപിച്ച് പൊലീസ് എടുത്ത ജാമ്യം ഇല്ലാ കേസിൽ മാതൃഭൂമി അവതാരകന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി; കേസ് റദ്ദ് ചെയ്യാനായി വേണു ഇനി ഹൈക്കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സമൂഹത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ മാതൃഭൂമി ന്യൂസ് ചാനലിലെ വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇനി നടക്കില്ല. വേണുവിന് ആശ്വാസം നൽകി കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജഡ്ജി സി. ജയചന്ദ്രനാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയതോടെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പൊലീസിന് കഴിയാത്ത സ്ഥിതി വരും. എന്നാലും കേസുമായി മുന്നോട്ട് പോകാം. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്ക്കണം. ഈ സാഹചര്യത്തിൽ കേസ് തന്നെ ഇല്ലാതാക്കാൻ വേണു ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതിക്ക് മുമ്പിൽ വയ്ക്കാനാണ് തീരുമാനം.

ഇന്ത്യൻ ശിക്ഷാനിയമം 153 (എ) വകുപ്പ് പ്രകാരമാണ് കൊല്ലം വെസ്റ്റ് പൊലീസ് വേണുവിന്റെ പേരിൽ കേസെടുത്തത്. ഡിവൈഎഫ്ഐ. പ്രവർത്തകനായ കാവനാട് സ്വദേശി നസിമുദ്ദീനാണ് പരാതി നൽകിയത്. ജൂൺ ഏഴിനു രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്ത സൂപ്പർ പ്രൈം ടൈം ന്യൂസിലെ ചർച്ചയെപ്പറ്റിയാണ് പരാതി. ആലുവ എടത്തലയിൽ ഉസ്മാന് പൊലീസ് മർദനമേറ്റതിനെപ്പറ്റിയായിരുന്നു ചർച്ച. ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വേണുവിന് എതിരായി 153 (എ) വകുപ്പ് നിലനില്ക്കുമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. അപ്രകാരം നിലനിൽക്കുന്നില്ലെങ്കിൽ പൗരസ്വാതന്ത്ര്യം ഹനിക്കുന്ന വിധത്തിൽ ജാമ്യം നിഷേധിക്കാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ഫലത്തിൽ ഇത് കേസെടുത്തതിനെതിരെയുള്ള നിരീക്ഷണമാണ്. വേണുവിനെതിരെ സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നുവെന്ന സൂചനയും കോടതിയുടെ വാക്കുകളിൽ നിന്ന് വിലയിരുത്തലായെത്തുന്നു.

153 (എ) പ്രകാരം കുറ്റകൃത്യം വെളിവാകണമെങ്കിൽ ഇരുവിഭാഗക്കാർ തമ്മിൽ സ്പർധ ഉണ്ടാകുന്ന വിധത്തിലായിരിക്കണം പ്രവൃത്തി. പൊലീസിനോ സർക്കാരിനോ എതിരേ നടത്തുന്ന പരാമർശം ഏതെങ്കിലും വിഭാഗങ്ങൾ തമ്മിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള പ്രവൃത്തിയായി കാണാനാകില്ലെന്ന് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് കോടതി നിരീക്ഷിച്ചു. വേണുവിനുവേണ്ടി അഭിഭാഷകനായ ജി. മോഹൻ രാജ് ഹാജരായി. ഈ സാഹചര്യത്തിലാണ് കേസ് തന്നെ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകാൻ വേണു തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. കേസ് ഹൈക്കോടതി റദ്ദാക്കിയാൽ വേണുവിനെതിരെ പൊലീസ് പ്രതികാരം തീർത്തുവെന്ന വിലയിരുത്തൽ സജീവമാകും.

വേണു ബാലകൃഷ്ണനെതിരായ കേസ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. കേസെടുത്ത നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏറ്റവും വലിയ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ റദ്ദാക്കാൻ സർക്കാർ തയ്യാറാകണം. മതസ്പർധ വളർത്തുന്ന പരാമർശം വേണു ബാലകൃഷ്ണൻ നടത്തിയിട്ടില്ല. കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചിരുന്നു. കേന്ദ്ര സർക്കാരാണെങ്കിലും സംസ്ഥാന സർക്കാരാണെങ്കിലും മാധ്യമങ്ങൾക്കു നേരെ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണം. വിമർശം ഉയർന്നാൽ അതിൽ കാമ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. അല്ലാതെ അസഹിഷ്ണുത പ്രകടിപ്പിക്കുകയല്ല. ഇത്തരം അസഹിഷ്ണുത പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷവും കേസ് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. ഇതോടെയാണ് വേണു മുൻകൂർ ജാമ്യത്തിനായി കോടതിയിൽ എത്തിയത്.

വേണു ബാലകൃഷ്ണന്റെ പേരിലെ കേസ് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയും വിശദീകരിച്ചിരുന്നു. സർക്കാരിനെ വിമർശിച്ചാൽ ദേശദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വാർത്ത അവതരിപ്പിക്കുമ്പോൾ വേണു നടത്തിയ പരാമർശം കടുത്ത മതനിന്ദയും വർഗീയകലാപം പൊട്ടിപ്പുറപ്പെടാൻ ഇടയാക്കുന്നതുമാണെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അതിന്റെ പേരിൽ 153(എ) എന്ന കഠിനമായ വകുപ്പും ചുമത്തി. ഭരണകൂട ഭീകരതയാണിത് - കെമാൽ പാഷ വ്യക്തമാക്കി. പൊലീസിനായാലും ജനങ്ങൾക്കായാലും ഇവിടെ ആർക്കും സ്വാതന്ത്ര്യമില്ല. സർക്കാരിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമം. വടക്കേ ഇന്ത്യയിൽ ഇങ്ങനെയൊക്കെ നടന്നാൽ മനസ്സിലാക്കാം. അവിടെ അക്ഷരാഭ്യാസമുള്ളവർ കുറവാണ്. എന്നാൽ അക്ഷരാഭ്യാസമുള്ളവരും സംസ്‌കാരസമ്പന്നരും ജീവിക്കുന്ന കേരളത്തിലാണ് വിമർശനത്തിന്റെ മുനയൊടിക്കാൻ നീക്കം നടക്കുന്നതെന്നോർക്കണമെന്ന് കെമാൽപാഷ ചൂണ്ടിക്കാട്ടിയിരുന്നു.

ആലുവ തീവ്രവാദികളുടെ റിപ്പബ്ലിക്കോ? മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈമിൽ നടന്ന ഡിബേറ്റിലെ ചർച്ചയുടെ ടാഗ് ഇങ്ങനെയായിരുന്നു. വിവാദമായ ഈ ചർച്ചാവിഷയത്തിനിടെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വേണു ബാലകൃഷ്ണനെതിരെ പരാതി പൊലീസിൽ നൽകിയത്. ചാനൽ ചർച്ചക്കിടെ വർഗീയത വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ പരാതി നൽകിയത്. ജൂൺ ഏഴിന് മാതൃഭൂമി ചാനലിൽ സംപ്രേഷണം ചെയ്ത ന്യൂസ് ഔവർ ഡിബേറ്റിൽ ചർച്ച ആരംഭിച്ച് കൊണ്ട് വേണു നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തെയും സമാധാന അന്തരീക്ഷത്തേയും തകർക്കുന്ന തരത്തിലാണെന്ന് പരാതിയിൽ പറഞ്ഞു.

മുസ്ലിം സഹോദരങ്ങളെ എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും ഉയർത്താനുള്ള ശ്രമമാണ് നടന്നത്. രണ്ട് വ്യക്തികൾ തമ്മിൽ നടന്ന സംഘർഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചു മാതാചാരത്തെ അപമാനിച്ചു എന്ന തരത്തിൽ വക്രീകരണമുണ്ടായി. ഇത് ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ആരോപിച്ചാണ് പരാതി. നോമ്പു നോറ്റുവന്ന ഉസ്മാനെ മർദ്ദിച്ച കാര്യം വിശദീകരിച്ചപ്പോൾ നോമ്പ് തുറക്കാൻ പോയവന് തുറങ്ക് കിട്ടുന്ന നാടാണിതെ വിധത്തിൽ നടത്തിയ പരാമർശ ചൂണ്ടിക്കാട്ടിയാണ് പരാതി.

പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയിൽ കഴിയുകയാണ്. ആ നിങ്ങൾക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തി നൽകിയിരിക്കുന്നത്. നോമ്പ് തുറക്കാൻ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണൻ ഉസ്മാൻ വിഷയത്തിലെ ചർച്ചയ്ക്ക് ആമുഖമായി പറഞ്ഞത്-ഇതിന്റെ പേരിലാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP