Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കോഴിയേയും കാളയേയും ആടിനേയും കൊന്നു തിന്നാം; സാധാരണക്കാരെ കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ തൊട്ടാൽ കുരു പൊട്ടും; പട്ടികളെ കൊല്ലുന്നതിനെതിരായ പ്രതിഷേധം പേവിഷ മരുന്നു കമ്പനികളുടെ സൃഷ്ടിയോ?

കോഴിയേയും കാളയേയും ആടിനേയും കൊന്നു തിന്നാം; സാധാരണക്കാരെ കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ തൊട്ടാൽ കുരു പൊട്ടും; പട്ടികളെ കൊല്ലുന്നതിനെതിരായ പ്രതിഷേധം പേവിഷ മരുന്നു കമ്പനികളുടെ സൃഷ്ടിയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പേപ്പട്ടി കടിച്ചാൽ ചികിൽസിക്കാൻ കേരളത്തിൽ ആവശ്യത്തിന് മരുന്നില്ല. പേവിഷ പ്രതിരോധമരുന്നിന് വേണ്ടി നെട്ടോട്ടത്തിലാണ് ആശുപത്രികൾ. ഒടുവിൽ കിട്ടുന്ന തുകയ്ക്ക് മരുന്ന് വാങ്ങേണ്ട അവസ്ഥ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്യാൻ വൻകിട കമ്പനികൾക്ക് താൽപ്പര്യമില്ല. അവർ ആശുപത്രിയക്ക് അടുത്തെ മെഡിൽക്കൽ സ്റ്റോറുകളിലേക്ക് സ്‌റ്റോക്ക് മാറ്റുന്നു. അല്ലെങ്കിൽ മരുന്ന് കിട്ടാൻ സ്വകാര്യ ആശുപത്രിയിലേക്ക് പോകണം. തെരുവ് നായ്ക്കളുടെ കടിയേറ്റാൽ ഉണ്ടാകുന്ന പ്രത്യാഘാതം അറിയാവുന്നവർ എന്ത് വിലകൊടുത്തും മരുന്നുവാങ്ങും. അങ്ങനെ മരുന്ന് ചെലവാകണമെങ്കിൽ പേപ്പട്ടിക്കടി ഏൽ്ക്കുന്നവർ ഉണ്ടായേ മതിയാകൂ. അതുകൊണ്ട് തന്നെ പേപ്പട്ടി പ്രതിരോധ മരുന്ന് ഉൽപാദകരുടെ ഏകാശ്രയമാണ് തെരുവ് നായ്ക്കൾ. ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തുന്നതെന്നാണ് സൂചന.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ ചന്ദ്രികയുടെ വാക്കുകൾ പ്രസക്തമാണ്. കേരളത്തിൽ പശുവിനെ കൊല്ലുന്നു, കാളയെ കൊല്ലുന്നു, കോഴിയെ കൊല്ലുന്നു.... ആർക്കും ഒരു കുഴപ്പവുമില്ല. തെരുവിൽ അലഞ്ഞ് തിരിഞ്ഞ് സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന പട്ടികളെ കൊന്നാൽ പ്രതിഷേധമായി. ഇവരൊന്നും കാളയേയും കോഴിയേയും ആടിനേയും കൊല്ലുമ്പോൾ പ്രതികരിക്കുന്നുമില്ല-മേയർ ചന്ദ്രിക ഉയർത്തുന്ന വാക്കുകൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്. പാവപ്പെട്ട പശുവിനും കാളയ്ക്കും കോഴിക്കും ആടിനുമില്ലാത്ത പരിഗണനയാണ് സാധാരണക്കാരെ തെരുവിലും വീട്ടിൽ കയറിയുമെല്ലാം കടിക്കുന്ന പട്ടിയോട് ഒരു വിഭാഗത്തിന് ഉള്ളത്. അതുകൊണ്ട് കൂടിയാണ് പേപ്പട്ടി പ്രതിരോധത്തിന് മരുന്ന് ഉൽപ്പാദിപ്പിക്കുന്ന വൻകിടക്കാരിലേക്ക് സംശയം നീളുന്നത്. ഈ ലോബി സർക്കാരിലും പിടിമുറുക്കുമ്പോൾ പ്രതിഷേധക്കാരുടെ വാക്കുകൾ ഉയർത്തി തെരുവ് പട്ടികളെ വെറുതെ വിടുന്ന തീരുമാനത്തിലേക്ക് സർക്കാരുകളെത്തും. കേരളത്തിലെ നായ പ്രശ്‌നം സജീവമായി നിലനിർത്തേണ്ടത് ഈ മരുന്ന് കമ്പനികളുടെ മാത്രം അനിവാര്യതയാണ്.

തെരുവ് നായ ശല്യം ചർച്ച ചെയ്യാൻ കുറച്ചു ദിവസം മുമ്പ് എറണാകുളം ജില്ലാ പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗത്തിൽ ബഹളമുണ്ടാക്കിയ രഞ്ജിനി ഹരിദാസും കൂട്ടരും തീരുമാനം തന്നെ അട്ടിമറിച്ചു. തെരുവ് നായകളെ കൊല്ലണെന്ന് മൃഗഡോക്ടർ പറഞ്ഞത് കേട്ടാണ് രഞ്ജിനിക്ക് ദേഷ്യം വന്ന രഞ്ജിനി വേദിയിൽ കയറി മൈക്ക് പിടിച്ചുവാങ്ങി തെരുവുനായ്ക്കൾക്ക് വേണ്ടി ശബ്ദിച്ചു. തെരുവുനായ ശല്യം മാദ്ധ്യമസൃഷ്ടി മാത്രമാണ് എന്ന് പോലും രഞ്ജിനി അന്ന് പറഞ്ഞു. നായ്ക്കൾക്കും ലൈഫ് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഇപ്പോൾ ഒരു വീട്ടിൽ ഒരു പട്ടിയെ വാങ്ങിയാൽ പഞ്ചായത്തിന്റെ കീഴിൽ അതിനെ രജിസ്റ്റർ ചെയ്യാം. അത് മരണപ്പെടുകയാണെങ്കിലും അവിടെ അറിയിക്കാം. അങ്ങനെ ആകുമ്പോൾ ഏതെങ്കിലും നായ തെരുവിൽ അലയുകയാണെങ്കിൽ കൃത്യമായി കണ്ടെത്താൻ കഴിയും. ഇപ്പോൾ എല്ലാവർക്കും ആധാർ കാർഡ് നിർബന്ധമാക്കിയതു പോലുള്ള എന്തെങ്കിലും ഫലപ്രദമായ മാർഗം ഇതിലും ഉണ്ടായേ മതിയാകൂഎന്നൊക്കെയാണ് രഞ്ജിനി പറയുന്നത്.

ഇവരൊക്കെ എന്തുകൊണ്ട് കാളയേയും കോഴിയേയും ആടിനേയും കൊല്ലുന്നത് കണ്ടിട്ട് വെറുതെയിരിക്കുന്നുവെന്ന ചോദ്യമാണ് തിരുവനന്തപുരം മേയർ ഉയർത്തുന്നത്. ഇതനോടെല്ലാം നിശബ്ദത മാത്രമാണ് തെരുവ് നായ സ്‌നേഹികളുടെ മറുപടി. ഇതോടെയാണ് സംശയങ്ങൾക്കും ബലം കൂടുന്നത്. കഴിഞ്ഞ ദിവസം വീട്ടുവരാന്തയിലിരുന്ന മൂന്നുവയസുകാരനു തെരുവുനായയുടെ കടിയേറ്റ് ഗുരുതരപരുക്കാണ് സംഭവിച്ചത്. തൃക്കാരിയൂർ അമ്പൂരിക്കാവിനു സമീപം തൃക്കരക്കുടി രവിയുടെ മകൻ ദേവനന്ദനാണു മുഖത്തും കണ്ണിനും ഗുരുതരപരുക്കേറ്റത്. ഈ കുട്ടിയിപ്പോൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പട്ടികൾക്ക് വേണ്ടി വാദിക്കുന്നവർ മിണ്ടാതെയാകും. ചർച്ചകൾ നടക്കുമ്പോൾ എല്ലാം മാദ്ധ്യമ സൃഷ്ടിയും. എന്നാൽ പേപ്പട്ടി പ്രതിരോധ കുത്തിവയ്‌പ്പ് കമ്പനിയുടെ ഇടപെടലുകളാണ് തെരുവ് നായ്ക്കൾ പെരുകുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്തുവില കൊടുത്തും തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനം സർക്കാരിനെ കൊണ്ട് എടുപ്പിക്കാതിരിക്കാൻ ചരട് വലികൾ സജീവമാണ്.

ഇതിനിടെ അപകടകാരികളുമായ തെരുവു നായ്ക്കളെയും പേപ്പട്ടികളേയും നശിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യ ജീവനു ഭീഷണിയായ നായ്ക്കളെ കൊല്ലാൻ നിയമതടസമില്ലെന്നു വകുപ്പ് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്. ഇതിനേയും രഞ്ജിനിയുടെ നേതൃത്വത്തിൽ ഒരു കൂട്ടർ എതിർത്തു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഈ അട്ടിമറി പ്രവർത്തനം തന്നെയാണ് ദേവനന്ദനനും ജീവിതത്തോട് മല്ലിടേണ്ട അവസ്ഥയുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ പൊതു ഭീഷണിയായി മാറിയെന്ന് ഏവരും സമ്മതിക്കുന്ന പ്രശ്‌നത്തെയാണ് മാദ്ധ്യമ സൃഷ്ടി മാത്രമെന്ന വാദമുയർത്തി ചെറുതാക്കി കാണാനുള്ള ശ്രമം. ഇതുകൊണ്ട് കൂടിയാണ് മാഫിയകളുടെ ഇടപെടലിൽ സംശയമെത്തുന്നതും. നായ്ക്കളെ വന്ധീകരിക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്ന ഇടപെടൽ പോലും തടസ്സപ്പെടുന്നു. ഇതിനേയും പട്ടികളെ കശാപ്പ് ചെയ്യാനുള്ള നീക്കമായി ചിത്രീകരിച്ച് തടസ്സപ്പെടുത്തുകയാണ്. കേരളത്തിലെ അഞ്ചു ലക്ഷം തെരുവ് നായക്കളെ വന്ധീകരിക്കാനുള്ള സംവിധാനമില്ലെന്ന യാഥാർത്ഥ്യവും ഇത്തരക്കാർക്ക് അറിയാം. അതുകൊണ്ട് തന്നെ വന്ധീകരണത്തിലൂടെ തെരവ് നായ്ക്കളെ നിയന്ത്രിക്കുക അസാധ്യവുമാണ്.

കേരളത്തിലെ റോഡുകളിൽ ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന നായ്ക്കളെ പേടിച്ചുവേണം വഴിനടക്കാനും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കാനും. നായ്ക്കളുടെ ആക്രമണംഭയന്ന് വണ്ടിയോടിച്ച് വീണുണ്ടാകുന്ന അപകടങ്ങളും സർവസാധാരണം. ജനജീവിതത്തെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന കാര്യമായിട്ടും ആരോഗ്യവകുപ്പ് പതിവുമട്ടിൽ നിസ്സംഗത പുലർത്തുന്നു. അധികാരികളും പ്രധിരോധ സംവിധാനവും നോക്കുകുത്തിയായി മാറുമ്പോൾ നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. തെരുവുനായ്ക്കൾ പെരുകുന്നത് തടയാൻ ബാധ്യസ്തരായ കോർപറേഷനോ ജില്ലാ ഭരണാധികാരികളോ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന മട്ടാണ്. കടിയേറ്റ് ആശുപത്രിയിലെത്തുന്നവർക്ക് നൽകാൻ ആവശ്യത്തിന് മരുന്നും സർക്കാർ ആശുപത്രികളിൽ സ്റ്റോക്കില്ല എന്നതാണ് സാമാന്യയുക്തിക്ക് മനസ്സിലാവാത്ത യാഥാർഥ്യം. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികൾ മാത്രമാണ് ആശ്രയം.

അതുകൊണ്ട് തന്നെ കേരളത്തിൽ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചാൽ നാട്ടുകാരുടെ കൈക്കരുത്ത് അവരറിയും. അതു തിരിച്ചറിഞ്ഞാണ് കേരളത്തിലെ പട്ടികൾക്ക് വേണ്ടി ബംഗലുരുവിലും മുംബൈയിലും ഹൈദരാബാദിലുമൊക്കെ പ്രതിഷേധം സംഘടിപ്പിച്ചത്. പേപ്പട്ടി വിഷ പ്രതിരോധത്തിന് വേണ്ടത് ഇമ്യൂണോ ഗ്‌ളോബുലിൻ വാക്‌സിനാണ്. ഒരുവർഷമായി ഈ മരുന്ന് കൊച്ചിയിൽ ഒരിടത്തുമില്ല. കേരളത്തിലെ ഓരോ ഗവ. മെഡിക്കൽ കോളേജിൽ ദിനംപ്രതി ശരാശരി നാൽപ്പതിലേറെ ആളുകളാണ് പ്രധിരോധ കുത്തിവയ്പിനായി എത്തുന്നത്. തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് പുറമെ വളർത്തുമൃഗങ്ങളുടെ കടിയേറ്റും എത്തുന്നവരുണ്ട്. 70 പേർവരെ നായ്ക്കളുടെ കടിയേറ്റ് എത്തുന്ന ദിവസങ്ങളുണ്ടെന്ന് അധികൃതർ പറയുന്നു. നായയുടെ കടിയേറ്റാൽ എത്രയും വേഗം ചികിത്സ തേടിയില്ലെങ്കിൽ സ്ഥിതി വഷളാവാൻ സാധ്യത ഏറെയാണ്.

ചോര പൊടിയാത്ത മുറിവുകൾക്ക് കുത്തിവയ്ക്കുന്ന വാക്‌സിന് ക്ഷാമമില്ല. വീട്ടിൽ വളർത്തുന്ന പൂച്ച, നായ എന്നിവയിൽ നിന്നുംമറ്റും ഗുരുതരമല്ലാത്ത പരിക്ക് പറ്റുന്നവർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ മെഡിക്കൽ കോളേജിൽ സംവിധാനമുണ്ട്. എന്നാൽ ആഴത്തിലുള്ള മുറിവ് പറ്റിയാൽ ഉപയോഗിക്കേണ്ട സിറത്തിനാണ് കടുത്ത ക്ഷാമം. ആശുപത്രി വികസന ഫണ്ടിൽ നിന്നാണ് അടിയന്തര സാഹചര്യത്തിൽ മരുന്ന് എത്തിക്കുന്നത്. 800 മുതൽ 15,000 രൂപ വിലയുള്ള മരുന്നാണ് ഇത്തരത്തിൽ പുറത്തുനിന്നും വാങ്ങേണ്ടിവരുന്നതെന്ന് അധികൃതർ പറഞ്ഞു. ചില മരുന്നുകൾ ഒരിടത്തും കിട്ടാനില്ല ന്യായമാണ് അധികൃതരുടേത്. എന്നാൽ പുറത്തുനിന്നും മരുന്നു ലഭ്യമാകുമ്പോഴും മെഡിക്കൽ കോളേജിൽ മരുന്നില്ലാത്തത് ദുരൂഹതയാണെന്ന് രോഗികൾ പറയുന്നു. മെഡിക്കൽ കോളേജുകളിൽ മാത്രമല്ല, ജില്ലാ ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ഈ മരുന്നുകൾ ദുർലഭമാണ്. ഇതിനെല്ലാം പിന്നിൽ വമ്പൻ ലാഭം ലക്ഷ്യമിടുന്ന മരുന്നു കമ്പനികളുടെ നീക്കം തന്നെയാണ്. ഇവർ തന്നെയാണ് പേപ്പട്ടി നിർമ്മർജ്ജനത്തിനും തടസ്സമാകുന്നത്.

തിരുവനന്തപുരത്തും കൊച്ചിയിലും കാസർകോടും ാേകഴിക്കോടും പേപ്പട്ടി ശല്യം രൂക്ഷമാണ്. എന്നാൽ സംസ്ഥാനത്ത് എത്രപേർ പേപ്പട്ടിയുടെ അക്രമണത്തിനിരയായി, എത്രപേർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തി, എല്ലാ ജില്ലകളിലും റാബീസ് വാക്‌സിനുകൾ ലഭിച്ചിട്ടുണ്ടോ എന്ന വിവരങ്ങളൊന്നും ആരോഗ്യവകുപ്പിന്റെ പക്കലില്ല. തിരുവനന്തപുരത്ത് നിരവധി പേർ പേപ്പട്ടിയുടെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലും ഒരു കുട്ടിക്ക് പട്ടിയുടെ കടിയേറ്റിരുന്നു. കൊല്ലത്തും, കൊച്ചിയിലും കാസർകോടും സമാനമായ സംഭവങ്ങൾ ഉണ്ടായി. തെരുവുനായ്ക്കളുടെ എണ്ണതിലുണ്ടായ വർധന ഇതിന് പ്രധാനകാരണമാണ്. നായ്ക്കളെ വന്ധീകരിക്കുന്നതിന് കോർപ്പറേഷൻ കൊണ്ടു വന്ന എല്ലാ പദ്ധതികളും പരാജയപ്പെട്ടു. ഇക്കാര്യത്തിൽ കോർപ്പറേഷനുകളും സർക്കാരും പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഇതിനൊപ്പമാണ് തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ഉയരുന്ന പ്രതിഷേധക്കാരും. ഇത്തരം പ്രതിഷേധങ്ങൾക്ക് പേപ്പട്ടി വാക്‌സിൻ മരുന്നുൽപാദകരുടെ സഹായവും പിന്തുണയും ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP