Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലേക്ക് ലോഡുമായി വരില്ലെന്ന് പരിഭവിച്ച് ലോറി ഡ്രൈവർമാർ; തുറന്ന കടകൾ അടച്ച് വ്യാപാരികൾ; ഇന്നലെ വരെ ഉണ്ടായിരുന്ന ഇമേജെല്ലാം പൊളിഞ്ഞു; യൂത്ത് കോൺഗ്രസ് ഹർത്താലിൽ കോഴിക്കോട്ടെ കടകൾ അടഞ്ഞുകിടന്നു; വ്യാപാരികൾ കടകൾ അടച്ചത് സ്വമേധയാ; ഹർത്താൽ വിരുദ്ധ ഐക്യം പൊളിഞ്ഞതോടെ ചേരി തിരിഞ്ഞ് വിമർശനവും

കേരളത്തിലേക്ക് ലോഡുമായി വരില്ലെന്ന് പരിഭവിച്ച് ലോറി ഡ്രൈവർമാർ; തുറന്ന കടകൾ അടച്ച് വ്യാപാരികൾ; ഇന്നലെ വരെ ഉണ്ടായിരുന്ന ഇമേജെല്ലാം പൊളിഞ്ഞു; യൂത്ത് കോൺഗ്രസ് ഹർത്താലിൽ കോഴിക്കോട്ടെ കടകൾ അടഞ്ഞുകിടന്നു; വ്യാപാരികൾ കടകൾ അടച്ചത് സ്വമേധയാ; ഹർത്താൽ വിരുദ്ധ ഐക്യം പൊളിഞ്ഞതോടെ ചേരി തിരിഞ്ഞ് വിമർശനവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഹർത്താലിനെതിരെ പൊരുതിയ കോഴിക്കോട്ടെ വ്യാപാരികളുടെ വീര്യം ചോർന്നു. മാനാഞ്ചിറയിലെ ഹർത്താൽ വിരുദ്ധ ഐക്യം പൊളിയുന്നു. ഇന്നലെ നടന്ന യുഡിഎഫ് ഹർത്താലിൽ കോഴിക്കോട്ടെ കടകളെല്ലാം അടഞ്ഞുകിടന്നു. ഹർത്താലിനെതിരെ സമരം കത്തിപ്പടർന്ന മിഠായിത്തെരുവും നിശ്ചലമായിരുന്നു. ഇന്നലത്തെ ഹർത്താലിൽ വ്യാപാരികൾ സ്വമേധയാ കടകളടയ്ക്കുകയായിരുന്നു. ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുന്നതു കണ്ട് തുറക്കാൻ വന്ന വ്യാപാരികളും തിരിച്ചു പോയി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ തട്ടകത്തിൽ തന്നെ ഹർത്താലിനു മുന്നിലുണ്ടായ കീഴടങ്ങലിനെതിരെ വ്യാപാരികൾ ചേരി തിരിഞ്ഞ് വിമർശനം തുടങ്ങി.

യുഡിഎഫ് അനുകൂല നിലപാടുള്ള വ്യപാരികളാണ് ഹർത്താൽ വിരുദ്ധ കൂട്ടായ്മയെ പൊളിച്ചതെന്ന് ഒരു വിഭാഗം വ്യാപാരികൾ പറയുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ഇവർക്ക് അനുകൂലമായി നിലകൊണ്ടു. കടകൾ തുറക്കണമെന്ന ആഹ്വാനം ടി. സസിറുദ്ദീന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. ബിജെപിയും, സിപിഎമ്മും പ്രഖ്യാപിച്ചിരുന്ന ഹർത്താലുകളിൽ കടകൾ തുറക്കാൻ ആഹ്വാനം നൽകി ഹർത്താൽ വിരുദ്ധ പ്രകടനം വരെ നടത്തി പുലിയായി നിന്നവർ ഇന്നലെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ പൂച്ചയെപ്പോലെ വാലാട്ടി നിന്നു. ഇതെന്തിനെന്നാണ് ഇടതു ചിന്താഗതിക്കാരായ വ്യാപാരികൾ ചോദിക്കുന്നത്.

ശബരിമല വിഷയത്തിലും മറ്റും നടത്തിയ ഹർത്താൽ തീർത്തും അനാവശ്യമായിരുന്നു. എന്നാൽ രണ്ടു യുവാക്കൾ അരുംകൊല ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇന്നലെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. സംഭവത്തെ വൈകാരികമായി കണ്ട് കോഴിക്കോട്ടെ ഭൂരിഭാഗം വ്യാപാരികളും കടകൾ തുറക്കാൻ തയ്യാറായില്ല. അതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളുടെ വാദം. വ്യാപാരികളുടെ ഹർത്താൽ വിരുദ്ധ പ്രഖ്യാപനത്തിന്റെയും ബിജെപി ഹർത്താൽ ദിനത്തിൽ നടന്ന ചെറുത്തു നിൽപ്പിന്റെയും പശ്ചാത്തലത്തിൽ ഇന്നലത്തെ ഹർത്താലിൽ വ്യാപാരികൾക്കു സുരക്ഷയൊരുക്കാനായി പൊലീസ് വൻ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.ജെ. ബാബുവിന്റെ നേതൃത്വത്തിൽ നാൽപ്പതോളം പൊലീസുകാർ മിഠായിത്തെരുവിൽ തമ്പടിച്ചിരുന്നു. കടകൾ തുറക്കാൻ വ്യാപാരികളാരും എത്താത്തതിനെത്തുടർന്ന് ഉച്ചയോടെ ഇവർ മടങ്ങി.

ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപാരികൾ കടകൾ തുറക്കുകയും സമരക്കാർ കടകൾ ആക്രമിക്കുകയും ചെയ്തിരുന്നു. പത്തോളം കടകൾ തകരുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കലാപം ആഹ്വാനം ചെയ്തതിനും അക്രമം നടത്തിയതിനും നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. മുപ്പത്തഞ്ചോളം പേർ ഇതിനോടകം അറസ്റ്റിലായിട്ടുമുണ്ട്്. അടിക്കടിയുണ്ടാവുന്ന ഹർത്താലിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വ്യാപാരികളാണെന്നും ഇനിയൊരു ഹർത്താലിനും കേരളത്തിലെ വ്യാപാരികൾ കടകളടക്കില്ലെന്നും വ്യ്പാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പ്രഖ്യപിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ശബരിമല കർമ്മ സമിതി ഹർത്താൽ പ്രഖ്യാപിക്കുന്നതും വ്യാപാരികൾ പ്രതിരോധിക്കുന്നതും.

ഈ സംഭവം കേരളത്തിലൊന്നാകെ ഹർത്താൽ വിരുദ്ധ മനോഭാവം ശക്തിപ്പെടാൻ കാരണായി. ഹർത്താൽ ഒഴിവാക്കുന്ന കാര്യത്തിൽ ചർച്ചയാകാമെന്നും ഹർത്താൽ ദിനത്തിൽ കടകൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. കോഴിക്കോട്ടെ വ്യാപാരികളുടെ ചെറുത്തു നിൽപ്പും മനോബലവും കേരളത്തിലെ വ്യാപാരികൾ മാതൃകയാക്കി മുന്നോട്ടു പോകുകയായിരുന്നു. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവരും വ്യപാരികളുടെ നിലപാടിനെ പിന്തുണച്ചിരുന്നു. തങ്ങളുടെ നിലപാടിനെ പൊതുസമൂഹം അംഗീകരിച്ചതോടെ ഹർത്താൽ ദിനത്തിൽ കടകൾക്ക് സംരക്ഷണം നൽകാൻ വ്യപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കുമെന്നും ടി. നസിറുദ്ദീൻ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഉണ്ടാക്കിയ ഇമേജെല്ലാം ഇന്നലത്തെ ഹർത്താലോടെ വ്യാപാരികൾ തച്ചുടച്ചിരിക്കയാണ്. ഇനിയങ്ങോട്ട് ആര് ഹർത്താൽ നടത്തിയാലും കടകളടയ്ക്കാൻ അവർ നിർബന്ധിതരാകും.

വ്യാപാരി വ്യവസായി സമിതി മിന്നൽ ഹർത്താലുകൾക്ക് എതിരാണെന്ന് വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ്സൂര്യ ഗഫൂർ പറഞ്ഞു. അത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. ഇന്നലെ വ്യപാരികൾ കടകൾ തുറന്നിരുന്നു. കച്ചവടമില്ലാത്തതിനാൽ പൂട്ടിപ്പോയതാണ്. പിന്നെ ഏറ്റുമുട്ടലുകളെ ഭയന്ന് തുറക്കാതിരുന്നതുമാകം. ചെറുത്തു നിൽപ്പൊക്കെ നല്ലതാണ്. പക്ഷെ ഏറ്റുമുട്ടലുണ്ടാകുമ്പോൾ അതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വ്യപാരികളാണ്. അതുകൊണ്ട് അവർക്ക് ഭയം കാണുമെന്നും സൂര്യ ഗഫൂർ പറഞ്ഞു.

ഹർത്താലിനെതിരെ കെട്ടിപ്പടുത്ത കൂട്ടായ്മയും സമര വീര്യവുമാണ് ചോർന്നു പോയതെന്ന് മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ ചെയർമാൻസി.ഇ. ചാക്കുണ്ണി പറഞ്ഞു. ഇനി ആരു പ്രഖ്യാപിച്ചാലും കടകളടക്കാൻ വ്യാപാരികൾ നിർബന്ധിതരാവും. പ്രഖ്യാപിത നയങ്ങളിൽ ഉറച്ചു നിൽക്കാൻ വ്യാപാരി സംഘടനകൾക്കായില്ല. കേരളത്തിലേക്ക് ചരക്കുമായി വരാൻ ഇതര സംസ്ഥാന ലോറിക്കാർ മടിക്കുന്നു. വരാൻ തയ്യാറാവുന്നവരാകട്ടെ അമിതമായ വാടകയും ചോദിക്കുന്നു. ഞായറാഴ്ച രാത്രി കുംഭകോണത്തു നിന്ന് എനിക്ക് സോപ്പ് ലോഡുമായി വന്ന ലോറിക്ക് ഇന്നു രാവിലെയാണ് ലോഡിറക്കാനായത്. കേരളത്തിലേക്ക് ഇനി ലോഡുമായി വരില്ലെന്നു പറഞ്ഞ് പരിഭവിച്ചാണ് ഡ്രൈവർ മടങ്ങിയതെന്നും ചാക്കുണ്ണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP