Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല; നളിനി നെറ്റോയ്ക്ക് പിന്നാലെ മറ്റൊരു രാജി കൂടി; പണി മതിയാക്കി പോകുന്നത് പിണറായി വിജയനെ ജനകീയനാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ടി വേലായുധൻ; വിശ്വസ്തന്റെ പടിയിറക്കം വ്യക്തിപരമായ കാരണത്താലെന്ന് വിശദീകരണം; രാജിക്ക് കാരണം എം വി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയതിന് പിന്നാലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ആളില്ലാത്തതതോ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല; നളിനി നെറ്റോയ്ക്ക് പിന്നാലെ മറ്റൊരു രാജി കൂടി; പണി മതിയാക്കി പോകുന്നത് പിണറായി വിജയനെ ജനകീയനാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ടി വേലായുധൻ; വിശ്വസ്തന്റെ പടിയിറക്കം വ്യക്തിപരമായ കാരണത്താലെന്ന് വിശദീകരണം; രാജിക്ക് കാരണം എം വി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയതിന് പിന്നാലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ആളില്ലാത്തതതോ?

പി.വിനയചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ വീണ്ടും ഒരു ഉന്നതൻ കൂടി രാജിവച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി.വേലായുധനാണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണമെങ്കിലും ഓഫീസിലെ അസ്വാരസ്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ 10മുതൽ വേലായുധനെ സ്റ്റാഫിൽ നിന്ന് നീക്കി. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ രേഖ വേലായുധൻ തിരികെ നൽകണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ പറയുന്നു. പകരം ആളെ നിയമിച്ചിട്ടില്ല.

പിണറായിക്ക്‌ െതറ്റ് ചൂണ്ടിക്കാട്ടാനും പറഞ്ഞ് തിരുത്താനും അധികാരപ്പെട്ടയാളായിരുന്നു വേലായുധൻ. പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പമായിരുന്നു കാരണം. ഓഫീസിലെ മറ്റുള്ളവർ പോലും ഈ ആവശ്യങ്ങൾക്ക് വേലായുധനെയായിരുന്നു സമീപിച്ചിരുന്നത്.ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തര വകുപ്പ് അഡി.ചീഫ്‌സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതയായ നളിനിനെറ്റോ കഴിഞ്ഞ മാർച്ചിൽ രാജിവച്ചിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തു വിരമിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നളിനി നെറ്റോയെ നിയമിച്ചത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന തസ്തിക പ്രത്യേകം സൃഷ്ടിച്ചാണ് നളിനി നെറ്റോയെ ആ സ്ഥാനത്ത് നിയമിച്ചത്. മുഖ്യമന്ത്രിയുടെ വകുപ്പുകളിലെയും മറ്റു പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ സംബന്ധിച്ചുള്ള ഫയലുകൾ നളിനി നെറ്റോ കാണണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാന ഫയലുകളൊന്നും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയെ കാണിക്കാറില്ലായിരുന്നു. പഴ്‌സനൽ സ്റ്റാഫിലെ പ്രമുഖരും മറ്റു ചില വകുപ്പു സെക്രട്ടറിമാരും ചേർന്ന് തീരുമാനമെടുത്തു തുടങ്ങി.

ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടമുടമകളുടെ കരം സ്വീകരിക്കുന്നത്, ക്വാറികൾ കൂട്ടത്തോടെ തുറന്നു കൊടുക്കുന്നത് എന്നിവ സംബന്ധിച്ച കാര്യങ്ങൾ ചട്ടം പാലിച്ചല്ല മന്ത്രിസഭയ്ക്ക് വിട്ടതെന്നു നളിനി നെറ്റോയ്ക്ക് അഭിപ്രായമുള്ളതായാണ് അറിയുന്നത്. ഇത്തരം ഫയലുകൾ കൈകാര്യം ചെയ്യുന്ന രണ്ട് ഉന്നതർക്കെതിരെ അഴിമതി ആരോപണം ഉണ്ടാകുമെന്നു നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്. എന്നാൽ നളിനി നെറ്റോ സമയബന്ധിതമായി ഫയലുകൾനോക്കിയിരുന്നില്ല, അതിനാലാണ് ഫയലുകൾ നൽകാതിരുന്നതെന്നാണ് മറുപക്ഷം പറയുന്നത്.

എം വിജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് നളിനി നെറ്റോയും രാജിവച്ചത്. ഓഫീസിലെ തർക്കങ്ങൾ മിക്കപ്പോഴും പരിഹരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം.വി ജയരാജനായിരുന്നു. എന്നാൽ അദ്ദേഹം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വച്ചിരുന്നു. ഇതേത്തുടർന്നാണ് നളിനി നെറ്റോ രാജിവയ്ക്കാൻ തീരുമാനിച്ചത്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് എം വിജയരാജന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം രാജിവയ്‌ക്കേണ്ടി വന്നത്. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനിനെറ്റോ കേരളത്തിലെ ആദ്യ വനിതാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ചരിത്രം കുറിച്ച് നിയമസഭയിലേക്കും ലോക്സഭയിലേക്കും രണ്ടുവീതം തിരഞ്ഞെടുപ്പുകൾ വിജയകരമായി നടത്തിയിട്ടുണ്ട്.

നളിനിയുടെ സഹോദരൻ ആർ. മോഹനെ പിന്നീട് മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മുൻ ആദായനികുതി കമ്മിഷണർ കൂടിയാണ് മോഹൻ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ആരെങ്കിലും പ്രൈവറ്റ് സെക്രട്ടറിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ശീതസമരമെന്ന വാർത്തകളുടെ കൂടി പശ്ചാത്തലത്തിലാണു പിണറായി വിജയൻ, സ്വന്തം നിലയിൽ താൽപര്യമെടുത്തു മോഹനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ്) ചേരുന്നതിനു മുമ്പ് റിസർവ് ബാങ്കിൽ ഓഫിസറായിരുന്നു ആർ. മോഹൻ. കോയമ്പത്തൂരിൽ ഇൻകം ടാക്‌സ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ചു. തുടർന്നു തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ സീനിയർ കൺസൽറ്റന്റും സിഡിഎസിൽ വിസിറ്റിങ് ഫെലോയുമാണ്. പക്ഷേ മോഹനൻ വന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് പഴയതുപോലെ ചടുലമായിട്ടില്ല.

വൻ പ്രതീക്ഷയോടെ അധികാരത്തിലെത്തിയിട്ടും പൊലീസിന്റെ വീഴ്ചകൾ കാരണം പിണറായി സർക്കാരിന്റെ പ്രതിച്ഛായ നഷ്ടമായിരുന്നു. എം.വി ജയരാജനും വേലായുധനും വന്ന ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സജീവമായത്. പൊലീസ് സർക്കാരിന്റെ കൈപ്പിടിയിലാക്കിയത് ജയരാജനാണ്. ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും മറ്റും ലെയ്‌സൺ ജോലികൾ വേലായുധനായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വേലായുധൻ ആവർത്തിക്കുന്നുണ്ടെങ്കിലും ഓഫീസിലെ പൊട്ടിത്തെറികളാണ് കാരണമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP