Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് പോകുന്ന പെൺകുട്ടിയെ ഇതൊക്കെ എത്രമാത്രം വേദനിപ്പിക്കും എന്നുപോലും ഓർത്തില്ലല്ലോ! ശരീരത്തിനെയല്ല മനസിനെയാണ് ഞങ്ങൾ പ്രണയിച്ചത്; ഇതൊന്നും കണ്ട് കരഞ്ഞ് തളർന്നിരിക്കാൻ ഞങ്ങളില്ല; ഞങ്ങൾക്കെതിരെ കുപ്രചാരണം നടത്തിയവരെ വെറുതെ വിടില്ല; കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് സൈബർ ലോകത്ത് കുപ്രചാരണം നടത്തിയവർ കരുതിയിരിക്കുക; അനൂപും ജൂബിയും നിയമനടപടിക്ക്

വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് പോകുന്ന പെൺകുട്ടിയെ ഇതൊക്കെ എത്രമാത്രം വേദനിപ്പിക്കും എന്നുപോലും ഓർത്തില്ലല്ലോ! ശരീരത്തിനെയല്ല മനസിനെയാണ് ഞങ്ങൾ പ്രണയിച്ചത്; ഇതൊന്നും കണ്ട് കരഞ്ഞ് തളർന്നിരിക്കാൻ ഞങ്ങളില്ല; ഞങ്ങൾക്കെതിരെ കുപ്രചാരണം നടത്തിയവരെ വെറുതെ വിടില്ല; കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് സൈബർ ലോകത്ത് കുപ്രചാരണം നടത്തിയവർ കരുതിയിരിക്കുക; അനൂപും ജൂബിയും നിയമനടപടിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒരുമിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന രണ്ടുപേർ വിവാഹിതരായാൽ ആർക്കാണ് ചേതം? പ്രായവ്യത്യാസം ഉണ്ട് എന്നാരോപിച്ച് ദമ്പതികളെ താറടിക്കുന്നത് ശരിയല്ലെന്ന് മാത്രമല്ല, കേസെടുക്കാവുന്ന കുറ്റവുമാണ്. സൈബർ ബുള്ളിയിങ് അതിരുകടന്നാൽ എന്താണ് സംഭവിക്കുകയെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അനൂപ്. പി.സെബാസ്റ്റ്യന്റെയും, ജൂബി ജോസഫിന്റെയും ദുരനുഭവം.

ഫോട്ടോയിൽ വധുവിന് പ്രായം കൂടുതൽ തോന്നിക്കുന്ന ഒറ്റക്കാരണമാണ് മലയാളികളുടെ സദാചാരക്കുരു പൊട്ടിച്ചത്. ഇതോടെ ഇല്ലാക്കഥകളുടെ പ്രളയമായിരുന്നു ഉണ്ടായത്. കണ്ണൂർ ചെറുപുഴയിലെ ഈ വിവാഹം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത് പ്രായവ്യത്യാസത്തിന്റെ പേരിലും സ്ത്രീധന തുകയുടെ പേരിലുമാണ്. സ്ത്രീധനവും സ്വത്തും പ്രായത്തെ ഇല്ലാതാക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് ഇവരെ കുറിച്ചുള്ള സോഷ്യൽ മീഡിയയിൽ കുപ്രചരണം നടക്കുന്നത്. പെണ്ണിന് വയസ് 48.. ചെക്കന് വയസ്സ് 25.... പെണ്ണിന് ആസ്തി 15 കോടി... സ്ത്രീധനം 101 പവൻ 50 ലക്ഷം... ബാക്കി പുറകെവരും.... ഈ തലക്കെട്ടിലാണ് വാട്‌സാപ്പിലും ഫേസ്‌ബുക്കിലും മറ്റും കുപ്രചാരണം. ഏതായാലും കുപ്രചാരണം നടത്തിയവരെ അനൂപും ജുബിയും വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും തങ്ങളെ അപമാനിച്ചവരോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു അനൂപും ജൂബിയും.

അനൂപും ജൂബിയും പറയുന്നത് ഇങ്ങനെ: 'ഞങ്ങൾ ഇണയെ തേടിയത് മനസ്സിനാണ്, ശരീരത്തിനല്ല'. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പൻതൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാൻ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരിൽ വിവാഹപരസ്യം നൽകിയത്. എന്നാൽ, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേർത്താണു ചിലർ ദുഷ്പ്രചാരണം നടത്തിയത്.

നാലു വർഷം മുൻപാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ദുഷ്പ്രചാരണത്തെക്കുറിച്ചു ജൂബി പറയുന്നു. 'ചെറുപ്പം മുതലേ അൽപം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോൾ അൽപം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാൻ ആളുകളെ പ്രേരിപ്പിച്ചത്.

പക്ഷേ വിവാഹം കഴിഞ്ഞു പുതിയൊരു വീട്ടിലേക്കു പോകുന്ന പെൺകുട്ടിക്ക് അതൊക്കെ എത്രമാത്രം വേദനയുണ്ടാക്കും എന്നു പോലും ഓർക്കാതെ പ്രചരിപ്പിച്ചവർ മനോരോഗികളാണ്. എന്തായാലും ഇതൊന്നും കണ്ട് കരഞ്ഞു തളർന്നിരിക്കാൻ ഞങ്ങളില്ല. ചടങ്ങുകളെല്ലാം പൂർത്തിയാക്കാൻ കാത്തിരിക്കുകയായിരുന്നു. അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കാൻ തന്നെയാണു തീരുമാനം'.

സത്യം അറിയാതെ ഈ ഫോട്ടോയും വാർത്തയും ഗ്രൂപ്പുകളിലേക്ക് അതിവേഗം പ്രചരിക്കുകയുമാണ്. എന്നാൽ ഈ വിവാഹത്തിന് പിന്നിലെ സത്യം ഈ ഫോർവേഡുകളല്ല, ഇതൊന്നുമല്ല സത്യം. അനൂപ് ജൂബിയേക്കാൾ രണ്ടര വയസ്സ് മുതിർന്നതുമാണ്. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. പൈലറ്റാകാൻ ഡറാഡൂണിൽ പഠിക്കുകയാണ് അനൂപ്. ജൂബിയും വിമാനത്താവളത്തിലെ തന്നെ ജീവനക്കാരിയാണ്. ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹദിവസം പത്രത്തിൽ വന്ന ഫോട്ടോയായിരുന്നു ആദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ പ്രായവും ബോഡി ഷെയിമിഗും എല്ലാം നിറഞ്ഞ മെസേജുകളും ട്രോളുകളും നിറയുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഇരുവരും കുടുംബവുമൊത്ത് നിൽക്കുന്ന ഫോട്ടോയും ചേർത്ത് ഒരു പടികൂടി കടന്നിരിക്കുകയാണ് ഇപ്പോൾ കളിയാക്കലുകൾ. ഇത്തരം മോശം കമന്റുകളിൽ ഇരുവരും അതീവ ദുഃഖിതരുമാണ്. സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് ജൂബിയുടെ വീട്ടുകാർ.ആളുകളുടെ മാനസികാവസ്ഥയ്ക്കും സ്വകാര്യതയ്ക്കും യാതൊരു വിലയും കൽപ്പിക്കാത്ത ആരോ ഒരാൾ തുടങ്ങി വച്ചതാണിത്.

കണ്ണൂർ ചെമ്പാത്തൊട്ടി സ്വദേശിനിയാണ് ജൂബി. ഇവിടെ നിന്നും അധികം ദൂരെയല്ലാത്ത ചെറുപുഴക്കാരനാണ് അനൂപും. നാടിനെയും നാട്ടാരെയും ബന്ധുക്കളെയും അറിയിച്ചു കൊണ്ട് വിവാഹിതരാകണം എന്നുള്ളതു കൊണ്ടാണ് ഇവർ പത്രത്തിൽ പരസ്യം നൽകിയതും. ഇങ്ങനെ പരസ്യം നൽകിയത് വലിയ പാരയാകുമെന്ന് ഇവരോ കുടുംബക്കാരോ കരുതിയിരുന്നില്ല. കല്യാണ വേളയിൽ തന്നെ പ്രായവ്യത്യാസം ഉണ്ടെന്ന് നാട്ടുകാരിൽ ചിലർ അനാവശ്യമായി പറഞ്ഞു. പ്രായവ്യത്യാസമുണ്ടെന്ന തോന്നൽ അനാവശ്യമായി ചർച്ചയായപ്പോൾ വരന്റെ വീട്ടുകാർ പറഞ്ഞത് വധുവിന് പ്രായം 28 വയസ്സ് എന്നാണ്. വരന്റെ വീട്ടുകാർ ഈ കാര്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ തൽക്കാലം മറ്റുള്ളവർ വായമൂടി. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ ചിലർ പകപോക്കുന്ന വിധത്തിൽ പ്രചരിപ്പിക്കയായിരുന്നു.

ഇരു വീട്ടുകാരും ആലോചിച്ചാണ് വിവാഹം നടന്നത്. ചെറുപുഴയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ചെമ്പൻ തൊട്ടിയിലാണ് വധുവായ ജോബിയുടെ വീട്. വിവാഹം എന്തായാലും മംഗളകരമായി നടക്കുകയും ചെയ്തു. വരന്റെ വീട്ടുകാർ വധുവിന് 28 എന്ന് പറഞ്ഞെങ്കിലും വിവാഹത്തിന്നെത്തിയവരിൽ പലരും അത് സമ്മതിച്ചു നൽകിയില്ല. ഒപ്പം വധു കോടീശ്വരിയാണ് എന്ന വാർത്ത പരക്കുകയും ചെയ്തു. സോഷ്യൽ മീഡിയ പറയുന്നത് പ്രകാരം സ്ത്രീധനം 101 പവൻ 50 ലക്ഷം എന്നാണ്. ഇതും വിവാഹവേളയിൽ ചർച്ചയായപ്പോൾ സന്തോഷമായി വിവാഹത്തിൽ പങ്കെടുത്ത് അതിഥികൾ മടങ്ങുകയും ചെയ്തു.

പക്ഷെ വിവാഹം കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ തുടരൻ ചർച്ചകൾ തന്നെ ഈ കാര്യത്തിൽ വന്നു. ഇതോടെ മറുനാടൻ മലയാളി വരനായ അനൂപിനെ ബന്ധപ്പെട്ടു. പ്രായവ്യത്യാസം ഒന്നും മറുനാടനോട് സംസാരിക്കാൻ അനൂപ് തയ്യറായില്ല. പഞ്ചാബ് യൂണിവേഴ്സിറ്റിയും പഠിക്കുമ്പോഴാണ് ജൂബിയുമായി അടുപ്പം തുടങ്ങുന്നത്. ഇത് വിവാഹത്തിലേക്ക് വഴിമാറി. ജൂബി ഇപ്പോൾ ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്നു. അനൂപ് പറഞ്ഞത് ശരിതന്നെയെന്ന് ഈ വിവാഹത്തിൽ പങ്കെടുത്തവരും മറുനാടനോട് പറഞ്ഞു.

ഇരുവീട്ടുകാരും തമ്മിൽ ആലോചിച്ച് നടന്ന വിവാഹമാണ്. അതുകൊണ്ട് തന്നെ എല്ലാവരും പങ്കെടുക്കുകയും ചെയ്തു-വിവാഹത്തിൽ സംബന്ധിച്ചവർ പ്രതികരിച്ചു. അനൂപിന്റെ രണ്ടാം വിവാഹം എന്നാണ് അറിഞ്ഞത്. ചില പ്രശ്നങ്ങൾ കാരണം ആദ്യ വിവാഹം ഒഴിവാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അനൂപ് പിതാവിനെ സഹായിച്ച് കാറ്ററിങ് ബിസിനസ് മുന്നോട്ടു കൊണ്ടുപോവുകയാണ്. ഒരു വിവാഹത്തിന്റെ പേരിൽ സൈബർ ലോകത്തു നടക്കുന്ന പ്രചരണങ്ങളിൽ വളരെ ദുഃഖിതരായണ് ഇരുവരും. തടി കൂടിയതിന്റെ പേരിൽ എന്തിനാണ് ഇത്തരം കുറ്റപ്പെടുത്തലുകളെന്നാണ് ഉയരുന്ന ചോദ്യം. കുപ്രചരണങ്ങളിൽ ദുഃഖിതരായ വധുവും വരനും അധികം ആരോടും പ്രതികരിക്കേണ്ടെന്ന നിലപാടിലാണ്. ഒരു വശത്ത് പ്രചരണം കൊഴുക്കുമ്പോൾ ദുബായിലെ ജോലിസ്ഥലത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ജൂബി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP