Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈലിൽ സുഹൃത്തിന്റെ വിളി എത്തിയപ്പോഴേ ആധിയായി; മകനെയും കൂട്ടി താഴെ എത്തുമ്പോൾ ജീവിത മാർഗ്ഗമായ ചായക്കട മണ്ണും ചെളിയും മൂടിയ കാഴ്ച; ഉരുൾപൊട്ടലുണ്ടായത് വീട്ടിൽ നിന്നും മീറ്ററുകൾ അകലെ; മൂന്നാർ കുണ്ടളയിൽ അണ്ണാദുരൈ മറുനാടനോട് വിവരിക്കുന്നു ഭീതി നിറഞ്ഞ ആ രാത്രി

മൊബൈലിൽ സുഹൃത്തിന്റെ വിളി എത്തിയപ്പോഴേ ആധിയായി; മകനെയും കൂട്ടി താഴെ എത്തുമ്പോൾ ജീവിത മാർഗ്ഗമായ ചായക്കട മണ്ണും ചെളിയും മൂടിയ കാഴ്ച; ഉരുൾപൊട്ടലുണ്ടായത് വീട്ടിൽ നിന്നും മീറ്ററുകൾ അകലെ; മൂന്നാർ കുണ്ടളയിൽ അണ്ണാദുരൈ മറുനാടനോട് വിവരിക്കുന്നു ഭീതി നിറഞ്ഞ ആ രാത്രി

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: രാത്രി കഴിച്ചുകൂട്ടിയത് ഭീതിയുടെ മുൾമുനയിലെന്നും ദുരന്തം മനസ്സിൽ ഏൽപ്പിച്ച ആഘാതം വിവരാണാതീതമെന്നും അണ്ണാദുരൈ. ഇന്നലെ അർദ്ധരാത്രിയോടടുത്ത് കുണ്ടളയിൽ താമസസ്ഥലത്തുനിന്നും മീറ്ററുകൾ മാത്രം അകലെയുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവ പരമ്പരകളെക്കുറിച്ചും വിവരിക്കുകയായിരുന്നു സ്ഥലവാസികൂടിയായ അണ്ണാദുരൈ.

മൊബൈലിൽ സുഹൃത്ത് പേച്ചിമുത്തിന്റെ വിളിയെത്തിയപ്പോൾ തുടങ്ങിയ അങ്കലാപ്പും ഭയാശങ്കകളും നേരം പുലർന്ന് എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയെന്ന അറിവ് കിട്ടുവരെ തുടർന്നും ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമെന്നും അണ്ണാദുരൈ മറുനാടനോട് പറഞ്ഞു. മൊബൈലിൽ വിളിയെത്തിയപ്പോൾ തന്നെ എന്തുചെയ്യണമെന്നുള്ള ആധിയായി. ഉടൻ മകൻ സുധനെയും കൂട്ടി താമസസ്ഥലത്തുനിന്നും ഇറങ്ങി. ഓടിക്കിതച്ച് താഴെ എത്തുമ്പോൾ കാണുന്നത് ജീവിത മാർഗ്ഗമായ ചായക്കട മണ്ണും ചെളിയും കയറി മൂടിക്കിടക്കുന്നതാണ്.

കൈയിലുണ്ടായിരുന്ന ടോർച്ച് വെളിച്ചത്തിൽ കിട്ടാവുന്ന സാധനങ്ങളെല്ലാം താനും മകനും ചേർന്ന് ഇവിടെ നിന്നും എടുത്തുമാറ്റി. വെള്ളം ഒഴുകിവരുന്ന ചാലിലേക്ക് വെളിച്ചമെത്തിച്ച് നോക്കിയപ്പോൾ അമ്പരപ്പ് പതിന്മടങ്ങായി. വെളിച്ചമെത്തുന്നിടത്തോളം ദൂരം കല്ലും മണ്ണും നിറഞ്ഞുകിടക്കുന്നു. വെള്ളമൊഴുക്കും ശക്തമാണ്. സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലായി. ഉടൻ നേരെ താമസ്ഥലത്തേക്ക് ഓടി.
ഉറങ്ങുന്നവരെ എല്ലാംവിളിച്ചുണർത്തി, കാര്യം പറഞ്ഞു.സുക്ഷിത സ്ഥാനത്തേയ്ക്ക് മാറാൻ നിർദ്ദേശിച്ചു.

സമീപത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തോട്ടത്തിലെ ഫീൽഡ് ഓഫീസർ സൈമനെയും വിവരം അറിയിച്ചു. സമയം പുലർച്ചെ 12.30 തോടുത്ത സമയത്ത് വലിയ ശബ്ദം കേട്ടു. നിമിഷങ്ങൾക്കകം വലിയ കല്ലുകൾ താഴേയ്ക്ക് പതിച്ചു. ചായക്കട സ്ഥിതിചെയ്തിരുന്ന സ്ഥലത്തിനടുത്തുവരെ ഭീമൻ കല്ലുകൾ ഉരുണ്ടെത്തി. പിന്നാലെ വെള്ളപ്പാച്ചിലും ശക്തമായി. ഇതിനകം തന്നെ വിവരം അറിഞ്ഞെത്തിയവരിൽ ആരോ വിവരം ഫയർഫോഴ്സിൽ അറയിച്ചു. താമസിയാതെ ഫയർഫോഴ്സ് സംഘവും പൊലീസും എത്തി.പുലർച്ചെ 2 മണിയോടെ ദേവികുളം സബ്ബ്കളക്ടർ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ഉടൻ താമസക്കാരോട് മുഴുവൻ മാറിത്താമസിക്കണമെന്നായി ഉദ്യോഗസ്ഥർ. എന്നാൽ ഉള്ളതെല്ലാം ഇട്ടെറിഞ്ഞിട്ട്് സ്ഥലം വിടാൻ ഭൂരിപക്ഷം കുടംബങ്ങളും തയ്യാറായില്ല.എന്തായാലും നേരം പുലരാതെ എങ്ങോട്ടും ഇല്ലന്ന നിലപാടിലായിരുന്നു ഇവർ. ഇതോടെ താമസിയാതെ ഉദ്യോഗസ്ഥ സംഘം മടങ്ങി. പിന്നെ പുലർച്ചെയോടെയാണ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ എത്തുന്നത്. പിന്നെ എല്ലാം വേഗത്തിലായി. മാറാൻ സന്നദ്ധരായ കുടുംബങ്ങളെ ചെണ്ടുവര സ്‌കൂളിലും കുണ്ടള സ്‌കൂളിലുമായി തുറന്ന ക്യാമ്പുകളിലേക്ക് രാവിലെ മാറ്റി.അണ്ണാദുരൈ പറഞ്ഞു.

സ്ഥലവാസികൾ കൂടിയായ അണ്ണാദുരൈയുടെയും മാരിയപ്പന്റെയും ചായക്കടകളും സമീപത്തുണ്ടായിരുന്ന ഗണപതി കോവിലും മണ്ണിനടിയിലായത് ഒഴിച്ചാൽ ഉരുൾപൊട്ടൽ കാര്യമായ നാശനഷ്ടം സൃഷ്ടിച്ചിട്ടില്ല എന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. വട്ടവടയിലേയ്ക്കുള്ള പാതയിലാണ് കല്ലും മണ്ണും അടിഞ്ഞിട്ടുള്ളത്. ഇതുമൂലം ഈ ഭാഗത്ത് ഗതാഗതം മുടങ്ങിയിരിക്കുകയാണ്.ഇത് പൂർവ്വസ്ഥിതിയിലേയ്ക്കെത്താൻ ദിവസങ്ങൾ തന്നെ വേണ്ടിവരുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP