Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

കുമ്പളങ്ങി നൈറ്റ്‌സിൽ അരങ്ങേറ്റം; പ്രേക്ഷകന്റെ മനസ്സിൽ തണുപ്പു കോരിയിട്ട ഹെലനിലൂടെ പ്രത്യേക ജൂറി പുരസ്‌കാരം; കപ്പേളയിൽ പ്രണയ ചതിയിൽ വീഴുന്ന മലയോര പെൺകുട്ടി; ലുലു മാളിലെ പോസറ്റിലെ താരത്തെ തേടി രണ്ടാം പുരസ്‌കാരം; അന്നാ ബെന്നിന് അർഹതയുടെ അംഗീകാരം; 'വെള്ളം' ജയസൂര്യയ്ക്കും അഭിമാനമായി

കുമ്പളങ്ങി നൈറ്റ്‌സിൽ അരങ്ങേറ്റം; പ്രേക്ഷകന്റെ മനസ്സിൽ തണുപ്പു കോരിയിട്ട ഹെലനിലൂടെ പ്രത്യേക ജൂറി പുരസ്‌കാരം; കപ്പേളയിൽ പ്രണയ ചതിയിൽ വീഴുന്ന മലയോര പെൺകുട്ടി; ലുലു മാളിലെ പോസറ്റിലെ താരത്തെ തേടി രണ്ടാം പുരസ്‌കാരം; അന്നാ ബെന്നിന് അർഹതയുടെ അംഗീകാരം; 'വെള്ളം' ജയസൂര്യയ്ക്കും അഭിമാനമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തുടർച്ചയായി രണ്ടാം തവണയും പുരസ്‌കാരം. അന്ന ബെന്നിന് ഇത് അഭിമാനത്തിന്റെ രണ്ടാം വർഷം. കഴിഞ്ഞ വർഷം 'ഹെലൻ' സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം നടി നേടിയിരുന്നു. ഇത്തവണ കപ്പേള. നടനുള്ള രണ്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡാണു ജയസൂര്യക്ക് ലഭിക്കുന്നത്. 2018 ൽ 'ഞാൻ മേരിക്കുട്ടി', 'ക്യാപ്റ്റൻ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഇത്തവണ വെള്ളത്തിനും.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അന്നാ ബെൻ. പ്രശസ്ത തിരക്കഥ രചയിതാവ് ബെന്നി പി നായരമ്പലത്തിന്റെ മകളായ ഈ നടി ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയെടുത്തു. കുമ്പളങ്ങി നൈറ്റ്സിലെ ഗംഭീര പ്രകടനത്തിന് ശേഷം അന്നാ ബെൻ പ്രേക്ഷകരെ ഞെട്ടിച്ചത് ഹെലൻ എന്ന ചിത്രത്തിലെ മനോഹരമായ പ്രകടനം കൊണ്ടാണ്. പിന്നീട് കപ്പേള എന്ന ചിത്രത്തിലൂടെയും പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ നടിക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്.

അന്നാ ബെൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഒരു തുറന്നടിക്കലാണ് ചർച്ചാ വിഷയമായി മാറുകയും ചെയ്തു. കൊച്ചിയിലെ ലുലു മാളിൽ വെച്ച് അപമാനിക്കപ്പെട്ടതിനെ കുറിച്ചായിരുന്നു ഈ നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. രണ്ട് ചെറുപ്പക്കാർ ചേർന്ന് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് അന്നാ ബെൻ തന്റെ പോസ്റ്റിലൂടെ തുറന്നു പറഞ്ഞത്. കുടുംബവുമൊത്ത് മാളിൽ പോകുന്നതിനിടെയാണ് ഈ സംഭവം നടന്നതെന്നും സഹോദരി ഇത് നേരിൽ കണ്ടെന്നും അന്നാ ബെൻ കുറിച്ചു. ഇവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരികയും ചെയ്തു. പെൺകുട്ടികൾ ജീവിതത്തിൽ കാണിക്കേണ്ട ധീരതയുടെ നേർസാക്ഷ്യമായി ഇതു മാറി. കപ്പേള എന്ന സിനിമയും പറഞ്ഞത് സമാന ജീവിത സാഹചര്യമാണ്.

കപ്പേള എന്ന ചിത്രത്തിൽ ജീവിതത്തിൽ നിരവധി വിഷമ സന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ചതിനാണ് അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നിമിഷ സജയൻ, പാർവതി തിരുവോത്ത്, ശോഭന തുടങ്ങിയവരെ പിന്തള്ളിക്കൊണ്ടായിരുന്നു അന്ന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രണയ ചതിയിൽ വീഴുന്ന മലയോര പെൺകുട്ടിയുടെ വേദനകളിലൂടെ കടന്നു പോയ കഥാപാത്രമാണ് കപ്പേളയിലേത്. മുസ്തഫയുടെ സംവിധാനത്തിൽ 2020 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് കപ്പേള. റോഷൻ മാത്യു, ശ്രീനാഥ് ഭാസി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം അതിന്റെ ആഖ്യാനശൈലിയിലും, കഥാപാത്രങ്ങളെ വെളിവാക്കുന്ന രീതിയിലും പുതുമ നിലനിർത്തി.

വയനാട്ടിലെ ഒരു ഗ്രാമത്തിലെ ജെസ്സി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന കുടുംബത്തിലെ, കൂലിപ്പണിക്കാരനായ അച്ഛന്റെ മകളായ ജെസ്സി യാദൃശ്ചികമായി വിഷ്ണു എന്ന ചെറുപ്പക്കാരനുമായി ഫോണിൽ കൂടി അടുക്കുന്നു. തനി നാട്ടിൻപുറത്തുകാരിയായ, സ്മാർട്ട് ഫോൺ ഇല്ലാത്ത, കടൽ കണ്ടിട്ടില്ലാത്ത ജെസ്സി തന്റെ കാമുകനെ ആദ്യമായി കണ്ടു. അതും വീട്ടുകാർ അറിയാതെ അതിരഹസ്യമായി.

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഒറ്റയ്ക്ക് ഒരു ദിവസം കോഴിക്കോട് പട്ടണത്തിലേക്കു ബസ് കയറുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നടി സുഹാസിനി മണിരത്‌നം നേതൃത്വം നൽകിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. 'മദ്യപാനാസക്തിയിൽ നിന്ന് വിമുക്തനാവാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനെ' മുൻനിർത്തിയാണ് ജയസൂര്യയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് ജൂറി പരാമർശിച്ചു.

'ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌ക്കരിച്ച പ്രകടന മികവാണ്' ജൂറി അന്ന ബെന്നിൽ കണ്ടെത്തിയത്. പോയവർഷം 'ഹെലൻ' സിനിമയിലെ പ്രകടനത്തിന് അന്ന പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു.

കോവിഡ് പ്രതിസന്ധിയിൽ സിനിമകൾ ഡിജിറ്റൽ റിലീസിന് വഴിമാറിയ വർഷം കൂടിയായിരുന്നു 2020. മാർച്ച് മാസം വരെ സിനിമകൾ തിയേറ്റർ റിലീസ് ചെയ്തിരുന്നു. കന്നഡ സംവിധായകൻ പി. ശേഷാദ്രിയും ചലച്ചിത്ര നിർമ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയിൽ അംഗമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 80 ഓളം സിനിമകൾ സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സര രംഗത്തുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP