Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ അഞ്ജുവിന്റെ കണ്ണിലേക്കിടിച്ചു കയറിയത് എട്ടടിയോളം നീളമുള്ള പൈപ്പിന്റെ അറ്റം; ഒരു കണ്ണിന്റെ കാഴ്‌ച്ച നഷ്ടമായ അപകടമുണ്ടായി 15 ദിവസമായിട്ടും തിരിഞ്ഞു നോക്കാതെ അപകടത്തിന് കാരണക്കാരായവരും അധികാരികളും; ചികിത്സ നടത്തുന്നത് കൂലിപ്പണിക്കാരനായ അച്ഛൻ കടംവാങ്ങുന്ന പണം കൊണ്ട്; പുതുജീവിതത്തിലേക്കു കടക്കും മുമ്പേ ഒരു വശം ഇരുട്ടിലായ അഞ്ജുവിന് വെളിച്ചമായി ഞാനുണ്ടാകും എന്ന ഉറപ്പുമായി പ്രതിശ്രുതവരനും

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ അഞ്ജുവിന്റെ കണ്ണിലേക്കിടിച്ചു കയറിയത് എട്ടടിയോളം നീളമുള്ള പൈപ്പിന്റെ അറ്റം; ഒരു കണ്ണിന്റെ കാഴ്‌ച്ച നഷ്ടമായ അപകടമുണ്ടായി 15 ദിവസമായിട്ടും തിരിഞ്ഞു നോക്കാതെ അപകടത്തിന് കാരണക്കാരായവരും അധികാരികളും; ചികിത്സ നടത്തുന്നത് കൂലിപ്പണിക്കാരനായ അച്ഛൻ കടംവാങ്ങുന്ന പണം കൊണ്ട്; പുതുജീവിതത്തിലേക്കു കടക്കും മുമ്പേ ഒരു വശം ഇരുട്ടിലായ അഞ്ജുവിന് വെളിച്ചമായി ഞാനുണ്ടാകും എന്ന ഉറപ്പുമായി പ്രതിശ്രുതവരനും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബസിൽ യാത്ര ചെയ്യവേ ബേക്കറിക്കു മുന്നിൽസ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് കണ്ണിൽ തുളച്ചു കയറിയ നഴ്‌സിന്റെ കാഴ്‌ച്ച നഷ്ടമായിട്ടും തിരിഞ്ഞു നോക്കാതെ അപകടത്തിന്റെ കാരണക്കാരും അധികൃതരും. അപകടമുണ്ടായി 15 ദിവസങ്ങൾ പിന്നിടുമ്പോഴും ബേക്കറി ഉടമയ്ക്കും ബസ് ഡ്രൈവർക്കും എതിരെ ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തതല്ലാതെ മറ്റു നടപടികളൊന്നുമില്ല. ചങ്ങന്നൂർ കുമ്പിൾനിൽക്കുന്നതിൽ ജോയിയുടെയും അമ്മിണിയുടെയും ഇളയ മകളായ അഞ്ജു(24) വിനാണ് ആകസ്മികമായി ഒരു കണ്ണ് നഷ്ടമായത്.

ചങ്ങനാശേരി അംബ ആയുർവേദ ആശുപത്രിയിലെ നഴ്‌സായ അഞ്ജു യാത്ര ചെയ്തിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനം കടന്നുപോകാൻ വശത്തേക്ക് ഒതുക്കിയപ്പോഴായിരുന്നു അപകടം. ഈ മാസം ഏഴിന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരും വഴി എംസി റോഡിൽ ചെങ്ങന്നൂർ നഗരത്തിലായിരുന്നു അപകടം. പടുത വലിച്ചുകെട്ടാൻ റോഡരികിലെ ബേക്കറിക്കു മുന്നിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന പൈപ്പ് ബസിൽ യാത്ര ചെയ്തിരുന്ന അഞ്ജുവിന്റെ കണ്ണിൽ തുളച്ചു കയറുകയായിരുന്നു. ഇടതു കണ്ണിനാണ് ഗുരുതര പരിക്കേറ്റത്.

കൊട്ടാരക്കരയ്ക്ക് പോകുന്ന അടൂർ ഡിപ്പോയിലെ ആർ എസ് സി 487 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിൽ സഞ്ചരിക്കവെയാണ് അപകടം. എംസി റോഡിൽ കെഎസ് ആർ ടി സി ബസ്സ്റ്റാന്റിനു സമീപം സ്വകാര്യ ആശുപത്രിയോട് ചേർന്ന ബേക്കറിയുടെ ഇറക്കിക്കെട്ടിൽ നിന്നും റോഡിലേയ്ക്ക് നീണ്ടു നിന്ന കമ്പിയാണ് യുവതിയുടെ കണ്ണിലേയ്ക്ക് തുളച്ചു കയറിയത്. 8 അടിയോളം വരുന്ന കമ്പിയിൽ വെയിൽ മറയ്ക്കുന്നതിന് ചണച്ചാക്ക് വലിച്ചുകെട്ടിയിരിക്കുകയായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡിൽ എതിരേ വന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു തൊട്ടു മുൻപ് അപകടമുണ്ടായതു മാത്രം അഞ്ജുവിന് ഓർമയുണ്ട്. ഇടയ്ക്കു ബോധം വന്നപ്പോൾ അവൾ പറഞ്ഞു. 'അമ്മയെ ഇപ്പോൾ എന്റെ മുഖം കാണിക്കരുത്. സഹിക്കാനാകില്ല, ഹൃദ്രോഗിയാണ്.' കൂലിപ്പണിക്കാരനായ അച്ഛൻ കടം വാങ്ങിയാണ് ചികിത്സ നടത്തുന്നത്. ഓരോ വട്ടവും പരിശോധനയ്ക്കു പോകാനും മരുന്നുകൾക്കും നല്ല ചെലവുണ്ട്. ജോലിക്കു പോകാൻ കഴിയാത്തതിനാൽ ആ വരുമാനവുമില്ല. ഒരു ലക്ഷം രൂപയോളം ഇതുവരെ ചെലവായി.'

ബേക്കറിയിലേക്ക് വെയിൽ അടിക്കാതിരിക്കാൻ പടുത വലിച്ചു കെട്ടിയ 8 അടിയോളം നീളമുള്ള പൈപ്പിന്റെ അറ്റമാണ് കണ്ണിൽ തുളച്ചു കയറിയത്. അപകടം നടന്നിട്ട് 15 ദിവസമായി. കണ്ണിൽ രണ്ടു ശസ്ത്രക്രിയ കഴിഞ്ഞു. മുറിവു കരിഞ്ഞ ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി നോക്കാമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്നത്.

അഞ്ജു കൂടി പങ്കാളിയായ ജനാധിപത്യ പ്രക്രിയയുടെ ഫലം ഇന്നു വരുമ്പോൾ, അവളുടെ ഒരു വശത്ത് ഇരുട്ടാണ്. രാഷ്ട്രീയക്കാരോ അപകടത്തിനു കാരണമായവരോ ഉദ്യോഗസ്ഥരോ ഇന്നുവരെ കാണാൻപോലും വന്നിട്ടില്ല. എന്നു മാത്രമല്ല, യാതൊരു വിധ സഹായവും ലഭിച്ചിട്ടുമില്ല. ഇതുവരെ ചെലവായത് ഒരു ലക്ഷം രൂപയാണ്. ഇനിയും വലിയ തുക വേണ്ടിവരുമെന്നാണ് കരുതുന്നത്.

സെപ്റ്റംബറിൽ വിവാഹിതയാകുന്ന അഞ്ജുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞ മാസം മൂന്നിനായിരുന്നു. പ്രതിശ്രുതവരൻ മുബൈയിൽ പുതിയ ജോലിക്കു പ്രവേശിച്ച സമയത്താണ് അഞ്ജുവിന് അപകടമുണ്ടായത്. അതുകൊണ്ട് നാട്ടിലെത്തി അഞ്ജുവിനെ കാണാനായിട്ടില്ല. ഫോണിൽ സംസാരിക്കും. ഇരുട്ടിലായ പകുതിക്കു വെളിച്ചമായി ഞാനുണ്ടാകും എന്ന അദ്ദേഹത്തിന്റെ വാക്ക് അഞ്ജുവിനു ധൈര്യമാണ്. അപ്പോഴും തന്റെ ദുർവിധിക്ക് കാരണക്കാരായ ബേക്കറി ഉടമയോ കെഎസ്ആർടിസി അധികൃതരോ ഇതുവരെയും ഈ പെൺകുട്ടിയെ തിരിഞ്ഞു നോക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP