Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിക്കും മുൻപ് ഗോവയിൽ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തന്റെ ഒപ്പമുള്ള ആരുമല്ല ആക്രമിക്കാൻ ശ്രമിച്ചതെന്ന് കൂട്ടുകാരി ഗാർഗി അജിത; കൂട്ടുകാർ എന്തുകൊണ്ട് ഇതുവരെ ഇക്കാര്യം പൊലീസിൽ അറിയിച്ചില്ലെന്ന് വീട്ടുകാർ; യുവതിയുടെ മരണത്തിൽ കേരളത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്; ഗോവയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജന മാനസിക സമ്മർദത്തിന്റെ ഇരയോ?

മരിക്കും മുൻപ് ഗോവയിൽ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തന്റെ ഒപ്പമുള്ള ആരുമല്ല ആക്രമിക്കാൻ ശ്രമിച്ചതെന്ന് കൂട്ടുകാരി ഗാർഗി അജിത; കൂട്ടുകാർ എന്തുകൊണ്ട് ഇതുവരെ ഇക്കാര്യം പൊലീസിൽ അറിയിച്ചില്ലെന്ന് വീട്ടുകാർ; യുവതിയുടെ മരണത്തിൽ കേരളത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്; ഗോവയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജന മാനസിക സമ്മർദത്തിന്റെ ഇരയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗോവയിലെ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകൾ അഞ്ജന കെ. ഹരീഷ് (21) എന്ന ബ്രണ്ണൻ കോളജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതകൾ വർധിക്കുന്നു. മരിക്കും മുൻപ് ഗോവയിൽ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ പൊലീസിനെയും കുഴക്കുകയാണ്. അഞ്ജനയെ ഈ മാസം 13 നാണു ഗോവയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയതായിരുന്നു. മരിക്കും മുൻപ് ഗോവയിൽ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായെന്ന വാർത്തയും പുറത്തുവന്നിരുന്നു. താൻ ഈ വിവരം അറിഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ കുടെയുണ്ടായിരുന്ന സുഹൃത്തും ആക്റ്റീവിസ്റ്റുമായ ഗാർഗി അജിത തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. തന്റെ ഒപ്പമുള്ള ആരുമല്ല ആക്രമിക്കാൻ ശ്രമിച്ചതെന്നും ഗാർഗി വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും ഗോവൻ പൊലീസ് അന്വേഷിച്ച് വരികയാണ്.

കുട്ടിയുടെ കൂട്ടുകാർക്ക് ഈ ആത്മഹത്യയിൽ പങ്കുണ്ടെന്നും അവരുടെ മവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.യുവതിയെ അർബൻ നക്സലൈറ്റുകൾ അടക്കമുള്ള ഒരു സംഘം ബ്രെയിൻ വാഷ് ചെയ്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുകയായിരുന്നുന്നെനും അതിനാൽ അലൻ താഹ കേസിലെന്നപൊലെ ഇവിടെയും എൻഐഎ അന്വേഷണംവേണമെന്നുമാണ് യുവമോർച്ച അടക്കമുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്. സമാനമായ പ്രതികരണമാണ് ഹിന്ദു ഐക്യവേദിയും നടത്തിയത്. എന്നാൽ വീട്ടുകാരുടെ ഭാഗത്തുനിന്നാണ് അഞ്ജലിക്ക് കടുത്ത പീഡനം ഉണ്ടായതായി കൂട്ടുകാർ പറയുന്നത്. തന്റെ ദ്വിലിംഗാഭിരുചി പരസ്യമായി പ്രകടിപ്പിച്ച അന്നുമുതൽ അഞ്ജലി പീഡിപ്പിക്കപ്പെടുകയാണെന്നാണ് കൂട്ടുകാർ പറയുന്നത്. ക്യൂർ കമ്മ്യൂണിറ്റി സഹയാത്രിക എന്നീ സംഘടനകളുടെ പ്രവർത്തകയായരുന്നു അഞ്ജന.

അതേസമയം യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി.കെ.സുധാകരൻ. ഏതെങ്കിലും തരത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.''അഞ്ജനയെ കാണാനില്ലെന്ന് മുൻപ് അമ്മയിൽനിന്നു പരാതി ലഭിച്ചിരുന്നു. തുടർന്ന് അവരെ കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഗാർഗി എന്നയാൾക്കൊപ്പം പോകാനാണ് അഞ്ജനയ്ക്ക് കോടതി അനുമതി നൽകിയത്. അതിനു ശേഷമാണ് അഞ്ജനയുടെ മരണവാർത്ത പുറത്തുവരുന്നത്. കേസ് അന്വേഷിക്കുന്നത് ഗോവ പൊലീസാണ്. കേരളത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ അവരിൽനിന്നു റിപ്പോർട്ട് തേടാനാവില്ല.'' ഡിവൈഎസ്‌പി പറഞ്ഞു.

ബലാൽസംഗശ്രമം എന്തിന് മറച്ചുവെച്ചു?

അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമമുണ്ടായെന്ന വിവരം കൂടി പുറത്തുവരുന്നതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്. എന്തുകൊണ്ടാണ് ഇതുവരെ ആരും ഇക്കാര്യം പൊലീസിൽ അറിയിക്കാതിരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അഞ്ജനയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി അഞ്ജനയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാണ് സംരക്ഷണചുമതല ഏൽപ്പിച്ച് അവരെ ഗാർഗിക്കൊപ്പം വിട്ടത്.

ഇതിനു ദിവസങ്ങൾക്കുള്ളിൽ അഞ്ജന ദുരൂഹസാഹചര്യത്തിൽ മരിച്ചു. താമസിച്ച റിസോർട്ടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ ഗോവ പൊലീസ് അറിയിച്ചത്. കൂട്ടുകാർക്കൊപ്പം ഗോവയിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അഞ്ജന വിളിച്ചിരുന്നുവെന്ന് അമ്മ മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം എന്നാണ് അവൾ പറഞ്ഞത്. എന്നാൽ ലോക്ഡൗൺ ആയതിനാൽ അവൾക്കു തിരികെ വരാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അമ്മ പറഞ്ഞു.

മരിക്കുന്നതിനു തലേദിവസം അഞ്ജന വിളിച്ചതായും അമ്മ പറഞ്ഞു. ''അമ്മേ, കാഞ്ഞങ്ങാടേക്ക് വണ്ടിയുമായി വരണം. ഞാൻ അങ്ങോട്ടുവരുന്നുണ്ട്. അമ്മയേയും അനിയത്തിയേയും കാണണം, നിങ്ങളുടെ കൂടെ ജീവിക്കണം. വളരെ സന്തോഷത്തിലായിരുന്നു അവൾ. അവളൊരിക്കലും ആത്മഹത്യ ചെയ്യില്ല....'' മിനി പറഞ്ഞു.

പീഡനമുണ്ടായത് വീട്ടുകാരിൽ നിന്ന്: സുഹൃത്തുക്കൾ

അതേസമയം അഞ്ജനക്ക് വീട്ടുകാരിൽനിന്നാണ് കടുത്ത പീഡനം ഉണ്ടായതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായി തെളിയിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

രണ്ട് മാസം മുൻപ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ലൈവ് വീഡിയോയിലാണ് അഞ്ജന തനിക്ക് വീട്ടിൽ നിന്നും നേരിടേണ്ടി വന്ന കൊടിയ പീഡനത്തെപറ്റി പറഞ്ഞിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യാൻ കാരണം അഞ്ജനയെ കാണാനില്ല എന്ന് കാട്ടി മാതാവ് പൊലീസിൽ പരാതി നൽകുകയും പൊലീസ് അഞ്ജനയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നടന്ന സംഭവങ്ങൾ സുഹൃത്തുക്കളെ അറിയിക്കാനായാണ് മാർച്ച് 13 ന് അഞ്ജന ലൈവിലെത്തിയത്.

ഫെയ്സ് ബുക്ക് ലൈവ് വീഡിയോയിൽ അഞ്ജന പറയുന്നതിങ്ങനെയാണ്. എന്നെ കാണ്മാനില്ല എന്ന പരാതി വീട്ടുകാർ നൽകിയതിന് ശേഷം പൊലീസ് എന്നെ സ്റ്റേഷനിലെത്തിച്ച ശേഷം തിരികെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയതോടെ വീട്ടുകാർ ശാരീരികമായും മാനസികമായും എന്നെ ഉപദ്രവിച്ചു. ഉപദ്രവത്തിൽ കൈ മുറിയുകയും ചെയ്തു. പിന്നീട് ഡിസംബർ 24 ന് കോയമ്പത്തൂരിലുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിയപ്പോൾ ഡോക്ടർ ഉറങ്ങാനുള്ള മരുന്ന് കുത്തിവയ്ക്കാനെത്തിയപ്പോൾ തനിക്ക് പ്രശ്നമൊന്നുമില്ല എന്നും മരുന്ന് കുത്തിവയ്ക്കരുതെന്നും പറഞ്ഞു. ഇതു വകവയ്ക്കാതെ ഡോക്ടർ ഇൻജക്ഷൻ ചെയ്യാനായി ശ്രമിച്ചു. ഞാൻ എതിർത്തതോടെ എന്റെ ചെവിയുടെ ഭാഗത്ത് ആഞ്ഞടിക്കുകയും താഴേക്ക് ഞാൻ വീഴുകയുമായിരുന്നു. വീണു കിടന്ന എന്റെ ശരീരത്തിലേക്ക് ഡോക്ടർ മരുന്ന് കുത്തി വച്ചു. പിന്നെ അവിടെ നടന്നതൊന്നും ഓർമയില്ല.

കോയമ്പത്തൂരിലെ ചികിത്സയ്ക്ക് ശേഷം പാലക്കാടുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലേക്കാണ് കൊണ്ടു പോയത്. അവിടെ എത്തികഴിഞ്ഞതിന് ശേഷമാണ് എനിക്ക് ബോധം വന്നത്. മൂന്നാഴ്ച അവിടുത്തെ ഒരു സെല്ലിൽ അടച്ചിടുകയായിരുന്നു. ഭക്ഷണം കഴിക്കാൻ മാത്രമാണ് പുറത്തിറക്കിയിരുന്നത്. പിന്നീട് എന്നെ തിരുവനന്തപുരത്തെ മറ്റൊരു ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ വച്ച് നാൽപതോളം ഇൻജക്ഷനുകൾ എനിക്ക് നൽകി. ഇതോടെ ഞാൻ മാനസികമായും ശാരീരികമായും തളർന്നു പോയി. ഇവിടെയും ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് കൊണ്ടു പോകുകയും വീട്ടിൽ വച്ച് വീണ്ടും മാനസിക പീഡനം നടത്തുകയും ചെയ്തു.

മകളാണെന്ന ഒരു പരിഗണന പോലും തന്നില്ലാ എന്നും അതിനാൽ അവിടെ നിന്നും സുഹൃത്തുക്കളുടെ സഹായത്തോടെ ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു. ഇപ്പോൾ എന്നെ കാണുന്നില്ല എന്ന് കാട്ടി അമ്മ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. എന്റെ ശാരീരിക സ്ഥിതി മോശമായതിനാൽ ചൊവ്വായൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ഇനി എന്താകും എന്ന് അറിയില്ലാത്തതിനാൽ എല്ലാവരെയും വിവരം അറിയിക്കാനാണ് ലൈവിൽ വന്നത് എന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയാണ് അഞ്ജന. നാലുമാസം മുൻപ് മകളെ കാണാനില്ലെന്നുപറഞ്ഞ് അമ്മ മിനി ഹൊസ്ദുർഗ് പൊലീസിൽ പരാതിനൽകിയിരുന്നു. ഇതോ തുടർന്ന് കോഴിക്കോട്ടുനിന്നും അഞ്ജനയെ പൊലീസ് പിടികൂടി കൊണ്ടുവന്ന് വീട്ടുകാർക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമൊക്കെ ലഹരിവിമോചനചികിത്സ നടത്തി. ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അഞ്ജന തിരികെ വീട്ടിലെത്തുകയും ചെയ്തു.

ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ അഞ്ജനയെ കാണാനില്ല എന്ന പരാതിയുമായി അമ്മ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. നീലേശ്വരം പൊലീസ് സ്റ്റേഷനിലായിരുന്നു പരാതിനൽകിയത്. കോഴിക്കോട്ട് ഒരു സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റുചെയ്ത് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് അമ്മയോടൊപ്പം പോകാൻ താത്പര്യമില്ലെന്നറിയിച്ചു. തുടർന്ന് കോഴിക്കോട് സ്വദേശിനിയായ ഗാർഗി എന്ന യുവതിക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീട് താമസിച്ചത്. മാർച്ച് 17-ന് സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവർക്കൊപ്പമാണ് ഗോവയിലേക്കു പോയത്. ഒരാഴ്ചത്തെ യാത്രയ്ക്കായിരുന്നു പദ്ധതി. അതിനിടെ ലോക്ഡൗണായി.

വ്യാഴാഴ്ച ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ബർത്ത് ഡേ ആഘോഷത്തിനിടെയാണ് ഇവർ താമസിച്ചിരുന്ന ലോഡ്ജിന് മുന്നിലെ മരത്തിൽ കൈലിമുണ്ട് ഉപയോഗിച്ച് കുരുക്കിട്ട് അഞ്ജന ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആദ്യം ആരോപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ജന കടുത്ത മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ഗോവ പൊലീസ് വ്യക്തമാക്കി. എന്നാൽ കൂടുതൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP