Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവയിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രധാനമന്ത്രിക്ക് പരാതിയുമായി മാതാവ് മിനി; ബലാത്സംഗം, ലൈംഗിക ചൂഷണം ഉൾപ്പെടെ നിരവധി ക്രൂരകൃത്യങ്ങൾ അഞ്ജനയ്ക്കു നേരിടേണ്ടി വന്നതായി മിനിയുടെ ആരോപണം; സാമൂഹ്യവിരുദ്ധരും മയക്കുമരുന്നു ഗ്രൂപ്പുകളും മരണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും പരാതി; ഇരു സംസ്ഥാനങ്ങളിലേയും ഡി.ജി.പി മാർക്കും പരാതി നൽകി  

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഗോവയിലെ റിസോർട്ടിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത അഞ്ജന ഹരീഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രധാനമന്ത്രിക്ക് പരാതി നൽകി അഞ്ജനയുടെ അമ്മ മിനി. അഞ്ജനയുടെ മരണത്തിലെ ദുരൂഹത നിലനിൽക്കുന്നതായും കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് മിനി പരാതി നൽകിയിരിക്കുന്നത്.ബലാത്സംഗം, ലൈംഗിക ചൂഷണം ഉൾപ്പെടെ നിരവധി ക്രൂരകൃത്യങ്ങൾ അഞ്ജനയ്ക്കു നേരിടേണ്ടി വന്നതായി സംശയിക്കുന്നതായും അമ്മ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യയാണെങ്കിൽ തന്നെ അതിലേക്കു നയിച്ച കാരണങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ സഹായിക്കണമെന്നും മിനി അഭ്യർത്ഥിക്കുന്നു.

നിരവധി സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്നു ഗ്രൂപ്പുകളും അഞ്ജനയുടെ മരണത്തിനു പിന്നിലുള്ളതായി സംശയിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ഗോവ, കേരള മുഖ്യമന്ത്രിമാർ ദേശീയ, സംസ്ഥാന വനിത കമ്മിഷൻ എന്നിവർക്കും പരാതി നൽകി. അഞ്ജനയുടെ ഒപ്പമുണ്ടായിരുന്ന 13 പേരുടെ വിവരങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് അഞ്ജനയെ മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് അടുപ്പിച്ചതെന്നും അവളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നതാണെന്നും അമ്മ പരാതിപ്പെടുന്നു.

നീതി ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും മിനി ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിലൂടെ സാമൂഹ്യവിരുദ്ധ ശക്തികളെ നിയമത്തിനു മുന്നിലെത്തിച്ചാൽ രാജ്യത്ത് കൂടുതൽ അമ്മമാരും പെൺമക്കളും സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അഞ്ജനയുടെ അമ്മ വ്യക്തമാക്കി. ഇരുസംസ്ഥാനങ്ങളിലേയും ഡിജിപിമാർ, കാസർകോട് ജില്ലാ പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകി.

അഞ്ജന മനോധൈര്യമുള്ള കുട്ടിയാണെന്നും അവളൊരിക്കലും ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്നും മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂട്ടുകാർ കൊണ്ടുപോയി ഇല്ലാതാക്കിയതാണെന്നാണ് അവർ 'മനോരമ ഓൺലൈനി'നോടു പറഞ്ഞത്. അഞ്ജനെയ കാണാനില്ലെന്നു കാട്ടി മുൻപും ഇവർ പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ അഞ്ജനയെ കണ്ടെത്തിയ പൊലീസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. അഞ്ജനയുടെ അഭിപ്രായ പ്രകാരം കോടതി സംരക്ഷണച്ചുമതല ഏൽപ്പിച്ച് സാമൂഹിക പ്രവർത്തകയ്ക്കൊപ്പമാണ് അയച്ചത്.

ദിവസങ്ങൾക്കുള്ളിൽ അഞ്ജനയെ ഗോവയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ജനയുടെ സ്വകാര്യഭാഗങ്ങളിൽ പരുക്കേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതോടെയാണ് ലൈംഗികചൂഷണത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. കണ്ണൂർ ബ്രണ്ണൻ കോളജിൽ രണ്ടാം വർഷം പഠിക്കുന്ന സമയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അഞ്ജന ചിലരുമായി പരിചയത്തിലായതെന്ന് അമ്മ പറഞ്ഞിരുന്നു.

തുടർന്ന് രണ്ടു മാസത്തോളം വീട്ടിലേക്കു വരാതായി. പിന്നീട് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ രക്തത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തി. ചികിത്സയ്ക്ക് കാര്യമായ ഫലം കാണാത്തതിനാൽ അവിടെ നിന്ന് തിരുവനന്തപുരത്ത് ഡീഅഡിക്ഷൻ സെന്ററിലാക്കി. അവിടെ രണ്ടു മാസത്തോളം ചികിത്സയിലായിരുന്നു. പണം തികയാത്തതിനാൽ ലോൺ ഒക്കെ എടുത്താണ് ചികിത്സിച്ചതെന്നു മിനി പറഞ്ഞു.

കൂട്ടുകാർക്കൊപ്പം ഗോവയിലേക്കു പോയിരുന്ന അഞ്ജനയെ കഴിഞ്ഞ മെയ് 13ന് താമസിച്ചിരുന്ന റിസോർട്ടിനോടു ചേർന്ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സംശയകരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞ്ിരുന്നത്. ഏതാനും നാളുകളായി വീടുവിട്ട് കൂട്ടുകാർക്കൊപ്പം കോഴിക്കോട്ട് താമസിച്ചിരുന്ന അഞ്ജന ഗോവയിലെത്തിയശേഷം വീട്ടിലേക്ക് വിളിച്ചിരുന്നതായും കൂട്ടുകാർ തന്നെ ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞിരുന്നതായും മിനി പറയുന്നു.

കഴിവതും വേഗത്തിൽ വീട്ടിലേക്കു മടങ്ങിയെത്തണമെന്നും മകൾ പറഞ്ഞിരുന്നു. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മകളെ കൂട്ടിക്കൊണ്ടുവരാനായി പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഇതിനു തൊട്ടുപിന്നാലെയാണ് മകളുടെ മരണവാർത്ത എത്തുന്നതെന്നും മിനി പറഞ്ഞു.
ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ കൂട്ടുകാരായെത്തിയ ചിലരാണ് അഞ്ജനയെ വീട്ടിൽ നിന്നകറ്റുകയും ലഹരിപദാർഥങ്ങൾക്ക് അടിമയാക്കുകയും ചെയ്തതെന്ന് മിനി പറഞ്ഞു. അവരുടെ ചില സ്ഥാപിത താല്പര്യങ്ങൾക്കായി അവർ പെൺകുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. അതേ സമയം അഞ്ജന ഹരീഷ് പീഡനത്തിന് ഇരയായെന്ന് വാദം തള്ളി ഗോവ പൊലീസ് രംഗത്തെത്തിയിരുന്നു. നിരന്തരം പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നത്.. താമസസ്ഥലത്തിനു പത്തുമീറ്റർ അകലെയാണ് പെൺകുട്ടിയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടത്. അഞ്ജന ഹരീഷ് എന്ന ചിന്നു സുൾഫിക്കർ പീഡനത്തിന് ഇരയായെന്ന വാർത്തകൾ നോർത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണാണ് ഈ വാദം തള്ളിയത്. .

തൂങ്ങിമരണത്തിനെ തുടർന്നുള്ള ശ്വാസം മുട്ടലാണ് മരണത്തിന് കാരണം. അഞ്ജന മരിക്കുന്നതിന് മുൻപ് ബലാൽസംഗം ചെയ്യപ്പെട്ടുവെനനും നിർബന്ധപൂർവ്വം മദ്യം കഴിപ്പിച്ചെന്നും ചില വാർത്തകൾ വന്നിരുന്നു. എന്നാൽ അഞ്ജനയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ, തങ്ങളുടെ അന്വേഷണത്തിൽ പീഡനം നടന്നതായി തെളിവില്ലെന്ന് എസ്‌പി പറഞ്ഞു. കൂട്ടുകാരുടെയോ കുടുംബത്തിന്റെയോ മൊഴികളിലോ അങ്ങനെ സൂചനയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അത്തരം സൂചനകൾ ഇല്ലെന്ന് എസ്‌പി ക്രിഷ്ത് പ്രസൂൺ ന്യൂസ് മിനിട്ടിനോട് പറഞ്ഞു. ഫോറൻസിക്കിന്റെ രാസപരിശോധന ഫലത്തിന് കാത്തിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്ന് സാക്ഷ്യപ്പെടുത്തിയതിനാൽ അത് അപ്രസക്തമാണെന്നും എസ്‌പി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP