Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈൻ ക്ലാസിനായി എത്രദിവസമായി അച്ഛനോട് പറയുന്നു മൊബൈൽ വാങ്ങിത്തരാൻ; ദിവസവും ഫോൺ വിഷയം പറഞ്ഞ് മകൾ പിണങ്ങും; കോവിഡ് കാലത്ത് പണിക്ക് പോലും പോകാൻ കഴിയാത്ത താൻ എങ്ങനെയാണ് ഫോൺ വാങ്ങുകയെന്ന് ചോദിച്ചെങ്കിലും മകൾക്ക് വിഷമം അടക്കാനായില്ല; മലപ്പുറം തിരൂരങ്ങാടിയിൽ 10 ാം ക്ലാസുകാരി അഞ്ജലി ജീവനൊടുക്കിയതും ദേവികയെ പോലെ ഓൺലൈൻ പഠനപ്രശ്‌നത്തിലെന്ന് ബന്ധുക്കൾ

ഓൺലൈൻ ക്ലാസിനായി എത്രദിവസമായി അച്ഛനോട് പറയുന്നു മൊബൈൽ വാങ്ങിത്തരാൻ; ദിവസവും ഫോൺ വിഷയം പറഞ്ഞ് മകൾ പിണങ്ങും; കോവിഡ് കാലത്ത് പണിക്ക് പോലും പോകാൻ കഴിയാത്ത താൻ എങ്ങനെയാണ് ഫോൺ വാങ്ങുകയെന്ന് ചോദിച്ചെങ്കിലും മകൾക്ക് വിഷമം അടക്കാനായില്ല; മലപ്പുറം തിരൂരങ്ങാടിയിൽ 10 ാം ക്ലാസുകാരി അഞ്ജലി ജീവനൊടുക്കിയതും ദേവികയെ പോലെ ഓൺലൈൻ പഠനപ്രശ്‌നത്തിലെന്ന് ബന്ധുക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി തൃക്കുളം പന്താരങ്ങാടിയിൽ പത്താംക്ലാസുകാരി തൂങ്ങിമരിച്ചത് ഓൺലൈൻ പഠനം സാധ്യമാവാത്തതിൽ മനംനൊന്തെന്ന് ബന്ധുക്കൾ. ഓൺലൈൻ പഠനത്തിനായി അച്ഛനോട് ഏറെ ദിവസമായി ഒരു ഫോൺ വാങ്ങിത്തരാൻ അഞ്ജലി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ദിവസവും ഫോൺ വിഷയം പറഞ്ഞ മകൾ പിണങ്ങും. ജോലിക്ക് പോലും പോകാൻ കഴിയാത്ത താൻ എങ്ങനെയാണ് ഫോൺ വാങ്ങുകയെന്ന് ദളിതനും കൂലിപ്പണിക്കാരനുമായ അച്ഛൻ ദാസൻ മകളോട് പറഞ്ഞെങ്കിലും വിഷമം സഹിക്കാനാകാതെ അഞ്ജലി ജീവനൊടുക്കുകയായിരുന്നു. നേരത്തെ വളാഞ്ചേരിയിലും 9 ാം ക്ലാസുകാരി ദേവിക ഓൺലൈൻ പഠനം സാധ്യമാവാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവം വലിയ വിവാദമായി മാറുകയും ചെയ്തു.

തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകൾ അഞ്ജലി(15) യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. 10ാം ക്ലാസിലേക്കുള്ള ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ ക്ലാസ് ടി.വിയിൽ കണ്ട് കൊണ്ടിരിക്കെ കറണ്ട് പോയതിനെ തുടർന്ന് കുട്ടി സഹോദരിയോട് പഠിക്കാൻ മൊബൈൽ തരുമോയെന്ന് ചോദിച്ചു. എന്നാൽ, തനിക്കും പഠനത്തിന് ഉപയോഗിക്കാനുള്ളതുകൊണ്ട് സഹോദരി മൊബൈൽ കൊടുത്തില്ല. ഇതോടെ അച്ഛൻ ദാസനോട് തനിക്ക് ഒരു ഫോൺ പഠനത്തിന് വേണ്ടി വാങ്ങി തരാൻ എത്ര തവണയായി പറയുന്നെന്ന് അഞ്ജലി ചോദിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

എന്നാൽ കോവിഡ് പ്രതിസന്ധിമൂലം ജോലിക്ക് പോലും പോകാൻ കഴിയാത്ത താൻ എങ്ങനെയാണ് ഫോൺ വാങ്ങുക എന്ന് പിതാവ് വിഷമം പറഞ്ഞു. ഇതിനെ തുടർന്ന് സങ്കടം സഹിക്ക വയ്യാതെ മകൾ മരിക്കുകയായിരുന്നെന്നും പിതാവ് ദാസൻ പറയുന്നു. ഓൺലൈൻ ക്ലാസ് തുടങ്ങിയത് മുതൽ എല്ലാ ദിവസവും ഫോൺ വിഷയം പറഞ്ഞ് പിണങ്ങാറുണ്ട്. അത് കഴിഞ്ഞ് പിണക്കം മാറാറുണ്ടായിരുന്നു. പക്ഷെ ഇത്തരത്തിൽ കുട്ടി പ്രവർത്തിക്കുമെന്ന് കരുതിയിരുന്നില്ലന്നും ദാസൻ പറഞ്ഞു.

ഓൺലൈൻ ക്ലാസ് മനസ്സിലാവുന്നില്ലെന്നും ചോദ്യങ്ങളുടെ ഉത്തരം കിട്ടുന്നില്ലെന്നും അതിന്റെ വിഷമം പറഞ്ഞിരുന്നതായും സഹോദരി പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം നിർധന കുടുംബങ്ങൾക്ക് വേണ്ട രീതിയിൽ ലഭിക്കാൻ കഴിയാത്ത രീതിയിലേക്ക് മാറുന്നതിന്റെ ഉദാഹരണമാണ് കൂലി പണിക്കാരനും ദളിതനുമായ ദാസന്റെ മകൾക്ക് ജീവൻ ഒടുക്കേണ്ടി വന്നതെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹംകോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് കുടുംബ ശ്മശാനത്തിൽ സംസ്‌കരിച്ചു.

അതേ സമയം മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരുന്നേയുള്ളവെന്നും എസ്‌ഐ പറഞ്ഞു. ഇൻക്വസ്്റ്റ് നടപടികൾക്കും പോസ്്റ്റ്‌മോർട്ടത്തിനും ശേഷമെ വ്യക്തമായി എന്തെങ്കിലും പറയാൻ കഴിയൂവെന്നും തിരൂരങ്ങാടി എസ്‌ഐ നൗഷാദ് പറഞ്ഞു.മരണകാരണത്തെ കുറിച്ചു രണ്ട് കാരണങ്ങൾ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യത്തിൽ വ്യക്തത നൽകുന്നില്ല.

അതേ സമയം വളാഞ്ചേരിയിൽ ജീവനൊടുക്കിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദേവികയുടെ കേസ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. ദേവികയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. നോട്ട്ബുക്കിൽ ഞാൻ പോകുന്നു എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കൾ പറയുന്നത്.വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ദേവിക. ദിവസങ്ങൾക്ക് മുമ്പ് വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകൾ കാണുന്നതിനായി സ്മാർട്ട് ഫോൺ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളർത്തിയതായി മാതാപിതാക്കൾ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടർന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP