Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനിതാ പുല്ലയിലിനെ സഭയിലേക്ക് സ്വീകരിച്ച് ആനയിച്ചെങ്കിലും ബിട്രേറ്റ് സൊലൂഷനെ തൊടില്ല; നാല് ജീവനക്കാരുടെ നിയമസഭാ പാസ് റദ്ദാക്കിയതിനെ വമ്പൻ സംഭവമാക്കി സ്പീക്കറുടെ പത്ര സമ്മേളനം; ജേക്കബ് ജോർജിന്റെ സ്ഥാപനം കരാർ നിലനിർത്തുന്നതും ആ ഐഎഎസുകാരന്റെ സ്വാധീനത്തിൽ; സംഭവിച്ചത് ശ്രീരാമകൃഷ്ണന്റെ വാക്കുകൾ തന്നെ

അനിതാ പുല്ലയിലിനെ സഭയിലേക്ക് സ്വീകരിച്ച് ആനയിച്ചെങ്കിലും ബിട്രേറ്റ് സൊലൂഷനെ തൊടില്ല; നാല് ജീവനക്കാരുടെ നിയമസഭാ പാസ് റദ്ദാക്കിയതിനെ വമ്പൻ സംഭവമാക്കി സ്പീക്കറുടെ പത്ര സമ്മേളനം; ജേക്കബ് ജോർജിന്റെ സ്ഥാപനം കരാർ നിലനിർത്തുന്നതും ആ ഐഎഎസുകാരന്റെ സ്വാധീനത്തിൽ; സംഭവിച്ചത് ശ്രീരാമകൃഷ്ണന്റെ വാക്കുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ വിവാദത്തിൽപെട്ട പ്രവാസി വനിത അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ അനുവാദമില്ലാതെ കടന്ന സംഭവത്തിൽ നാലു കരാർ ജീവനക്കാർക്കെതിരെ നടപടിക്കു സ്പീക്കർ എം.ബി.രാജേഷ് നിർദ്ദേശം നൽകുമ്പോൾ രക്ഷപ്പെടുന്നത് വിവാദ കമ്പനി. സംഭവത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് നേരത്തെ നോർക്കാ ചെയർമാൻ കൂടിയായ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. ഫലത്തിൽ അതു തന്നെയാണ് സംഭവിക്കുന്നത്.

സഭാ ടിവിക്കു സാങ്കേതിക സഹായം നൽകുന്ന ബിട്രേറ്റ് സൊലൂഷനെന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരായ ഫസീല, വിഭുരാജ്, വിഷ്ണു, പ്രവീൺ എന്നിവരെ സഭാ ടിവി ചുമതലയിൽ നിന്ന് ഒഴിവാക്കാനാണു നിർദ്ദേശം. ഇതിൽ ആദ്യ മൂന്നു പേർ കമ്പനിയുടെ ഡയറക്ടർമാരാണെന്നാണു വിവരം. ഇവരുടെ നിയമസഭാ പാസ് മാത്രം സ്പീക്കർ റദ്ദാക്കും. എന്നാൽ ഇവർക്ക് ആ സ്ഥാപനത്തിൽ ജോലി നോക്കാനാകും. വിവാദം ചർച്ചയായപ്പോൾ തന്നെ ബിട്രേറ്റ് സൊലൂഷനിലെ ജീവനക്കാർക്കെതിരെ ആരോപണം ഉയർന്നു. എന്നിട്ടും ജീവനക്കാരെ പുറത്താക്കാൻ സ്ഥാപനം തയ്യാറായിരുന്നില്ല. ബിട്രേറ്റിന്റെ കരാർ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത് മുതിർന്ന ഐഎഎസുകാരൻ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു.

സ്വകാര്യ കമ്പനിയുടെ ജീവനക്കാരായ ഫസീല, വിഭുരാജ്, വിഷ്ണു, പ്രവീൺ എന്നിവരെ സഭാ ടിവി ചുമതലയിൽ നിന്ന് ഒഴിവാക്കുമ്പോഴും ബിട്രേറ്റ് സൊല്യൂഷനിൽ അവർക്ക് ജോലി ചെയ്യാനാകും. സഭയിലേക്ക് വരാൻ പറ്റില്ലെന്ന് മാത്രം. ഇത് എന്ത് നടപടി എന്ന ചോദ്യമാണ് ഉയരുന്നത്. ഈ കമ്പനിക്കെതിരെ നടപടി സ്പീക്കർ എംബി രാജേഷും ആഗ്രഹിച്ചിരുന്നു. എന്നാൽ കമ്പനിയെ തൊടനാകില്ലെന്ന തീരുമാനം സിപിഎം രാഷ്ട്രീയമായി എടുത്തുവെന്നാണ് സൂചന. അങ്ങനെയാണ് നാല് ജീവനക്കാരുടെ നിയമസഭാ പാസ് റദ്ദാക്കി സ്പീക്കർ തടിയൂരുന്നത്. ഫലത്തിൽ ശ്രീരാമകൃഷ്ണൻ പറഞ്ഞതു പോലെ അന്വേഷണവും നടപടിയും ഇല്ലാത്ത അവസ്ഥയായി.

നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായി എത്തിയ അനിതയെ ഫസീലയാണു സ്വന്തം പാസ് ഉപയോഗിച്ച് അകത്തു കടത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു. സഭാ ടിവി ഓഫിസിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും അനിതയ്‌ക്കൊപ്പം സമയം ചെലവിട്ടു. ഓപ്പൺ ഫോറത്തിനുള്ള 500 ക്ഷണക്കത്തുകൾ പ്രവാസി സംഘടനകൾ വഴിയും മലയാളം മിഷൻ വഴിയുമാണു വിതരണം ചെയ്തത്. അതിലൊന്നാണ് അനിത സംഘടിപ്പിച്ചതെന്നു സ്പീക്കർ പറഞ്ഞു. ഈ പാസിൽ ഒന്ന് അനിതയ്ക്ക് എങ്ങനെ കിട്ടിയെന്നതിലും അന്വേഷണം ഉണ്ടാകില്ല.

സഭാ ടിവിയുടെ ഒടിടി പ്ലാറ്റ്‌ഫോമിലുള്ള അനിതാ പുല്ലയിലിന്റെ അഭിമുഖം ഒഴിവാക്കണമോ എന്നത് എഡിറ്റോറിയൽ ടീം പരിശോധിക്കും. 2021ൽ എടുത്ത അഭിമുഖമാണിത്. പാസില്ലാതെ കയറുന്നവർക്കെതിരെ ഇതുവരെ കേസെടുത്തതായി അറിവില്ലെന്നും സ്പീക്കർ പറഞ്ഞു. ഇങ്ങനെ എല്ലാം പറഞ്ഞ് തടപ്പുകയായിരുന്നു സ്പീക്കർ. മുതിർന്ന മാധ്യമ പ്രവർത്തകൻ ജേക്ക് ജോർജിന്റെ നേതൃത്വത്തിലുള്ളതാണ് ബിട്രേറ്റ് സൊലൂഷൻ. അതുകൊണ്ടാണ് കമ്പനിയുടെ കരാർ റദ്ദാക്കാത്തത്. കരാർ നൽകിയും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ഐഎഎസുകാരൻ ശിവശങ്കറായിരുന്നു ഇതിന് പിന്നിലെ പ്രധാനി.

അതേസമയം, സ്വകാര്യ കമ്പനിയുടെ ജീവനക്കാർക്കെതിരെയല്ലാതെ കമ്പനിക്കെതിരെ നടപടിയില്ല. വീഴ്ച വരുത്തിയതു ജീവനക്കാരാണെന്നാണ് അതിനു സ്പീക്കർ നൽകിയ വിശദീകരണം. കമ്പനിയുടെ പേരു പറയണമെന്ന മാധ്യമപ്രവർത്തകരുടെ ആവശ്യത്തോടു സ്പീക്കർ പ്രതികരിച്ചത് ഇങ്ങനെ: ''പേര് നിങ്ങൾക്ക് അറിയാമല്ലോ. അൽപം സൗമ്യമായി പെരുമാറുന്നു എന്നു കരുതി എന്നെ ഇത്തരത്തിൽ നിർബന്ധിക്കാം എന്നു കരുതരുത്. നിയമപരവും സാമ്പത്തികവും സാങ്കേതികവുമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഏജൻസിയുമായുള്ള കരാർ. കരാറിനെക്കുറിച്ചുള്ള തുടർ തീരുമാനങ്ങളും ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ വേണം.''

അനിതയ്ക്ക് ആരാണു ക്ഷണക്കത്തു നൽകിയതെന്നും വരവിനു പിന്നിൽ മറ്റെന്തെങ്കിലും ആസൂത്രണമുണ്ടോയെന്നുമുള്ള വിഷയം നിയമസഭയുടെ പരിധിയിൽ വരുന്നതല്ലെന്നും സ്പീക്കർ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ ശുപാർശ ചെയ്യുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകിയില്ല. അങ്ങനെ എല്ലാം ഒതുക്കി തീർക്കുകയാണ് സ്പീക്കർ.

ലോക കേരള സഭയിലേക്ക് അനിതാ പുല്ലയിൽ എത്തുമ്പോൾ വിവാദത്തിലായത് നിയമസഭയുടെ കീഴിലുള്ള സഭ ടിവിയായിരുന്നു. സഭാ ടിവിയുടെ ഓൺലൈൻ പ്രചാരണ ചുമതല ടെൻഡർ വിളിക്കാതെ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് മുമ്പ് വിവാദത്തിലായിരുന്നു. അരക്കോടിയോളം രൂപയുടെ കരാർ സ്റ്റാർട്ടപ്പ് കമ്പനിക്കാണ് നൽകിയതായിരുന്നു ഇതിന് കാരണം. ഈ കമ്പനിയാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ എത്തുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ് ഡയറക്ടറായ കമ്പനിയാണ് ഇത്.

സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോം സൗകര്യം ഒരുക്കുന്ന ഏജൻസിയാണ് ബിറ്റ് റേറ്റ് സൊല്യൂഷൻസ്. ഇവർക്ക് ബില്ലുകൾ കൈമാറാൻ സഹായിക്കുന്നയാളാണ് പ്രവീൺ. ഇയാൾക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. സീരിയൽ നിർമ്മാതാവ് കൂടിയാണ് അനിതയ്ക്ക് സഹായം ചെയ്തുകൊടുത്ത പ്രവീൺ. നിയമസഭയിലേക്ക് അനുമതി ഇല്ലാതെ കടക്കുന്നത് അതിക്രമിച്ച് കയറലാണ്. ഇതാണ് അനിതാ പുല്ലയിൽ ചെയ്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ കുറ്റമാണ്. നിയമസഭയിൽ അനുമതിയുള്ളവർക്ക് കയറാനാകൂവെന്ന് അനിതാ പുല്ലയിലിന് അറിയാം. ഇത് വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് അനിതയെ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അനിതയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

കൊച്ചി ആസ്ഥാനമായ ബിട്രയ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിയമസഭ ടിവിയുടെ ഒടിടി പ്ലാറ്റ്ഫോം തയാറാക്കാനുള്ള കരാർ കിട്ടിയത് നേരത്തെ വിവാദമായിരുന്നു. 47 ലക്ഷം രൂപയുടെ കരാറായിരുന്നു. എന്നാൽ ഈ സ്റ്റാർട്ടപ്പ് കമ്പനിക്ക് ഇത്ര ഉയർന്ന തുകയുടെ കരാർ നൽകിയപ്പോൾ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന വിമർശനമാണ് ഉയർന്നത്. ടെൻഡർ വിളിച്ചതേയില്ല. പകരം ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ച് ബിട്രയ്റ്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ടെൻഡർ വിളിച്ചില്ലെന്ന കാര്യം നിയമസഭ സെക്രട്ടറിയും അന്ന് സമ്മതിച്ചിരുന്നു. ബിട്രയ്റ്റ് ആവശ്യപ്പെട്ടതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുക്കാമെന്ന് വാഗ്ദാനം നൽകിയ രണ്ടു സ്ഥാപനങ്ങൾ അന്തിമ പട്ടികയിൽ ഉണ്ടായിട്ടും ഒഴിവാക്കപ്പെട്ടതും സംശയം ജനിപ്പിച്ചു. സ്റ്റാർട്ടപ്പ് കമ്പനി എന്ന പരിഗണന ബിട്രയ്റ്റിന് നൽകി. ഒടിടി പ്ലാറ്റ്ഫോം തയാറാക്കാൻ സജ്ജമായ കേരളത്തിലെ ഏക സ്റ്റാർട്ടപ്പ് ബിട്രയ്റ്റ് മാത്രമാണെന്നും നിയമസഭ സെക്രട്ടറിയേറ്റ് വിശദീകരിച്ചിരുന്നു. അതിനിടെ സഭ ടി വി യുമായി സജീവമായി പ്രവർത്തിച്ചിരുന്ന ബിട്രയിറ്റിന്റെ ജീവനക്കാരി ആയിരുന്ന നീതു ഐസക് അന്ന് രാജി വെച്ചതും വലിയ ചർച്ചയായിരുന്നു. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടായിരുന്നു ആ ചർച്ചകളെല്ലാം എന്നതും നിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP