Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

നിയമപരാമായ സകല സാധ്യതകളും അടഞ്ഞിട്ടും 'വീമ്പു' പറഞ്ഞ മന്ത്രി; അതിജീവിത മുഖം കെട്ടി പ്രതിഷേധിച്ചത് ശൈലജയെ ചിന്തിപ്പിച്ചു; വടകരയിൽ തോൽപ്പിക്കാനുള്ള 'പ്രതികാരം' കണ്ട സിപിഎം; പിന്നാലെ തിരുത്തൽ; മുഖ്യമന്ത്രിയും ഗോവിന്ദനും നിരാശർ; അനിതയ്ക്ക് ജോലി തിരികെ കിട്ടുമ്പോൾ

നിയമപരാമായ സകല സാധ്യതകളും അടഞ്ഞിട്ടും 'വീമ്പു' പറഞ്ഞ മന്ത്രി; അതിജീവിത മുഖം കെട്ടി പ്രതിഷേധിച്ചത് ശൈലജയെ ചിന്തിപ്പിച്ചു; വടകരയിൽ തോൽപ്പിക്കാനുള്ള 'പ്രതികാരം' കണ്ട സിപിഎം; പിന്നാലെ തിരുത്തൽ; മുഖ്യമന്ത്രിയും ഗോവിന്ദനും നിരാശർ; അനിതയ്ക്ക് ജോലി തിരികെ കിട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പാനൂരിലെ ബോംബ് സ്‌ഫോടനത്തിനൊപ്പം കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ വിവാദവും വടകരയെ ബാധിക്കുമെന്ന് ഉറപ്പായതോടെ പിന്മാറ്റം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിതയെ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിപ്പിക്കാത്ത നിലപാട് തിരുത്തിയതിന് പിന്നിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഇടപെടൽ. ഇത്തരം വിഷയങ്ങൾ തിരിച്ചടിയാകുമെന്ന് അവർ നിലാപാട് എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ഇത് അംഗീകരിച്ചു. തിരഞ്ഞെടുപ്പു സമയത്ത് തിരിച്ചടിയാവുമെന്നുറപ്പായതോടെ സർക്കാർ തിരുത്തി. മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ പീഡിപ്പിക്കപ്പെട്ട യുവതിക്കനുകൂലമായി മൊഴിനൽകിയ നഴ്സാണ് അനിത.

വിഷയത്തിൽ നഴ്‌സിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന വാദമാണ് വെള്ളിയാഴ്ച ആരോഗ്യമന്ത്രി ഉന്നയിച്ചത്. പ്രതിഷേധങ്ങളെയും മാധ്യമവാർത്തകളെയും പൂർണമായി അവഗണിക്കുന്നരീതിയിലായിരുന്നു മന്ത്രിയുടെ നിലപാട്. ഇതാണ് ശൈലജയെ ചൊടിപ്പിച്ചത്. ഇത്തരം പ്രസ്താവനകളിലൂടെ ജയ സാധ്യത തകരുമെന്ന് അവർ വിലയിരുത്തി. പാനൂരിലെ ബോംബ് സ്‌ഫോടനത്തിൽ പ്രതിക്കൂട്ടിലാണ്. അതിനൊപ്പം ജനകീയ വിഷയത്തിൽ കരുതലോടെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തെറ്റു തിരുത്തണമെന്ന നിർദ്ദേശം ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി തന്നെ നൽകി. മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന വിലയിരുത്തൽ സജീവമാണ്.

കരുവന്നൂരുമായി ബന്ധപ്പെട്ട് പാർട്ടി അക്കൗണ്ട് മരവിപ്പിച്ചത്, പാനൂരിലെ ബോംബ് സ്‌ഫോടനം തുടങ്ങിയ പ്രശ്നങ്ങളിൽ രാഷ്ട്രീയമായി പ്രതിരോധത്തിലാവുമ്പോൾ തീർത്തും അനാവശ്യമായ വിഷയം ആരോഗ്യമന്ത്രി ഉണ്ടാക്കിയെന്ന വിലയിരുത്തലുണ്ട്. ഇനി ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് എല്ലാ മന്ത്രിമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കേണ്ടതാണെന്ന നിലപാടിലാണ്.

അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽതന്നെ നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത് നിയമപരമായ സകല സാധ്യതകളും അടഞ്ഞുവെന്ന് വ്യക്തമായ ശേഷവുമാണ്. നിയമനം വൈകുന്നതിനെതിരേ അനിതനൽകിയ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ബെഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ കോഴിക്കോട്ടുതന്നെ നിയമനം നൽകണമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ പുനഃപരിശോധനാ ഹർജിയും ഫയൽചെയ്തിരുന്നു. ഈ ഹർജി ലിസ്റ്റ് ചെയ്തിട്ടില്ല. ഇതെല്ലാം പരിഗണിച്ചു കൂടിയാണ് തീരുമാനം.

അന്വേഷണംപോലും നടത്താതെയുള്ള ശിക്ഷയായി സ്ഥലംമാറ്റമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്നാണ് ഒഴിവുണ്ടാകുക എന്ന് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ഏപ്രിൽ ഒന്നിന് ഒഴിവുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ആ ഒഴിവിലേക്ക് അനിതയ്ക്ക് നിയമനം നൽകാനാണ് കോടതി ഉത്തരവിട്ടത്. ഉത്തരവ് ഹാജരാക്കിയിട്ടും ജോലിയിൽ കയറാൻ അനുവദിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഒന്നാം എതിർകക്ഷിയാക്കി ഫയൽചെയ്ത കോടതിയലക്ഷ്യ ഹർജിയിൽ അനിത വിശദീകരിച്ചത്.

സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ അനിത ആവശ്യപ്പെടുന്ന തസ്തികയിലേക്ക് 18 പേർകൂടി അപേക്ഷ നൽകിയിട്ടുണ്ടെന്നും ചിലർ അനിതയെക്കാൾ ഏറെക്കാലം ദൂരസ്ഥലത്ത് ജോലിചെയ്തിട്ടുണ്ടെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്. അതിനാൽ മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു. മെഡിക്കൽ കോളേജിലെ ഭരണാനുകൂല സംഘടനകളുടെ സമ്മർദത്തിനു വഴങ്ങിയാണ് നിയമനം നൽകാതിരുന്നത് എന്നാണാരോപണം. ഇതിനിടെയാണ് അനിതയെ തള്ളിപ്പറഞ്ഞ് ആരോഗ്യമന്ത്രി എത്തിയത്. ഈ വിശദീകരണം തെറ്റാണെന്നും തെളിഞ്ഞു.

തിരഞ്ഞെടുപ്പുസമയത്ത് വിഷയം യു.ഡി.എഫ്. രാഷ്ട്രീയ ആയുധമാക്കി. ഏറെ തിരക്കുകൾക്കിടയിലും അനിതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശനിയാഴ്ച ഓടിയെത്തി. ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രംഗത്തെത്തി. അനിതയ്ക്കൊപ്പം അതിജീവിത രണ്ടുദിവസം പിന്തുണയുമായി കൂടെയിരിക്കുകയും ചെയ്തു. 'കണ്ണുതുറക്കാത്ത ആരോഗ്യമന്ത്രിക്കെതിരേ' കണ്ണുകെട്ടിയാണ് അവർ സമരത്തിൽ പങ്കെടുത്തത്. ഇതും സർക്കാരിന് തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP