Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

എസ്എഫ്‌ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ

എസ്എഫ്‌ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വിട പറഞ്ഞ മലയാളത്തിലെ വിപ്ലവകവി അനിൽ പനച്ചൂരാന്റെ ജീവിതവും ഏറെ നാടകീയതകൾ നിറഞ്ഞതായിരുന്നു. എന്നും മണ്ണിന്റെ കവിയായിരുന്നു അദ്ദേഹം. ചോരവീണ മണ്ണിൽ നിന്നുയർന്ന ഒരു പൂമരം എന്നു വേണമെങ്കിൽ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചു പറയാൻ സാധിക്കും.

ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളിൽ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തിൽ പിറന്ന അദ്ദേഹതതിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു. കാറുംകോളും നിറഞ്ഞത് എന്നതു പോലെ ഇടക്കാലം കൊണ്ട് സന്യാസത്തിന്റെ വഴിയിലേക്കു തിരിഞ്ഞ അനിൽ പിന്നീട് പലവഴികൾ പയറ്റിയ ശേഷമാണ് സിനിമാ ഗാനരചയിതാവ് എന്ന നിലയിൽ ശ്രദ്ധേയനായത്.

സന്ന്യാസി, വിഷവൈദ്യൻ, വക്കീൽ അങ്ങനെ തികച്ചും വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന്റ ജീവിതം മുന്നേറിയത്. ഈ ഘട്ടങ്ങളിലെല്ലാം കവിതയെ അദ്ദേഹം കൂടെക്കൂട്ടി. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം.കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ.പ്രവർത്തകനായാണ് പാർട്ടിയുമായി അടുക്കുന്നത്. ഡിവൈഎഫ്ഐ.യിലും പ്രവർത്തിച്ച് പാർട്ടിയംഗമായി. ഇങ്ങനെ പാർട്ടി പ്രവർത്തനം മടുത്ത ഘട്ടത്തിലാണ് അദ്ദേഹം ശ്രീപെരുമ്പത്തൂരെ സ്വാമിയുടെ അനുയായി ആകുന്നത്. സന്യാസത്തിൽ ആകൃഷ്ടനായ അദ്ദേഹം ഹരിദ്വാറിൽ ചെന്ന് സന്ന്യാസവും സ്വീകരിച്ചു.

കമ്മ്യൂണിസ്റ്റുകാരനായ അനിൽ സന്യാസം സ്വീകരിച്ചു നാട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വാമിക്ക് ലഭിച്ചത് ഗംഭീര സ്വീകരണമായിരുന്നു. അസുഖം ഭേദമാക്കാനും അത്മശാന്തിക്കുമായി വീട്ടിൽ നാട്ടുകാർ വരിനിന്നു. ആർ.എസ്.എസുകാർ മിത്രങ്ങളായി. വിഷ വൈദ്യനെന്ന നിലയിലായിരുന്നു അദ്ദേഹം അക്കാലത്ത് നാട്ടിൽ അറിയപ്പെട്ടത്. കാഷായമിട്ട വിപ്ലവകാരിയെ അംഗീകരിക്കാൻ മനസ്സിലാത്ത കമ്മ്യൂണിസ്റ്റുകൾ അദ്ദേഹവുമായി അകന്നു.

ഒടുവിൽ അതെല്ലാം വിട്ടെറിഞ്ഞ് തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. അങ്ങനെ വക്കീലുമായി. ഇതൊക്കെ സംഭവിച്ചത് തീർക്കും അപ്രതീക്ഷിതമായിട്ടായിരുന്നു. ലോ അക്കാദമിയിൽ സായാഹ്ന ബാച്ചിൽ ചേർന്ന കാലത്താണ് അദ്ദേഹം ജീവിത സഖിയെയും കണ്ടെത്തിത്. കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേക്കു കൂടെക്കൂട്ടുകയായിരുന്നു അദ്ദേഹം. മായയുമായി പ്രണയവിവാഹമായിരുന്നു പനച്ചൂരാന്റെത്. മകൾ മൈത്രേയിയും അമ്മയെ പോലെ നർത്തകിയാണ്.

കാസെറ്റുകളിലേക്ക് തിരിഞ്ഞതോടെയാണ് അനിൽ പനച്ചൂരാന്റെ കവിത ലോകം മുഴുവൻ അറിഞ്ഞു തുടങ്ങിയത്. 'വിൽക്കുവാൻ വച്ചിരിക്കുന്ന പക്ഷികൾ' എന്ന തന്റെ ആദ്യ കവിത ചൊല്ലി കലാലയങ്ങളിലും തെരുവുകളിലും കള്ളുഷാപ്പുകളിലും ചായപ്പീടികകളിലും അദ്ദേഹം നിറഞ്ഞു. ഒപ്പം കാസറ്റും കവിതയും വിൽക്കുകയുംചെയ്തു.

തിരക്കഥാകൃത്തായിരുന്ന സിന്ധുരാജ് പലപ്പോഴും ചൊല്ലുന്ന കവിതയായിരുന്നു 'വലയിൽ വീണ കിളികളാണു നാം' എന്നത്. ഇതു കേൾക്കാനിടയായ ലാൽ ജോസ്, സിന്ധുരാജിനോട് കവിയെക്കുറിച്ചു ചോദിച്ചു. അങ്ങനെ ഷൊർണൂർ ഗസ്റ്റ്ഹൗസിൽ വെച്ച് ഇരുവരും കാണുന്നു. 'അറബിക്കഥ' സിനിമയിലേക്കുള്ള വഴി അതായിരുന്നു.

കുട്ടനാട്ടിലെ യാത്രക്കിടെ 'വലയിൽ വീണ കിളികളാണ് നാം' എന്ന കവിത കേട്ട് അതെഴുതിയത് ആരെന്ന് അന്വേഷിച്ചപ്പോൾ സിന്ധുരാജ് പനച്ചൂരാനെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് എന്റെ അറബിക്കഥയിൽ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു. പിന്നീട് കുറേ സിനിമകളിൽ ഒപ്പം വർക്ക് ചെയ്തു.

ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം പേരുയരുന്നു എന്ന മാതൃകയിൽ ഒരു ഗാനം വേണമെന്ന് ലാൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം എന്നവരികൾ പിറന്നത്. ഇതിലെ പാട്ടുകളെല്ലാംതന്നെ അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. തന്റെ പൂർവികനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് വിശാലമായൊരു കാൻവാസിൽ നല്ലൊരു സിനിമ അനിലിന്റെ സ്വപ്നമായിരുന്നു. അതിനായി ഒട്ടേറെ രേഖകൾ സമാഹരിക്കുകയും ചെയ്തിരുന്നു. ഈ സ്വപ്‌നം ബാക്കിയാാക്കിയാണ് അനിൽ വിട പറഞ്ഞിരിക്കുന്നത്.

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിലെന്നെഴുതിയ പനച്ചൂരാനോടൊപ്പം കേരളത്തിലെ ക്യാംപസുകളും ഇടത് പ്രസ്ഥാനങ്ങളും ഒരുകാലത്ത് ഉറക്കെ പാടിയിരുന്നു. 'വലയിൽ വീണ കിളികളും' 'പ്രണയകാല'വുമെല്ലാം ക്യാംപസുകളിൽ ലഹരിയായി പടർന്നു. കവിയെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തി 51ാം വയസിൽ തിരികെ വരാത്തൊരു യാത്രയിലേക്ക് അനിൽ പനച്ചൂരാൻ മടങ്ങുകയാണ്. കവിത മാത്രം ബാക്കിയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP