Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് തന്റെ സിനിമയിലെ ചോറിന് കാരണമെന്ന് സുഹൃത്തക്കളോട് സദാ പറഞ്ഞ പരുക്കനായ വില്ലൻ; സൂപ്പർതാരസിനിമകളിലെ സ്ഥിരം പൊലീസ് കഥാപാത്രവും; അനിലിന്റെ വളർച്ച ജോഷി അടങ്ങുന്ന സംവിധായകരുടെ സിനിമകളിലൂടെ; മലയാളത്തിലെ വില്ലനെ തേടിയെത്തിയത് തമിഴിലും മികച്ച കഥാപാത്രങ്ങൾ; അനിൽ മുരളിക്ക് ആദാരഞ്ജലി അർപ്പിച്ച് മലയാളം താരലോകവും

പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് തന്റെ സിനിമയിലെ ചോറിന് കാരണമെന്ന് സുഹൃത്തക്കളോട് സദാ പറഞ്ഞ പരുക്കനായ വില്ലൻ; സൂപ്പർതാരസിനിമകളിലെ സ്ഥിരം പൊലീസ് കഥാപാത്രവും; അനിലിന്റെ വളർച്ച ജോഷി അടങ്ങുന്ന സംവിധായകരുടെ സിനിമകളിലൂടെ; മലയാളത്തിലെ വില്ലനെ തേടിയെത്തിയത് തമിഴിലും മികച്ച കഥാപാത്രങ്ങൾ; അനിൽ മുരളിക്ക് ആദാരഞ്ജലി അർപ്പിച്ച് മലയാളം താരലോകവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അന്തരിച്ച നടൻ അനിൽ മുരളിക്ക് ആദരാഞ്ജലികൾ നേർന്ന് താരലോകം. മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപേരാണ് അനിലിന് ആദരാഞ്ജലികൾ നേർന്നെത്തിയത്.അരുൺ ഗോപി: പരിഭവങ്ങളില്ലാത്ത അനിലേട്ടൻ... നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!

വില്ലനായും സഹനടനായും മലയാളസിനിമയിൽ സജീവസാന്നിധ്യമായിരുന്നു അനിൽ മുരളി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

ടെലിവിഷൻ രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ താരമാണ് അനിൽ. 1993ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ഉയർന്നുവന്നത്. വാൽക്കണ്ണാടി- എന്ന കലാഭവൻ മണി സിനിമയിലെ അനിൽ മുരളി അവതരിപ്പിച്ച വില്ലൻ വേഷം അദ്ദേഹത്തെ പ്രശസ്തനാക്കി. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ സുമ. അവർക്ക് രണ്ട് കുട്ടികളാണുള്ളത്. ആദിത്യ, അരുന്ധതി.

പരുക്കനായ വില്ലൻ ജീവിതത്തിൽ സരസ ഹൃദയൻ

പരുക്കനായിരുന്നു സ്‌ക്രീനിലെ അനിൽ മുരളി. പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് തന്റെ സിനിമയിലെ ചോറിന് കാരണമെന്ന് എപ്പോഴും സുഹൃത്തുക്കളോട് ചിരിയോടെ പറയുമായിരുന്നു. സൗഹൃദങ്ങളിൽ ഫലിതപ്രിയനും രസികനുമായി ജീവിതം നയിച്ചൊരാൾ.

സമീപനാളുകളിൽ തമിഴ് സിനിമയാണ് അനിൽ മുരളിക്ക് ശക്തമായ വേഷങ്ങൾ നൽകിയത്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ കരുത്തറിയിച്ച നടനായിരുന്നു അനിൽ മുരളി. തമിഴ് സിനിമകൾ മൊഴിമാറ്റി റിലീസ് ചെയ്തത് ഹിന്ദിയിലുൾപ്പെടെ അനിലിന് പ്രശസ്തി നൽകി. അഭിനയിച്ചുതുടങ്ങിയത് സീരിയലുകളിലാണ്. അതും ചെറിയവേഷങ്ങളിൽ. ജയഭാരതിയും വിനീതും മുഖ്യവേഷങ്ങൾ ചെയ്ത കന്യാകുമാരിയിൽ ഒരു കവിതയാണ് അനിലിന്റെ ആദ്യസിനിമ. ആലപ്പുഴയിൽ സ്വന്തമായി നാടകട്രൂപ്പുമായി കലാലോകത്ത് സജീവമായിരുന്നു വിനയൻ ആദ്യമായി സംവിധാനം ചെയ്ത സിനിമകൂടിയായിരുന്നു അത്.

'തിരുവനന്തപുരത്തെ ഹോട്ടലിലായിരുന്നു സിനിമയുടെ ചർച്ചകൾ. പ്രധാനവേഷങ്ങളിലേക്ക് ആളുകളെ കണ്ടുവച്ച സമയം. ഒരുദിവസം ഉച്ചകഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ റൂമിൽ വന്നു. സിനിമയിൽ അവസരം ചോദിച്ചു. സാധാരണയായി നാടകത്തിലായാലും സിനിമയിലായാലും പ്രമുഖരുടെ ശുപാർശക്കത്തുകളുമായാണ് പലരും എത്താറുള്ളത്. നേരിട്ട് വന്ന് അവസരം ചോദിച്ചയാളെ എനിക്ക് ഇഷ്ടപ്പെട്ടു. പേരു ചോദിച്ചപ്പോൾ അനിൽ മുരളിയെന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ആദ്യനോട്ടത്തിൽതന്നെ എന്തോ ഒരു പ്രത്യേകത അനിലിൽ കണ്ടിരുന്നു. അതുകൊണ്ടുതന്നെ വെറുംകയ്യോടെ മടക്കിവിടാൻ തോന്നിയില്ല. ചിത്രത്തിലെ പ്രധാനവേഷങ്ങളിലൊന്നുതന്നെ അനിലിന് നൽകി. തീരുമാനം ശരിയായിരുന്നുവെന്ന് അനിൽ മുരളി തെളിയിക്കുകയും ചെയ്തു. വില്ലനെ കണ്ടെത്തി. കന്യാകുമാരിയിൽ ഒരു കവിത അനിൽ മുരളിയുടെ ആദ്യസിനിമയാകുന്നത് അങ്ങനെയാണ്...'

 

സംവിധായകൻ വിനയൻ ഓർക്കുന്നു. അനിലിലെ നടനെ വളർത്തുന്നതിൽ അനിൽ ബാബു ടീമും ജോഷിയുമൊക്കെ വലിയ പങ്കുവഹിച്ചു. പകൽപ്പൂരം, വാൽക്കണ്ണാടി തുടങ്ങിയ സിനിമകളിൽ അവർ അനിലിനെ നന്നായി ഉപയോഗിച്ചു. വാൽക്കണ്ണാടിയിൽ കലാഭവൻ മണിക്കൊപ്പം ഉജ്വല അഭിനയമാണ് അനിൽ കാഴ്ചവച്ചത്. ബാബുവുമായി പിരിഞ്ഞശേഷം അനിൽ ചെയ്ത അഞ്ചിൽ ഒരാൾ അർജുനൻ, കയം തുടങ്ങിയ സിനിമകളിലും അനിലിന് പ്രാധാന്യമുള്ള വേഷങ്ങളുണ്ടായിരുന്നു.

സൂപ്പർതാരസിനിമകളിൽ സ്ഥിരം സാന്നിധ്യമായ അനിൽ മുരളി പൊലീസ് കഥാപാത്രങ്ങളിൽ കൂടുതൽ മികവറിയിച്ചു. അതാണ് മറ്റുഭാഷകളിലേക്ക് അവസരമൊരുക്കിയത്. തമിഴിൽ പ്രധാന്യമുള്ള കഥാപാത്രങ്ങൾ തേടിവന്നു. നിമിർന്തുനിൽ, കനിതൻ, കൊടി തുടങ്ങിയ സിനിമകൾ. കനിതനിലെ ക്രൂരനായ പൊലീസ് കഥാപാത്രം അനിലിന് തമിഴ് സിനിമയിൽ കൂടുതൽ സ്വീകാര്യത നൽകി. ലോക് ഡൗണിന് തൊട്ടുമുമ്പ് വന്ന വാൾട്ടറിലാണ് തമിഴിൽ അഭിനയിച്ചത്. സൗഹൃദങ്ങളായിരുന്നു അനിലിന്റെ കരുത്ത്. സുഹൃത്തുക്കൾക്കൊപ്പം തമാശ പറഞ്ഞ് ചിരിക്കുന്ന അനിൽ മുരളിയുടെ മുഖമായിരിക്കും ഈ വേർപാടുവേളയിലും അടുത്തറിയാവുന്നവരുടെ മനസ്സുനിറയെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP