Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

സഹോദരൻ കോടീശ്വരനായി സാമ്രാജ്യം വെട്ടിപ്പിടിക്കുമ്പോൾ പാപ്പരായെന്ന് തുറന്ന് സമ്മതിച്ച് അനുജൻ; കടം മൂലം കുത്തുപാളയെടുത്തെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയിൽ; ജീവിക്കുന്നത് ഭാര്യയുടെ ചെലവിലെന്നും മകന്റേയും അമ്മയുടേയും കരുണയാൽ ജീവിക്കുകയാണെന്നും അനിൽ അംബാനിയുടെ സത്യവാങ്മൂലം; ചൈനീസ് ബാങ്ക് കേസിൽ അനുജനെ തള്ളി മുകേഷ് അംബാനിയും; ജിയോ കുതിക്കുമ്പോൾ അനിൽ അംബാനിയുടെ സാമ്രാജ്യം തരിപ്പണമായ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കടം മൂലം പാപ്പരായെന്ന് വെളിപ്പെടുത്തലുമായി റിലയൻസ് മേധാവി അനിൽ അംബാനി എത്തിയതോടെ ഇന്ത്യ മുഴുവൻ മൂക്കത്ത് വിരൽവച്ചിരിക്കുകയാണ്. മാളിക മുകളിലേറിയ മന്നന്റെ മാറിൽ മാറാപ്പ് കയറ്റുന്നതും ഭവാൻ എന്നാണല്ലോ. പക്ഷേ ഇവിടെ ഗദൈവത്തിന് തെറ്റില്ല. ബിസിനസ് അറിയാതെ ഇറങ്ങി കളിച്ച പൊട്ടക്കളികളിലാണ് അനിൽ അംബാനി തകർന്നടിഞ്ഞത്. താൻ പാപ്പരായെന്നും ഭാര്യയുടെ ചെലവിൽ കഴിയുകയാണെന്നുമുള്ള വെളിപ്പെടുത്തലാണ് അനിൽ നടത്തിയിരിക്കുന്നത്. ചൈനീസ് ബാങ്കുകൾ നൽകിയ ഹർജിയിൽ ലണ്ടൻ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാരജാരായാണ് അനിൽ അംബാനിയുടെ വെളിപ്പെടുത്തൽ.

ഭാര്യയുടെ ചെലവിലാണ് ജീവിച്ചുപോവുന്നതെന്നും മകനോടു വരെ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും റിലയൻസ് മേധാവി അനിൽ അംബാനി ലണ്ടൻ കോടതിയിൽ. കോടതിച്ചെലവിനു പണം കണ്ടെത്താൻ ആഭരണങ്ങൾ വിൽക്കേണ്ടിവന്നെന്നും അനിൽ പറഞ്ഞു. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകൾ നൽകിയ കേസിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ജേഷ്ടൻ കോടിപതിയായി കുതിച്ചുയരുമ്പോഴാണ് അനുജന്റെ ഈ തകർച്ച.

ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട മൂന്നു മണിക്കൂറോളമാണ് ലണ്ടനിലെ ഹൈക്കെടതി അനിൽ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളി.നിലവിൽ തന്റെ ജീവിതച്ചെലവെല്ലാം നിർവഹിക്കുന്നത് ഭാര്യയാണെന്ന് അനിൽ അംബാനി പറഞ്ഞു. മകനിൽനിന്നു വരെ പണം കടം വാങ്ങിയിട്ടുണ്ട്.

2012ൽ റിലയൻസ് കമ്യൂണിക്കേഷൻസിന് നൽകിയ 900 ദശലക്ഷം ഡോളർ വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് വാദം. അനിൽ അംബാനി വ്യക്തിപരമായ ഈടുനിന്ന വായ്പയിൽ 717 ദശലക്ഷം ഡോളർ തിരിച്ചുകിട്ടാനുണ്ടെന്നാണ് ബാങ്കുകളുടെ വാദം. ഈ തുക തിരിച്ചുനൽകാൻ നേരത്തെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതു നടപ്പാവാത്ത സാഹചര്യത്തിലാണ് കോടതി അനിലിൽനിന്നു സ്വത്ത്, ബാധ്യതാ വിവരങ്ങൾ ആരാഞ്ഞത്.

 ഇപ്പോൾ ഒരു വരുമാനവുമില്ലാത്ത അവസ്ഥ

താൻ ഇപ്പോൾ ഒരു വരുമാനവുമില്ലാത്ത അവസ്ഥയിലാണെന്ന അനിലിന്റെ വാദത്തെ ബാങ്കുകളുടെ അഭിഭാഷകൻ ചോദ്യം ചെയ്തു. അത്യാഢംബര ജീവിതമാണ് അനിൽ നയിക്കുന്നതെന്നും സഹോദരൻ മുകേഷ് സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ തന്റെ ആഡംബര ജീവിതത്തെക്കുറിച്ചുള്ള വാർത്തകൾ തികച്ചും തെറ്റാണെന്ന് അനിൽ അംബാനി വാദിച്ചു. ''ഞാൻ 61 വയസായ ഒരാളാണ്. വളരെ അച്ചടക്കത്തോടെയുള്ള ജീവിതമാണ്. മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ല. ഞാൻ ആഡംബര ജീവിതം നയിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്''- അനിൽ പറഞ്ഞു.

2018 ഒക്ടോബറിൽ അമ്മയിൽനിന്ന് അഞ്ഞൂറു കോടി കടം വാങ്ങിയെന്ന് അനിൽ പറഞ്ഞു. വായ്പയുടെ വ്യവസ്ഥകൾ എന്തൊക്കെയെന്ന ചോദ്യത്തിന് വ്യക്തമായി അറിയില്ലെന്നായിരുന്നു അനിലിന്റെ മറുപടി. മകൻ അന്മോലിൽനിന്നും കോടികൾ കടം വാങ്ങിയിട്ടുണ്ടെന്ന് അനിൽ പറഞ്ഞു.

ലയൻസ് മേധാവി അനിൽ അംബാനി ചൈനീസ് ബാങ്കുകൾക്ക് 717 ദശലക്ഷം ഡോളർ (ഏകദേശം 5500 കോടി രൂപ) നൽകണമെന്ന് ബ്രിട്ടനിലെ കോടതി ഉത്തരവ്. 21 ദിവസത്തിനകം അനിൽ അംബാനി തുക നൽകണമെന്നും കോടതി നിർദ്ദേശിച്ചു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

അനിൽ അംബാനി പണം നൽകേണ്ടത് ഇൻഡസ്ട്രിയൽ-കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് മുംബൈ ബ്രാഞ്ച്, ചൈന ഡെവലപ്മെന്റ് ബാങ്ക്, എക്സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകൾക്കാണ്. അംബാനി തന്റെ മൊത്തം മൂല്യം പൂജ്യം ആണെന്ന് കോടതിയെ ബോധിപ്പിച്ചു. അതേതുടർന്ന് കോടതി പണമടയ്ക്കാൻ 21 ദിവസം അനുവദിക്കുകയായിരുന്നു. നൽകിയ ഗ്യാരണ്ടിക്ക് അംബാനിക്ക് ബാധ്യതയുണ്ടെന്നും കോടതി. 2012-ൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് വേണ്ടി എടുത്ത വായ്പയാണിതെന്നും അനിൽ അംബാനി വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും ജഡ്ജി നിഗൽ ടിയർ.

ബ്രിട്ടീഷ് കോടതി ഉത്തരവ് പുറത്തുവന്നതിനാൽ ഇന്ത്യയിൽ ഏന്തെങ്കിലും നിയമ നടപടികൾ അടുത്തിടെ ഉണ്ടാവില്ലെന്നും അനിൽ അംബാനി നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണെന്നും വക്താവ് അറിയിച്ചു. 2012-ൽ ആഗോള കടബാധ്യതക്കായാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് അപേക്ഷിച്ച കോർപറേറ്റ് വായ്പക്ക് അനിൽ അംബാനി വ്യക്തിപരമായ ഗ്യാരണ്ടി നൽകിയതെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായെടുത്ത വായ്പ അല്ലെന്നും വക്താവ്. ബാങ്കുകൾക്ക് പ്രതി ഗ്യാരണ്ടി പ്രകാരം നൽകേണ്ടത് 716,917,681.51 ഡോളറാണ്.

എന്നാൽ, 11 ആഡംബര കാറുകളും സ്വകാര്യ ജെറ്റും യാട്ടും തെക്കൻ മുംബൈയിലെ സീവീൻഡ് പെന്റ്ഹൗസിൽ അവകാശവുമുള്ള അമ്പാനി നിർധനനാണെന്ന വാദം ബാങ്കുകളുടെ അഭിഭാഷകർ തള്ളി. തുടർന്ന് അമ്പാനി ഇന്ത്യയിൽ പാപ്പർ ഹർജി നൽകിയിട്ടുണ്ടോ എന്ന് ജഡ്ജി ആരാഞ്ഞപ്പോൾ ഇല്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ സമ്മതിച്ചു. തുടർന്ന് കേസ് വിധി പറയാൻ മാറ്റി. ഫെബ്രുവരിയിൽ കേസിന്റെ ആദ്യ വാദത്തിൽ കോടതി തള്ളിയിരുന്നു.

റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയുടെ സാന്താക്രൂസിലുള്ള ഹെഡ്ക്വാർട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുത്തു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് നൽകിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിക്ക് യെസ് ബാങ്കിൽ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്.

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിലെ (എ.ഡി.എ.ജി) മിക്കവാറും എല്ലാ പ്രമുഖ കമ്പനികളുടെ ഓഫീസുകളും റിലയൻസ് സെന്റർ എന്ന പേരിൽ ഇവിടെതന്നെയാണ് പ്രവർത്തിച്ചിരുന്നത്.മെയ് 6 ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് 2,892.44 കോടി രൂപ കുടിശ്ശിക ഈടാക്കാൻ ശ്രമിച്ചതായും നോട്ടീസ് നൽകി 60 ദിവസത്തിനുശേഷവും തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് ജൂലൈ 22 ന് മൂന്ന് കമ്പനികൾ കൈവശപ്പെടുത്തിയതായും യെസ് ബാങ്ക് അറിയിച്ചിരുന്നത്.

ഈ വസ്തുവകകൾ കൈകാര്യം ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് യെസ് ബാങ്ക് 2,892 കോടി രൂപയ്ക്ക് ഈടാക്കും.21,432 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയർപോർട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. കടങ്ങൾ വീട്ടാനുള്ള വിഭവങ്ങൾ സ്വരൂപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെസ് ബാങ്ക് നോട്ടീസ് അനുസരിച്ച് ചില ആസ്ഥാനങ്ങൾ പാട്ടത്തിന് നൽകാൻ ഗ്രൂപ്പ് ശ്രമിച്ചിരുന്നു.

മറ്റ് രണ്ട് കമ്പനികൾ ദക്ഷിണ മുംബൈയിലെ നാഗിൻ മഹലിലെ രണ്ട് വ്യത്യസ്ത നിലകളിലായി 1,717 ചതുരശ്ര അടി, 4,936 ചതുരശ്ര അടി എന്നിങ്ങനെ നിലകൊള്ളുന്നു.6,000 കോടി രൂപ കുടിശ്ശികയുള്ള ആർ-ഇൻഫ്ര ഈ സാമ്പത്തിക വർഷം പൂർണമായും കടക്കെണിയിലാകുമെന്ന് ജൂൺ 23 ന് അനിൽ അംബാനി പറഞ്ഞിരുന്നത്.. 2018 ൽ കമ്പനി മുംബൈ എനർജി ബിസിനസ് 18,800 കോടി രൂപയ്ക്ക് അദാനി ട്രാൻസ്മിഷന് വിറ്റു. ഇതുവഴി കടം 7,500 കോടി രൂപയായി കുറയ്ക്കാൻ സാധിച്ചിരുന്നു.

The Great Dhirubhai Ambani With His Sons Anil Ambani and Mukesh Ambani -  YouTube

ചേട്ടൻ കോടീശ്വരനായി കുതിക്കുമ്പോൾ അനുജൻ പാപ്പര്

അച്ഛന്റെ മരണ ശേഷം സ്വത്തുക്കൾ വീതിച്ചെടുക്കുന്നതിൽ പോലും കടുംപിടിത്തം അനിലിനായിരുന്നു. എന്നാൽ എല്ലാം തകർന്നടിഞ്ഞു. എംപിയാകാൻ രാഷ്ട്രീയക്കാർക്ക് കോടികൾ കൊടുത്തും ധൂർത്ത് കാട്ടി. അപ്പോഴെല്ലാം ചെറുപുഞ്ചിരിയോടെ ബിസിനസിൽ മാത്രമായിരുന്നു മുകേഷിന്റെ ശ്രദ്ധ. ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നായിരുന്നു മുകേഷിന്റെ ലക്ഷ്യം. പിഴക്കാത്ത ചുവടുമായി ഇന്ത്യയെ കൈപ്പിടിയിൽ ഒതുക്കി മുകേഷ് മുന്നേറി. എന്നാൽ കെടുകാര്യസ്ഥത അനിലിനെ തകർത്തു. പക്ഷേ അനുജൻ തകർന്ന് വീഴുന്നത് കാണാൻ മുകേഷിന് കഴിഞ്ഞില്ല. അങ്ങനെ അനിലിനെ വീണ്ടും പിടിച്ചു കയറ്റുകയായിരുന്നു ചേട്ടൻ.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ സഹോദരൻ മുകേഷ് അംബാനി കൊടുത്ത 458 കോടി രൂപ കൊണ്ട് എറിക്സൻ കമ്പനിക്കുള്ള കുടിശ്ശിക തീർത്ത്, ജയിൽശിക്ഷയും മാനഹാനിയും ഒഴിവാക്കുകയായിരുന്നു അനിൽ അംബാനി,. റിലയൻസ് കമ്യൂണിക്കേഷൻ (ആർകോം) ചെയർമാൻ അനിൽ അംബാനിക്ക് കുറച്ചു കാലമായി തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. ഇതിനിടെയാണ് എറിക്സൺ കേസിൽ സുപ്രീംകോടതിയുടെ മുന്നറിയിപ്പെത്തിയത്. പണം നൽകിയില്ലെങ്കിൽ ജയിൽ ശിക്ഷയെന്ന അന്ത്യശാസനം കോടതി നടത്തി. കൈയിൽ ഒന്നുമില്ലായിരുന്ന അനിൽ അംബാനി ഒടുവിൽ ചേട്ടന്റെ മുന്നിൽ കൈകൂപ്പി. പഴയ കഥകളെല്ലാം മറന്ന് അനുജനെ ചേട്ടൻ നെഞ്ചോട് ചേർത്തു. ഇതോടെ കുടുംബവും ഒന്നിച്ചു. അനുജൻ ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ അനുജന് പുനർജന്മം നൽകുകയാണ് മുകേഷ്. മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ ഇടപെടലാണ് അനിലിനെ രക്ഷിച്ചതെന്ന് കഥകൾ പുറത്ത് വന്നു

The $41 billion wealth gap that divides the Ambani brothers.

സാമ്രാജ്യം വെട്ടികീഴടക്കിയ അച്ഛൻ

നക്ഷത്രങ്ങളെ സ്വപ്നം കാണുകയും, ഇന്ത്യൻ വ്യവസായസാമ്രാജ്യത്തിലെ നക്ഷത്രമായി മാറുകയും ചെയ്ത ആളാണ് ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി. ഒന്നുമില്ലായ്മയിൽ നിന്നും കഠിനാധ്വാനത്തിലൂടെ അദ്ദേഹം സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുകയായിരുന്നു. കണക്കു പുസ്തകത്തിലെ കളികളെല്ലാം അംബാനിക്ക് മനപാഠമായിരുന്നു. പലപ്പോഴും നിയമങ്ങൾ തെറ്റിച്ചു കളിക്കാനും അദ്ദേഹത്തിന് മടിയുമില്ലായിരുന്നു. വഴിവാണിഭക്കാരന്റെ കൂസലില്ലായ്മയോടെ ഇന്ത്യയുടെ വ്യവസായ ചരിത്രം തന്റെ കുടുംബനാമത്തിലേക്ക് അദ്ദേഹം മാറ്റി എഴുതി. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ചോർവാട് എന്ന കുഗ്രാമത്തിൽ ജനിച്ചു വളർന്ന് സ്‌കൂളിൽ വച്ചു തന്നെ പഠിപ്പു നിർത്തിയ അംബാനിയുടെ അസാധാരണമായ ധൈര്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും തളരാത്ത പോരാട്ടവീര്യത്തിന്റെയും കഥയാണ് റിലയൻസിന് പറയാനുള്ളത്. ഈ പാരമ്പര്യത്തിൽ യാത്ര ചെയ്താണ് മുകേഷ് അംബാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെത്തിയത്. എന്നാൽ അച്ഛന്റെ കാലശേഷം സ്വന്തം വഴിക്ക് നീങ്ങിയ രണ്ടാമത്തെ മകൻ അനിലിന് തൊട്ടതെല്ലാം പിഴച്ചു. ചേട്ടനെ തള്ളി പറഞ്ഞാണ് സ്വത്ത് വീതം വച്ചത്. ചേട്ടന്റെ ഭാര്യയേയും കളിയാക്കി. എന്നാൽ ആപത്തുഘട്ടത്തിൽ ചേട്ടനും ഭാര്യയുമാണ് അനിലിന് തുണയായി മാറിയത്.

കുടുംബപോരും വസ്തുതർക്കവും

കുടുംബ പോര് മുറുകിയപ്പോൾ അമ്മ കോകിലാ ബെൻ ഇടപെട്ട് അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി. ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോവുകയായിരുന്നു. എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു. യുപിയിൽ നിന്നുള്ള രാജ്യസഭാ അംഗമായതും അതിന് വേണ്ടി. അങ്ങനെ രാഷ്ട്രീയക്കാർക്കും കോടിക്കണക്കിന് രൂപ നൽകി. ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ സഹായിക്കാൻ ആരുമില്ല. പൊട്ടിക്കരഞ്ഞ് ചേട്ടനോട് സഹായം ചോദിച്ചു. ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തനായി. മുകേഷിന്റെ ഭാര്യ നിതയാണ് എല്ലാം ശരിയാക്കിയത്.

Anil Ambani moves Delhi HC against appointment of RP in personal bankruptcy  plea

ടെലികോം കമ്പനിയായ എറിക്സന് നൽകേണ്ട 550 കോടി രൂപ സമയത്തു നൽകാത്തതിന് അനിൽ അംബാനിക്ക് സുപ്രീം കോടതി ഒരു കോടി രൂപ പിഴ ചുമത്തിയതു ഫെബ്രുവരിയിലായിരുന്നു. 4 ആഴ്ചയ്ക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ അനിലും കൂട്ടുപ്രതികളും 3 മാസം തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. പണം കണ്ടെത്താനായി അനിൽ സ്വന്തം സ്ഥാപനങ്ങളിൽ ചിലതു മുകേഷിനു വിറ്റ് 17,000 കോടി സമാഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതും നിയമക്കുരുക്കിൽപെട്ടു.

എറിക്സന്റെ കടം അടച്ചുതീർത്തയുടൻ, ജിയോയുമായി നിശ്ചയിച്ചിരുന്ന വിൽപനക്കരാറുകളെല്ലാം റദ്ദാക്കുകയാണെന്ന് പ്രഖ്യാപനം വന്നു. കടത്തിൽ മുങ്ങിയ സ്ഥാപനങ്ങൾ നിയമാസൃതം ലേലം ചെയ്ത് വിൽക്കുന്നതിനാണിത്. ഇവ മുകേഷ് ലേലത്തിൽ വാങ്ങുമെന്നാണു സൂചന എത്തിയിരുന്നത്. അനുജനെ കടത്തിൽ മുങ്ങാൻ സമ്മതിക്കില്ലെന്നാണ് മുകേഷിന്റെ നിലപാട്. ലേലത്തിൽ പിടിച്ചാലും എല്ലാം തിരിച്ച് നൽകും. എന്നാൽ തന്റെ കണ്ണും കാതും അനുജന്റെ ബിസിനസ്സിൽ ഉണ്ടാകും. ഇനിയൊരു പിന്നോട്ട് പോക്കിന് സമ്മതിക്കുകയുമില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP