Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈഫ് മിഷന്റെ കെട്ടിടം പണിയുന്നത് കോൺസുലേറ്റ് എന്ന് ബോർഡിലും; രാജ്യത്ത് വിദേശ രാജ്യത്തിന് അവരുടെ ഒരു ചാരിറ്റി സ്ഥാപനം വഴി നേരിട്ട് പണം ചിലവഴിച്ച് സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാനാകുമോ എന്ന ചോദ്യം വെട്ടിലാക്കുക പിണറായി സർക്കാരിനെ; ഒരു അനുമതിയും കൊടുത്തിട്ടില്ലെന്ന സൂചന നൽകി വിദേശകാര്യ മന്ത്രാലയവും; സ്വപ്‌നാ സുരേഷിന് ഒരു കോടി കമ്മീഷൻ കിട്ടിയ വടക്കാഞ്ചേരിയിലെ പദ്ധതിയിലും അഴിമതിക്കറ; അനിൽ അക്കരയുടെ ചോദ്യങ്ങൾ പ്രസക്തമാകുമ്പോൾ

ലൈഫ് മിഷന്റെ കെട്ടിടം പണിയുന്നത് കോൺസുലേറ്റ് എന്ന് ബോർഡിലും; രാജ്യത്ത് വിദേശ രാജ്യത്തിന് അവരുടെ ഒരു ചാരിറ്റി സ്ഥാപനം വഴി നേരിട്ട് പണം ചിലവഴിച്ച് സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാനാകുമോ എന്ന ചോദ്യം വെട്ടിലാക്കുക പിണറായി സർക്കാരിനെ; ഒരു അനുമതിയും കൊടുത്തിട്ടില്ലെന്ന സൂചന നൽകി വിദേശകാര്യ മന്ത്രാലയവും; സ്വപ്‌നാ സുരേഷിന് ഒരു കോടി കമ്മീഷൻ കിട്ടിയ വടക്കാഞ്ചേരിയിലെ പദ്ധതിയിലും അഴിമതിക്കറ; അനിൽ അക്കരയുടെ ചോദ്യങ്ങൾ പ്രസക്തമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ ടി ജലീൽ മാത്രമല്ല സംസ്ഥാന സർക്കാരും നയതന്ത്ര ചട്ടങ്ങൾ ലംഘിച്ച് യുഎഇയിൽ നിന്ന് സഹായം തേടിയതിന് തെളിവായി ലൈഫ് മിഷൻ. വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയമാണ് വിവാദത്തിലാകുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ സ്ഥലത്തുള്ള ബോർഡിൽ യുഎഇ കോൺസുലേറ്റിന്റെ പേരുണ്ടെന്നതാണ് ഇതിന് കാരണം. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നടന്ന ഇടപാടാണിതെന്നാണ് സൂചന. അങ്ങനെ എങ്കിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് വിദേശകാര്യ പ്രോട്ടോകോളുകൾക്ക് എതിരാകും. ഇത് കൂടുതൽ വിവാദങ്ങളിലും പെടും.

സ്‌പോൺസർമാർ യുഎഇ കോൺസുലേറ്റ് വഴി സഹായിച്ചുവെന്നാണു ബോർഡിലുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിനു നേരിട്ട് കോൺസുലേറ്റ് വഴി സ്‌പോൺസർഷിപ്പോ പണമോ സ്വീകരിക്കാനാകില്ല. മാത്രമല്ല, ബോർഡിൽ പേരുപയോഗിക്കണമെങ്കിൽ കോൺസുലേറ്റിന്റെ അനുമതിയും വേണം. പണം നൽകുന്ന കരാറിൽ ഒപ്പുവച്ചതു സ്ഥാപനവും ലൈഫ് മിഷനുമാണ്. അവിടെയും കോൺസുലേറ്റ് പ്രതിനിധി ഒപ്പുവച്ചിട്ടില്ല. കമ്മിഷൻ നൽകിയത് ഈ ഇടപാടിലെ സ്വകാര്യ കമ്പനിയാണെന്നാണു വെളിപ്പെടുത്തൽ. ലോക്കറിൽനിന്നു പിടിച്ചെടുത്തത് ഈ പണമാണെന്നാണു സ്വപ്നയുടെ വാദം.

സ്വർണക്കടത്ത് കേസിൽ വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ സ്ഥലത്തുള്ള ബോർഡിൽ യുഎഇ കോൺസുലേറ്റിന്റെ പേര്. പേരുവയ്ക്കുന്നതിന് അനുമതിയുണ്ടോയെന്നു ലൈഫ് മിഷൻ അധികൃതർക്കു വ്യക്തതയില്ല. ഈ പദ്ധതിക്കു വേണ്ടി പണം നൽകിയപ്പോൾ ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്നയുടെ മൊഴിയിലുണ്ട്. പദ്ധതിക്കു വേണ്ടി യുഎഇ റെഡ് ക്രസന്റ് അഥോറിറ്റിയാണ് 20 കോടി രൂപ നൽകിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന വേളയിലായിരുന്നു ഇത്. എം.ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രി പോകുന്നതിനു തൊട്ടുമുൻപ് ദുബായിലെത്തിയിരുന്നു. ഇതെല്ലാം ചർച്ചകളിൽ നിറയുകയാണ്. അതിനിടെയാണ് പുതിയ വിവാദം. ഇതിനെ രാഷ്ട്രീയ ചർച്ചയാക്കാൻ യുഡിഎഫും രംഗത്ത് വന്നിട്ടുണ്ട്. എംഎൽഎ അനിൽ അക്കരെ ഇട്ട പോസ്റ്റ് വൈറലാകുകയാണ്.

ആരാണ് കളവ് പറയുന്നത് മുഖ്യമന്ത്രി പറയുന്നു വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമ്മിക്കുന്നത് Uae ചാരിറ്റി സംഘടനയായ റെഡ് ക്രസന്റാണെന്നാണ്. അവിടെ സഥാപിച്ച ബോർഡ്  പറയുന്നത് Uae കോൺസുലേറ്റ് വഴി റെഡ് ക്രസന്റാണെന്നാണ്. എന്റെ ചോദ്യം ഇന്ത്യയിൽ വിദേശ രാജ്യത്തിന് അവരുടെ ഒരു ചാരിറ്റി സ്ഥാപനം വഴി നേരിട്ട് പണം ചിലവഴിച്ച് സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം അനുമതി കൊടുത്തിട്ടുണ്ടോയെന്നാണ്. അനുമതി ലഭിച്ചെങ്കിൽ ശരി അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ അറിവോടെ ഗുരുതരമായ പിഴവ് നമ്മുടെ സംസ്ഥാനത്തിന് സംഭവിച്ചിരിക്കുന്നു. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.-ഇതാണ് അനിൽ അക്കരെ ഉയർത്തുന്ന ചോദ്യം. ഇക്കാര്യം വിദേശകാര്യ വകുപ്പും പരിശോധിക്കുന്നുണ്ട്. പ്രളയ സമയത്ത് പോലും വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിക്കരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കേരളത്തിന് കിട്ടിയിരുന്നു. ഇതിന് വിരുദ്ധമാണ് ഈ പദ്ധതിയെന്നാണ് വിമർശനം.

ലൈഫ് മിഷൻ പദ്ധതിയിലെ റെഡ് ക്രസന്റിന്റെ പ്രവർത്തനങ്ങൾ സ്ഥാപനം നേരിട്ടാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. യുഎഇയുടെ സന്നദ്ധ സ്ഥാപനമാണിത്. സംഭാവനയായി വീട് നിർമ്മിച്ച് നൽകുന്നതിന് അവർക്ക് ആവശ്യമായ സ്ഥലംമാത്രമാണ് സർക്കാർ നൽകിയത്. പ്രവൃത്തികളുടെ നിർവഹണത്തിൽ സർക്കാരിന് പങ്കില്ല. ഇവർ നടത്തുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരമൊരു സഹായം വാങ്ങാൻ കേരളത്തിന് കഴിയില്ലെന്നതാണ് ഉയരുന്ന വാദം. ജലീലിന്റെ കിറ്റും ഖുറനും വിവാദമായതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പ്രവർത്തനം നടക്കുന്നു. ഇതിൽ സഹായിക്കാൻ യുഎഇ സന്നദ്ധ സംഘടന എന്ന നിലയിൽ റെഡ് ക്രസന്റ് തയ്യാറായി. അവർ നേരിട്ടാണ് കാര്യങ്ങൾ ചെയ്തിരുന്നത്. ഉയർന്നുവരുന്ന ആക്ഷേപങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിമാത്രമേ നടപടി സ്വീകരിക്കാനാകൂ. അവരുടെ പണത്തിൽ എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ, വിശദാംശങ്ങൾ മനസ്സിലാക്കി സംസ്ഥാനത്തിന് ഇടപെടാനാകുമോ എന്നതിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സർക്കാർ പദ്ധതികളുടെ പേരിലും വിവിധ ഏജൻസികളിൽനിന്ന് കമ്മിഷൻ കൈപ്പറ്റിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽനിന്ന് കണ്ടെടുത്ത ഒരു കോടി അമ്പത്തിനാല് ലക്ഷം രൂപ കമീഷനായി കിട്ടിയതാണെന്ന് കേന്ദ്ര ഏജൻസികളാണ് കണ്ടെത്തിയത്.

യു.എ.ഇയിലെ സന്നദ്ധസംഘടനയായ എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രളയപുനർനിർമ്മാണത്തിന്റെ ഭാഗമായി കേരളത്തിന് ഒരു കോടി ദിർഹം സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാറുമായി ചേർന്ന് യു.എ.ഇ കോൺസുലേറ്റാണ് ഇതിന്റെ നടപടി ഏകോപിപ്പിച്ചത്. യു.എ.ഇ കോൺസുൽ ജനറലിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞവർഷം തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചീഫ് സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. ഇതിൽ സ്വപ്ന ഇടപെട്ടാണ് കമ്പനിക്ക് നിർമ്മാണകരാർ നൽകിയത്. ഇതിനുള്ള പാരിതോഷികമായാണ് ഒരു കോടി ലഭിച്ചതെന്നാണ് വിവരം. എന്നാൽ, പണം കിട്ടിയത് കോൺസുലേറ്റിലെ പ്രമുഖനാണെന്ന മൊഴിയാണ് സ്വപ്നയുടേത്.

തനിക്ക് വീടുവെക്കാൻ പ്രമുഖൻ ഒരു കോടി രൂപ നൽകിയെന്നും മൊഴിയിലുണ്ട്. രണ്ട് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽനിന്നാണ് കമ്മിഷൻ ഇനത്തിൽ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് അടുത്ത മൊഴി. വിവിധ ആവശ്യങ്ങൾക്കായി കോൺസുലേറ്റിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് കറൻസി കൈമാറ്റത്തിന് രണ്ട് മണി എക്‌സ്‌ചേഞ്ച് കരാർ നൽകിയിരുന്നു. 25 ലക്ഷം വീതം അവരിൽനിന്ന് കമ്മിഷൻ കിട്ടിയെന്നാണ് മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP